കരൺഥാപ്പറുമായി മനോജ് മോനോൻ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം വായിക്കാം
- ബി.ജെ.പി നേതാക്കള്‍ മാത്രമല്ല,കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളും അഭിമുഖത്തിന് തയ്യാറായിട്ടില്ലല്ലോ ?ഗാന്ധി കുടുംബവുമായി താങ്കള്‍ക്ക് അടുത്ത ബന്ധമുണ്ട്.എന്നാല്‍ സോണിയയോ രാഹുലോ പ്രിയങ്കയോ ഇതുവരെ അഭിമുഖത്തിന് തയ്യാറായിട്ടില്ല.അതെക്കുറിച്ച് എന്ത് പറയുന്നു ?
ഇന്ദിരാഗാന്ധിയുടെ ആദ്യത്തെ കസിന്‍ നയന്‍താര സൈഗാള്‍ വിവാഹം കഴിച്ചിരിക്കുന്നത് എന്റെ അമ്മയുടെ സഹോദരനെയാണ്.നയന്‍താര പ്രമുഖയായ എഴുത്തുകാരിയാണ്.വിജയലക്ഷ്മി പണ്ഡിറ്റിന്റെ മകളാണ്.നെഹ്രുവും വിജയലക്ഷ്മി പണ്ഡിറ്റും സഹോദരീ സഹോദരന്‍മാരാണല്ലോ.അവരുടെ മക്കള്‍ എന്റെ ഫസ്റ്റ് കസിന്‍സാണ്.വളരെ അടുത്ത ബന്ധമാണ് എനിക്ക് ഗാന്ധി കുടുംബവുമായുള്ളത്.സഞ്ജയും രാജീവുമായി എനിക്ക് അടുത്ത ബന്ധമുണ്ട്.സഞ്ജയ് എന്റെ ചേച്ചി ശോഭയുടെ അടുത്ത സുഹൃത്തായിരുന്നു.സഞ്ജയിന് എന്നെക്കാള്‍ പ്രായമുണ്ടായിരുന്നു.സ്‌കൂള്‍ വിട്ടാല്‍ സഞ്ജയ് നേരെ എന്റെ വീട്ടിലേക്ക വരുമായിരുന്നു.എന്റെ സഹോദരിയെ കാണാനുള്ള വരവാണ്.ഹി വാസ് പര്‍ട്ടിക്കുലര്‍ലി ക്ലോസ് ടു മൈ സിസ്റ്റര്‍ ശോഭ.
2004 ല്‍ ഞാന്‍ സോണിയാ ഗാന്ധിയെ ഒരു പ്രാവശ്യം നേരില്‍ കണ്ട് എനിക്ക് താങ്കളെ ഇന്റര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടന്ന് പറഞ്ഞു.ഡെഫിനിറ്റ്ലി,ഐ വില്‍ ഫിക്സ് ദ ഡേറ്റ് എന്നായിരുന്നു സോണിയയുടെ മറുപടി.എന്നാല്‍,ഇതുവരെ നടന്നിട്ടില്ല.അന്നത്തെ നിയമമന്ത്രിയായിരുന്ന അശ്വിനി കുമാറിന്റെ വസതിയില്‍ വച്ചായിരുന്നു ഞാന്‍ കണ്ടത്.അദ്ദേഹത്തിന്റെ വസതിയിലെ പൂന്തോട്ടത്തില്‍ സംഘടിപ്പിച്ച ഒരു വിരുന്ന് സല്‍ക്കാരത്തില്‍ വച്ചാണ് ഞാന്‍ കണ്ടത്.രാഹുല്‍ ഗാന്ധി ആദ്യമായി എം.പിയായപ്പോള്‍,എനിക്ക് ഇന്‍ര്‍വ്യൂ ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഞാന്‍ അദ്ദേഹത്തിന് ഒരു കത്തെഴുതി.24 മണിക്കൂര്‍ കഴിയും മുമ്പ് അദ്ദേഹം എന്നെ തിരിച്ചു വിളിച്ചു.''ഇന്റര്‍വ്യൂ തരാന്‍ സന്തോഷമുണ്ട്.എന്നാല്‍ ദയവായി 6-7 മാസം കാത്തിരിക്കാമോ.ഞാന്‍ എം.പിയായിട്ട് വെറും ഒരാഴ്ച കഴിഞ്ഞിട്ടേ ഉള്ളൂ.ഞാന്‍ കാര്യങ്ങള്‍ പഠിക്കട്ടെ ''എന്ന് വളരെ വിനയത്തോടെ പറഞ്ഞു.തീര്‍ച്ചയായും ആ നിലപാടിനെ ഞാന്‍ അംഗീകരിക്കുന്നു എന്ന് ഞാന്‍ മറുപടി നല്‍കി.എന്നാല്‍ വര്‍ഷങ്ങള്‍ ഇത്രയും കഴിഞ്ഞിട്ടും അദ്ദേഹം ഇതുവരെ ഒരു അഭിമുഖം തന്നിട്ടില്ല പക്ഷെ രാഹുല്‍ പിന്നീട് എന്റെ പുസ്തക പ്രകാശനത്തിന് വന്നു.എന്നാല്‍ അഭിമുഖം മാത്രം കിട്ടിയില്ല. പലവട്ടം ഞാന്‍ കത്തെഴുതി.എന്നാല്‍ ഇതുവരെ കിട്ടിയിട്ടില്ല.പ്രിയങ്കയുടെ അഭിമുഖത്തിനായി ഞാന്‍ ശ്രമിച്ചിട്ടുമില്ല.

- താങ്കളുടെ ഏറ്റവും പുതിയ അഭിമുഖം വിവാദങ്ങളുടെ കുടമാണ് തുറന്നത്.മുന്‍ ജമ്മുകാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലികുമായി നടത്തിയ പുല്‍വാമ സംഭവത്തെക്കുറിച്ചുള്ള അഭിമുഖത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വിവാദത്തില്‍ വീഴ്ത്തുന്ന പല വെളിപ്പെടുത്തുലുകളുണ്ട്.പ്രതിപക്ഷം ഇളകി മറിഞ്ഞു.എന്നാല്‍ അതെക്കുറിച്ച് ഇതുവരെ ബി.ജെ.പി ഒരക്ഷരം മിണ്ടിയിട്ടില്ല.എന്തു കൊണ്ടാണിത് ?
സത്യപാല്‍ മാലികിന്റെ വെളിപ്പെടുത്തലിനെക്കുറിച്ച് അവര്‍ മന: പൂര്‍വം പ്രതികരിക്കാത്തതാണ്.ബി.ജെ.പി പ്രതികരിച്ചാല്‍ അതൊരു വലിയ വാര്‍ത്തയായി മാറും. പ്രതികരിച്ചാല്‍ ഒരു തര്‍ക്കത്തില്‍ അകപ്പെടും എന്നവര്‍ക്കറിയാം.അതിന് പകരം അവര്‍ സി.ബി.ഐ യെ ഉപയോഗിച്ച് അദ്ദേഹത്തെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.ചോദ്യം ചെയ്യാന്‍ സി.ബി.ഐ രണ്ടോ മൂന്നോ പ്രാവശ്യം അദ്ദേഹത്തെ വിളിച്ചു കഴിഞ്ഞു.അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിച്ചവരെ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു.വളരെ മന:പൂര്‍വം സത്യപാല്‍ മാലികിനെ പീഡിപ്പിക്കുകയാണ്. ഭയപ്പെടുത്തുകയും വിരട്ടുകയുമാണ് അതിന്റെ ഉദ്ദേശം.

- .കരണ്‍ ഥാപ്പറിനെതിരെ ഇതുവരെ എന്തെങ്കിലും തരത്തിലുള്ള ഭീഷണി ഉണ്ടായിട്ടുണ്ടോ ? അങ്ങനെ എന്തെങ്കിലും നേരിടേണ്ടി വന്നിട്ടുണ്ടോ ?
ഇല്ല.എനിക്ക് ഇന്നുവരെ അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല.ജീവിതത്തില്‍ ഇതുവരെ അത്തരത്തില്‍ ഒരു ഭീഷണി ഫോണ്‍കോള്‍ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല.ഐ ഹാവ് നെവര്‍ റിസീവ്ഡ് എ വാണിംഗ് ഫ്രം എനിബഡി.പക്ഷെ ഒരു കാര്യം എന്റെ ഓര്‍മയിലുണ്ട്.ഇന്ത്യാ ടുഡെക്ക് വേണ്ടി ഞാന്‍ ടെലിവിഷന്‍ പരിപാടികള്‍ തയ്യാറാക്കി കൊണ്ടിരുന്ന കാലം. പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും സാമൂഹ്യ നിരീക്ഷകനുമായ പ്രതാപ് ഭാനു മേത്തയുമായി ഞാന്‍ അഭിമുഖം നടത്തി.ഇന്ത്യന്‍ എക്സ്പ്രസില്‍ അദ്ദേഹം എഴുതിയ ഒരു ലേഖനത്തില്‍ നിന്നാണ് ഈ അഭിമുഖത്തിന്റെ ആശയം എനിക്ക് ലഭിച്ചത്.ഞാന്‍ ആ വിഷയം ചര്‍ച്ച ചെയ്യാന്‍ അദ്ദേഹത്തെ ക്ഷണിച്ചു.അഭിമുഖത്തില്‍ അദ്ദേഹം തന്റെ ലേഖനത്തില്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ കാര്യങ്ങള്‍ പറഞ്ഞു !
രണ്ട് ഭാഗങ്ങളായിരുന്നു ആ അഭിമുഖത്തിനുണ്ടായിരുന്നത്.ആദ്യത്തെ ഭാഗം മോദിയെക്കുറിച്ചായിരുന്നു.അത് മോദി സര്‍ക്കാരിനെയും മോദിയെയും കുറിച്ചുള്ള അതിനിശിതവും ശക്തവുമായ വിമര്‍ശനമായിരുന്നു.എന്നാല്‍ രണ്ടാം ഭാഗം , അതിന് തുല്യമായ നിലയില്‍ പ്രതിപക്ഷത്തിനെതിരെയുള്ള കടുത്ത വിമര്‍ശനമായിരുന്നു.പ്രത്യേകിച്ച് കോണ്‍ഗ്രസിനെതിരെയും രാഹുല്‍ ഗാന്ധിക്കെതിരെയുമുള്ള രൂക്ഷ വിമര്‍ശനം.ഷൂട്ട് ചെയ്ത വൈകിട്ട് തന്നെ ആ അഭിമുഖം സംപ്രേഷണം ചെയ്തു.രവിശങ്കര്‍ പ്രസാദായിരുന്നു അന്ന് കേന്ദ്ര നിയമ മന്ത്രി.ആദ്യത്തെ ഭാഗം സംപ്രേഷണം ചെയ്തതിന് ശേഷമുള്ള കമേഴ്സ്യല്‍ ബ്രേക്കിന്റെ സമയത്ത് അദ്ദേഹം എന്നെ ഫോണില്‍ വിളിച്ചു.കടുത്ത ദേഷ്യത്തിലായിരുന്നു. എന്നോട് ഒച്ച വച്ചു.നിങ്ങളെന്തിനാണ് ഇത് ചെയ്തത് എന്ന് എന്നോട് ചോദിച്ചു.ഒന്നാം ഭാഗമല്ലേ നിങ്ങള്‍ കണ്ടുള്ളു,രണ്ടാം ഭാഗം കൂടി നിങ്ങള്‍ കാണു.രണ്ടാം ഭാഗത്ത് ഒന്നാം ഭാഗത്തെക്കാള്‍ കടുത്ത വിമര്‍ശനമുണ്ട്.-ഞാന്‍ പറഞ്ഞു.രണ്ടാം ഭാഗം കാണാമെന്ന് അദ്ദേഹം സമ്മതിച്ചു.ആദ്യ ഭാഗം കണ്ടു കഴിഞ്ഞ ഉടനെയാണ് അദ്ദേഹം എന്നെ ഫോണ്‍ ചെയ്തത്.ഒരര്‍ഥത്തില്‍ മന്ത്രി എന്നെ ഭീഷണിപ്പെടുത്തുകയല്ലായിരുന്നു.എങ്കിലും അദ്ദേഹം കടുത്ത ദേഷ്യത്തിലായിരുന്നു.ദേഷ്യം നിയന്ത്രിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല.എനിക്ക് ദീര്‍ഘകാലമായി രവിശങ്കര്‍ പ്രസാദിനെ അറിയാം. ആ അഭിമുഖം പൂര്‍ണമായി കണ്ടിട്ടാണ് അദ്ദേഹം എന്നെ വിളിക്കുന്നതെങ്കില്‍ എനിക്ക് അത്ര വിഷമം തോന്നുമായിരുന്നില്ല.
- .2016 ലാണ് ബി.ജെ.പി നേതാക്കള്‍ താങ്കല്‍ നിന്ന് അകന്നു തുടങ്ങിയത്.അതിന് മുമ്പ് ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ക്ക് കരണ്‍ ഥാപ്പര്‍ ഷോ ഏറെ പ്രിയപ്പെട്ടതായിരുന്നു.വാജ്പേയിക്കും അദ്വാനിക്കും താങ്കളെ ഇഷ്ടമായിരുന്നു.അതില്‍ തന്നെ അദ്വാനിയുമായിട്ടായിരുന്നു താങ്കള്‍ക്ക് കൂടുതല്‍ അടുപ്പം.എന്നാല്‍ പിന്നീട് തെറ്റിദ്ധാരണകളുടെ പേരില്‍ ആ അടുപ്പം അകലമായി.ഈ കാലവുമായി താരതമ്യം ചെയ്യുമ്പോള്‍,ഈ ബന്ധങ്ങളെ എങ്ങനെയാണ് അയവിറക്കുന്നത് ?
അദ്വാനിയുമായിട്ടായിരുന്നു എനിക്ക് വലിയ അടുപ്പം.എന്നാല്‍ അദ്ദേഹവുമായുള്ള ബന്ധം ഒരര്‍ഥത്തില്‍ ഞാന്‍ സ്പോയില്‍ ചെയ്തു. ഇക്കാര്യങ്ങള്‍ ഞാന്‍ ഡെവിള്‍സ് അഡ്വക്കേറ്റ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.അദ്വാനിക്ക് എന്നോട് വളരെ ദയയും സ്നേഹവും ഉണ്ടായിരുന്നു-വര്‍ഷങ്ങളോളം.എനിക്ക് അന്തമില്ലാത്ത ആരാധന തോന്നിയ വ്യക്തിത്വമാണ്.എങ്ങനെയാണ് ആ ആരാധന തുടങ്ങിയതെന്ന് ഞാന്‍ പറയാം. ലണ്ടനില്‍ നിന്ന് ഞാന്‍ ആദ്യമായി തിരിച്ചു വരുന്ന കാലം.എനിക്ക് അന്ന് ഇന്ത്യ സത്യം പറഞ്ഞാല്‍,അജ്ഞാത പ്രദേശമായിരുന്നു.ഇന്ത്യയെക്കുറിച്ച് എനിക്ക് ഒന്നും അറിയില്ലായിരുന്നു.ഡല്‍ഹിയിലും മാധ്യമ രംഗത്തായിരുന്നു എന്റെ പ്രവര്‍ത്തനം.ഡല്‍ഹിയില്‍ എത്തിയ ഉടന്‍ ടെലിവിഷനില്‍ ഐ വിറ്റനെസ് എന്ന പ്രോഗ്രാം തുടങ്ങി.അതിനായി ഒരു പൈലറ്റ് എപ്പിസോഡ് തയ്യാറാക്കണമായിരുന്നു.അദ്വാനിയുടെ ഇന്റര്‍വ്യൂവുമായി പ്രോഗ്രാം തുടങ്ങാമെന്ന് ഞങ്ങള്‍ തീരുമാനിച്ചു.അദ്ദേഹം അന്ന് ലോക്സഭയിലെ പ്രതിപക്ഷ നേതാവായിരുന്നു.എന്തുകൊണ്ടോ തികച്ചും അപരിചിതനായ എനിക്ക് അദ്ദേഹം അഭിമുഖം അനുവദിച്ചു.തികച്ചും അപ്രതീക്ഷിതമായിരുന്നു അത്.ഞാന്‍ ഇന്റര്‍വ്യു ചെയ്തു.പത്ത് മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള അഭിമുഖം.അദ്ദേഹത്തിന് വളരെ സന്തോഷമായി.ഇന്റര്‍വ്യു കഴിഞ്ഞപ്പോള്‍ എനിക്കും ക്യാമറ സംഘത്തിനും ചായ തന്നു.രണ്ട് മാസം കഴിഞ്ഞപ്പോള്‍, ഈ അഭിമുഖം ഐ വിറ്റനെസ് എന്ന പ്രോഗ്രാമിന്റെ ആദ്യത്തെ എപ്പിസോഡായി ഞങ്ങള്‍ സംപ്രേഷണം ചെയ്തു.

അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ അദ്ദേഹത്തെ വാജ്പേയിയുടെ വീടിന് പുറത്തു വച്ച് കണ്ടു.അദ്ദേഹം വാജ്പേയിയുടെ വസതിയില്‍ നി്ന്ന് ഇറങ്ങി വന്നിരുന്നു.'ഹലോ മി.അദ്വാനി,ഹൗ ആര്‍ യു ? '-ഞാന്‍ വിളിച്ചു.അദ്ദേഹം വളരെ ഗൗരവത്തില്‍ എന്റെ നേരെ തിരിഞ്ഞു.'ഇന്റര്‍വ്യൂ സംപ്രേഷണം ചെയ്തത് കണ്ടോ ? എങ്ങനെയുണ്ട് 'എന്ന് ഞാന്‍ അഭിപ്രായം ചോദിച്ചു.അപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി എന്നെ ഞെട്ടിച്ചു.'ആ അഭിമുഖം തികച്ചും പരിഹാസ്യമായിരുന്നു 'എന്നാണ് എനിക്ക് കിട്ടിയ വിവരം എന്നായിരുന്നു അദ്വാനിയുടെ മറുപടി !ഞാന്‍ സ്തബ്ധനായിപ്പോയി.'താങ്കളുമായി സംസാരിച്ച 10 മിനുട്ട് അതേ പടി റെക്കോര്‍ഡ് ചെയ്ത് സംപ്രേഷണം ചെയ്യുകയാണ് ചെയ്തത്.പിന്നെ എങ്ങനെയാണ് പരിഹാസ്യമാകുന്നത് ?'എന്ന് ഞാന്‍ തിരിച്ചു ചോദിച്ചു.അദ്ദേഹം ഒരു മറുപടിയും പറയാതെ സംസാരം പകുതി നിര്‍ത്തി തല തിരിച്ച് നടന്നു പോയി.ഞാനും എന്റെ വീട്ടിലേക്ക് പോയി.
വീട്ടിലെത്തിയ ഉടന്‍ തന്നെ ഞാന്‍ ഇന്റര്‍വ്യൂവിന്റെ ടേപ്പ് അദ്വാനിയുടെ അടുത്ത് എത്തിച്ചു.അതിന്റെ കവറില്‍ ഒരു കത്തും വച്ചു.'ഈ ഇന്റര്‍വ്യു ദയവായി കാണുക.താങ്കള്‍ പറഞ്ഞത് അതേ പടി പകര്‍ത്തിയിരിക്കുകയാണെന്ന് താങ്കള്‍ക്ക് വ്യക്തമാകും.ഒരു വാക്ക് പോലും മാറ്റിയിട്ടില്ല.ആരാണ് തെറ്റിദ്ധരിപ്പിച്ചതെന്ന് എനിക്കറിയില്ല'-എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം.കത്തും ടേപ്പും കൊടുത്ത് വിട്ടിട്ട് മൂന്ന് മാസങ്ങള്‍ കഴിഞ്ഞു.ഒരു മറുപടിയുമില്ല.പെട്ടെന്നൊരു ദിവസം വൈകിട്ട്,എന്റെ മുറിയിലെ ലാന്‍ഡ് ഫോണ്‍ ബെല്‍ അടിച്ചു.അക്കാലത്തൊന്നും മൊബൈല്‍ ഫോണില്ലല്ലോ.ഞാന്‍ പെട്ടെന്ന് ഫൊണെടുത്തു.'കരണ്‍,ഇത് എല്‍.കെ.അദ്വാനിയാണ് .മറുതലയ്ക്കല്‍ ശബ്ദം.ഗുഡ് ഈവനിംഗ് സര്‍..ഞാന്‍ പെട്ടെന്ന് പറഞ്ഞു.എനിക്ക് താങ്കളോട് മാപ്പ് ചോദിക്കണം.അഭിമുഖത്തെക്കുറിച്ച് എന്നെ ആരോ തെറ്റിദ്ധരിപ്പിച്ചതാണ്.എനിക്ക് തെറ്റു പറ്റി. പ്രായം ചെന്ന ഒരാളാണ് ഞാന്‍ .തെറ്റിദ്ധരിക്കല്‍ എളുപ്പമാണ്.അതിനാല്‍ ഞാന്‍ മാപ്പ് ചോദിക്കുന്നു.'അദ്വാനി പറഞ്ഞു നിര്‍ത്തിയപ്പോള്‍ ഞാന്‍ അമ്പരന്നു പോയി.ഞങ്ങള്‍ തമ്മിലുള്ള പ്രായ വ്യത്യാസം മാത്രമായിരുന്നില്ല എന്റെ അമ്പരപ്പിന് കാരണം.ഞാനന്ന് ഡല്‍ഹിയില്‍ തികച്ചും അപരിചിതനായ ഒരു മനുഷ്യനായിരുന്നു.ഇന്നത്തെക്കാലത്ത് ആരെങ്കിലും എന്നോട് ഇങ്ങനെ ക്ഷമ ചോദിച്ച് സംസാരിച്ചാല്‍ എനിക്ക് അത്ഭുതമില്ല.കാരണം എന്നെ ഇപ്പോള്‍ പൊതുവെ എല്ലാവര്‍ക്കും അറിയാം.അന്ന് എന്നെ ആരും ഡല്‍ഹിയില്‍ അറിയുമായിരുന്നില്ല.അങ്ങനെയുള്ള എന്നോട് സമുന്നതനായ ഒരു നേതാവ് ക്ഷമ ചോദിക്കുക എന്നത് എനിക്ക് അത്ഭുതമായി.അദ്ദേഹം എത്രയോ വലിയ ഹൃദയത്തിന്റെ ഉടമയാണെന്ന് എനിക്ക് അപ്പോള്‍ തോന്നി.എത്രയോ വലിയ ധാര്‍മിക ബോധമാണ് അദ്ദേഹത്തിന് ഉള്ളത് ? എന്ന് ഞാന്‍ പലവട്ടം ചിന്തിച്ചു.

തുടര്‍ന്നും അദ്ദേഹം എനിക്ക് പല പല അഭിമുഖങ്ങള്‍ തന്നു.1998 ലെ ഒരു അഭിമുഖം എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്.വാജ്പേയി ആദ്യമായി പ്രധാനമന്ത്രിയായ ഘട്ടം.അദ്വാനി പാര്‍ട്ടി ദേശീയ അധ്യക്ഷനായിരുന്നു.തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയില്‍ ഒരു ദിവസം ഡല്‍ഹിയില്‍ വച്ച് ഞാന്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂ ചെയ്തു.ബി.ജെ.പി അതിന്റെ പ്രവര്‍ത്തന രീതികളും മുഖച്ഛായയും മാറ്റുകയാണെന്ന് അക്കാലത്ത് ചര്‍ച്ചയുണ്ടായിരുന്നു.ഇത് യഥാര്‍ഥമോ വ്യാജമോ എന്നതായിരുന്നു എന്റെ ചര്‍ച്ചാ വിഷയം.ഇത് സംബന്ധിച്ചായിരുന്നു അദ്വാനിയുമായി എന്റെ അഭിമുഖം.അഭിമുഖം തുടങ്ങി.പകുതി ഭാഗത്ത് എത്തിയപ്പോള്‍,കമേഴ്സ്യല്‍ ബ്രേക്കിനായി അഭിമുഖം നിര്‍ത്തുന്നതിന് തൊട്ടു മുമ്പ് ഞാന്‍ ചോദിച്ചു :''ആപ്നെ രാക്ഷസ് കെ സീംഘ് ഉഖാഡ് കെ മൂഞ്ച് പെ മുസ്‌കുരാഹത് ദല്‍ ദി ഹെ.ലേക്കിന്‍ യെ ദിഖാവ് ഹെ യാ അസ്ലിയത് ? ''(താങ്കള്‍ താങ്കളുടെ പ്രതിച്ഛായ രാക്ഷസനില്‍ നിന്ന് ദയാലുവിലേക്ക് മാറ്റിയിരിക്കുന്നു.ഇത് യഥാര്‍ഥമോ വ്യാജമോ ?) അതുവരെ ഇംഗ്ലീഷില്‍ നടന്ന അഭിമുഖത്തില്‍ പെട്ടെന്ന് ഞാന്‍ ഹിന്ദിയില്‍ ഇങ്ങനെ ചോദിച്ചതെന്തു കൊണ്ടെന്ന് എനിക്ക് ഇപ്പോഴും അറിയില്ല.ഹിന്ദിയാണ് അപ്പോള്‍ നാവില്‍ വന്നത്.എന്റെ ചോദ്യത്തിന് അപ്പോള്‍ അദ്ദേഹം മോശമായൊന്നും പ്രതികരിച്ചില്ല.എന്നാല്‍ കൊമേഴ്സ്യല്‍ ബ്രേക്കിനായി നിര്‍ത്തിയപ്പോള്‍,അദ്ദേഹം എഴുന്നേറ്റു.എന്നിട്ട് ഈ അഭിമുഖം തുടരാന്‍ എനിക്ക് താല്‍പര്യമില്ലെന്ന് ഗൗരവത്തില്‍ പ്രഖ്യാപിച്ചു !ഞങ്ങള്‍ ഞെട്ടിപ്പോയി.എന്താണ് പ്രശ്നമെന്ന് ഞാന്‍ ആരാഞ്ഞപ്പോള്‍,രാക്ഷസനെന്ന് കരുതുന്ന ഒരാളുമായി താങ്കള്‍ എന്തിനാണ് അഭിമുഖം നടത്തുന്നതെന്നായിരുന്നു അദ്വാനിയുടെ മറുചോദ്യം.അതോടെ എന്റെ ചോദ്യം അദ്വാനിയെ വേദനിപ്പിച്ചു എന്ന് എനിക്ക മനസ്സിലായി.സത്യത്തില്‍ എന്റെ ഉദ്ദേശം അതായിരുന്നില്ല.''മി.അദ്വാനി എന്റെ വിഡ്ഡിത്തമാണത്.എന്റെ ഹിന്ദി ഭാഷാ സ്വാധീനം വളരെ മോശമാണ്.പ്രയോഗിച്ച് തെറ്റിപ്പോയതാണ്.പ്ലീസ് ഡോണ്ട് ഗെറ്റ് അപ്സെറ്റ് ''- ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു.എന്നാല്‍,നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം മുറി വിട്ട് പുറത്തേക്കിറങ്ങി.
അദ്ദേഹം വാഷ് റൂമില്‍ പോയതാണെന്നാണ് ഞാന്‍ കരുതിയത്.എന്നാല്‍ അഭിമുഖമുറി വിട്ട് പുറത്തേക്കാണ് അദ്ദേഹം പോയത്.പക്ഷെ, ഒരു മിനുട്ട് പോലും കഴിയുന്നതിന് മുമ്പ് അദ്ദേഹം തിരിച്ചു വന്നു.അഭിമുഖത്തിനായുള്ള കസേരയില്‍ ഇരുന്നു.എന്നിട്ട് ക്യാമറക്രൂവിന്റെ നേരെ നോക്കി കൈകൂപ്പി ക്ഷമ പറഞ്ഞു.''എന്നോട് ക്ഷമിക്കു.ഞാന്‍ അങ്ങനെ ഇറങ്ങിപ്പോകാന്‍ പാടില്ലായിരുന്നു.നിങ്ങള്‍ വളരെ ദുരം യാത്ര ചെയ്ത് എന്റെ അഭിമുഖം എടുക്കാന്‍ വന്നതല്ലേ.ഞാന്‍ അഭിമുഖം പൂര്‍ത്തിയാക്കുകയെങ്കിലും ചെയ്യേണ്ടതാണ്.ഏതായാലും അഭിമുഖം തുടരാം..''-അദ്വാനി പറഞ്ഞു.ഞാന്‍ അത്ഭുതപ്പെട്ടു പോയി.ഞാന്‍ തെറ്റായ വാക്കുപയോഗിച്ചതിന് അദ്ദേഹം മാപ്പ് പറയുന്നു!അഭിമുഖം പൂര്‍ത്തിയാക്കി.അദ്വാനി പെട്ടെന്ന് ദേഷ്യപ്പെടുകയും പെട്ടെന്ന് തണുക്കുകയും ചെയ്യുന്ന പ്രകൃതക്കാരനാണ്.അത്തരം ഘട്ടങ്ങളില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറയും.അദ്ദേഹത്തിന്റെ മനോവികാരം സുതാര്യവും സത്യസന്ധവുമാണെന്നാണ് ഇതിലൂടെ തെളിയുന്നെന്നാണ് ഞാന്‍ കരുതുന്നത്.അതോടെ ഞങ്ങള്‍ വീണ്ടും സുഹൃത്തുക്കളായി.

അതു കഴിഞ്ഞും ദീര്‍ഘ കാലം ഞങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമായി തുടര്‍ന്നു.എന്നാല്‍ രാജ്നാഥ് സിംഗ് പാര്‍ട്ടി പ്രസിഡണ്ടായ ഘട്ടത്തില്‍ അദ്വാനിയുമായി നടത്തിയ അഭിമുഖം സംബന്ധിച്ച അഭിപ്രായഭിന്നതയില്‍ ഞങ്ങളുടെ ബന്ധത്തില്‍ വിള്ളല്‍ വീണു.അദ്വാനി പാര്‍ട്ടി പ്രസിഡണ്ടായിരുന്ന കാലത്ത് കൈക്കൊണ്ട ചില തീരുമാനങ്ങള്‍ രാജ്നാഥ് സിംഗ് തിരുത്തി എന്നത് സംബന്ധിച്ചായിരുന്നു എന്റെ ചോദ്യങ്ങള്‍.അതിന് മറുപടി നല്‍കിയെങ്കിലും അഭിമുഖത്തില്‍ അദ്ദേഹം തൃപ്തനായിരുന്നില്ല.ഷൂട്ട് ചെയ്ത അഭിമുഖം സംപ്രേഷണം ചെയ്യരുതെന്നും വീണ്ടും അഭിമുഖം (റീ-ഡു) ചെയ്യാമെന്നും അദ്വാനി തൊട്ടു പിന്നാലെ നിര്‍ദേശിച്ചെങ്കിലും ഞാന്‍ വഴങ്ങിയില്ല.അഭിമുഖം സംപ്രേഷണം ചെയ്യരുതെന്ന് അദ്വാനി രാജ്ദീപ് സര്‍ദേശായിയോടും പറഞ്ഞു.രാജ്ദീപും ഞാനും തമ്മില്‍ സംസാരിച്ചു.എന്നാല്‍ അഭിമുഖം സംപ്രേഷണം ചെയ്യാതിരിക്കുന്നത് പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്നായിരുന്നു എന്റെ നിലപാട്.അതില്‍ ഞാന്‍ ഉറച്ചു നിന്നു.രാജ്ദീപും അതിനോട് യോജിച്ചു. അഭിമുഖം അതേപടി സംപ്രേഷണം ചെയ്തു.അതോടെ അദ്വാനിയും ഞാനും തമ്മിലുള്ള ബന്ധം അവസാനിച്ചു.എനിക്ക് പിന്നീട് അദ്ദേഹം അഭിമുഖം തന്നിട്ടില്ല.ആ വിശദാംശങ്ങള്‍ ഞാന്‍ പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്.എങ്കിലും അദ്ദേഹം ട്രുവ്ലി അഡ്മിറബിള്‍ പൊളിറ്റീഷ്യനാണ്.
- പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്ന ബെനസീര്‍ ഭൂട്ടോ താങ്കളുടെ അടുത്ത സുഹൃത്തായിരുന്നു.എന്നാല്‍ അഭിമുഖം നടത്തുമ്പോള്‍ ബെനസീര്‍ താങ്കളുടെ സുഹൃത്തെന്ന വിലാസത്തിലല്ല മുഖാമുഖം ഇരിക്കുന്നത്.പാകിസ്താനിലെ രാഷ്ട്രീയ നേതാവ്,പ്രധാനമന്ത്രി തുടങ്ങിയവയാണ് മേല്‍വിലാസം.ബെനസീറിലെ സുഹൃത്തിനെയും ഈ രാഷ്ട്രീയ നേതാവിനെയും എങ്ങനെയാണ് താങ്കള്‍ ഒരേ സമയം കൈകാര്യം ചെയ്തത് ?
വളരെ ഇന്ററസ്റ്റിംഗ് ആയ ചോദ്യമാണിത്.ബെനസീറിനെ ഞാന്‍ പലവട്ടം ഇന്റര്‍വ്യൂ ചെയ്തിട്ടുണ്ട്.അഭിമുഖത്തിന്റെ കാര്യത്തില്‍ എന്നെ സംബന്ധിച്ച് ബെനസീര്‍ വളരെ ഡിഫിക്കള്‍ട്ട് ആയ പേഴ്സനായിരുന്നു. അത് മറ്റൊന്നും കൊണ്ടല്ല,അവര്‍ അഭിമുഖത്തില്‍ സത്യസന്ധമായി പ്രതികരിക്കാത്തതു കൊണ്ടല്ല.ഒരു പാകിസ്താനി രാഷ്ട്രീയനേതാവ് ഇന്ത്യന്‍ പത്രപ്രവര്‍ത്തകനോട് സംസാരിക്കുമ്പോള്‍ സ്വീകരിക്കാറുള്ള സ്വയംനിയന്ത്രണങ്ങള്‍ കൊണ്ടുമല്ല.താങ്കള്‍ സൂചിപ്പിച്ചതു പോലെ ഞങ്ങളുടെ സൗഹൃദമായിരുന്നു അതിന് തടസ്സം.അടുത്ത സുഹൃത്തുക്കള്‍ ഔപചാരികമായ അഭിമുഖത്തിന് ഇരിക്കുമ്പോള്‍ കുറച്ച് പ്രയാസമുണ്ടാകുമല്ലോ ?ഇക്കാര്യം പറഞ്ഞ് ഞങ്ങള്‍ ചിരിക്കുമായിരുന്നു.''എന്നോട് കരണ്‍ അഭിമുഖം ആവശ്യപ്പെടുമ്പോള്‍,ഞാന്‍ അഭിമുഖത്തിന് തീര്‍ച്ചയായും ഞാന്‍ സമ്മതിക്കും.കാരണം കരണ്‍ എന്റെ സുഹൃത്താണല്ലോ.പക്ഷെ അതെ സമയം തന്നെ,കരണിന് എന്റെ രാഷ്ട്രീയമറിയാം,എന്റെ നിലപാട് അറിയാം.അതെല്ലാം അറിഞ്ഞു കൊണ്ട് കരണ്‍ അഭിമുഖത്തില്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ പലപ്പോഴും എനിക്ക് മറുപടി പറയാന്‍ കഴിയുന്നില്ല ''എന്ന് ബെനസീര്‍ പലപ്പോഴും പറയുമായിരുന്നു.താനൊരു സുഹൃത്തിനാണ് അഭിമുഖം നല്‍കുന്നതെന്നായിരുന്നു എപ്പോഴും ബെനസീര്‍ കരുതിയിരുന്നത്.എന്നാല്‍,പത്രപ്രവര്‍ത്തനത്തിന്റെ തത്വങ്ങളെ ആ സുഹൃദ് ബന്ധം ബാധിക്കരുതെന്നായിരുന്നു എന്റെ നിലപാട്.ഈ സംഘര്‍ഷം ഞങ്ങളുടെ അഭിമുഖങ്ങളുടെ അന്തര്‍ധാരയാണ്
എന്നിട്ടും 15-20 അഭിമുഖങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്.അഭിമുഖം പാകിസ്താനില്‍ വച്ചായാലും ഇന്ത്യയില്‍ വച്ചായാലും ആദ്യം കുറച്ച് ഐസ് ക്രീം കഴിച്ച് കൂള്‍ഡൗണ്‍ ചെയ്യാമെന്ന് ബെനസീര്‍ ചിരിയോടെ പറയും.അങ്ങനെ ചുമ്മാ അവസാനിപ്പിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ സൗഹൃദം.അവര്‍ വളരെ തോട്ട്ഫുള്‍ ലേഡി ആയിരുന്നു. വെരി വാം പേഴ്സണ്‍.എന്റെ ഭാര്യ നിഷ രോഗബാധിതയായി മരിക്കുന്ന സമയത്ത് ബെനസീര്‍ പാകിസ്താന്‍ പ്രധാനമന്ത്രിയായിരുന്നു.ലണ്ടനിലെ ഒരു ആശുപത്രിയില്‍ കുറെ ദിവസം നിഷ കോമയിലായിരുന്നു.അപ്പോഴാക്കെ ഭരണത്തിരക്കിനിടയിലും എല്ലാ രാത്രിയിലും ബെനസീര്‍ എന്നെ ഫോണില്‍ വിളിക്കുമായിരുന്നു.ഒന്നോ രണ്ടോ മിനുട്ടെങ്കിലും സംസാരിക്കും ന്നോട് സംസാരിക്കും.അന്നത്തെ ദിവസം നിഷയുടെ സ്ഥിതി എന്താണ് എന്ന് ചോദിക്കും.ഒന്നോ രണ്ടോ മിനുട്ടെങ്കിലും സംസാരിക്കും.വളരെ കെയറിംഗുള്ള സുഹൃത്തായിരുന്നു.ഗ്രേറ്റ് സെന്‍സ് ഓഫ് ഫ്രണ്ട്ഷിപ്പ് ഉള്ള വ്യക്തിയായിരുന്നു ബെനസീര്‍.
കേംബ്രിഡ്ജ് സര്‍വകലാശാലാ ദിനങ്ങളിലുണ്ടായ ചില രസകരമായ സംഭവങ്ങള്‍ ഇപ്പോഴും എന്റെ മനസ്സിലുണ്ട്.ഒരു ഈസ്റ്റര്‍ ദിനത്തില്‍ ബെനസീറിന്റെ ഫോണ്‍ വിളിയെത്തി.ഞാനും എന്റെ സുഹൃത്ത് ആലീസും കൂടി കേംബ്രിഡ്ജിലേക്ക് വരുന്നു.രണ്ട് മൂന്ന് ദിവസം ഞങ്ങള്‍ അവിടെ താമസിക്കും എന്ന് എന്നോട് പറഞ്ഞു.ഞാന്‍ ഉടന്‍ തന്നെ സന്തോഷത്തോടെ അവര്‍ക്ക് താമസ സൗകര്യമൊരുക്കി.അവധിക്കാലമായതിനാല്‍ ഹോസ്റ്റലില്‍ പൊതുവെ കാലിയായിരുന്നു.അതിനാല്‍ അവിടെ മുറി കിട്ടുക എളുപ്പമായിരുന്നു.അവര്‍ വന്നു.താമസിച്ചു.ഞങ്ങള്‍ക്കായി ബെനസീര്‍ ഭക്ഷണമുണ്ടാക്കി.ഭക്ഷണം കഴിച്ചു കഴിഞപ്പോള്‍ രാത്രി 9.00-9.30 ആയി.അപ്പോള്‍ ബെനസീര്‍ പറഞ്ഞു,നമുക്ക് ഐസ്‌ക്രീം കഴിക്കാന്‍ പോകാം.ഹോസ്റ്റലിന്റെ തൊട്ടടുത്ത് ഒരു ഐസ്‌ക്രീം പാര്‍ലറുണ്ട്.അവിടെ കഴിക്കാമെന്നാണ് ഞാന്‍ കരുതിയത്.എന്നാല്‍ ബെനസീര്‍ പറഞ്ഞു,അതു വേണ്ട,നമുക്ക് ദൂരെ പോകാം.അങ്ങനെ ഞങ്ങള്‍ ഐസ്‌ക്രീം കഴിക്കാന്‍ കേംബ്രിഡ്ജില്‍ നിന്ന് വളരെ ദൂരെ വരെ കാര്‍ ഓടിച്ചു പോയി.ഐസ്‌ക്രീം കഴിച്ചിട്ട് പുലര്‍ച്ചെ മൂന്ന് മണിക്ക് തിരിച്ചു വന്നു!
- ഞങ്ങള്‍ തമ്മില്‍(ബെനസീറും കരണും തമ്മില്‍)ഒരു തരത്തിലുമുള്ള റൊമാന്‍സും ഇല്ലെന്ന് താങ്കള്‍ കേംബ്രിഡ്ജ് വിദ്യാര്‍ഥി യൂണിയന്‍ പ്രസിദ്ധികരണത്തില്‍ അറിയിപ്പ് നല്‍കിയിരുന്നു.അങ്ങനെ ഒരു അഭ്യുഹം പരന്നിരുന്നോ ?
(ചിരിയോടെ)ഞങ്ങള്‍ തമ്മില്‍ പ്രണയം എന്നത് ഒരു കേട്ടുകേള്‍വി മാത്രമാണോ അതോ ഒരു കോളേജ് കുസൃതിയാണോ എന്നെനിക്കറിയില്ല.ഇത് ഒരു ധാരണയുടെ ഫലമാണെന്ന് എനിക്ക് തോന്നുന്നു.ഞങ്ങള്‍ രണ്ട് സര്‍വകലാശാലകളിലായിരുന്നു പഠിച്ചത്.ബെനസീര്‍ ഓക്സഫര്‍ഡിലും ഞാന്‍ കേംബ്രിഡ്ജിലും.ബെനസീര്‍ എന്നെക്കാള്‍ സീനിയറായിരുന്നു.പക്ഷെ ഞങ്ങള്‍ക്ക് തമ്മില്‍ അടുത്ത് സൗഹൃദമുണ്ടായിരുന്നു.കാരണം ഞങ്ങള്‍ രണ്ടു പേരും ഒരേ സമയം സര്‍വകലാശാലകളിലെ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരായിരുന്നു.ഞാനും ബെനസീറും ഡിബേറ്റ് വേദികളില്‍ പരസ്പരം മത്സരിക്കുമായിരുന്നു.നിരവധി പ്രസ്റ്റീജ് സ്ഥാപനങ്ങള്‍ വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡണ്ടുമാരെ ഡിബേറ്റ് ചെയ്യാന്‍ അന്നൊക്കെ ക്ഷണിക്കുമായിരുന്നു.അവരുടെ അതിഥികളായിട്ട്.അവിടെ ഡിന്നറും പരിപാടികളുമൊക്കെ ഉണ്ടാകുമായിരുന്നു.അതിലൊക്കെ ഞങ്ങള്‍ പങ്കെടുക്കും,മടങ്ങും.അതൊരു നല്ല ബ്രിട്ടീഷ് സമ്പ്രദായമായിരുന്നു.ഈ അടുപ്പം പ്രണയമായി മറ്റുള്ളവര്‍ കരുതിയതായിരിക്കാം.എന്റെ വിവാഹ ശേഷം ഭാര്യ നിഷയുടെ അടുത്ത സുഹൃത്തായിരുന്നു ബെനസീര്‍.
- താങ്കള്‍ ഒരേ സമയം അവതാരകനാണ്.എഴുത്തുകാരനാണ്.കോളമിസ്റ്റാണ്.പ്രഭാഷകനാണ്.ഇതില്‍ ഏത് മേഖലയാണ് താങ്കള്‍ എറെ ഇഷ്ടപ്പെടുന്നത്
കോളമെഴുത്ത് എനിക്ക് വലിയ ഇഷ്ടമുള്ള മേഖലയാണ്.ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന സണ്‍ഡെ സെന്റിമെന്റ്സ് എന്ന കോളം ഈ വര്‍ഷം ജൂലായില്‍ 26 വര്‍ഷം പൂര്‍ത്തിയാക്കും.ഹിന്ദുസ്ഥാന്‍ ടൈംസില്‍ മറ്റൊരു കോളവും ഇത്തരത്തില്‍ ഒരിക്കല്‍ പോലും മുടങ്ങാതെ 26 വര്‍ഷം തുടര്‍ച്ചയായി എഴുതിയായി എനിക്ക് അറിവില്ല.തുടക്കത്തില്‍ ഈ കോളം പത്രത്തിന്റെ പല പേജുകളിലായാണ് പ്രത്യക്ഷപ്പെട്ടിരുന്നത്.പത്രത്തിന്റെ അവസാന പേജില്‍ ഒരു ഡയറി പോലെയാണ് തുടങ്ങിയത്.പിന്നീട് അവരുടെ സണ്‍ഡെ സപ്ലിമെന്റായ ബ്രഞ്ചില്‍ പ്രസിദ്ധീകരിച്ചു.അവിടെ നിന്ന് പിന്നീട് അത് എഡിറ്റോറില്‍ പേജിലേക്ക് പ്രവേശിച്ചു.പതിനഞ്ച് വര്‍ഷത്തോളമായി അത് എഡിറ്റ് പേജിലുണ്ട്.ഐ ഫീല്‍ വെരി വെരി അറ്റാച്ച്ഡ് ടു സണ്‍ഡെ സെന്റിമെന്റ്‌സ് !
- ടെലിവിഷന്‍ അഭിമുഖങ്ങളിലെ അവതരണം പോലെ താങ്കള്‍ എഴുത്ത് ആസ്വദിക്കുന്നുണ്ടോ ?
തീര്‍ച്ചയായിട്ടും അതെ.ഈ അടുത്ത കാലത്ത്,ഡെലിബറേറ്റ്‌ലി,ബട്ട് ഓഫന്‍,സണ്‍ഡെ സെന്റിമെന്റ്‌സ് കോളം ബികം പൊളിറ്റിക്കല്‍.പണ്ട് എന്റെ ഈ കോളം വളരെ നോണ്‍ പൊളിറ്റിക്കലായിരുന്നു. വ്യക്തിപരമായ അനുഭവങ്ങളായിരുന്നു പ്രമേയങ്ങള്‍.തമാശയും വിനോദവുമൊക്കെയായിരുന്നു വിഷയങ്ങള്‍. മനപൂര്‍വം കോളം പൊളിറ്റിക്കല്‍ ആക്കിയില്ല.രാഷ്ട്രീയക്കാരുമായി ഞാന്‍ ടെലിവിഷനില്‍ അഭിമുഖം നടത്തുകയാണെങ്കില്‍,കാഴ്ചക്കാര്‍ പലപ്പോഴും ഞാന്‍ എത് ഭാഗത്തെയാണ് പിന്തുണക്കുന്നതെന്ന് മനസ്സിലാക്കണമെന്നില്ല. പക്ഷെ,എഴുതുമ്പോള്‍ അത് വ്യക്തമാകും.അതിനാല്‍ ഞാന്‍ എഴുത്തില്‍ നിന്ന് രാഷ്ട്രീയമൊഴിവാക്കുകയാണ് പതിവ്.
എന്നാല്‍ കഴിഞ്ഞ 5-6 വര്‍ഷങ്ങളായി,ഇടയ്ക്കിടെ എന്റെ കോളം പൊളിറ്റിക്കലാണ്.എന്നാല്‍ അത് വെറും ആന്റി മോദി,ആന്റി ബി.ജെ.പി ആകാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിക്കും.എന്റെ പല കോളങ്ങളിലും രാഹുല്‍ ഗാന്ധിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചത് നിങ്ങള്‍ക്ക് കാണാം.എന്നാല്‍ ഒരിക്കല്‍ പോലും അതിനെതിരെ രാഹുല്‍ രംഗത്തു വന്നിട്ടില്ല.അപലപിച്ചിട്ടില്ല.അതാണ് രാഹുലിന്റെ മഹത്വമായി ഞാന്‍ കാണുന്നത്.തന്നെ വിമര്‍ശിക്കുന്ന വ്യക്തിയോട് പോലും വിരോധം ഉയര്‍ത്തുന്നില്ല.
- അവതരണത്തിലും എഴുത്തിലും ഭാഷയാണ് ഉപകരണം.കേവലം ആശയങ്ങള്‍ പേറുന്ന വാഹനം എന്നതിനപ്പുറം ഭാഷ ഇന്നത്തെ കാലത്ത് പലമാതിരി ദൗത്യങ്ങളിലാണ്.താങ്കള്‍ക്ക് എന്താണ് ഭാഷ ?
മൂന്ന് കാര്യങ്ങള്‍ പ്രകാശിപ്പിക്കാനുള്ള വഴിയാണ് ഭാഷ.ആശയങ്ങള്‍,വികാരങ്ങള്‍,പ്രതിച്ഛായ എന്നീ മൂന്ന് കാര്യങ്ങള്‍ ഭാഷയിലൂടെ പകരാം.അവനവനെക്കുറിച്ച് മറ്റുള്ളവര്‍ക്ക് ചില കാര്യങ്ങള്‍ പകരാന്‍ കഴിയുക,നമ്മളാരാണെന്നതിനെക്കുറിച്ച് ചില കാര്യങ്ങള്‍ മറ്റുള്ളവരെ അറിയിക്കുക എന്നിവയാണ് ഭാഷയിലൂടെ ലക്ഷ്യമിടുന്നത്. .ഏത് തരത്തിലുള്ള വ്യക്തിയാണ് നിങ്ങള്‍ എന്നതിനെക്കുറിച്ച് ഭാഷ കേള്‍ക്കുന്നവരില്‍ ഒരു പ്രതിച്ഛായ സൃഷ്ടിക്കുന്നു.ഉദാഹരണത്തിന്,നമ്മള്‍ തമ്മില്‍ ഇപ്പോള്‍ സംസാരിക്കുകയാണല്ലോ.ഞാന്‍ ഈ സമയത്ത് സന്തുഷ്ടനാണോ എന്ന് ഞാന്‍ ഉപേയാഗിക്കുന്ന ഭാഷയിലൂടെയും വാക്കുകളിലൂടെയും നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ കഴിയും.ഞാന്‍ മറുപടി നല്‍കുന്ന രീതിയും ഇതിന് അടിസ്ഥാനമാണ്.മുഖം,ശരീര ഭാഷ തുടങ്ങി മുഴുവന്‍ ഘടകങ്ങളും അതില്‍ ഉള്‍പ്പെടും.അതുപോലെ പ്രധാനമാണ് ആശയങ്ങള്‍.ഭാഷയ്ക്കും വാക്കുകള്‍ക്കും ചിന്തകളെ പ്രതിഫലിപ്പിക്കാന്‍ കഴിയും.ഭാഷ ആശയങ്ങളെ പ്രകാശിപ്പിക്കാനുള്ള മാധ്യമമാണ്. ഏത് തരത്തിലുള്ള വ്യക്തിയോടാണ് ഞാന്‍ സംസാരിക്കുന്നത് എന്ന കാര്യം ഭാഷ വ്യക്തമാക്കും.ഒരാള്‍ ഉപയോഗിക്കുന്ന ഭാഷയും വാക്കുകളും അദ്ദേഹം എങ്ങനെയുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നു.ഒരാള്‍ വീമ്പ് പറച്ചിലുകാരനാണോ അതോ ഷോ മാനാണോ അതോ വിനയാന്വിതനാണോ തുടങ്ങിയ കാര്യങ്ങള്‍ ഒരു വ്യക്തി സംസാരിക്കുന്ന രീതിയിലൂടെ പ്രതിഫലിക്കും.ഇത് ഭാഷയിലൂടെ മാത്രമാകണമെന്നില്ല,സംസാരത്തിലൂടെയാകാം. സംസാര രീതിയിലൂടെയുമാകാം.എക്സ്ട്രീമിലി പവര്‍ഫുള്‍ വേ ഓഫ് എക്സ്പ്രസിംഗ് .അതിനെല്ലാമപ്പുറം ഇന്‍ഫോമിംഗ്,കമ്യൂണിക്കേറ്റിംഗ് ഐഡിയാസ്-ഇതൊക്കെയാണ് എനിക്ക് ഭാഷ.
- പക്ഷെ ഭരണകുടരാഷ്ട്രീയം ഭാഷയെ രാഷ്ട്രീയായുധമാക്കാറുണ്ട്.അടിച്ചമര്‍ത്താന്‍,സമൂഹത്തെ ഭിന്നിപ്പിക്കാന്‍ ഭാഷ വൈകാരികത കുത്തി നിറച്ച ഒരായുധമായി പരിണമിക്കുന്നു.എന്താണ് അഭിപ്രായം ?
ഭാഷ ഒരു സാംസ്‌കാരികായുധം കൂടിയാണ്.ഹിന്ദി സ്വാഭാവിക ഭാഷയല്ലാത്ത ദക്ഷിണേന്ത്യയില്‍ ഹിന്ദി നിര്‍ബന്ധമാക്കുന്നത് പോലെയാണത്.സമൂഹത്തെ വിഭജിക്കാന്‍ ഭാഷ ഉപയോഗിക്കുന്നു എന്ന് മാത്രമല്ല,ഹിന്ദിയെ ഇങ്ങനെ ഉപയോഗിക്കുന്നിന് പിന്നില്‍ ഒരു രാഷ്ട്രീയ ചിന്തയുണ്ട്.ഹിന്ദു-ഹിന്ദി മേധാവിത്വമാണ് അതിലൂടെ ലക്ഷ്യമിടുന്നത്.വടക്കേ ഇന്ത്യന്‍ മേധാവിത്വമാണ് ഉദ്ദേശിക്കുന്നത്.ഭാഷയല്ല ഭിന്നിപ്പിക്കുന്നത്,എന്നാല്‍ ഭാഷയെ ഉപയോഗിക്കുന്ന, ഭാഷയ്ക്ക് പിന്നിലുള്ള ചിന്താ പദ്ധതിയാണ് ഇത് ചെയ്യുന്നത്.അതാണ് പ്രധാനം.അതാണ് മനുഷ്യരെ വിഭജിക്കുന്നത്.ഈ മേധാവിത്വം പ്രയോഗിക്കുന്നതിനുള്ള മാധ്യമമായി ഭാഷ മാറുന്നു.ഹിന്ദി സംസാരിക്കുന്ന വടക്കേ ഇന്ത്യന്‍ ജനങ്ങളുടെ മേധാവിത്വം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കുകയാണ്.തമിഴ് സംസാരിക്കുന്നവര്‍ക്ക് മേല്‍,മലയാളം സംസാരിക്കുന്നവര്‍ക്ക് മേല്‍,തെലുങ്ക് സംസാരിക്കുന്നവര്‍ക്ക് മേല്‍,കന്നഡ സംസാരിക്കുന്നവര്‍ക്ക് മേല്‍ പ്രയോഗിക്കുന്നു.ഇത് രാഷ്ട്രീയക്കാര്‍ ചെയ്യും.എന്നാല്‍ അതേ സമയം തന്നെ,ഭാഷയെ ഐക്യത്തിനായും ഉപയോഗിക്കാം.ഗാന്ധിജി സംസാരിച്ചത് ,ഭാഷ ഉപയോഗിച്ചത് ജനങ്ങളെ ഐക്യപ്പെടുത്താനാണ്.അഭിപ്രായ വ്യത്യാസങ്ങള്‍ പരിമിതപ്പെടുത്താനാണ്.പരസ്പരം വിശ്വാസവും സാഹോദര്യവും സൗഹൃദവും ബലപ്പെടുത്താനാണ്.അതാണ് സ്പിരിച്വല്‍ ആശയങ്ങളുടെ ഭാഷ.പല തരത്തിലുള്ള ഭാഷ,എന്നാല്‍ ഐക്യത്തിന്റ ഭാഷ.അതായിരുന്നു ഗാന്ധിജിയുടെ സംസാരം.
- കരണ്‍ ഥാപ്പറിന്റെ മുദ്ര അവതരണം മാത്രമല്ല, ഭാഷാ പ്രയോഗ സാമര്‍ഥ്യം കൂടിയാണ്.ബ്രിട്ടീഷ് ആക്സന്റോടെ (ഉച്ചാരണരീതി)ഇംഗ്ലീഷ് ഉപയോഗിക്കുന്ന താങ്കളുടെ ശക്തിയും അഭിമുഖങ്ങളുടെ കരുത്തും ഈ ഭാഷാ ഉപയോഗത്തിലുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.എന്നാല്‍ ഇതിന്റെ മറുവശമുണ്ട്,ഇന്ത്യയിലെ ഗ്രാമീണ മേഖലയിലെ ബഹുഭൂരിപക്ഷത്തിനും താങ്കളുടെ ഇംഗ്ലീഷ് താങ്കളുടെ ഗംഭീരങ്ങളായ അഭിമുഖങ്ങളിലേക്ക് എത്താനുള്ള തടസ്സം കൂടിയാണ്.എന്ത് പറയുന്നു ?
എനിക്ക് നന്നായി അറിയാവുന്ന ഭാഷ ഇംഗ്ലീഷാണ്.ഞാന്‍ വളര്‍ന്നത് ഇംഗ്ലീഷും പഞ്ചാബിയും സംസാരിക്കുന്ന ഒരു വീട്ടിലാണ്.അവിടെ ഹിന്ദി സംസാരിച്ചിരുന്നത് കുറച്ചു മാത്രം . കൂടുതല്‍ പേരും സംസാരിച്ചിരുന്നത് ഇംഗ്ലീഷായിരുന്നു.അതിനാല്‍ ഇംഗ്ലീഷാണ് എന്റെ പ്രഥമ ഭാഷ.ഞാന്‍ ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും സംസാരിക്കുന്നതും സംവദിക്കുന്നതും ഇംഗ്ലീഷിലാണ്.ഹിന്ദിയും പഞ്ചാബിയും സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മൈ എബിലിറ്റി ടു ആര്‍ടിക്കുലേറ്റ് മൈ ഫീലിംഗ്സ് ആര്‍ ത്രൂ ഇംഗ്ലീഷ്.പിന്നെ എന്റെ ഭാഷയുടെ ആക്സിന്റെിനെ (accent-ഉച്ചാരണരീതി)ക്കുറിച്ച് പലരും പറയാറുണ്ട്. എനിക്ക് ബ്രീട്ടീഷ് ആക്സന്റുണ്ടെന്നാണ് പലരും എന്നെക്കുറിച്ച് കരുതുന്നത്.സത്യത്തില്‍ എനിക്ക് അത്തരം ആക്സന്റില്ല.ഇംഗ്ലീഷ് സംസാരിക്കുന്നവര്‍ക്കിടയില്‍ ഞാന്‍ സംസാരിക്കുന്നത് കേട്ടാല്‍ എനിക്ക് ബ്രിട്ടീഷ് ആക്സന്റില്ലെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.ശരിക്കും ബ്രിട്ടീഷ് ആക്സന്റുള്ളവര്‍ ഇവിടെ ഉണ്ട്.ഉദാഹരണത്തിന് ശശി തരൂര്‍.തരൂര്‍ ഇംഗ്ലണ്ടില്‍ ജീവിച്ചിട്ടില്ല.അദ്ദേഹം അമേരിക്കയില്‍ ഐക്യരാഷ്ട്രസഭയിലാണ് ദീര്‍ഘകാലം പ്രവര്‍ത്തിച്ചത്.അദ്ദേഹത്തിന് യഥാര്‍ഥത്തില്‍ അമേരിക്കന്‍ ആക്സന്റാണുണ്ടാകേണ്ടത്.എന്നാല്‍,അദ്ദേഹത്തിന് എങ്ങനെയാണ് ബ്രിട്ടീഷ് ആക്സന്റുണ്ടായതെന്ന് എനിക്ക് മനസ്സിലായിട്ടില്ല.ഞാന്‍ 25 വര്‍ഷം ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്നു.എന്റെ സ്‌കൂള്‍,സര്‍വകലാശാലകള്‍,ജോലി സ്ഥലം തുടങ്ങിയവയെല്ലാം ഇംഗ്ലണ്ടിലായിരുന്നു.ഇന്‍ ദ കമ്പനി ഓഫ് ഇംഗ്ലീഷ് സ്പീക്കിംഗ് പീപ്പിള്‍.എന്റെ രീതീകള്‍ ഇംഗ്ലീഷ് സറ്റൈലായിരിക്കാം. എന്നാല്‍ എന്റെ ആക്സന്റ് ബ്രിട്ടീഷല്ല.എന്റെ ഇംഗ്ലീഷ്, ബ്രിട്ടീഷ് ഇംഗ്ലീഷ് എന്നതിനെക്കാള്‍ ഇന്ത്യന്‍ ആണെന്നാണ് എനിക്ക് തോന്നുന്നത് .എങ്കിലും ഇതിലൊക്കെ ഞാന്‍ ജീവിച്ചിരുന്ന ആ രാജ്യത്തിന്റെ സ്വാധീനം ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല.ഞാന്‍ സംസാരിക്കുന്ന രീതി,ഉപയോഗിക്കുന്ന വാക്കുകള്‍,വാചക ഘടന എന്നിവയിലൊക്കെ ഈ സ്വാധീനമുണ്ടാകാം.എന്നാല്‍ എന്റെ ആക്സന്റ് ബ്രിട്ടീഷ് ശൈലിയിലാണെന്ന് ഞാന്‍ കരുതുന്നില്ല.അതാണന്റെ തോന്നല്‍.
- താങ്കള്‍ ഒരു ഇടതുപക്ഷക്കാരനാണെന്ന് രാജ്യത്തെ വലതു പക്ഷക്കാര്‍ പറയുന്നു.വലതു പക്ഷത്തെ താങ്കള്‍ നിരന്തരം വിമര്‍ശിക്കുന്നത് അതു കൊണ്ടാണെന്നാണ് അവരുടെ ആരോപണം.യഥാര്‍ഥത്തില്‍ ഏതാണ് താങ്കളുടെ പക്ഷം ?
കഴിഞ്ഞ 9 വര്‍ഷമായി അധികാരത്തിലുള്ള സര്‍ക്കാര്‍ ഹിന്ദുത്വ ആശയങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വലതുപക്ഷ സര്‍ക്കാരാണ്.അപ്പോള്‍ ഞാന്‍ അഭിമുഖം നടത്തുന്നവരില്‍ ഏറെയും സര്‍ക്കാരിനെ എതിര്‍ക്കുന്നവരായാല്‍ , ഞാന്‍ പക്ഷം പിടിക്കുന്നുവെന്ന് വലതുപക്ഷക്കാര്‍ പറയും.എന്നാല്‍,ബി.ജെ.പി ഭരണത്തില്‍ എത്തുന്നതിന് മുമ്പ് ,ഏകദേശം പത്ത് വര്‍ഷം മുമ്പ് കോണ്‍ഗ്രസായിരുന്നു ഈ രാജ്യം ഭരിച്ചിരുന്നത് എന്നോര്‍ക്കണം.അന്നും നിരവധി അഭിമുഖങ്ങള്‍ ഞാന്‍ നടത്തിയിരുന്നു.ആ അഭിമുഖത്തില്‍ നിന്നും നേതാക്കള്‍ കലഹിച്ച് ഇറങ്ങിപ്പോയിട്ടുണ്ട്.എന്നാല്‍,അവരാരും എന്നെ ബി.ജെ.പിക്കാരനാണെന്ന് മുദ്രകുത്തിയിട്ടില്ല.ഒരു അവതാരകന്റെ അഭിപ്രായം അല്ലെങ്കില്‍ അയാളുടെ വീക്ഷണം അയാള്‍ ഉന്നയിക്കുന്ന ചോദ്യവുമായി കൂട്ടിക്കലര്‍ത്തരുത്.50 ശതമാനമെങ്കിലും ഡെവിള്‍സ് അഡ്വക്കേറ്റ് ആയിരിക്കുകയും ചോദ്യങ്ങള്‍ പ്രതിപക്ഷത്തെ പോലെ ചോദിക്കുകയുമാണ് ഒരു അഭിമുഖകാരന്റെ ജോലി.അഭിമുഖത്തിനായി ഇരിക്കുന്ന ആളുടെ എതിര്‍പക്ഷത്ത് നിന്ന് കൊണ്ട് ചിലപ്പോള്‍ അഭിമുഖം നടത്തേണ്ടി വരും.ടെലിവിഷന്‍ കാണുന്നവരില്‍ ഭൂരിപക്ഷത്തിനും ഇത് മനസ്സിലാകും.ഇന്ത്യയില്‍ മാത്രമാണ് നമ്മള്‍ തെറ്റായ രീതിയില്‍ കണ്‍ക്ലൂഷനില്‍ എത്തുന്നത്.ഇത്തരം നിഗമനങ്ങളില്‍ എത്തുന്നത് അവരുടെ നിരാശയുടെ അടിസ്ഥാനത്തില്‍ ,അവതാരകനെ താഴെ വീഴ്ത്തുന്നതിന് വേണ്ടിയാണ്.അഭിമുഖത്തില്‍ അവതാരകന്‍ വിമര്‍ശിക്കുന്നത് വ്യക്തിപരമാണെന്ന് കണക്കാക്കുന്നത് ശരിയല്ല.
- രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ പോലെയുള്ള അന്തരീക്ഷം നിലനില്‍ക്കുന്നുവെന്നും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.ഇക്കാലത്ത് സ്വതന്ത്ര പത്രപ്രവര്‍ത്തനം പ്രയാസകരമെന്ന് കരുതുന്നവരും ഉണ്ട്.എന്താണ് അഭിപ്രായം ?
സത്യസന്ധമായ പത്രപ്രവര്‍ത്തനത്തിന്റെ നിലനില്‍പ് ആത്യന്തികമായി ആശ്രയിച്ചിരിക്കുന്നത് മൂന്ന് തരം ആളുകളെയാണ്.അതില്‍ പ്രധാനം പത്ര ഉടമകളാണ്.പത്രപ്രവര്‍ത്തകരെയും പത്രപ്രവര്‍ത്തനത്തെയും പത്രത്തിന്റെ വിശ്വാസ്യതയെയും പത്രം ഉടമകള്‍ സംരക്ഷിക്കണം.സര്‍ക്കാരിന്റെ സമ്മര്‍ദ്ദങ്ങള്‍ പത്രത്തെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം.തങ്ങളുടെ പത്രത്തെ സര്‍ക്കാരിന്റെ പ്രൊപ്പഗാന്‍ഡാ ഷീറ്റാക്കാതിരിക്കാനുള്ള ആര്‍ജവം കാട്ടണം.അങ്ങനെ പ്രൊപ്പഗാന്‍ഡ ഷീറ്റാക്കിയാല്‍ സര്‍ക്കാര്‍ പത്ര ഉടമകളുടെ മറ്റ് ബിസിനസ്സുകളെ സഹായിക്കും എന്നത് വാസ്ത്വവമാണ്.എല്ലാ ന്യൂസ് പേപ്പര്‍ ഉടമകള്‍ക്കും മറ്റ് ബിസിനസ്സുകളുണ്ട്.അവര്‍ അതില്‍ നിന്നായിരിക്കും പ്രധാനമായും പണമുണ്ടാക്കുന്നത്.അതിനാല്‍ സര്‍ക്കാരിന്റെ നിലപാട് നിര്‍ണായകമാണ്.അതിനാല്‍ ന്യൂസ്‌പേപ്പറായാലും ടെലിവിഷന്‍ ചാനലായാലും ആദ്യമായി പത്രപ്രവര്‍ത്തനത്തെ സംരക്ഷിക്കേണ്ടത്,അതിന്റെ ഉടമകള്‍ തന്നെയാണ്.സര്‍ക്കാരിന്റെ ഇടപെടലില്‍ നിന്ന് മാധ്യമങ്ങളെയും പത്രപ്രവര്‍ത്തകരെയും സംരക്ഷിക്കുക,പത്രത്തെ സര്‍ക്കാരിനെ വിമര്‍ശിക്കാനും വിലയിരുത്താനുമുള്ള ആയുധമാക്കുക എന്നത് പത്രം ഉടമകളുടെ കടമയമാണ്.
നിങ്ങള്‍ക്ക് വളരെ ശക്തനായ പത്രാധിപര്‍ ഉണ്ടായിരിക്കണം എന്നതാണ് രണ്ടാമത്തെ വിഷയം.അഭിപ്രായ വൈവിധ്യങ്ങളെയും വിമര്‍ശനങ്ങളെയും പോത്സാഹിപ്പിക്കുകയും പിന്തുണക്കുകയും ചെയ്യുന്നവരായിരിക്കണം പത്രാധിപര്‍മാര്‍.പത്രപ്രവര്‍ത്തകര്‍ക്കും കോളമിസ്റ്റുകള്‍ക്കും എഴുതാനും റിപ്പോര്‍ട്ട് ചെയ്യാനും പരിപൂര്‍ണ സ്വാതന്ത്ര്യം നല്‍കണം.പത്രാധിപര്‍മാര്‍ കോളങ്ങളില്‍ അനാവശ്യമായി ഇടപെടുകയോ വെള്ളം ചേര്‍ക്കുകയോ ചെയ്യരുത്.ഒരു കോളം എഴുത്തുകാരന്‍ കഠിനമായ വാക്ക് ഉപയോഗിക്കുമ്പോള്‍ ആ വാക്ക് മാറ്റി മയപ്പെടുത്തിയ വാക്ക് പകരം ഉപയോഗിക്കരുത്.എല്ലാ പത്രങ്ങളും അവരുടെ എഡിറ്റ് പേജില്‍ ഇത്തരത്തില്‍ അഭിപ്രായ പ്രകടനങ്ങളടങ്ങിയ പംക്തികള്‍ നല്‍കാറുണ്ട്.അതിനടിയില്‍ , ലേഖകന്റെ വ്യക്തിപരമായ അഭിപ്രായമാണിതെന്ന് എഴുതിച്ചേര്‍ക്കുകയും ചെയ്യും.അങ്ങനെയെങ്കില്‍ ആ വീക്ഷണങ്ങളിലും വാക്കുകളിലും പത്രാധിപര്‍മാര്‍ വെള്ളം ചേര്‍ക്കുന്നതെന്തിനാണ് ? എഴുതുന്നതാരാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.അത് അവരുടെ അഭിപ്രായമാണെന്ന് വായനക്കാര്‍ക്കറിയാം.പിന്നെ എന്തിനാണ് പംക്തിയിലെ ലേഖനം മാറ്റി എഴുതുന്നത് പത്രാധിപരാണ് തന്റെ പത്രത്തെ ശക്തമായി ന്യായീകരിക്കേണ്ടത്.അതിനായി ഉറച്ചു നില്‍ക്കേണ്ടത്.പത്രത്തെയും പത്രപ്രവര്‍ത്തകരെയും റിപ്പോര്‍ട്ടര്‍മാരെയും കോളമെഴുത്തുകാരെയും ഉറച്ച് പിന്തുണക്കേണ്ടത് പത്രാധിപരാണ്.
പത്രപ്രവര്‍ത്തകര്‍ അവരുടെ പ്രൊഫഷനോട് സത്യസന്ധരായിരിക്കണം എന്നതാണ് മൂന്നാമത്തെ നിലപാട്.അവര്‍ക്ക് നല്ല ബോധ്യമുള്ള കാര്യങ്ങളില്‍ അവര്‍ സ്വയം സെന്‍സര്‍ ചെയ്യുകയോ,ആശയ സംവേദനത്തിനുള്ള ഭാഷയില്‍ മാറ്റം വരുത്തുകയോ ചെയ്യാന്‍ പാടില്ല.ഭാഷയില്‍ എപ്പോഴും നിങ്ങള്‍ ഹാര്‍ഷ് ആകണമെന്നല്ല,ഇതിലൂടെ ഉദ്ദേശിക്കുന്നത്.പക്ഷെ നിങ്ങള്‍ ട്രൂത്ത്ഫുള്‍ ആയിരിക്കണം.നിങ്ങള്‍ ശരിയായ വാക്കാണോ,തെറ്റായ വാക്കാണോ,മയപ്പെടുത്തിയ വാക്കാണോ ഉപയോഗിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം.ഈ സത്യസന്ധത പുലര്‍ത്തല്‍ കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്.പല പത്രപ്രവര്‍ത്തകര്‍ക്കും ,പ്രത്യേകിച്ച യുവാക്കള്‍ക്ക് ജോലി ആവശ്യമാണ്.ദെ നീഡ് ജോബ്‌സ്.ദേ കാണ്ട് അഫോര്‍ഡ് ടു ലൂസ് ദെയര്‍ ജോബ്.തനിക്ക് ഈ സാമ്പത്തിക പ്രതിസന്ധിയുടെ കാലത്ത് ജോലി നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യും എന്ന ഭയം അവര്‍ക്കുണ്ട്.അതു കൊണ്ട് അവര്‍ കോംപ്രമൈസ് ചെയ്യും.മൂല്യങ്ങള്‍ക്കും തത്വങ്ങള്‍ക്കും വേണ്ടി ഉറച്ചു നില്‍ക്കുക എന്നത് എളുപ്പമുള്ള മാര്‍ഗ്ഗമല്ല.,അത് നിങ്ങളുടെ ജോലിക്കും ഭാവിക്കുമൊക്കെ ഭീഷണിയായേക്കാം.അങ്ങനെ വരുമ്പോള്‍ നിങ്ങളുടെ ഭാര്യയും മകനും സഹിക്കേണ്ടി വരും.അങ്ങനെ വരുമ്പോള്‍ പലരും വിട്ടൂ വീഴ്ച ചെയ്യും.ഇതാണ് ഏറ്റവും വിഷമകരമായ വിഷയം.അതുകൊണ്ടാണ് ആത്യന്തികമായി എഡിറ്ററോ പത്രം ഉടമകളോ പത്രപ്രവര്‍ത്തകരെ പിന്തുണക്കണമെന്ന് ഞാന്‍ പറഞ്ഞത്.
വിയോജിപ്പ് രേഖപ്പെടുത്താനുള്ള അവകാശത്തെ സര്‍ക്കാര്‍ ആദരിക്കണം എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വിഷയം.ജനാധിപത്യത്തിന്റെ ഏറ്റവും അനിവാര്യമായ ഘടകമാണ് വിയോജിപ്പ് എന്ന വസ്തുത സര്‍ക്കാര്‍ അംഗീകരിക്കണം.പരസ്യങ്ങളെ മാധ്യമങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള ആയുധമാക്കരുത്.നിരവധി പരസ്യങ്ങള്‍,സര്‍ക്കാരില്‍ നിന്നാണ് മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നത്.ഇതില്‍ നിന്നുള്ള വരുമാനം മാധ്യമങ്ങള്‍ക്ക് പരമപ്രധാനമാണ്.സര്‍ക്കാരാണ് ഏറ്റവും വലിയ പരസ്യ ദാതാവ്.സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ പരസ്യം നല്‍കിക്കൊണ്ടിരിക്കണം.തുടര്‍ന്നും നല്‍കണം.മാത്രമല്ല,മാധ്യമങ്ങളുടെ ടഫ് ഇന്‍ര്‍വ്യൂകള്‍ക്ക് മന്ത്രിമാര്‍ തയ്യാറാകണം.നോട്ട് റൂഡ് ഇന്റര്‍വ്യൂസ്, ബട്ട് ടഫ് ഇന്റര്‍വ്യൂസ്.ഒരിക്കലും പരിക്കന്‍(റൂഡ് )അഭിമുഖം പാടില്ല. ബി.ബി.സി അഭിമുഖം നോക്കി പഠിക്കാനാണ് ഞാന്‍ എപ്പോഴും എല്ലാവരോടും പറയുക.അവിടെ അഭിമുഖങ്ങള്‍ ടഫ് ആയിരിക്കും,എന്നാല്‍ അവരുടെ സമീപനം വളരെ പൊളൈറ്റ് (വിനീതം) ആയിരിക്കും.പ്രധാനമന്ത്രിയോടോ പ്രസിഡണ്ടിനോടോ ചോദ്യങ്ങള്‍ ചോദിക്കുന്നതിനോ ഇടപെടുന്നതിനോ അവിടെ അവതാരകരോ പത്രപ്രവര്‍ത്തകരോ മടിക്കുന്നില്ല.ആവശ്യമില്ലെങ്കില്‍ അവതാരകന്‍ എന്തിനാണ് ഒരാളുടെ ഒരു ദീര്‍ഘ മറുപടി കഴിയാനായി കാത്തിരിക്കുന്നത് ? അതിനാല്‍ അവര്‍ സംസാരത്തില്‍ ഇടപെടും.എന്നാല്‍ ബി.ബി.സി അവതാരകര്‍ അതില്‍ ഇടപെടുന്നത് വളരെ വിനയത്തോടെയാണ്.ബ്രിട്ടീഷ് സര്‍ക്കാര്‍,മന്ത്രിമാര്‍,രാഷ്ട്രീയക്കാര്‍ തുടങ്ങിയവരെല്ലാം ഇത് അംഗീകരിക്കുന്നു.അവര്‍ക്കറിയാം ആത്യന്തികമായി ജനങ്ങള്‍ ഇതെല്ലാം വീക്ഷിക്കുന്നുണ്ട്.ഇത് കണ്ട് ജനങ്ങള്‍ ആരാണ് ശരിയെന്നും തെറ്റെന്നും തീരുമാനിക്കും എന്നും അവര്‍ക്ക് അറിയാം.അതാണ് ഏറ്റവും അന്തിമമായ കാര്യം.ഇന്ത്യയിലും ഇത്തരത്തില്‍ ഒരു സമീപനം വേണം.എഴുന്നേറ്റ് നിന്ന്,ആ മന്ത്രി ടഫ് ചോദ്യങ്ങളെ നേരിടാന്‍ തയ്യാറാകുന്നില്ല,അതിനാല്‍ എനിക്ക് അദ്ദേഹത്തെ ഇഷ്ടമല്ല എന്ന് ആളുകള്‍ പ്രഖ്യാപിക്കണം.ഇന്ത്യയില്‍ പല ആളുകളും നേതാക്കളെ ആരാധിക്കുന്നു.മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നത്,മോദിയോട് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല.ഇത് റിഡിക്യുലസ് ആണ്.
- ഇനിയും ചോദ്യങ്ങളേറെയുണ്ട്.എന്നാല്‍ താങ്കളുടെ സമയപരിമിതി മൂലം ഞാന്‍ ചുരുക്കുന്നു.ഏറ്റവും ഒടുവിലത്തെ ചോദ്യം.ലോകത്തെ തന്നെ ഏറ്റവും ഗ്രേറ്റ് ഇന്റര്‍വ്യൂവര്‍മാരില്‍ ഒരാളാണ് ഇപ്പോള്‍ എനിക്ക് മുന്നില്‍ അഭിമുഖത്തിന് ഇരിക്കുന്നത്.ക്യാമറയ്ക്ക് മുന്നില്‍ ഇരിക്കുമ്പോള്‍ എന്താണ് മനസ്സില്‍ ആദ്യം എത്തുന്നത് ?
അയാം ലിറ്റില്‍ നെര്‍വസ് അത് ടെലിവിഷന്‍ ഇന്റര്‍വ്യൂ ആയാലും ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ ആയാലും എന്റെ മനസ്സില്‍ ആദ്യം നിറയുന്നത് കുറച്ച് ഭയമാണ്. കോവിഡ് കാലത്ത് ഞാന്‍ നിരവധി ഓണ്‍ലൈന്‍ അഭിമുഖങ്ങള്‍ നടത്തിയിട്ടുണ്ട്.നേരിട്ടുള്ള വണ്‍ ടു വണ്‍ അഭിമുഖമായാലും ഓണ്‍ലൈന്‍ അഭിമുഖമായാലും ദേര്‍ ഈസ് ആള്‍വെയ്‌സ് എ സെന്‍സ് ഓഫ് നെര്‍വസ്‌നെസ് ദൈവമേ എന്നെ സഹായിക്കു എന്നായിരിക്കും അഭിമുഖം തുടങ്ങുന്നതിന് തൊട്ടു മുമ്പുള്ള നിര്‍ണായക നിമിഷങ്ങളില്‍ ഞാന്‍ മനസ്സില്‍ പറയുന്നത്.ഇംഗ്ലണ്ടിലെ ദിവസങ്ങള്‍ മുതല്‍ കഴിഞ്ഞ 46 വര്‍ഷങ്ങളായി ഇതാണെന്റെ രീതി.അതിപ്പോള്‍ എന്റെ സ്വഭാവമായി മാറി.ഒരു ടി.വി സ്റ്റുഡിയോയില്‍ അഭിമുഖം ആരംഭിക്കുന്നതിന് മുമ്പ് അവതാരകന്റെ ചെവിയില്‍ പി.സി.ആറില്‍ നിന്ന് ഇയര്‍ ഫോണിലുടെ ഒരു കൗണ്ട് ഡൗണ്‍ എത്തും.10,9,8,7,.....അങ്ങനെ..എണ്ണിക്കുറഞ്ഞ്,എണ്ണിക്കുറഞ്ഞ് അത് 3 ല്‍ എത്തുമ്പോള്‍ ,ദൈവമേ സഹായിക്കണേ എന്ന് ഞാന്‍ മനസ്സില്‍ പ്രാര്‍ഥിക്കും.എപ്പോഴും ,എക്കാലത്തും ഞാന്‍ അത് ചെയ്തിട്ടുണ്ട്. എന്റെ നെര്‍വസ്‌നെസിനെ മറി കടക്കാനാണിത് ചെയ്യുന്നത്.
കരൺഥാപ്പർ ജീവിത രേഖ
മുന്‍ കരസേനാ മേധാവി ജനറല്‍ പ്രാണ്‍ നാഥ് താപ്പറുടെ മകനാണ് കരണ്‍ ഥാപ്പര്‍.പത്രപ്രവര്‍ത്തകനായിരുന്ന രമേഷ് ഥാപ്പറും ചരിത്രകാരിയായ റൊമില ഥാപ്പറും കരണിന്റെ ബന്ധുക്കളാണ്.നെഹ്രു കുടുംബവുമായി അകന്ന ബന്ധം കരണിനും കുടുംബത്തിനുമുണ്ട്.ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ അനന്തിരവളും എഴുത്തുകാരിയുമായ നയന്‍താര സൈഗാള്‍ വിവാഹം കഴിച്ചത് കരണിന്റെ അമ്മയുടെ സഹോദരന്‍ ഗൗതം സൈഗാളിനെയാണ്.ദെഹ്റാദൂണിലെ ഡൂണ്‍ സ്‌കൂളിലും ലണ്ടനിലെ സ്റ്റോ സ്‌കൂളിലുമായിരുന്നു സ്‌കൂള്‍ വിദ്യാഭ്യാസം.ഡൂണിലെ പഠനകാലത്ത് സ്‌കൂള്‍ മാസികയായ ദ ഡൂണ്‍ സ്‌കൂള്‍ വീക്കിലിയുടെ എഡിറ്ററായിരുന്നു കരണ്‍. 1977 ല്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ പെംബ്രോക് കോളേജില്‍ നിന്ന് ഇക്കണോമിക്സിലും പൊളിറ്റിക്കല്‍ ഫിലോസഫിയിലും ബിരുദമെടുത്തു.അതേ വര്‍ഷം സര്‍വകലാശാലയിലെ വിദ്യാര്‍ഥി യുണിയന്റെ പ്രസിഡണ്ടായിരുന്നു.തുടര്‍ന്ന് ഓക്സ്ഫര്‍ഡിലെ സെന്റ് ആന്റണീസ് കോളേജില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ഡോക്ടറേറ്റ് നേടി.
പത്ത് വര്‍ഷം ബ്രിട്ടനിലെ ടെലിവിഷന്‍ രംഗത്ത് കരണ്‍ ഥാപ്പര്‍ പ്രവര്‍ത്തിച്ചിരുന്നു.ലണ്ടന്‍ വീക്കെന്‍ഡ് ടെലിവിഷനില്‍ കറസ്പോണ്ടന്റ്,പ്രൊഡ്യൂസര്‍,എഡിറ്റര്‍,അവതാരകന്‍ എന്നീ നിലകളില്‍ പരിശീലനം നേടി.വീക്കെന്‍ഡ് വേള്‍ഡ്,ദ വേള്‍ഡ് ദിസ് വീക്,ദ ബിസിനസ് പ്രോഗ്രാം,ദ വാള്‍ഡന്‍ ഇന്റര്‍വ്യൂ ആന്‍ഡ് ഈസ്റ്റേണ്‍ ഐ എന്നീ പരിരപാടികളുടെ ഭാഗമായി.അതിന് തൊട്ടു മുമ്പ് ലണ്ടനിലെ ദ ടൈംസിന്റെ നൈജീരിയയിലെ കറസ്പോണ്ടന്റായിരുന്നു.1991 ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയതിന് ശേഷം ഐ വിറ്റ്നെസ്(ദൂരദര്‍ശന്‍),ഹാര്‍ഡ് ടാക്ക് ഇന്ത്യ (ബി.ബി.സി),ഡെവിള്‍സ് അഡ്വക്കേറ്റ് (സി.എന്‍.എന്‍-ഐ.ബി.എന്‍),ടു ദ പോയിന്റ് (ഇന്ത്യാ ടുഡെ) എ്ന്നീ പരിപാടികളുടെ അവതാരകനായി.ഹിന്ദുസ്ഥാന്‍ മാധ്യമ ഗ്രൂപ്പിന്റെ എച്ച്.ടി .വിഷന്‍ ലിമിറ്റഡിന്റെ എക്സിക്യൂട്ട് പ്രൊഡ്യൂസര്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചു.ഹോം ടി.വിയുടെ പ്രോഗ്രാം ഡയറക്ടര്‍,യു.ടി.വിയില്‍ ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്സിന്റെ പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. നിലവില്‍ ഇന്‍ഫോടെയിന്‍മെന്റ് ടെലിവിഷ(ഐ.ടി.വി)ന്റെ പ്രസിഡണ്ടാണ്.ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രതിവാര കോളമായ സണ്‍ഡെ സെന്റിമെന്റസ് എഴുതുന്നു.ബിസിനസ് സ്റ്റാന്‍ഡേര്‍ഡില്‍ ദ്വൈവാര കോളമായ ആസ് ഐ സീ ഇറ്റ് എഴുതുന്നു.തിരംഗ ടി.വിയിലെ അപ്ഫ്രണ്ട് എന്ന പരിപാടിയുടെ അവതാരകനുമാണ്.
2006 ല്‍ പ്രതിവാര കോളമായ സണ്‍ഡെ സെന്റിമെന്റ്സ് പുസ്തകമായി പ്രസിദ്ധീകരിച്ചു.ഫേസ് ടു ഫേസ് ഇന്ത്യ എന്ന പേരില്‍ അദ്ദേഹത്തിന്റെ ബി.ബി.സി അഭിമുഖങ്ങളുടെ സമാഹാരവും പുറത്തിറങ്ങി.2009 ല്‍ ലേഖനങ്ങളുടെയും അനുഭവക്കുറിപ്പുകളുടെയും സമാഹാരമായ മോര്‍ സാള്‍ട്ട ദാന്‍ പെപ്പര്‍ എന്ന പുസ്തകം പുറത്തിറങ്ങി.2018 ല്‍ ആസ് ഐ ലൈക് ഇറ്റ് എന്ന പുസ്തകവും പുറത്തിറങ്ങി.2019 ല്‍ ഡെവിള്‍സ് അഡ്വേക്കറ്റ് എന്ന പുസ്തകം പുറത്തിറങ്ങി..
അഞ്ച് വട്ടം ഏറ്റവും നല്ല അവതാരകനുള്ള മികച്ച കറന്റ് അഫയേഴ്സ് അവതാരകനുള്ള ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നേടി.2009 ല്‍ രാം നാഥ് ഗോയങ്ക ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ഓഫ് ദ ഇയര്‍ പുരസ്‌കാരം ലഭിച്ചു.2009,20210 വര്‍ഷങ്ങളില്‍ ബെസ്റ്റ കറന്റ് അഫയേഴ്സ് അവതാരകനുള്ള ഇന്ത്യന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് പുരസ്‌കാരം ലഭിച്ചു.2013 ല്‍ ഇന്റര്‍നാഷണല്‍ പ്രസ് ഇന്‍സ്റ്റിറ്റ്യൂട്ട്-ഇന്ത്യ പുരസ്‌കാരം,2018 ല്‍ ജി.കെ.റെഡ്ഡി പുരസ്‌കാരം എന്നിവയും കരണ്‍ നേടി.
അവസാനിച്ചു.
അഭിമുഖത്തിന്റെ ആദ്യഭാഗം വായിക്കാം: https://www.mathrubhumi.com/social/interview/karan-thapar-speaks-about-his-most-discussed-interview-with-narendra-modi-1.8674014
മാതൃഭൂമി വാരന്തപതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖം.
Content Highlights: karan thappar interview
Published: 02 Jul 2023, 09:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented