തിരുവനന്തപുരം: മന്ത്രവാദവും അന്ധവിശ്വാസ ചൂഷണവും ഹാനികരമായ പ്രവൃത്തികളും തടയാൻ നിയമനിർമാണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി അന്തിമ റിപ്പോർട്ടും കരട് ബില്ലും സർക്കാരിന് സമർപ്പിച്ചു.

To advertise here,

ഹൈക്കോടതിയുടെ നിർദേശത്തെ തുടർന്നാണ് സർക്കാർ വിദഗ്ധ സമിതി രൂപവത്‌കരിച്ചത്. സാമൂഹിക, നിയമ, ഭരണഘടനാ മേഖലകൾ പരിശോധിച്ച സമിതി നിലവിലുള്ള നിയമങ്ങളുടെ പരിമിതികളും മറ്റ് സംസ്ഥാനങ്ങളിലെ നിയമങ്ങളും പഠിച്ചു.

മതസ്വാതന്ത്ര്യത്തിനുള്ള ഭരണഘടനാ സംരക്ഷണങ്ങളും പൊതുജനങ്ങളിൽനിന്നുള്ള നിർദേശങ്ങളും പരിഗണിച്ചാണ് കേരളത്തിന് അനുയോജ്യമായ കരട് നിയമം തയ്യാറാക്കിയത്.

അമാനുഷികമോ അസാധാരണമായതോ ആയ ശക്തികളുണ്ടെന്ന് അവകാശപ്പെട്ട് ജനങ്ങളെ വഞ്ചിക്കുക, ഭീഷണിപ്പെടുത്തുക, ചൂഷണം ചെയ്യുക, ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ ദോഷം വരുത്തുക തുടങ്ങിയ പ്രവൃത്തികൾ തടയുകയാണ് ബില്ലിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യവും നിയമപരമായ മത-പരമ്പരാഗത ആചാരങ്ങളും സംരക്ഷിക്കുന്ന വ്യവസ്ഥകളും ബില്ലിലുണ്ട്.

മുൻ ജില്ലാ ജഡ്ജി കെ.ശശിധരൻ നായർ, മുൻ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ് എന്നിവരാണ് സമിതിയിലെ അംഗങ്ങൾ.