
അനുവാദമില്ലാതെ ഒരാൾ കടന്നുപിടിച്ചാലുണ്ടാവുന്ന അരക്ഷിതാവസ്ഥയുണ്ട്, ട്രോമയുണ്ട്. നാളുകളെടുത്തു അതിൽനിന്നു പുറത്തുകടക്കാൻ. സുഹൃത്തുക്കൾ ആയിരുന്ന പലരും കണ്ടാൽ മിണ്ടാതായി. ഞാനിത്രത്തോളം പിടിച്ചുനിൽക്കുമെന്ന് അവർ കരുതിക്കാണില്ല. എന്റെ സ്ഥാനത്ത് ഒരാൺകുട്ടിയായിരുന്നെങ്കിൽ ഉറപ്പാണ് അവരിപ്പോൾ തവിടുപൊടിയാക്കി കളഞ്ഞേനെ. ഞാൻ വിവാഹിത അല്ലായിരുന്നെങ്കിൽ മറ്റ് പല കഥകളോ കേസുകളോ എന്റെ പേരിൽ വന്നേനെ. എന്നിട്ട് അവരുടെ വഴിക്ക് കൊണ്ടുവന്നേനെ. ഇതൊന്നും നടന്നില്ലെങ്കിൽ ആത്മഹത്യ ചെയിച്ചേനെ.
എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ അടക്കമുള്ള നേതാക്കൾക്കെതിരേ പരാതി നൽകിയ അഡ്വ. നിമിഷ രാജുവിന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന സമകാലിക കേരളത്തിന്റെ ദുരവസ്ഥയുണ്ട്. 2021 ഒക്ടോബറിൽ എം.ജി. സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ എസ്.എഫ്.ഐ.- എ.ഐ.എസ്.എഫ്. സംഘർഷത്തിനിടെ അതിക്രമം നേരിട്ട വ്യക്തിയാണ് നിമിഷ. ലൈംഗികാതിക്രമം, സ്ത്രീവിരുദ്ധവും ജാതീയവുമായ അധിക്ഷേപം എന്നീ കുറ്റങ്ങളാണ് ആർഷോയ്ക്കെതിരേ ഫയൽ ചെയ്തിരിക്കുന്നത്. പിന്നീട് ആർഷോയെ തെറ്റായി തിരിച്ചറിഞ്ഞതാണെന്നും കേസിൽ നിമിഷയ്ക്ക് പരാതിയില്ലെന്നുമുള്ള സത്യവാങ്മൂലം പ്രതിഭാഗം കോടതിയിൽ ഹാജരാക്കി. എന്നാൽ അങ്ങനെയൊരു സത്യവാങ്മൂലം നൽകിയിട്ടില്ലെന്നും ആർഷോയ്ക്കെതിരേയുള്ള ഒരു പരാതിയും പിൻവലിച്ചിട്ടില്ലെന്നുമാണ് നിമിഷ പറയുന്നത്.
അന്ന് എം.ജി സർവകലാശാലയിൽ എന്താണ് സംഭവിച്ചത്? എങ്ങനെയാണ് സംഘർഷമുണ്ടായത്?
അന്നവിടെ സംഘർഷമുണ്ടായിരുന്നു എന്ന് ആർഷോ ചാനലിലൊക്കെ പറയുന്നതു കേട്ടു. സംഘർഷമുണ്ടായതല്ല, ഉണ്ടാക്കിയതാണ്. ഒരു പ്രകോപനവും ഞങ്ങളുണ്ടാക്കിയിട്ടല്ല. തിരഞ്ഞെടുപ്പിനായി നല്ല നിലയിൽ വർക്ക് ചെയ്‌തെന്ന ഒറ്റക്കാരണത്താലാണ് ഞങ്ങൾ കയ്യേറ്റം ചെയ്യപ്പെട്ടത്. തിരഞ്ഞെടുപ്പോ ഫലപ്രഖ്യാപനമോ നടക്കുന്നിടത്തായിരുന്നില്ല ഞങ്ങൾ. കൂട്ടത്തിലൊരാൾ ഫോൺ ചെയ്യാൻ പുറത്തേക്കിറങ്ങിയ ഗ്യാപ്പിലാണ് എസ്.എഫ്.ഐക്കാർ വന്നതും ഞങ്ങളുടെ കൂട്ടത്തിലുള്ള സഹദിനെ അടിച്ചു പരുവമാക്കിയതും. ഫോൺ ചെയ്ത് നിൽക്കുന്നൊരാളെ ഇങ്ങോട്ട് വന്നടിക്കുന്നതിന് സംഘർഷം എന്നാണോ പറയുക? അവനെ ഒരുവിധത്തിൽ അവരിൽനിന്നു രക്ഷപ്പെടുത്തി കൊണ്ടുപോവുമ്പോഴാണ് ഷിയാസ് എന്ന എസ്.എഫ്.ഐ. പ്രവർത്തകൻ പിന്നിൽനിന്നു ചാടിച്ചവിട്ടുന്നത്.
അഡ്വ. ഐഷ ജമാലിന്റെ ഫേസ്ബുക്ക് പോസ്റ്റോടു കൂടിയാണല്ലോ ഈ പ്രശ്നം വീണ്ടും പൊങ്ങിവരുന്നത്. അതിൽ പറയുന്നത് അതൊരു തെറ്റായ പരാതിയാണെന്ന് കോടതിക്ക് ബോധ്യപ്പെട്ടുവെന്നാണ്?
ഏഴു വർഷമായി പോക്സോ കോർട്ടിലെ അഡീഷണൽ ഗവ. പ്ലീഡറാണ് അവർ. അവരുടെ തൊഴിൽപരമായ മികവിനെ ചോദ്യം ചെയ്യുന്നില്ല. അവരൊരു വക്കീലല്ലേ. അവർക്കു മുന്നിലെത്തുന്ന ആളുകളോട് അവരിങ്ങനെയാണോ പെരുമാറുക? എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയെ ടാർഗറ്റ് ചെയ്ത് ആക്രമിക്കാൻ ശ്രമിക്കുന്നു എന്നാണവർ പറയുന്നത്. ആർഷോ അന്ന് സെക്രട്ടറിയല്ല. മാത്രമല്ല, ഞാൻ ആർഷോയ്‌ക്കെതിരെയാണ് പരാതി നൽകിയത്. എസ്.എഫ്.ഐക്കെതിരേ അല്ല.
ആർഷോ, അമൽ സോഹൻ അടക്കമുള്ള എസ്.എഫ്.ഐ. നേതാക്കൾ അടി നടക്കുമ്പോൾ ക്യാമ്പസിലുണ്ട്. അഞ്ച് വർഷം ഒരേ ക്യാമ്പസിൽ പഠിച്ചവരാണ് ഞങ്ങൾ. സ്ഥിരമായി കാണുന്ന മുഖം. എനിക്കറിയാത്തവരല്ല അവരാരും. ആ സമയത്ത് അവർക്കടുത്തേക്ക് ചെന്ന് ഞാൻ സംസാരിച്ചിരുന്നതുമാണ്. എന്നിട്ടാണ് ആ സമയത്ത് അവിടെ ഉണ്ടായിരുന്നില്ലെന്ന് ആർഷോ ചാനൽ ചർച്ചയിലടക്കം പറഞ്ഞത്. വീഡിയോ പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞില്ലേ?

കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന ഒരു കേസിൽ ആർഷോയ്ക്ക് ജാമ്യം ലഭിക്കുന്നതിന് വക്കീൽ ഹാജരാക്കിയ ജാമ്യാപേക്ഷയ്ക്കകത്താണ് ഇത്തരത്തിലൊരു പരാമർശവും അഫിഡവിറ്റും ഹാജരാക്കിയത്. അതിലെ കുറച്ച് വരികൾ മാത്രമാണ് അവർ ഫെയ്സ്ബുക്കിലിട്ടത്. ഇവർക്ക് എന്ത് എത്തിക്സാണുള്ളത്?
ആ വീഡിയോ പുറത്തുവന്നു. പക്ഷേ, നിമിഷയെ ആർഷോ തെറി വിളിച്ചതിനും അതിക്രമം നേരിട്ടതിന്റേയും വീഡിയോ എവിടെയെന്ന് ചോദിക്കുന്നുണ്ടല്ലോ?
ആർഷോയ്‌ക്കെതിരെ വന്ന കേസുകളിൽ 39-ാമത്തേതാണ് എന്റേത്. അപ്പോൾ ബാക്കി ഉള്ള 38 കേസിലും വീഡിയോ ഹാജരാക്കിയോ എന്ന് ചോദിക്കാനാകുമോ? എന്നെ അക്രമിക്കുന്നവരുടെ വീഡിയോ കാണിക്കേണ്ടത് എന്റെ ഉത്തരവാദിത്തമാണോ? എനിക്കൊപ്പമുള്ളവരെ പട്ടികളെപ്പോലെ തല്ലുമ്പോ ഞാനാ പ്രശ്നം തീർക്കാനാണോ അതോ വീഡിയോ എടുത്ത് തെളിവുണ്ടാക്കാനാണോ പോവേണ്ടത്? ആ സമയത്ത് എന്റെ കൈയിൽ ഫോൺ പോലുമില്ല. യാദൃശ്ചികമായാണ് ഞാൻ ആർഷോയെ വിളിക്കുന്നതും, സഹദിനെ ചാടി ചവിട്ടുന്ന വീഡിയോയും ലഭിച്ചത്. അതും കിട്ടിയിരുന്നില്ലെങ്കിലോ? ഈ പറഞ്ഞപോലെ ആർഷോ സംഭവസ്ഥലത്തില്ലായിരുന്നുവെന്ന് തന്നെ വരില്ലായിരുന്നോ? മാതൃഭൂമിയിലെ തന്നെ ഒരു അഭിമുഖത്തിൽ ആർഷോ പറയുന്നുണ്ട് ആ സമയത്ത് അയാൾ എറണാകുളത്തായിരുന്നുവെന്ന്. ഇടതു വിദ്യാർഥി പ്രസ്ഥാനത്തിന്റെ തലപ്പത്തിരിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ഇങ്ങനെ നുണ പറയാൻ സാധിക്കുന്നത്? ഇങ്ങനെ വരുമ്പോൾ പ്രത്യയശാസ്ത്രത്തെയാണ് ആളുകൾ കുറ്റപ്പെടുത്തുക. ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനമായ ഞങ്ങൾക്കും അപമാനമാണത്.
എസ്.എഫ്.ഐ. പ്രധാനശക്തിയായി നിൽക്കുന്ന പല ക്യാമ്പസുകളിലും മറ്റ് പാർട്ടികൾക്ക് പ്രവർത്തന സ്വാതന്ത്ര്യമില്ലെന്നത് ആർക്കാണറിയാത്തത്. എം.ജി. സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ഞങ്ങൾ നന്നായി പ്രവർത്തിച്ചതാണ് ഇവിടേയും എസ്.എഫ്.ഐയെ ചൊടിപ്പിച്ചത്. ജനാധിപത്യരീതിയിൽ തിരഞ്ഞെടുപ്പ് നടക്കുന്ന ഒരിടത്തേക്ക് മറ്റൊരു സംഘടനയും എത്താൻ പാടില്ലെന്ന വാശിയാണത്. വോട്ടെടുപ്പിന് തലേദിവസം ഓഫീസ് സമയം കഴിഞ്ഞതിന് ശേഷമാണ് റിട്ടേണിങ് ഓഫീസർ പുതിയ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ കൊണ്ടുവരുന്നത്. അതുകൊണ്ട് കെ.എസ്.യു. വോട്ടെടുപ്പിൽനിന്ന് പിന്മാറി. പിന്നെ എ.ഐ.എസ്.എഫും എസ്.എഫ്.ഐയും മാത്രമായി. എണ്ണത്തിൽ എത്രയോ കുറവാണ് ഞങ്ങൾ. ജയിക്കില്ലെന്ന് ഞങ്ങൾക്കുമറിയാം എസ്.എഫ്.ഐയ്ക്കുമറിയാം. പക്ഷേ, ഇനിയൊരിക്കൽപോലും ഞങ്ങൾ ആ വഴിക്ക് വരാതിരിക്കാനുള്ള ഭയപ്പെടുത്തലാണ് അന്നവർ നടത്തിയത്. ആ ഭയപ്പെടുത്തൽ നടന്നല്ലോ. സ്വതന്ത്ര കൗൺസിലർമാർ പേടിച്ചിട്ട് വരില്ല, വന്നാൽ പ്രശ്‌നമാവില്ലേ എന്നാണ് ചോദിക്കുക. സ്വാതന്ത്ര്യം, ജനാധിപത്യം, സോഷ്യലിസം അവർക്ക് മാത്രമുള്ളതാണ്. എതിർപക്ഷത്തെ ഇല്ലായ്മ ചെയ്തിട്ടാണോ ജനാധിപത്യം പുലർത്തേണ്ടത്? അങ്ങനെയുള്ളവർ ഫാസിസ്റ്റുകളാണെന്നാണ് ഞാൻ പഠിച്ചിട്ടുള്ളത്. മത്സരിക്കാൻ വരുന്ന ആളുകളെ തല്ലിയോടിക്കുന്ന രീതി ഇടതുപക്ഷ പ്രസ്ഥാനത്തിന് ചേർന്നതല്ല. എന്റെ കാര്യത്തിലും അതുതന്നെയാണ് നടക്കുന്നത്.
ഇത് കഴിഞ്ഞ് രണ്ട് വർഷം ഞാൻ സോഷ്യൽ മീഡിയയിൽ നിന്നെല്ലാം അല്പം മാറി നിന്നു. എന്തെങ്കിലും പോസ്റ്റുകൾ ഷെയർ ചെയ്യുന്നതിനപ്പുറം എന്റെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നില്ല. എന്നെ നിശബ്ദയാക്കാൻ ശ്രമിച്ചതിലൂടെ രാഷ്ട്രീയത്തിലേക്ക് വരാനാഗ്രഹിക്കുന്ന എത്രയോ പെൺകുട്ടികളെയാണ് അവർ തടഞ്ഞത്.ഞാൻ ഭയപ്പെട്ടിട്ടില്ല, ഈ നിമിഷം വരെയും. പക്ഷേ, ഇനിയൊരു അക്രമം നടക്കുമ്പോൾ ശരീരം നോവാതിരിക്കാൻ ഞാൻ ബോധവതിയാവും. കാരണം അത്രമേൽ ഞാനന്ന് ആക്രമിക്കപ്പെട്ടു, ഒറ്റപ്പെട്ടു. എന്നെ മാറ്റിനിർത്തുക എന്ന ഉദ്ദേശ്യം കുറച്ചെങ്കിലും അവിടെ വിജയിക്കപ്പെടുകയാണ്. അവർക്കെതിരേ നിന്നാൽ ഇതായിരിക്കും അവസ്ഥ എന്നൊരു മെസേജും ഇതിലൂടെ അവർ നടപ്പാക്കിയില്ലേ?
നമ്മുടെ ദേഹത്ത് അനുവാദമില്ലാതെ കടന്നുപിടിച്ചാലുണ്ടാവുന്ന അരക്ഷിതാവസ്ഥയുണ്ട്, ട്രോമയുണ്ട്. നാളുകളെടുത്തു ഞാനതിൽനിന്ന് പുറത്തുകടക്കാൻ. ഇതൊന്നും ബാക്കിയുള്ളവർക്ക് ഒരു പ്രശ്നമേയല്ല. ശരീരവേദന പോട്ടെ, അന്ന് ഞാനനുഭവിച്ച ഒറ്റപ്പെടലാണ് അതിലും വലുത്. ഒരു പരിചയവുമില്ലാത്ത എത്ര പേരാണ് നിമിഷ കള്ളം മാത്രമേ പറയൂ എന്നു വിളിച്ചു പറഞ്ഞത്. അങ്ങനെ പ്രചരിപ്പിക്കാൻ എസ്.എഫ്.ഐയുടെ സംവിധാനത്തിന് കഴിഞ്ഞു. നാട്ടിലുള്ള ചിലർ പോലും കണ്ടാൽ തിരിഞ്ഞുനടന്നു. എന്നാൽ ഒപ്പം നിന്ന സഖാക്കളും ഉണ്ട്. അന്നുവരെ സുഹൃത്തുക്കളായിരുന്ന പലരും കണ്ടാൽ മിണ്ടാതായി. സാമൂഹ്യപരമായി എങ്ങനെ ഒഴിപ്പിച്ചുനിർത്താമെന്ന് അവർ ശ്രമിച്ചു കൊണ്ടിരുന്നു. കുടുബം ഭയപ്പെട്ടു. എല്ലാത്തിൽനിന്നും ഒഴിഞ്ഞുമാറി നിൽക്കുമ്പോൾ പിടിച്ചുവലിച്ച് നടുക്ക് കൊണ്ടു നിർത്തിയാൽ എനിക്കെന്റെ ഭാഗം പറഞ്ഞല്ലേ പറ്റൂ. അപ്പുറത്തു നിൽക്കുന്നത് അധികാരം ഉള്ള ആളായാലും അല്ലെങ്കിലും പറയാനുള്ളതു മറ്റാരു പറയും? ഞാൻ കടന്നുപോയ അനുഭവം പറയുമ്പോൾ അത് എസ്.എഫ്.ഐയെ ടാർഗറ്റ് ചെയ്ത്, അറ്റാക്ക് ചെയ്യുകയാണെന്ന് എങ്ങനെ പറയാനാവും?
കേസിനിടെ പരാതിയില്ലെന്ന് നിമിഷ സത്യവാങ്മൂലം നൽകിയോ?
ഞാനോ എന്റെ വക്കീലോ അങ്ങനെയൊരു അഫിഡവിറ്റ് കൊടുത്തിട്ടില്ല. ആർഷോയ്ക്ക് ജാമ്യം ലഭിക്കുന്നതിന് അങ്ങനെയൊരു സത്യവാങ്മൂലം അവിടെ ചേർക്കപ്പെട്ടത് എങ്ങനെയാണെന്ന് എനിക്കിപ്പോഴും അറിയില്ല. വ്യാജമായി തയ്യാറാക്കിയതാണത്. അന്വേഷണത്തിന്റെ ഫൈനൽ റിപ്പോർട്ട് വരുന്നതിന് മുൻപേയാണ് അഫിഡവിറ്റ് അവർ ഹൈക്കോടതിയിൽ സമർപ്പിക്കുന്നത്. സംഘർഷത്തെ തുടർന്ന് ജയിലിലായ ആർഷോയ്ക്ക് പരീക്ഷാസമയത്ത് ജാമ്യം ലഭിക്കാൻ ആ അഫിഡവിറ്റും കാരണമായി കാണുമല്ലോ. സംഭവം നടക്കുമ്പോൾ ആർഷോ ക്യാമ്പസിൽ ഇല്ലായിരുന്നുവെന്ന് ആദ്യം വാദിച്ച പ്രതിഭാഗം പിന്നീട് പറയുന്നത് ആർഷോ അവിടെയുണ്ടായിരുന്നുവെന്നും ഞാൻ തെറ്റായി ഐഡന്റിഫൈ ചെയ്തുവെന്നുമാണ്. ദിവസേനയെന്നോണം കാണുന്ന ഒരാളെ എങ്ങനെയാണ് മിസ് ഐഡന്റിഫൈ ചെയ്യുക? ഹൈക്കോടതിക്ക് മുൻപാകെയാണ് അങ്ങനെയൊരു കള്ളക്കഥയും വ്യാജ ഡോക്യുമെന്റും ചമച്ചതെന്നോർക്കണം. കോടതിയിലെത്തുന്നതിനു മുമ്പേ എന്നെ സ്വാധീനിക്കാമെന്നോ നിശബ്ദയാക്കാമെന്നോ ആവാം കരുതിയത്. ഇങ്ങനെയൊരു കാര്യം നടന്നതായി അതുവരെ ഞാനറിഞ്ഞിട്ടില്ല. ഇതുകേട്ട എന്റെ ഭാഗത്തുണ്ടായിരുന്ന ചിലർ പോലും പാർട്ടി ഇടപെട്ട് നിമിഷ സെറ്റിൽമെന്റിന് പോയെന്ന് വിശ്വസിച്ചു.
പാർട്ടി ശരിക്കും ആ രീതിയിൽ ഇടപെട്ടിരുന്നോ?
എന്റെ പാർട്ടി ഈ നിമിഷം വരെ എന്നോട് അങ്ങനെയൊന്ന് ആവശ്യപ്പെട്ടിട്ടില്ല. പാർട്ടിയാണ് അഡ്വ. അയൂബ് ഖാന് എന്റെ കേസ് ഏൽപിച്ചത്. എന്റെ ചികിത്സ, കേസുമായി ബന്ധപ്പെട്ട ചെലവ് എല്ലാം വഹിക്കുന്നതും അവരാണ്. അപ്പോൾ പാർട്ടി ഇടപെട്ടില്ലെന്ന് എനിക്കെങ്ങനെ പറയാൻ സാധിക്കും? അവർ ചെയ്യേണ്ട കാര്യങ്ങളെല്ലാം എനിക്കായി ചെയ്തു തന്നിട്ടുണ്ട്.
ഫൈനൽ റിപ്പോർട്ട് വരുന്നവരെ അഫിഡറ്റവിറ്റിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ലേ?
ഇല്ല. എസ്.എഫ്.ഐ. പോലെ വിവിധ മതസ്ഥർ പ്രവർത്തിക്കുന്ന സംഘടനയ്ക്കകത്ത് നിന്നൊരാൾ ഇങ്ങനെ പറയുമെന്ന് വിശ്വസിക്കുന്നില്ല എന്നതായിരുന്നു ആ റിപ്പോർട്ടിന്റെ രത്‌നച്ചുരുക്കം. ചുരുക്കത്തിൽ എസ്.എഫ്.ഐ. ഏരിയ കമ്മിറ്റി സമർപ്പിക്കുന്ന പോലെയൊരു റിപ്പോർട്ട്. മൊഴി രേഖപ്പെടുത്തിയ പോലീസുകാരൻ തന്നെ വാദിക്കെതിരേ മൊഴി നൽകുന്നത് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഇവിടെ അതും സംഭവിച്ചു. ദളിത് സംരക്ഷണത്തിനുള്ള നിയമം ഞാൻ ദുരുപയോഗിച്ചു എന്ന രീതിയിലാണ് അന്നദ്ദേഹം സംസാരിച്ചത്. ബാധിക്കപ്പെട്ടയാൾ പോലീസ് സ്റ്റേഷനിൽ ചെന്ന് അവന്റെ ആവലാതി പറയുമ്പോൾ അവരെ ഉപദേശിച്ച് ആ ഉപദേശം മൊഴിയായി രേഖപ്പെടുത്തിയാൽ എങ്ങനെയുണ്ടാവും? മൊഴി രേഖപ്പെടുത്തുമ്പോൾ ഞാൻ ആക്ടിവിസ്റ്റിനെപ്പോലെ പെരുമാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഞാനൊരു എ.ഐ.എസ്.എഫ് ആക്ടിവിസ്റ്റാണ്. ആക്ടിവിസം എന്നതുകൊണ്ട് ഇവരെന്താണ് മനസിലാക്കിയിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാനിയമത്തിൽ എവിടെയെങ്കിലും ഒരു ആക്ടിവിസ്റ്റിന് മൊഴി കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞിട്ടുണ്ടോ? ഞാനെവിടെയും കണ്ടിട്ടില്ല. ഒടുക്കം എന്റെ പരാതി നിലനിൽക്കുന്നതല്ലെന്നും അതൊരു തെറ്റായ പരാതിയാണെന്നുമുള്ള പോലീസിന്റെ ഫൈനൽ റിപ്പോർട്ടും പുറത്തുവന്നു

പോലീസ് മാത്രമാണോ തെറ്റായി മൊഴി നല്‍കിയത്?
സംഘർഷം ഉണ്ടായ ദിവസം എനിക്കു നേരെയും അക്രമമുണ്ടായിരുന്നല്ലോ. അന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി എത്തിയപ്പോൾ അവിടുന്നൊരു ഡോക്ടർ എന്നോട് ചോദിച്ചത് എസ്.എഫ്.ഐക്കാരുമായി പ്രശ്‌നമുണ്ടാക്കിയവരല്ലേ എന്നാണ്. അതിനു മറുപടി പറയാതെ നെഞ്ചിൽ അടിയേറ്റ കാര്യം പറഞ്ഞു. വസ്ത്രം മാറ്റി കാണിക്കാനാവശ്യപ്പെട്ടപ്പോൾ ഞാൻ ലേഡി ഡോക്ടറെ അന്വേഷിച്ചു. വസ്ത്രം മാറ്റിയില്ലെങ്കിൽ വൂണ്ട് സർട്ടിഫിക്കറ്റ് എഴുതിത്തരില്ലെന്ന് ഡോക്ടറും ശഠിച്ചു. വസ്ത്രം മാറ്റില്ലെന്ന് ഉറപ്പിച്ച് പറഞ്ഞതോടെ ദേഷ്യപ്പെട്ട് അയാൾ പേനയൊക്കെ വലിച്ചെറിഞ്ഞ് ഡോക്ടേഴ്സ് റൂമിൽ നിന്നിറങ്ങിപ്പോയി. അപ്പോഴും നെഞ്ചിൽ വീക്കവും അടികിട്ടിയതിന്റെ പാടും വേദനയും ഒക്കെ ഉണ്ട്. ലേഡി ഡോക്ടർ വന്ന് പരിക്ക് നോക്കി വൂണ്ട് സർട്ടിഫിക്കറ്റ് എഴുതിത്തന്നെങ്കിലും മൊഴി നൽകിയത് എന്നെ പരിശോധിക്കാത്ത അന്നവിടെ ഇല്ലാതിരുന്ന മറ്റേതോ ഒരു സീനിയർ ഡോക്ടറാണ്. കിടക്കാനൊരു ബെഡ് പോലും അനുവദിക്കാതിരുന്ന അവർ ഡിസ്ചാർജിന് മുന്നേ ഞാൻ ഹോസ്പിറ്റൽ വിട്ടുപോയി എന്നടക്കം മൊഴി നൽകി. വരാന്തയിൽ കുത്തിയിരുന്നാണ് അന്ന് പരിശോധനകളടക്കം പൂർത്തിയാക്കിയത്.
പോലീസ്, ഡോക്ടർ, സിസ്റ്റം... അപ്പോൾ നിമിഷയ്ക്കൊപ്പം നിന്നവർ ആരാണ്?
ചുരുക്കിപ്പറഞ്ഞാൽ പാർട്ടി, എ.ഐ.എസ്.എഫിലെ സുഹൃത്തുക്കൾ എന്നിവരല്ലാതെ ഒരാൾ പോലും സഹായിച്ചിട്ടില്ല. ഉണ്ടായ കാര്യം പോലും കൃത്യമായി പറഞ്ഞിട്ടില്ല. അന്ന് സംഘർഷം ഉണ്ടായത് മൂന്ന് നാല് തവണയായിട്ടാണ്. ആദ്യം അടി കിട്ടിയവരോടാണ് നാലാമത്തെ അടിയുടെ കാര്യത്തിന് മൊഴിയെടുക്കാൻ വിളിക്കുന്നത്. അവിടെ ഉണ്ടായിരുന്നവർക്ക് പകരം അടി കിട്ടി ആശുപത്രിയിൽ കിടക്കുന്നവനോടാണ് അവിടെ ആരൊക്കെ ഉണ്ടായിരുന്നു എന്നന്വേഷിക്കുന്നത്.
ഒത്തുതീർപ്പിന് ശ്രമമുണ്ടായിരുന്നോ?
എം.ജി. സർവകലാശാല സംഘർഷ വിഷയത്തിൽ ഞങ്ങൾ ഏത് രീതിയിലാണോ പരാതി നൽകിയിരുന്നത് അതിന് സമാനമായി രണ്ട് പരാതികൾ എസ്.എഫ്.ഐയും കൊടുത്തിരുന്നു. അവരുടെ കൂട്ടത്തിലെ ഒരു പെൺകുട്ടിയെ എ.ഐ.എസ്.എഫ്. പ്രവർത്തകർ ആക്രമിച്ചു, എസ്.എഫ്.ഐ. നേതാവ് വസന്ത് ശ്രീനിവാസിനെ ജാതിപ്പേര് വിളിച്ചാക്ഷേപിച്ചു എന്നുമായിരുന്നു പരാതികൾ. അതായത് ഞാൻ എന്തൊക്കെയാണോ പരാതി കൊടുത്തത് അതേ പരാതികൾ അവർ ഞങ്ങൾക്കെതിരേയും നൽകി. സംഘർഷം നടന്ന ദിവസമാണ് ഇത് സംഭവിച്ചതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ അന്നോ പിറ്റേന്നോ അല്ല മൂന്നാം ദിവസമാണ് പരാതി നൽകിയത്. അതായത് ഞാൻ പരാതി നൽകിക്കഴിഞ്ഞതിന് ശേഷം മാത്രം. എന്റെ മൊഴിപ്പകർപ്പ് അവർക്ക് കിട്ടിയതിന് ശേഷം അതേ രീതിയിൽ നൽകിയ പരാതിയാണത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലുള്ളവരുടെ അറിവോടെയല്ലാതെ അങ്ങനെ സംഭവിക്കില്ല. പ്രതിയാക്കപ്പെട്ടത് ഞാനായിരുന്നില്ല കൂടെയുള്ള ചില പ്രവർത്തകരാണ്. പരസ്പരം സെറ്റിൽ ചെയ്യാനായിരിക്കണമല്ലോ അങ്ങനെയൊരു നീക്കമുണ്ടായിരിക്കുക
എസ്.എഫ്.ഐയുടെ പരാതിയിൽ അന്വേഷണം വന്നോ?
വന്നു. അവർക്ക് വരുന്ന പരാതികളിൽ നടപടിയും അന്വേഷണവും എത്ര വേഗം വരുമെന്നും ബാക്കിയുള്ളവർക്ക് നേരെ എങ്ങനെയാണെന്നും അറിയാമല്ലോ. പക്ഷേ, അതിന്റെ പിന്നാലെ ഓടാനുള്ള സാഹചര്യത്തിലായിരുന്നില്ല ഞങ്ങളാരും. അന്വേഷണവും കേസും അതിന്റെ വഴിക്ക് നടക്കട്ടെ, റിപ്പോർട്ട് വരുമ്പോൾ ബാക്കി നോക്കാമെന്ന നിലപാടായിരുന്നു ഞങ്ങൾക്ക്. അല്ലാതെ അവർ പറയുമ്പോലെ എസ്.എഫ്.ഐയ്‌ക്കെതിരേയുള്ള ഒരു ടാർഗറ്റഡ് മൂവ്‌മെന്റൊന്നും ആയിരുന്നില്ല അത്.
ആളുകൾ പതിയെ നിമിഷയെ മനസിലാക്കി തുടങ്ങിയോ ?
അന്ന് എന്റെ ഭാഗം ബോധ്യപ്പെടുത്താൻ ഞാനേറെ പ്രയാസപ്പെടേണ്ടിവന്നു. പക്ഷേ, ഇന്ന് എന്നെ കേൾക്കാൻ കുറച്ചാളുകളെങ്കിലും തയ്യാറാവുന്നു എന്നതിലാണ് എന്റെ പ്രതീക്ഷ. മറുപക്ഷത്ത് എസ്.എഫ്.ഐ. ആയതുകൊണ്ടല്ല, ആർഷോ ആയതുകൊണ്ടാണ്. വളരെ കപടമായ ഒരു കാര്യം ചെയ്തിട്ട് ഞാനാ പ്രദേശത്തേ ഉണ്ടായിരുന്നില്ലെന്ന് പറയുന്നൊരാളെ എങ്ങനെയാണ് വിശ്വസിക്കേണ്ടത്? എല്ലാവരേയും ഉൾക്കൊള്ളാൻ കഴിയുന്ന എത്രയോ നല്ല മനുഷ്യരുള്ള ഇടമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങൾ. അവിടെയുള്ള ക്രിമിനലുകൾക്കെതിരേയാണ് ഞാൻ സംസാരിക്കുന്നത്. ക്യാമ്പസിൽ ഇങ്ങനെയൊന്ന് ഇനി ഉണ്ടാവരുത്. അവർ മത്സരിക്കട്ടെ. ജയിക്കട്ടെ. എതിർശബ്ദങ്ങൾ ഉണ്ടാവട്ടെ. നിലവിൽ പ്രൊട്ടസ്റ്റ് കംപ്ലെയ്ന്റാണ് നൽകിയിരിക്കുന്നത്. അതുമായി മുന്നോട്ടു പോകും.
Content Highlights: Nimisha Raju -interview with AISF leader about Arsho issues
Published: 17 Jun 2023, 11:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented