''എന്റെ കുഞ്ഞിനെ ഒരു നോക്കുകാണാന്‍ ഇനി പറ്റുമോയെന്ന് എനിക്കറിയില്ലായിരുന്നു.. അവനെ ഫോണിലൂടെ കണ്ടപ്പോള്‍ കണ്ണുനിറഞ്ഞുപോയി. ഒരുപാട് കാലമായി കണ്ടിട്ട്. പുറത്തുളളവര്‍ക്ക് അവന്‍ ജയില്‍പ്പുള്ളിയായിരിക്കാം. പക്ഷേ, എനിക്കെന്റെ മകനല്ലേ...''- കണ്ണീരിലും ആ അച്ഛന്റെ ശബ്ദത്തില്‍ ജയിലറയ്ക്കുള്ളിലെ മകനെ കണ്ട സന്തോഷം.

To advertise here,

കൂടിക്കാഴ്ചകള്‍ ഓണ്‍ലൈനിലും സാധിക്കുന്ന കാലത്ത് ജയിലില്‍ കഴിയുന്നവര്‍ക്കും ബന്ധുക്കള്‍ക്കും ശരിക്കും ആശ്വാസമാകുകയാണ് 'ഇ-മുലാഖാത്ത്'. ജയിലില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങളെയും നിയമവിദഗ്ധരെയും ഓണ്‍ലൈന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി കാണാന്‍ സാധിക്കുന്ന സംവിധാനമാണിത്.

''15 മിനിറ്റില്‍ കൂടുതല്‍ ഞാന്‍ അവനോട് സംസാരിച്ചു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വീട്ടിലെ വിശേഷങ്ങള്‍ പറഞ്ഞു. അതില്‍ കൂടുതല്‍ എനിക്കൊന്നും വേണ്ടായിരുന്നു''-ആ അച്ഛന്‍ പറഞ്ഞുനിര്‍ത്തുന്നു.

ഇ-മുലാഖാത്ത് സംവിധാനംവഴി വീഡിയോ കോണ്‍ഫറന്‍സ് നടത്താന്‍ സന്ദര്‍ശകന് ഒരു മൊബൈല്‍നമ്പറും ഇ-മെയില്‍ ഐഡിയും നിര്‍ബന്ധമാണ്. സമയം മുന്‍കൂട്ടി നിശ്ചയിച്ച് ഈ സംവിധാനം വഴി തടവുകാരെ ഓണ്‍ലൈന്‍വഴികണ്ടു സംസാരിക്കാന്‍ സാധിക്കുന്നു.

നാഷണല്‍ പ്രിസണ്‍സ് ഇന്‍ഫര്‍മേഷന്‍ പോര്‍ട്ടലില്‍ കയറി ഇ-മുലാഖാത്ത് എന്ന ലിങ്ക് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. പിന്നീട് ജയിലില്‍നിന്ന് ഇതിന് അനുമതി നല്‍കിക്കൊണ്ട് ഇ-മെയിലിലേക്ക് വീഡിയോകോള്‍ ലിങ്കും തീയതിയും സമയവും മുറിയുടെ പിന്‍നമ്പറും ലഭിക്കും. രണ്ടുമൂന്നുദിവസത്തിനകം കൂടിക്കാഴ്ച സാധ്യമാകും.

ആ ദിവസം കംപ്യൂട്ടര്‍ വഴി നിര്‍ദിഷ്ട ലിങ്കില്‍ കയറി മുറിയുടെ പിന്‍നമ്പര്‍ അടിച്ച് വീഡിയോകോളില്‍ പ്രവേശിക്കാം. മൊബൈല്‍ഫോണാണ് വീഡിയോ കോണ്‍ഫറന്‍സിന് ഉപയോഗിക്കുന്നതെങ്കില്‍ പ്ലേ സ്റ്റോറില്‍നിന്ന് 'ജിറ്റ്സി മീറ്റ്' എന്ന ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് അതുവഴി ലിങ്കില്‍ കയറി മുറിയുടെ പിന്‍നമ്പര്‍ അടിച്ച് വീഡിയോ കോള്‍ ചെയ്യാം.

കോവിഡ്കാലത്ത് ആളുകളുടെ നേരിട്ടുള്ള കൂടിക്കാഴ്ച ഒഴിവാക്കിയപ്പോള്‍ പ്രതിവിധിയായി കൊണ്ടുവന്നതാണ് ഈ സംവിധാനം. വിദേശതടവുകാര്‍ക്കും അച്ചടക്കനടപടിയുടെ ഭാഗമായി ഈ സേവനം നിശ്ചിതകാലത്തേക്ക് റദ്ദാക്കിയിട്ടുളള തടവുകാര്‍ക്കും ഒഴികെ ബാക്കിയുള്ളവര്‍ക്ക് ഉപയോഗിക്കാം. 2023 മുതല്‍ 2024 ജൂണ്‍വരെ ഏറ്റവും കൂടുതല്‍ ഇ-മുലാഖാത്ത് രജിസ്ട്രേഷന്‍ നടന്നിട്ടുളളത് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലാണ്, 193. കേരളത്തിലാകെ 495 രജിസ്ട്രേഷനുകളാണ് നടന്നത്.