സിനിമയിലെ സ്ത്രീകള്‍ പ്രാഥമികകൃത്യം നിര്‍വഹിക്കാന്‍ ശുചിമുറികളില്ലാതെ കഷ്ടപ്പെടുന്ന പ്രശ്‌നത്തില്‍ പ്രമുഖ നടന്റെ പിന്തിരിപ്പന്‍ നിലപാട് എടുത്തുപറഞ്ഞ് ഹേമ കമ്മിറ്റി. ആർത്തവകാലത്ത് പോലും ശരിയായ ശുചിമുറി സൗകര്യമില്ലാതെ സ്ത്രീകള്‍ കഷ്ടപ്പെടുന്ന അവസ്ഥ മാറണമെന്ന് ഭൂരിഭാഗം പുരുഷന്‍മാരും അംഗീകരിച്ചപ്പോള്‍ ഒരു പ്രമുഖ നടന്‍ ഇത്രകാലവും സിനിമയിലെ സ്ത്രീകള്‍ പരാതിയൊന്നുമില്ലാതെ സഹിച്ചാണ് ജീവിച്ചതെന്ന പ്രസ്താവനയാണ് നല്‍കിയത്.
സിനിമയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ച് അക്കമിട്ട് പ്രതിപാദിക്കുന്നുണ്ട് ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍. ശുചിമുറികള്‍, വസ്ത്രം മാറാനുള്ള മുറികള്‍ എന്നിവ ലൊക്കേഷനുകളില്‍ സൗകര്യം ചെയ്തു കൊടുക്കാത്തതാണ് അതില്‍ പ്രധാനപ്പെട്ടത്. പ്രത്യേകിച്ചും ഔട്ട്‌ഡോറില്‍ ഷൂട്ടിങ് നടക്കുമ്പോള്‍. ഔട്ട്‌ഡോറില്‍ ഷൂട്ടുള്ള സമയത്ത് വലിയ മരത്തിന്റെ പുറകിലോ കുറ്റിക്കാടിന്റെ മറവിലോ പ്രാഥമികകൃത്യത്തിനായി പോവേണ്ട അവസ്ഥയെ കുറിച്ച് കമ്മീഷന് മുന്നിലെത്തിയ മിക്ക സ്ത്രീകളും പറഞ്ഞിട്ടുണ്ട്.ചില സമയങ്ങളില്‍ തുണി ചുറ്റും മറച്ചുപിടിച്ച് വസ്ത്രം മാറിയ അനുഭവങ്ങളും റിപ്പോർട്ടിൽ ഉണ്ട്.
ആര്‍ത്തവകാലത്താണ് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പാടുകള്‍ ലൊക്കേഷനില്‍ അനുഭവിക്കേണ്ടി വന്നിട്ടുള്ളത്. വെള്ളമില്ലാത്ത അവസ്ഥയും സാനിറ്ററി പാഡുകള്‍ ഡിസ്‌പോസ് ചെയ്യാനുള്ള സൗകര്യമില്ലാത്ത അവസ്ഥയും അക്കമിട്ടു നിരത്തുന്നു. ലൊക്കേഷനുകളില്‍ മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സ്ത്രീകളില്‍ പലരും വെള്ളം കുടിക്കുന്നത് ഒഴിവാക്കിയിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മെച്ചപ്പെട്ട സൗകര്യമുള്ള ശുചിമുറിയില്‍ പോകാന്‍ 10 മിനുട്ട് സമയമെടുക്കുന്നത് കൊണ്ട് ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റിന് ടോയ്‌ലെറ്റില്‍ പോകാന്‍ അനുമതി നിഷേധിച്ചതായും കമ്മീഷന് മുമ്പാകെ പറഞ്ഞിട്ടുണ്ട്. ഇതുകാരണം ചികിത്സ തേടി ആശുപത്രിയെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ടായി. മൂത്രമൊഴിക്കാതിരിക്കുന്നതും വെള്ളം കുടിക്കാതിരിക്കുന്നതും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്നറിഞ്ഞിട്ടും അങ്ങനെ ചെയ്യേണ്ടി വന്നത് മറ്റ് നിവൃത്തിയില്ലാത്തുകൊണ്ടാണെന്നും പല സ്ത്രീകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.
സിനിമയിലെ സ്ത്രീകള്‍ക്കു മൂത്രനാളിയിലെ അണുബാധയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും സ്ഥിരമായി അനുഭവിക്കേണ്ടി വരാറുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. നടിമാര്‍ മാത്രമല്ല, ഹെയര്‍ സ്റ്റൈലിസ്റ്റുകളും അസിസ്റ്റന്റുമാരും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെല്ലാം ഇതിന്റെ ഇരകളാണ്. കാരവാനുകള്‍ സ്ത്രീകള്‍ക്കായി സൗകര്യം ചെയ്തുകൊടുക്കുന്നുവെന്ന് നിര്‍മ്മാതാക്കള്‍ പറയാറുണ്ടെങ്കിലും പലപ്പോഴും നായികമാര്‍ക്ക് മാത്രമാണ് ഇതിന്റെ പ്രയോജനം ലഭിക്കാറ്. മാത്രവുമല്ല, ഇത്രയധികം സ്ത്രീകള്‍ക്ക് ഒരു കാരവാന്‍ ടോയ്‌ലെറ്റെന്നത് പ്രായോഗികമല്ലെന്നും പറയുന്നു.
ഇത് പരിഹരിക്കാനായി ഇ ടോയ്‌ലെറ്റുകള്‍ നല്‍കണമെന്ന ആവശ്യം സ്ത്രീകള്‍ കമ്മീഷനു മുമ്പാകെ വെച്ചിട്ടുണ്ട്. ഒരിക്കലും ഒഴിവാക്കാനാവാത്ത സൗകര്യമായിരിക്കണം ഇ-ടോയ്‌ലെറ്റുകളെന്നും സ്ത്രീകള്‍ ആവശ്യപ്പെടുന്നു. ഈ മൗലികാവകാശ നിഷേധം സെറ്റുകളില്‍ നടക്കുന്നത് പുരുഷാധിപത്യ സ്വഭാവമുള്ളതായതുകൊണ്ടും ബഹുഭൂരിപക്ഷം വരുന്ന പുരുഷന്‍മാര്‍ ഈ പ്രശ്‌നം മനസ്സിലാക്കുന്നില്ല, അല്ലെങ്കില്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ല എന്നുള്ളതുകൊണ്ടുമാണ്.അഭിനേതാക്കളുടെ സംഘടനയ്ക്ക് ഈ വിഷയം അറിയാമായിരുന്നു. പക്ഷെ, പ്രശ്‌നം പരിഹരിക്കപ്പെടാതെ തുടര്‍ന്നു.
സിനിമയിലെ പുരുഷന്‍മാരില്‍ പലരും ഈ അവസ്ഥ മാറണമെന്ന അഭിപ്രായം പ്രകടിപ്പിച്ചെങ്കിലും മുന്‍കാല സ്ത്രീകള്‍ ഇതെല്ലാം അഡ്ജസ്റ്റ് ചെയ്തും പരാതി പറയാതെയും കഴിഞ്ഞുവെന്ന രീതിയില്‍ നിസ്സാരമാക്കി ചില പുരുഷന്‍മാര്‍ സംസാരിച്ചുവെന്നും ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Content Highlights: human rights violation,film set shooting location,.hema commitee report,actor,toilets,urinate,period
Published: 19 Aug 2024, 05:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented