ആലപ്പുഴ: തുടര്‍ച്ചയായ തീവണ്ടിയപകടങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്കോ പൈലറ്റുമാരുടെ ജോലിസമയം ക്രമീകരിക്കണമെന്ന വിദഗ്ധസമിതി റിപ്പോര്‍ട്ട് നിലനില്‍ക്കേ, വീണ്ടും അധികസമയ പരീക്ഷണവുമായി റെയില്‍വേ. ജീവനക്കാരുടെ കുറവു പരിഹരിക്കാന്‍ ലോക്കോ പൈലറ്റുമാരുടെ ജോലിസമയം വര്‍ധിപ്പിച്ചാണ് റെയില്‍വേയുടെ പ്രശ്‌നപരിഹാരം. ദക്ഷിണ റെയില്‍വേയിലെ വിവിധ ഡിവിഷനുകളില്‍ നടപ്പാക്കിയ സമയ പരിഷ്‌കരണം മറ്റു സോണുകളിലേക്കും കൊണ്ടുവരാനാണു തീരുമാനം.

To advertise here,

എക്‌സ്പ്രസ്, മെയില്‍ തീവണ്ടികളിലെ ലോക്കോ പൈലറ്റുമാരുടെ ജോലിസമയം നാലുമണിക്കൂര്‍ വരെ കൂടും. 10 മണിക്കൂര്‍ ജോലിസമയമെന്നത് പാര്‍ലമെന്റ് പാസാക്കിയതാണെന്ന് ലോക്കോ പൈലറ്റുമാര്‍ പറയുന്നു. എന്നാല്‍, ഇനി 14 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ജോലിചെയ്യേണ്ടിവരും. നിലവില്‍, ദക്ഷിണ റെയില്‍വേയിലെ ചരക്കുതീവണ്ടികളിലെ ലോക്കോ പൈലറ്റുമാരുടെ ജോലിസമയം കൂട്ടിയിട്ടുണ്ട്. രണ്ടാഴ്ചയില്‍ 104 മണിക്കൂറായിരുന്നു ഇവരുടെ ജോലിസമയം. അത് 125 മണിക്കൂര്‍ വരെയാക്കും. ആക്‌സിഡന്റ് എന്‍ക്വയറി കമ്മിറ്റിയുടെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായി രണ്ടു രാത്രിജോലിയില്‍ കൂടുതല്‍ പാടില്ലെന്ന ഉത്തരവുണ്ടായിരുന്നു. എന്നാല്‍, ജീവനക്കാരുടെ കുറവു കാരണം ഉത്തരവു മരവിപ്പിച്ച സ്ഥിതിയാണ്.

പ്രതിസന്ധി പരിഹരിക്കാന്‍, വിരമിച്ച അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ ദിവസവേതനത്തില്‍ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തിയെങ്കിലും നടപ്പായിട്ടില്ല. ഷണ്ടിങ്ങിനും അനുബന്ധ ജോലികള്‍ക്കും താത്കാലിക ജീവനക്കാരെ നിയമിക്കും. ആറുദിവസം ജോലിചെയ്താല്‍ 30 മണിക്കൂറാണ് നിലവില്‍ ലോക്കോ പൈലറ്റുമാരുടെ പ്രതിവാര വിശ്രമസമയം.