
മലേറിയയും ടൈഫോയ്ഡും പിടിപെട്ട് ജീവിതത്തോട് മല്ലടിച്ച ദിനങ്ങള്‍. ദാഹിച്ച് തൊണ്ട പൊട്ടിയിട്ടും കുടിക്കാന്‍ ഒരുതുള്ളി വെള്ളം പോലുമില്ലാത്ത അവസ്ഥ. ഒടുവില്‍ ടോയ്‌ലെറ്റ് ടാപ്പിലെ വെള്ളംകുടിച്ച് ദാഹമകറ്റിയ ദുര്‍വിധി. മൂന്ന് മാസക്കാലം ഇക്വറ്റോറിയൽ ഗിനി എന്ന രാജ്യത്തിന്റെ കസ്റ്റഡിയില്‍. തുടര്‍ന്നുള്ള ഏഴ് മാസം നൈജീരിയയുടെ സായുധ തടങ്കലിൽ. അതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച് ഇക്വറ്റോറിയൽ ഗിനിയും എണ്ണ മോഷ്ടിച്ചു എന്ന ആരോപണം ഉയര്‍ത്തി നൈജീരിയയും കസ്റ്റഡിയിലെടുത്ത ആ കപ്പലില്‍ 26 പേരാണുണ്ടായിരുന്നത്. അതില്‍ മൂന്ന് പേര്‍ മലയാളികളായിരുന്നു. കൊച്ചി എളംകുളം സ്വദേശിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസ്, കപ്പലിലെ ഓയിലര്‍ മുളവുകാട് സ്വദേശി മില്‍ട്ടണ്‍ ഡിക്കോസ്റ്റ, തേര്‍ഡ് ഓഫീസര്‍ കൊല്ലം സ്വദേശി വി. വിജിത്ത് എന്നിവര്‍. നീണ്ട പത്തു മാസക്കാലത്തെ ദുരിതജീവിതത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് മൂന്ന് പേരും നാട്ടിലെത്തിയത്. സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരണപ്പെട്ട വിസ്മയയുടെ സഹോദരന്‍കൂടിയായ വിജിത്ത് മാസങ്ങള്‍ നീണ്ട ദുരിതകാലത്തെക്കുറിച്ചും നൈജീരിയയില്‍ തടവിലായതിനേക്കുറിച്ചും മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുന്നു.
2022 ഓഗസ്റ്റ് എട്ട്, രാത്രി 9.30. നൈജീരിയയുടെ പുറംകടലില്‍ ക്രൂഡ് ഓയില്‍ ലോഡ് ചെയ്യാനായി കാത്തുകിടക്കുകയായിരുന്നു എം.ടി. ഹീറോയിക് ഐഡന്‍ ( MT Heroic Idun ) എന്ന കപ്പല്‍. ആ രാത്രിയിലാണ് കപ്പലിന്റെ റഡാറില്‍ ഒരു അജ്ഞാത ബോട്ട് ശ്രദ്ധയില്‍പ്പെടുന്നത്. ലൈറ്റ് തെളിക്കാതെ, സൈറന്‍ മുഴക്കാതെ കപ്പലിന് നേര്‍ക്ക് അതിവേഗത്തിലെത്തിയ ആ ബോട്ട് കടല്‍ക്കൊള്ളക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ച് കപ്പൽ മുന്നോട്ടു കുതിച്ചു. അവരില്‍നിന്ന് രക്ഷപ്പെടാൻ ക്യാപ്റ്റന്‍ പരമാവധി വേഗത്തിലാണ് കപ്പല്‍ മുന്നോട്ട് എടുത്തതും. എന്നാല്‍, രണ്ട് ദിവസത്തിന് ശേഷം കപ്പിലിന്റെ ആ യാത്ര ചെന്നു നിന്നത് ഇക്വറ്റോറിയൽ ഗിനിയിലെ ലൂബ (Luba) തുറമുഖത്താണ്. പിന്നീട് ഇക്വറ്റോറിയൽ ഗിനി നാവികസേനയുടെ തടവിലായി കപ്പലും ജീവനക്കാരും. കപ്പല്‍ കമ്പനി ഇക്വറ്റോറിയൽ ഗിനി സര്‍ക്കാരിന് മോചനദ്രവ്യമായി വന്‍തുക നല്‍കിയെങ്കിലും കപ്പല്‍ വിട്ടുകൊടുക്കാനോ ജീവനക്കാരെ മോചിപ്പിക്കാനോ അവര്‍ തയ്യാറായില്ല. പകരം നൈജീരിയയ്ക്ക് കൈമാറുകയാണ് അവര്‍ ചെയ്തത്.
Also Read
നേരത്തെ നൈജീരിയൻ സേന ബോട്ടിൽ വന്ന് തടഞ്ഞിട്ടും കപ്പൽ നിർത്താതെ പോയി എന്നുള്ളതായിരുന്നു നൈജീരിയ ആരോപിച്ച കുറ്റം. എന്നാൽ, കടൽക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് മുന്നോടെടുത്തതെന്ന ക്യാപ്റ്റന്റെ വാദമൊന്നും നൈജീരിയൻ സേന ചെവിക്കൊണ്ടില്ല. കപ്പലില്‍ എണ്ണ കടത്തി എന്നതുള്‍പ്പെടെയുള്ള കുറ്റങ്ങൾ നൈജീരിയ കപ്പലിനെതിരേ ചുമത്തി. തുടര്‍ന്ന് കപ്പലിനെയും നാവികരെയും അവര്‍ കസ്റ്റഡിയിലെടുത്തു. ആഗോളതലത്തില്‍ ഇടപെടലുകളും ഇന്ത്യയുടെ ശക്തമായ സമ്മര്‍ദത്തിന്റേയും ഫലമായാണ് നാവികരുടെ മോചനം സാധ്യമായത്. ഒടുവില്‍ ദുരിതഭാരം ഇറക്കിവെച്ച് ഉറ്റവരുടെ അരികില്‍ പറന്നിറങ്ങിയ സന്തോഷത്തിലാണ് വിജിത്ത്.
നൈജീരിയന്‍ തീരത്തെ ആ രാത്രി
"2022 മേയ് ഒന്‍പതിനാണ് എം.ടി. ഹീറോയിക് ഐഡന്‍ എന്ന കപ്പലില്‍ ജോലിയില്‍ പ്രവേശിക്കാനായി വീട്ടില്‍നിന്ന് ഇറങ്ങുന്നത്. സിങ്കപ്പൂരില്‍ നിന്നായിരുന്നു ഞാൻ കപ്പലിൽ കയറുന്നത്. ഓഗസ്റ്റിൽ കപ്പല്‍ നൈജീരിയന്‍ തീരത്ത് എത്തി. ബ്രിട്ടീഷ് പെട്രോളിയത്തിന്റെ കാര്‍ഗോ ലോഡ് ചെയ്യുന്നതിനായാണ് നൈജീരിയന്‍ തീരത്തെത്തുന്നത്. നൈജീരിയയിലെ അക്‌പോ (Akpo) ടെര്‍മിനലില്‍നിന്ന് അസംസ്‌കൃത എണ്ണ ലോഡ് ചെയ്ത ശേഷം നെതര്‍ലന്‍ഡ്‌സിലെ റോട്ടര്‍ഡാമില്‍ എത്തിക്കുക എന്നതായിരുന്നു ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം. പേപ്പര്‍ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കി ഓഗസ്റ്റ് എട്ടാം തീയതി നൈജീരിയയുടെ തീരത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ ദൂരെയുള്ള അക്‌പോ ഓഫ് ഷോര്‍ ടെര്‍മിനലിന് സമീപം എത്തി. എന്നാല്‍ കാര്‍ഗോ തയ്യാറായിട്ടില്ലെന്നും തയ്യാറായാല്‍ അകത്ത് പ്രവേശിച്ച ലോഡ് ചെയ്യാമെന്നുമാണ് ടെര്‍മിനലില്‍നിന്ന് അറിയിച്ചത്.
അതനുസരിച്ച് ടെര്‍മിനലിന് സമീപം കാത്തുനില്‍ക്കുകയായിരുന്നു കപ്പല്‍. രാത്രി ഒന്‍പത് മണിയോടെയാണ് കപ്പലിന്റെ റഡാറില്‍ ഒരു തിരിച്ചറിയാന്‍ സാധിക്കാത്ത വെസല്‍ ശ്രദ്ധയില്‍പ്പെടുന്നത്. കപ്പലിന് സമീപം ഒരു ബോട്ടോ കപ്പലോ ഉണ്ടെങ്കില്‍ ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം ( Automatic Identification System -AIS) ഉപയോഗിച്ച് അതിന്റെ വിവരങ്ങളും ഏത് തുറമുഖത്താണ് രജിസ്റ്റര്‍ ചെയ്തതെന്നും ഏത് തരത്തിലുള്ള കപ്പലാണെന്നുമെല്ലാം അറിയാന്‍ സാധിക്കും. എന്നാല്‍ ഞങ്ങളുടെ കപ്പലിന് അടുത്തേക്ക് എത്തിയ വെസല്‍ എ.ഐ.എസ്. ഓഫ് ചെയ്തിരിക്കുകയായിരുന്നു.

എവിടേക്കാണ് പോകുന്നതെന്ന് അക്‌പോ ടെര്‍മിനലില്‍നിന്ന് വെസലിനോട് ചോദിക്കുന്നുണ്ടായിരുന്നു. എം.ടി. ഹീറോയിക് ഐഡണിലേക്കാണ് പോകുന്നതെന്നാണ് അവര്‍ മറുപടി നല്‍കിയത്. അത് ഞാന്‍ വ്യക്തമായി കേട്ടു. നൈജീരിയന്‍ തീരം കടല്‍ക്കൊള്ളക്കാരുള്ള മേഖലയാണ്. അത്തരം മേഖലയില്‍ പോകുന്ന എല്ലാ കപ്പലുകളും ബി.എം.പി.5 (അപകട മേഖലയിലേക്ക് പോകുമ്പോള്‍ എന്തെല്ലാം മാര്‍ഗം സ്വീകരിക്കണെമെന്ന മാര്‍ഗനിര്‍ദേശം) അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. ആ മാര്‍ഗനിര്‍ദേശങ്ങളെല്ലാം പാലിച്ചാണ് ഞങ്ങള്‍ അവിടെ നങ്കൂരമിട്ടിരുന്നത്. ആ വെസല്‍ ഞങ്ങളുടെ കപ്പലിനെ ലക്ഷ്യമാക്കി വരുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെ ക്യാപ്റ്റനെ വിവരം അറിയിച്ചു. നൈജീരിയന്‍ നാവിക സേനയുടെ ബോട്ടാണെന്നും കപ്പല്‍ പരിശോധിക്കണമെന്നും അവര്‍ അറിയിച്ചു.
നാവികസേന ബോട്ടാണെങ്കില്‍ എന്ത് കൊണ്ട് എ.ഐ.എസ്. ഓണാക്കുന്നില്ലെന്ന് ക്യാപ്റ്റന്‍ ആരാഞ്ഞു. ബോട്ടില്‍ ലൈറ്റ് ഇടുകയോ സൈറണ്‍ ഓണാക്കുകയോ ചെയ്തിരുന്നുമില്ല. സാധാരണഗതിയില്‍ നാവികസേന കപ്പലുകളും ബോട്ടുകളും സൈറണ്‍ മുഴക്കാറുണ്ട്. അതോടെ ക്യാപ്റ്റന്‍ കമ്പനി സെക്യൂരിറ്റി ഓഫീസറേയും ലോക്കല്‍ ഏജന്റിനേയും ഉള്‍പ്പടെ ബന്ധപ്പെടാവുന്ന എല്ലാവരേയും വിളിച്ചു. എന്നാല്‍, കപ്പല്‍ പരിശോധന സംബന്ധിച്ച് നേവിയുടെ വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും അത് കടല്‍ക്കൊള്ളക്കാരാകാന്‍ സാധ്യതയുണ്ടെന്നുമുള്ള വിവരമാണ് എല്ലാവരും കൈമാറിയത്. സാധാരണഗതിയില്‍ നാവികസേനയുടെ കാര്യം പറഞ്ഞു തന്നെയാണ് കടല്‍ക്കൊള്ളക്കാരും കപ്പലുകളെ സമീപിക്കാറ്. എ.ഐ.എസ്. ഇല്ലാത്തതിനാല്‍ ബോട്ടിന്റെ വിവരങ്ങള്‍ സ്ഥരീകരിക്കാനും സാധിച്ചില്ല. അതോടെ ക്യാപ്റ്റന്‍ കപ്പലിന്റെ എഞ്ചിന്‍ ഓണ്‍ ചെയ്തു പരമാവധി വേഗത്തിൽ കപ്പലെടുത്തു.
ഇക്വറ്റോറിയൽ ഗിനിയുടെ പിടിയില്‍
അക്‌പോ ടെര്‍മിനലിന് സമീപത്തുനിന്ന് 200 നോട്ടിക്കല്‍ മൈല്‍ പിന്നിട്ടതിന് ശേഷം ഓഗസ്റ്റ് 11-ന് ഉച്ചയോടെയാണ് ഇക്വറ്റോറിയൽ ഗിനിയുടെ യുദ്ധക്കപ്പലായ ക്യാപ്റ്റന്‍ ഡേവിഡില്‍നിന്ന് എം.ടി. ഹീറോയിക് ഐഡനിലേക്ക് സന്ദേശം എത്തുന്നത്. ഇക്വറ്റോറിയൽ ഗിനിയുടെ നാവികസേന കപ്പലാണെന്നും നൈജീരിയയില്‍നിന്ന് വിവരം ലഭിച്ചത് പ്രകാരം ഞങ്ങളുടെ കപ്പലിന് അടുത്തേക്ക് എത്തുകയാണെന്നം കപ്പലില്‍ പ്രവേശിക്കില്ലെന്നും അവര്‍ അറിയിച്ചു. അവരുടെ എ.ഐ.എസ്. ഓണായിരുന്നു. അതില്‍ വിവരങ്ങളെല്ലാം കാണിക്കുന്നുണ്ട്. മാത്രമല്ല, പകല്‍സമയവും. മറ്റ് പ്രശ്‌നങ്ങളുമില്ല. അതിനാല്‍ തന്നെ ക്യാപ്റ്റന്‍ അനുമതി നല്‍കുകയും കപ്പലിന്റെ എന്‍ജിന്‍ ഓഫ് ചെയ്യുകയും ചെയ്തു. എന്നാല്‍, അടുത്തെത്തിയതോടെ അവര്‍ തോക്ക് ചൂണ്ടുകയാണ് ചെയ്തത്. നൈജീരിയന്‍ നേവി അന്വേഷണത്തിന് വന്നപ്പോള്‍ നിര്‍ത്താതെ പോയതിനാല്‍ കപ്പല്‍ അറസ്റ്റ് ചെയ്യുന്നു എന്നാണ് അവര്‍ അറിയിച്ചത്. കപ്പല്‍ ഇക്വറ്റോര്‍ ഗിനിയിലെ ലൂബ തുറമുഖത്തേക്ക് എത്തണമെന്ന് അറിയിച്ചു. അങ്ങനെ ലൂബ തുറമുഖത്തേക്ക് ഞങ്ങളെ കൊണ്ടുപോയി.
അന്താരാഷ്ട്ര സമുദ്രത്തില്‍വെച്ചാണ് ഇക്വറ്റോറിയൽ ഗിനിയുടെ നാവികസേന ഞങ്ങളെ അറസ്റ്റ് ചെയ്തത്. അവിടെ അന്തരാഷ്ട്ര നിയമമാണ് പാലിക്കേണ്ടത്. അതിനാല്‍ തന്നെ അതൊരു നിയമപമായ അറസ്റ്റായിരുന്നില്ല. അറസ്റ്റിന് ശേഷം ക്യാപ്റ്റന്‍ ഉള്‍പ്പെടെ ഞങ്ങള്‍ 15 പേരെ വീട്ടുതടങ്കലിലേക്ക് മാറ്റി. അതൊരു വില്ലയായിരുന്നു. അവിടുത്തെ വൈസ് പ്രസിഡന്റായിരുന്നു ഇതെല്ലാം നിയന്ത്രിച്ചിരുന്നത്. നൈജീരിയന്‍ നേവി ചോദ്യം ചെയ്ത കപ്പല്‍ ഇക്വറ്റോറിയൽ ഗിനി പിടിച്ചുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. അത് അവിടെ വലിയ വാര്‍ത്തയായി. ഞങ്ങള്‍ക്ക് മേല്‍ 25 കോടി രൂപ പിഴയിട്ടു. ഇക്വറ്റോറിയൽ ഗിനിയുടെ പതാക ഉയര്‍ത്തിയില്ല എന്നതായിരുന്നു ചുമത്തിയ കുറ്റം. കപ്പല്‍ ഉടമ ആ പണം അടച്ചു. അറസ്റ്റിന് മൂന്ന് മാസത്തിന് ശേഷം ഞങ്ങളെ വിടുമെന്ന ഘട്ടത്തില്‍ ഇക്വറ്റോറിയൽ ഗിനി നൈജീരിയയില്‍നിന്ന് പണം വാങ്ങി ഞങ്ങളെ അവര്‍ക്ക് കൈമാറി. ആ ഘട്ടത്തിലാണ് സഹായം അഭ്യര്‍ഥിച്ച് ഞങ്ങള്‍ വീഡിയോ ഇടുന്നത്. അതുവരെ വീട്ടിലെത്താമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ, നൈജീരിയയ്ക്ക് കൈമാറിയതോടെ പ്രതീക്ഷകൾ മങ്ങി. ഇതോടെയാണ് വാര്‍ത്താ മാധ്യമങ്ങളെ വിവരം അറിയിച്ചത്.

മൂന്ന് മാസത്തെ ദുരിത ജീവിതം
ഇക്വറ്റോറിയൽ ഗിനിയില്‍ ഒരു വില്ലയിലാണ് ഞങ്ങളെ താമസിപ്പിച്ചത്. ആദ്യഘട്ടത്തില്‍ വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നു. ഏജന്റ് കൃത്യമായി ഭക്ഷണം എത്തിച്ചിരുന്നു. എന്നാല്‍ നൈജീരിയന്‍ നേവിക്ക് കൈമാറുന്നതിന് തൊട്ടുമുമ്പ് അവസ്ഥ മോശമായി. ഈ ഘട്ടമെത്തിയപ്പോള്‍ ഞങ്ങളെ മറ്റൊരു സ്ഥലത്തേക്ക് മാറ്റി. അവിടെ കൃത്യമായി ഭക്ഷണമോ വെള്ളമോ ലഭിച്ചിരുന്നില്ല. മുറി പൂട്ടിയിട്ടിരിക്കുകയായിരുന്നു. കാവലിന് തോക്കുമേന്തി പുറത്ത് സേനാംഗങ്ങളും. ദാഹം സഹിക്കാന്‍ വന്നതോടെ കുടിക്കാന്‍ വെള്ളം ചോദിച്ചു. എന്നാല്‍ വെള്ളം തരാന്‍ അവര്‍ തയ്യാറായില്ല. പൈപ്പിലെ വെള്ളം കുടിക്കാനാണ് പറഞ്ഞത്. അവിടെ രണ്ട് പൊതുകക്കൂസാണ് ഉണ്ടായിരുന്നത്. വേറെ വഴിയില്ലാതെ വന്നതോടെ കക്കൂസിലെ ടാപ്പില്‍നിന്ന് വെള്ളം കുടിക്കേണ്ടി വന്നു. അവിടെ കൊതുകുശല്യവും രൂക്ഷമായിരുന്നു. അതോടെ പലര്‍ക്കും മലേറിയയും ടൈഫോയ്ഡും പിടിപെട്ടു. എനിക്ക് മൂന്ന് പ്രാവശ്യം മലേറിയയും രണ്ട് പ്രാവശ്യം ടൈഫോയ്ഡും വന്നു. സംഘത്തിലുള്ള മറ്റ് അഞ്ച് പേര്‍ക്കും അസുഖം ബാധിച്ചിരുന്നു. തുടക്കത്തില്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് ചികിത്സാസൗകര്യം ഒരുക്കിയിരുന്നത്. പിന്നീട് കമ്പനി ഇടപെട്ടാണ് ഭേദപ്പെട്ട ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുന്നത്. പക്ഷേ, ഇക്വറ്റോറിയൽ ഗിനിയില്‍ ജീവിതസാഹചര്യങ്ങള്‍ മോശമാണ്. നല്ല ചികിത്സാ സൗകര്യങ്ങളെല്ലാം കുറവാണ്.
നൈജീരിയയ്ക്ക് കൈമാറുന്നു
നൈജീരിയന്‍ നാവികസേനയ്ക്ക് കപ്പല്‍ കൈമാറിയതോടെ ഞാനുള്‍പ്പെടെയുള്ള 15 പേരെയും കപ്പിലിലേക്ക് എത്തിച്ചു. നൈജീരിയയില്‍ കപ്പലില്‍ തന്നെയാണ് താമസിപ്പിച്ചത്. ഇരുപതോളം പ്രത്യേക കമാന്‍ഡോകളുടെ നിരീക്ഷണത്തിലായിരുന്നു ഞങ്ങള്‍. അവര്‍ സദാസമയവും കപ്പലില്‍ തന്നെ ഉണ്ടായിരുന്നു. നമുക്ക് നമ്മുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്യാം. വീട്ടിലേക്ക് വിളിക്കാനോ മറ്റോ സാധ്യമല്ലായിരുന്നു. മാസത്തില്‍ ഒരു തവണയാണ് വീട്ടിലേക്ക് വിളിക്കാന്‍ അനുമതി ഉണ്ടായിരുന്നത്. ഇന്ത്യന്‍ എംബസി ഇടപെട്ടതിനാല്‍ തന്നെ പ്രത്യേകിച്ച് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. കമ്പനി കൃത്യമായ ഭക്ഷണം എത്തിച്ചിരുന്നു. നൈജീരിയയില്‍ എത്തി രണ്ടാഴ്ച കഴിഞ്ഞതോടെ വീണ്ടും അസുഖബാധിതനായി. കപ്പലില്‍വെച്ച് വീണ്ടും മലേറിയയും ടൈഫോയിഡും പിടിപെട്ടു. നിരവധി തവണ അസുഖം ബാധിച്ചിരുന്നതിനാല്‍ ഇത്തവണ സ്ഥിതി അല്പം ഗുരുതരമായിരുന്നു.
ആ ഘട്ടത്തില്‍ തുറമുഖത്തുനിന്ന് 15 നോട്ടിക്കല്‍ മൈല്‍ അകലയെയായിരുന്നു കപ്പല്‍ നങ്കൂരമിട്ടിരുന്നത്. അതിനാല്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുക ബുദ്ധിമുട്ടായിരുന്നു. കടുത്ത പനിയായതോടെ കപ്പലില്‍നിന്ന് പ്രയാസപ്പെട്ടാണ് ബോട്ടില്‍ കയറ്റി ആശുപത്രിയിലെത്തിച്ചത്. 10 ദിവസം ആശുപത്രിയില്‍ കിടന്നു. ആശുപത്രിയിലേക്ക് മാറ്റിയ ശേഷം കൃത്യമായ ചികിത്സ ലഭിച്ചു. നൈജീരിയന്‍ നേവിയുടെ നിയന്ത്രണത്തിലായിരുന്നു ആ ആശുപത്രി. ഏതാണ്ട് ഏഴ് മാസത്തോളം നൈജീരിയയിലുണ്ടായിരുന്നു. തെറ്റ് ചെയ്യാത്തതിനാല്‍തന്നെ മോചനം സാധ്യമാകുമെന്ന് ബോധ്യമുണ്ടായിരുന്നു. പക്ഷേ, കോടതി നടപടി നീണ്ടു പോകുന്നത് മാത്രമാണ് ആശങ്ക ഉണ്ടാക്കിയത്. മാസത്തില്‍ അഞ്ച് മിനിറ്റാണ് വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിച്ചത്. അവസാനം എത്തിയപ്പോള്‍ ആഴ്ചയില്‍ ഒരു പ്രാവശ്യം വിളിക്കാന്‍ അനുവദിച്ചിരുന്നു.

മോചനത്തിനായി വലിയ ഇടപെടലുകള്‍
നൈജീരിയയ്ക്ക് ഞങ്ങളെ കൈമാറുന്നതിന് മുമ്പ് അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തകള്‍ വന്നിരുന്നു. ഇന്ത്യന്‍ മാധ്യമങ്ങളും ബി.ബി.സി. അടക്കമുള്ള വിദേശമാധ്യമങ്ങളും വാര്‍ത്തകള്‍ നല്‍കി. മലയാള മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും വിഷയത്തില്‍ ഇടപെട്ടു. കേരളത്തില്‍നിന്നുള്ള എം.പിമാര്‍ പാര്‍ലമെന്റില്‍ വിഷയം ഉന്നയിക്കുകയും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ മറുപടി നല്‍കുകയും ചെയ്തതോടെ അത് നൈജീരിയന്‍ സര്‍ക്കാരിന് വലിയ സമ്മര്‍ദ്ദമായി. നൈജീരിയക്ക് വലിയ സഹായങ്ങള്‍ ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. അതിനാല്‍ ഹൈക്കമ്മീഷണര്‍ക്ക് അവിടെ വലിയ സ്വാധീനമുണ്ട്. ജി. ബാലസുബ്രഹ്‌മണ്യമായിരുന്നു ഹൈക്കമ്മീഷണര്‍. അദ്ദേഹം നേരിട്ട് ബന്ധപ്പെട്ടിരുന്നു, രണ്ട് തവണ കോടതിയില്‍ എത്തുകയും ചെയ്തു. അത് പോലെ പോളണ്ടിന്റെ ഒരു പൗരനും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അതുകൊണ്ട് പോളിഷ് അംബാസിഡറും നേരിട്ട് കോടതിയില്‍ എത്തുമായിരുന്നു. രണ്ട് രാജ്യങ്ങളുടെ അംബാസിഡറും ഹൈക്കമ്മീഷണറും നേരിട്ട് കോടതിയില്‍ എത്തിയത് വലിയ നേട്ടമായി. കാര്യത്തിന്റെ ഗൗരവം ജഡ്ജിക്ക് ബോധ്യപ്പെട്ടു. ഒപ്പം തെളിവുകളും നൈജീരിയന്‍ നേവിക്ക് എതിരായിരുന്നു.
എല്ലാ പേപ്പറുകളും കൃത്യമാക്കി നിയമപരമായി തന്നെയാണ് കാര്‍ഗോ ലോഡ് ചെയ്യാനായി എത്തിയത്. ഒരു തുള്ളി എണ്ണ പോലും കപ്പലില്‍ ലോഡ് ചെയ്തിരുന്നുമില്ല. നൈജീരിയന്‍ ബോട്ടാകട്ടെ എ.ഐ.എസ്. ഓണ്‍ ആക്കിയിരുന്നുമില്ല. അത് അവരുടെ ഭാഗത്തെ തെറ്റായിരുന്നു. ആ സാഹചര്യത്തില്‍ അവര്‍ കോടതിയില്‍ തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. പക്ഷേ, നൈജീരിയയില്‍ കേസുകള്‍ തീരാന്‍ വളരെ സമയം എടുക്കാറുണ്ട്. അതിവേഗ കോടതിയില്‍ പോലും രണ്ടര വര്‍ഷത്തിലധികം എടുത്താണ് കേസുകള്‍ പൂര്‍ത്തിയാകുക. സാധാരണയായി അഞ്ച്- ആറ് വര്‍ഷത്തിലധികം എടുത്താണ് കേസുകള്‍ തീര്‍പ്പാക്കുക. അതായിരുന്നു വലിയ വെല്ലുവിളി. ഒടുവില്‍ ഇന്ത്യന്‍ സര്‍ക്കാറിന്റെ സമ്മര്‍ദ്ദവും മറ്റും കൊണ്ട് കോടതിക്ക് പുറത്ത് ഒത്തുതീര്‍പ്പിലേക്ക് അവര്‍ എത്തി.
നൈജീരിയന്‍ നിയമപ്രകാരം അത് നിയമവിധേയവുമാണ്. അങ്ങനെ മറ്റ് കുറ്റങ്ങളെല്ലാം ഒഴിവാക്കി അനുമതിയില്ലാതെ സമുദ്രമേഖലയില്‍ പ്രവേശിച്ചുവെന്ന കുറ്റം മാത്രം ചുമത്തി. കപ്പലിന്റേയും ഞങ്ങള്‍ 26 പേരുടേയും മേലുള്ള എല്ലാ ക്രിമിനല്‍ കുറ്റവും നീക്കി ജഡ്ജിയുടെ ഉത്തരവ് വന്നു. ഭീമമായ തുക ഒ.എസ്എം. മാരിടൈം കമ്പനി നൈജീരിയന്‍ നേവിക്കും സര്‍ക്കാരിനും പിഴയായി നല്‍കി. കഴിഞ്ഞ മാസം 28-നാണ് അവസാനത്തെ ട്രയല്‍ നടക്കുന്നത്. അന്ന് തന്നെ ജഡ്ജി റിലീസിങ് ഓര്‍ഡറില്‍ ഒപ്പുവെച്ചു. അവിടെനിന്ന് കപ്പല്‍ പുറപ്പെട്ട ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണില്‍ എത്തിയാണ് ക്യൂ ചെയ്ഞ്ച് നടത്തിയത്. ഷിപ്പ് ഇപ്പോള്‍ സാധാരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിച്ചു."
Content Highlights: Malayali sailor Vijith, who returned home after being detained in Nigeria, shares his experience
Published: 13 Jun 2023, 12:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented