അയോധ്യയിലെ രാമക്ഷേത്രമല്ല, രാജ്യത്ത് ജനാധിപത്യം തിരികെ എത്തിക്കലാണ് തിരഞ്ഞെടുപ്പിലെ പ്രധാന വിഷയമെന്ന് സാം പിത്രോദ. രാജ്യം കൂടുതല്‍ ഏകാധിപത്യ സ്വഭാവമുള്ള അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു. സ്ഥാപനങ്ങളൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ച് ഇന്ത്യയുടെ ഭാവിയുടെ വിഷയമാണ്. ജനാധിപത്യമൂല്യങ്ങളില്‍ വേരൂന്നിയതും എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്നതുമായ രാജ്യമാണോ നിര്‍മിക്കേണ്ടത്, അതോ മതമേധാവിത്വമുള്ള ഒരു രാജ്യമാണോ നിര്മിക്കേണ്ടതെന്നതാണ് ചോദ്യം. ഡിജിറ്റല്‍ ഇന്ത്യ മോദിയുടെ സൃഷ്ടിയല്ലെന്നും രാജീവ് ഗാന്ധിയുടെ ഭരണകാലത്ത് അടിത്തറയിട്ടതാണെന്നും രാജ്യത്ത് ടെലികോം വിപ്ലവത്തിന് വിത്തു പാകിയ സാം പിത്രോദ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് മുൻനിർത്തി ഷിക്കാഗോയിൽനിന്ന് ഓൺലൈനായി ‘മാതൃഭൂമി’ പ്രതിനിധി മനോജ് മേനോന് നല്കിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങള്‍.
രാജ്യം വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്. എന്താണ് വിലയിരുത്തല്‍?
ഈ വര്‍ഷം 40 വിവിധ രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പ് നടക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഇന്ത്യയിലെ തിരഞ്ഞടുപ്പ് വളരെ പ്രധാനമാണ്. അമേരിക്കയിലും സമാനമായി നവംബറില്‍ തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. അതും വളരെ പ്രധാനമാണ്. കാരണം ലോകം മുഴുവന്‍ ഉറ്റു നോക്കുന്നു. രണ്ടു രാജ്യങ്ങളിലും എന്ത് സംഭവിക്കുന്നു എന്നത് ജനാധിപത്യത്തെ സംബന്ധിച്ച് ആകാംക്ഷ ഉളവാക്കുന്ന വിഷയമാണ്. ലോകത്ത് പലയിടത്തും നിരന്തരം യുദ്ധങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നു. ഗാസയില്‍ എന്ത് സംഭവിക്കുന്നുവെന്ന് നോക്കുക. യുക്രൈനില്‍ എന്ത് സംഭവിക്കുന്നുവെന്ന് നോക്കുക. ലോകം മുഴുവന്‍ സാമ്പത്തികരംഗം പ്രതിസന്ധിയിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുന്നു. ലോകം മുഴുവന്‍ തൊഴിലില്ലായ്മ വലിയ വിഷയമാണ്. ജനസംഖ്യ വന്‍തോതില്‍ വര്‍ധിക്കുന്നു. ജോലി കിട്ടാനില്ല. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് എന്നെ സംബന്ധിച്ച് ഇന്ത്യയുടെ ഭാവിയുടെ വിഷയമാണ്. ബി.ജെ.പി Vs കോണ്‍ഗ്രസ്, ഇന്ത്യ സഖ്യം എന്‍.ഡി.എ യെ നേരിടുന്നു എന്നതൊന്നും എന്റെ വിഷയമല്ല. ഏത് തരത്തിലുള്ള രാജ്യമാണ് നിങ്ങള്‍ നിര്‍മിക്കേണ്ടത് എന്നതാണ് പരമപ്രധാനമായ വിഷയം. ജനാധിപത്യമൂല്യങ്ങളില്‍ വേരൂന്നിയതും എല്ലാ മനുഷ്യരെയും ബഹുമാനിക്കുന്നതുമായ രാജ്യമാണോ നിര്‍മിക്കേണ്ടത്, അതോ മതമേധാവിത്വമുള്ള ഒരു രാജ്യമാണോ നിര്മിക്കേണ്ടതെന്നതാണ് ചോദ്യം.
നമ്മള് ഇപ്പോള്‍ കൂടുതല്‍ ഏകാധിപത്യ സഭാവമുള്ള(അതോറിട്ടേറിയന്‍) അന്തരീക്ഷത്തിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നാണ് എനിക്ക് തോന്നുന്നത്. സ്ഥാപനങ്ങളൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നില്ല. ഇലക്ടറല്‍ ഫണ്ട് ഡാറ്റകള്‍ നല്കാന് മാസങ്ങള്‍ വേണമെന്നാണ് എസ്.ബി.ഐ. കോടതിയില്‍ ആവശ്യപ്പെട്ടത്. എല്ലാം കംപ്യൂട്ടര്വത്കരിച്ചിരിക്കുന്ന കാലമാണിത്. ഈ ഡാറ്റകളെല്ലാം ശേഖരിക്കാന്‍ കേവലം രണ്ട് മണിക്കൂര്‍ മതി. എന്നിട്ടും മാസങ്ങള്‍ വേണമെന്ന് ഒരു സ്ഥാപനം പറയുകയാണ്. അവര്‍ സ്വതന്ത്രരല്ല. മറ്റെവിടെ നിന്നോ ഉള്ള നിര്‍ദേശങ്ങള്‍ അനുസരിക്കുകയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്, ബാങ്കുകള്‍, നീതിന്യായ സംവിധാനങ്ങള്‍, പോലീസ്, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ഇന്‍കം ടാക്സ് ഓഫീസ് എന്നിവക്കൊന്നും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ജനങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. അവരെ പല തരത്തില്‍ വേട്ടയാടുന്നു. അത്തരമൊരു ജനാധിപത്യമല്ല ഇന്ത്യയില്‍ ഞാന്‍ ആഗ്രഹിക്കുന്നത്. ജനങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ വിശ്വാസ്യത നഷ്ടമായിരിക്കുന്നു. വോട്ടിംഗ് യന്ത്രങ്ങളും വി.വിപാറ്റുകളും വ്യക്തിപരമായി ഞാന്‍ പരിശോധിച്ചിട്ടുണ്ട്. ഈ യന്ത്രങ്ങള്‍ മാനിപ്പുലേറ്റ് ചെയ്യുക എന്നത് അസാധ്യമല്ല എന്നാണ് എനിക്കും ബോധ്യമായത്. എനിക്ക് ഈ സംവിധാനത്തില്‍ വിശ്വാസമില്ലെങ്കില്‍, ഈ സംവിധാനത്തിലൂടെ നല്കുന്ന എന്റെ വോട്ട് എണ്ണപ്പെടാന്‍ പോകുന്നില്ലെങ്കില്‍, ജനാധിപത്യത്തിന്റെ അര്‍ഥമെന്താണ്. രാജ്യത്ത് സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പ് നടക്കണം.
മാധ്യമരംഗം സ്വതന്ത്രവും നിഷ്പക്ഷവുമാകണം. പല ടെലിവിഷന്‍ മാധ്യമങ്ങളും പക്ഷം പിടിച്ച് വാര്‍ത്തകള്‍ നല്‍കുന്നത് ഞാന്‍ കാണാറുണ്ട്. പലപ്പോഴും അവ പ്രചരണയന്ത്രങ്ങളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്. ഇതാണ് യാഥാര്‍ഥ്യമെന്ന് രാജ്യത്തെ ജനങ്ങളെ എങ്ങനെ ബോധിപ്പിക്കും. ജനങ്ങളോട് നുണപറയുകയാണ്. അവരെ വഞ്ചിക്കുകയാണ്. ട്രോളുകള്‍ ആളുകള്‍ക്ക് മേല്‍ നിര്‍ബാധം പതിപ്പിക്കുകയാണ്. നിങ്ങള്‍ എന്ത് പറഞ്ഞാലും തെറ്റിദ്ധരിപ്പിക്കപ്പെടുന്നു. തെറ്റായി ധരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളും നിയന്ത്രിക്കപ്പെടുകയാണ്. വളരെ ഗുരുതരമായ അവസ്ഥയാണ്. നേട്ടങ്ങളുടെയെല്ലാം ക്രെഡിറ്റ് പ്രധാനമന്ത്രിക്കാണ്. എല്ലാം പ്രധാനമന്ത്രി ചെയ്തതാണെന്നാണ് അവകാശവാദം. താഴെത്തട്ടില്‍ ഒന്നും ചെയ്തിട്ടില്ല. എന്നെ സംബന്ധിച്ച് ഇതല്ല ജനാധിപത്യം. താഴെത്തട്ടില്‍ വികസനം നടക്കണം. ചെറിയ ഒരു പാലം നിര്‍മിച്ചിട്ട് ഇതാണ് വികസനം എന്ന് പറയരുത്. കോവിഡ് കാലത്ത് ജനങ്ങള്‍ ജോലി തേടി പലായനം ചെയ്തു. എത്ര പുതിയ ജോലി അവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു? കാര്‍ഷികവിളകളുടെ വില കുത്തനെ ഇടിഞ്ഞു. പണപ്പെരുപ്പം കുറഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ ഡാറ്റകളും വ്യാജമായി നിര്‍മിക്കുകയും മാനിപ്പുലേറ്റ് ചെയ്യുകയും ചെയ്തു. തെറ്റായ രീതിയില്‍ പ്രതിനിധീകരിക്കപ്പെട്ടു. ഇത് ആശയക്കുഴപ്പങ്ങളുടെ മേഖലയാണ്. ഏതാണ് ശരിയെന്നോ എതാണ് തെറ്റെന്നോ എനിക്ക് മനസ്സിലാകുന്നില്ല. നമ്മുടെ ശബ്ദം വേണ്ട രീതിയില്‍ അംഗീകരിക്കപ്പെടുന്നില്ല എന്നാണ് എന്റെ അഭിപ്രായം. പ്രധാനമന്ത്രി ഇതുവരെ ഒരു പത്രസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടില്ല. ഇത് എന്ത് തരം ജനാധിപത്യമാണ്? പ്രധാനമന്ത്രി പൊതുജനങ്ങളെ അഭിമുഖീകരിക്കണം. മാത്രമല്ല, ജനങ്ങളെ നിന്ദിക്കുന്ന രീതിയില്‍ സംസാരിക്കരുത്. വേണ്ട ബഹുമാനം ജനങ്ങള്‍ക്ക് നല്കപ്പെടുന്നില്ല. അവരെ കേള്‍ക്കുന്നില്ല. ഇതെല്ലാം എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഇതൊക്കെയാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക.
ഈ തിരഞ്ഞടുപ്പ് ഒരു ഗെയിം ചെയ്ഞ്ചറായിരിക്കുമോ?
തീര്‍ച്ചയായും. ഏത് നിലയ്ക്കാണെങ്കിലും 2024-ലെ തിരഞ്ഞെടുപ്പ് ഒരു ഗെയിം ചെയ്ഞ്ചറായിരിക്കും. ബി.ജെ.പിയാണ് വിജയിക്കുന്നതെങ്കില്‍, കൂടുതല്‍ ഏകാധിപത്യം അരങ്ങേറും. ജനാധിപത്യം തകര്‍ക്കപ്പെടും. മതാധിഷ്ഠിത മൗലികവാദം ശക്തമാകും. രാജ്യത്ത് കൂടുതല്‍ പ്രശ്നങ്ങളുണ്ടാകും. ദളിതരും ന്യൂനപക്ഷങ്ങളും സുരക്ഷയില്ലായ്മയിലാകും. തൊഴിലില്ലായ്മ വര്‍ധിക്കും. ഡോളറിന്റെ വില 100 രൂപയാകും. പണക്കാര് വീണ്ടും പണക്കാരും പാവപ്പെട്ടവര്‍ കൂടുതല്‍ പാവപ്പെട്ടവരുമാകും. എന്നാല്‍ ബി.ജെ.പി പരാജയപ്പെട്ടാല്‍, ജനാധിപത്യം തിരികെ ശരിയായ പാതയിലെത്തും. സര്‍വകലാശാലാ വൈസ്ചാന്‍സിലര്‍മാര്‍ കേവലം ആര്.എസ്.എസുകാരാകില്ല. തിരഞ്ഞെടുപ്പ് കമ്മീഷന് സ്വതന്ത്രമാകും. സുപ്രീം കോടതിക്ക് സ്വാതന്ത്ര്യം ലഭിക്കും. തൊഴിലവസരങ്ങളുണ്ടാകും. യുവാക്കള്‍ക്ക് മുന്‍തൂക്കം ലഭിക്കും.വികേന്ദ്രീകരണം നടത്തും. എല്ലാ മതങ്ങളും ആദരിക്കപ്പെടും. അക്രമം കുറയും.
ബി.ജെ.പി തികഞ്ഞ ആത്മവിശ്വാസത്തിലാണല്ലോ, 370-ല്‍ കൂടുതല്‍ സീറ്റുകളോടെ മൂന്നാം വട്ടവും അധികാരത്തിലെത്തുമെന്ന് അവര്‍ അവകാശപ്പെടുന്നു.
നിങ്ങള്‍ക്ക് എന്ത് അവകാശവാദവും ഉന്നയിക്കാം. അതിനൊരര്ഥവുമില്ല. എന്തടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കുന്നത്. എന്നാല്‍ വോട്ടിംഗ് യന്ത്രത്തെ നിയന്ത്രിക്കാന്‍ ശേഷിയുണ്ടെങ്കില്‍ ഇത്തരത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയും. വോട്ടുകള്‍ നിര്‍മിക്കുകയാണ്. ഇങ്ങനെ നിര്‍മിക്കാന്‍ കഴിഞ്ഞാല്‍, ഏത് അവകാശവാദവും ഉയര്‍ത്താന്‍ കഴിയും. സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞടുപ്പ് നടക്കണമെന്ന് ആവശ്യപ്പെടുന്നത് അതു കൊണ്ടാണ്. ഇതൊരു വലിയ ചോദ്യചിഹ്നമാണ്. ജസ്റ്റിസ് ലോകൂര്‍ നയിച്ച സ്വതന്ത്ര കമ്മീഷന്റെ റിപ്പോര്‍ട്ടുകള്‍ ഞാന്‍ പരിശോധിച്ചു. വിദഗ്ധരുമായി സംസാരിച്ചു. വോട്ടിംഗ് യന്ത്രങ്ങളില്‍ ചില കുഴപ്പങ്ങളുണ്ടെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. വിവി പാറ്റുകള്‍ എണ്ണുന്നതിലും കുഴപ്പങ്ങളുണ്ട്. പേപ്പര്‍ ബാലറ്റുകള്‍ എണ്ണുന്ന സുതാര്യതയോടെ വിവി പാറ്റ് പേപ്പറുകള്‍ എണ്ണുന്നില്ല. എന്തു കൊണ്ട് ഇത്തവണ തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറിലൂടെ നടത്തിക്കൂടാ. ജനങ്ങള്‍ക്ക് പേപ്പര്‍ ബാലറ്റിലാണ് താത്പര്യം. ഇക്കാര്യത്തില്‍ സുപ്രീം കോടതി നിലപാട് സ്വീകരിക്കണം.
പ്രതിപക്ഷനിരയിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ? ഇന്ത്യ സഖ്യത്തില്‍ ഉയരുന്നത് അനൈക്യത്തിന്റെ സ്വരമല്ലേ. പ്രതിപക്ഷം ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമോ ?
പ്രതിപക്ഷം ഐക്യത്തിലല്ല എന്നൊക്കെയുള്ള മിത്തുകള്‍ മാധ്യമങ്ങളാണ് സൃഷ്ടിക്കുന്നത്. മാധ്യമങ്ങള്‍ പ്രതിപക്ഷത്തിന് യുക്തമായ കവറേജ് നല്‍കുന്നില്ല. നിങ്ങള്‍ എപ്പോഴും അവരെ വിമര്‍ശിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി രാഹുല്‍ ഗാന്ധിയെ തുടര്‍ച്ചയായി ഒരു കാരണവുമില്ലാതെ ആക്രമിക്കുന്നു. ഇത്തരം അന്തരീക്ഷം സൃഷ്ടിക്കപ്പെടുകയാണ്. പ്രതിപക്ഷത്തിന് അര്‍ഹമായ കവറേജ് മാധ്യമങ്ങളില്‍ ലഭിക്കുന്നില്ല. തിരഞ്ഞെടുപ്പ് സംവിധാനത്തെ കബളിപ്പിച്ചു കൊണ്ട് എനിക്ക് വോട്ടുകള്‍ നിര്‍മിക്കാന്‍ കഴിയുമെന്ന് കരുതുക, അപ്പോള്‍ ഞങ്ങള്‍ 400 സീറ്റുകളില്‍ വിജയിക്കാന്‍ പോകുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ കഴിയും. പ്രധാനമന്ത്രി എല്ലാം തരുന്നുവെന്ന തോന്നല്‍ സൃഷ്ടിക്കും. എന്നാല്‍ പ്രധാനമന്ത്രി ഒന്നും തരുന്നില്ല എന്ന് തിരിച്ചറിയുന്നില്ല. തൊഴില്‍ തന്നില്ല, കള്ളപ്പണത്തിന്റെ കാര്യത്തില്‍ ഒന്നും ചെയ്തില്ല. നേരത്തെ തന്നെ വാഗ്ദാനങ്ങളൊന്നും പ്രധാനമന്ത്രി പാലിച്ചിട്ടില്ല. ഇത് മതിയോ. ഇതിനോട് യോജിപ്പുണ്ടോ. അതൊക്കൈയാണ് വിഷയം.
അടുത്തിടെ ഇംഗ്ലണ്ടില്‍ പ്രവര്‍ത്തിക്കുന്ന കശ്മീരി എഴുത്തുകാരി നടാഷാ കൗളിനെ ഇന്ത്യയില്‍ പ്രഭാഷണം നടത്താനായി ക്ഷണിച്ചു. കര്‍ണാടക സര്‍ക്കാരാണ് ക്ഷണിച്ചത്. എന്നാല്‍ അവരെ തിരിച്ചയച്ചു. അവരെ ഇന്ത്യയില്‍ പ്രവേശിക്കാന്‍ അനുവദിച്ചില്ല. തങ്ങള്‍ക്ക് ഡല്‍ഹിയില്‍നിന്ന് നിര്‍ദേശം ലഭിച്ചിരിക്കുന്നുവെന്നാണ് അധികാരികള്‍ ഇതിന് നല്കിയ ന്യായം. ഞാന്‍ നടാഷയുമായി സംസാരിച്ചു. ഞെട്ടിപ്പോയി. ലോക്കല്‍ പോലീസ് തന്നോട് ഒരു കാരണവും പറഞ്ഞില്ല എന്നാണ് നടാഷ എന്നോട് പറഞ്ഞത്. ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നുവെന്ന് ഇതിലൂടെ വ്യക്തമല്ലേ. അവരുടെ അമ്മ രോഗിയായി കിടക്കുന്നു. അവര്‍ക്ക് അമ്മയെ കാണണം.പോലീസ് അതു പോലും അനുവദിച്ചില്ല. എന്ത് കടന്നുകയറ്റമാണിത്. ഇത് ഞാന്‍ സ്വപ്നം കണ്ട ഇന്ത്യയല്ല. ഞാന്‍ വളര്‍ന്ന ഇന്ത്യയല്ല. എല്ലാം വളരെ ഗംഭീരമാണെന്ന് എന്നിട്ടാണ് പറയുന്നത്. ആ വനിതാ പ്രൊഫസറെ ആദരവോടെ സ്വീകരിക്കണമായിരുന്നു. അവരെന്തെങ്കിലും തെറ്റ് ചെയ്തെങ്കില്‍ അവരോട് കാരണം പറയണം. അവര്‍ ഭീകരവാദിയാണെങ്കില്‍ അവരെ പശ്ചാത്തലം കാണിക്കണം. അല്ലാതെ ഇങ്ങനെ പെരുമാറരുത്. ഡിജിറ്റല്‍ സാങ്കേതിക വിദ്യയെ ഈ സര്‍ക്കാര്‍ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്നുനോക്കു.
പ്രതിപക്ഷം ഐക്യത്തിലാണ്. 100 ശതമാനം ഒറ്റക്കെട്ടല്ല എങ്കിലും 80 ശതമാനം ഐക്യത്തിലാണെങ്കില്‍ അത് ധാരാളമാണ്. എന്നാല്‍ മാധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രതിപക്ഷം പൊളിഞ്ഞു, പ്രതിപക്ഷം വീണു എന്നിങ്ങനെ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ ഒരു പറച്ചില് സൃഷ്ടിക്കുകയാണ്. എനിക്ക് വോട്ടുകള്‍ സൃഷ്ടിക്കാന്‍ കഴിയുമെങ്കില്‍, അതിനെ പിന്തുണക്കാവുന്ന രീതിയില്‍ എനിക്ക് ഒരു നരേറ്റീവ് സൃഷ്ടിക്കാന്‍ കഴിയും. ഇത്തരത്തില്‍ പ്രതിപക്ഷത്തിനെതിരെ നരേറ്റീവ് സൃഷ്ടിച്ചതിന് ശേഷം എനിക്ക് വോട്ടുകള്‍ നിര്‍മിക്കാന്‍ കഴിയും. അതാണ് നടക്കുന്നത്. ജനാധിപത്യം ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ത്യ ഒരു നിരീക്ഷണ രാജ്യമായിക്കഴിഞ്ഞു. എല്ലാം ആധാറുമായി ബന്ധിപ്പിച്ചിരിക്കുകയാണ്. എല്ലാവരെയും വഞ്ചിക്കുകയാണ്. ഫോണുകള്‍ നിരീക്ഷണത്തിലാണ്. സംസാരങ്ങള്‍ നിരീക്ഷിക്കുന്നു. എന്തിന് വേണ്ടിയാണിത്. ഇന്ത്യ ഒരു പോലീസ് സ്റ്റേറ്റാണോ. ഇതെല്ലാം എന്നെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. ഞാന്‍ എന്റെ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്നു. മനുഷ്യരെ ശക്തരാക്കുകയാണ് ജനാധിപത്യത്തിന്റെ പരമമായ ലക്ഷ്യം. സര്‍ക്കാരുകളെ ശാക്തീകരിക്കുകയല്ല.
പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നില പരുങ്ങലിലാണെന്ന് കരുതുന്നവരുണ്ട്. പ്രതിപക്ഷത്തെ നയിക്കാന്‍ കോണ്‍ഗ്രസിന് ശേഷിയുണ്ടോ? എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ കഴിവുള്ള നേതാക്കളുണ്ടോ ?
പ്രതിപക്ഷത്ത് ശക്തമായ നേതാക്കളില്ല എന്ന അഭിപ്രായം ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല. രാഹുലും ഖാര്‍ഗെയും എല്ലാവരെയും ചേര്‍ത്ത് നിര്‍ത്താന്‍ കഴിയുന്ന നേതാക്കളാണ്. പ്രതിപക്ഷ മുന്നണിക്കുള്ളില്‍ ചില്ലറ അഭിപ്രായവ്യത്യാസങ്ങളൊക്കെ ഉണ്ടായേക്കാം. പക്ഷെ, അവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കും. ശരദ് പവാര്‍, മമത ബാനര്‍ജി, അഖിലേഷ് യാദവ്, ലാലു പ്രസാദ് യാദവ് തുടങ്ങിയവരൊക്കെ അവിടെ ഉണ്ടല്ലോ. പ്രതിപക്ഷ നിരയില്‍ ശക്തരായ നേതാക്കളില്ല എന്നത് മാധ്യമങ്ങളുണ്ടാക്കുന്ന പ്രതീതിയാണ്. അഭിപ്രായവ്യത്യാസങ്ങളുണ്ടാകുന്നത് ജനാധിപത്യത്തിന്റെ സൗന്ദര്യമാണ്. 100 ശതമാനം അഭിപ്രായഐക്യമുണ്ടാവുക എന്നത് വീണ്ടും ഏകാധിപത്യത്തിനാണ് വഴിയൊരുക്കുക. ഒരൊറ്റ കാഴ്ചയിലൂടെ ജനാധിപത്യത്തെ കാണാന്‍ കഴിയില്ല. പ്രതിപക്ഷത്ത് ഏകാധിപതിയായ നേതാവില്ല എന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു. സമവായ നിര്‍മിതിയാണ് വേണ്ടത്. നിങ്ങള്‍ വോട്ട് ചെയ്യുന്നത് ഒരു വ്യക്തിക്കാണോ ഒരു ആശയത്തിനാണോ എന്നതാണ് ഇവിടെ ഉയരുന്ന ചോദ്യം. ഇന്ത്യയെന്ന ആശയത്തിന് വേണ്ടിയാണ് വോട്ട് ചെയ്യേണ്ടത്. ഭരണം വരും പോവും, നേതാക്കള്‍ വരും പോവും. ഇതൊക്കെ താത്ക്കാലികമാണ്. എന്നാല്‍ ഇന്ത്യ എന്ന ആശയം സ്ഥിരമാണ്. നിങ്ങള്‍ ശരിയായ ആശയത്തിനായി വോട്ട് ചെയ്യുകയാണെങ്കില്‍ ശരിയായ ആളുകള്‍ തിരഞ്ഞെടുക്കപ്പെടും
ബി.ജെ.പി അവകാശപ്പെടുന്നത് വനിതാസമൂഹം ബി.ജെ.പിക്കൊപ്പമാണെന്നാണ്. വനിതാ സംവരണ ബില്‍, മുത്തലാഖ് നിരോധനം തുടങ്ങിയ തീരുമാനങ്ങള്‍ ബി.ജെ.പിയെ സഹായിക്കുമെന്ന് അവര്‍ പറയുന്നു.
ഒരു ബില്‍ പാസ്സാക്കലും സ്ത്രീകളെ ആദരിക്കലും വ്യത്യസ്തമാണ്. ബില്‍ പാസ്സാക്കല്‍ എന്നത് അര്‍ഹമായ വിഹിതം നല്കുന്നതില് നിന്ന് വ്യത്യസ്തമാണ്. എന്നാല്‍ ബില്‍ പാസ്സാക്കല്‍ ഒരു തുടക്കമാണ്. അതില്‍ എനിക്ക് സന്തോഷമുണ്ട്. എന്നാല്‍ താഴെത്തട്ടിലെ യാഥാര്ഥ്യങ്ങളെന്താണ്. ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും തമ്മില്‍ സംസാരിച്ചാല്‍ സമ്മാനങ്ങള്‍ കൈമാറിയാല്‍ അവരെ മര്ദിക്കുന്നവര് എന്ത് ജനാധിപത്യത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഇവര്‍ ആരാണ്. ഇതൊക്കെയാണ് ഞാന്‍ കാണുന്ന പ്രശ്നങ്ങള്‍. നമ്മുടെ മാനദണ്ഡങ്ങള്‍ മറ്റുള്ളവരില്‍ അടിച്ചേല്പിക്കരുത്. അത്തരത്തിലൊരു ഇന്ത്യ എനിക്ക് വേണ്ട. എനിക്ക് 82 വയസ്സായി. ഇത് ഞാന്‍ സ്വപ്നം കണ്ട ഇന്ത്യയല്ല. രാജീവ് ഗാന്ധിയുടെ കാലത്ത് ഞങ്ങള്‍ സ്വപ്നം കണ്ട ഇന്ത്യ തികച്ചും വ്യത്യസ്തമായിരുന്നു. ദാരിദ്ര്യത്തില്‍നിന്ന് ജനങ്ങളെ ഉയര്‍ത്താന്‍ ഞങ്ങള്‍ സാങ്കേതികവിദ്യ ഉപയോഗിച്ചു. ഇന്ന് രാജ്യത്ത് കാണുന്ന ഫോണ്‍ വിപ്ലവം അതില്‍ നിന്നുണ്ടായതാണ്. സോഫ്റ്റ്വെയര് കയറ്റുമതിക്ക് അടിസ്ഥാനമിട്ടു. അതാണ് ഇന്ത്യയുടെ വിജയകഥ. നമുക്ക് ബഹിരാകാശ പരിപാടികളുണ്ട്. നമ്മളാണ് ലോകത്തിലെ ഏറ്റവും വലിയ ക്ഷീര ഉത്പാദകര്‍. ലോകം മുഴുവന്‍ അംഗീകരിക്കുന്ന ഐ.ടി. കമ്പനികള്‍ നമുക്കുണ്ട്. ഔഷധ വ്യവസായം, ഓട്ടോമൊബൈല്‍ വ്യവസായം എന്നിവയിലെല്ലാം നമ്മള് നല്ല വിജയം നേടിയിട്ടുണ്ട്. അതിലെല്ലാം നമ്മള് അഭിമാനിക്കുന്നു. എന്നാല്‍ ജനാധിപത്യത്തെ നമ്മള് തെറ്റായ വഴിയിലെത്തിക്കുന്നു. സ്ഥാപനങ്ങള്‍ക്ക് സ്വയംഭരണമില്ല. നമ്മുടെ വൈവിധ്യങ്ങള്‍ ആക്രമിക്കപ്പെടുന്നു എന്നതാണ് പ്രധാനം. എല്ലാവരെയും ഇന്ത്യക്കാരെന്ന നിലയില്‍ ആദരിച്ചില്ലെങ്കില്‍ പ്രയാസമാണ്. വിവിധ മതങ്ങളില്‍ നിന്നുള്ളവര്‍, വിവിധ ജാതികളില്‍ നിന്നുള്ളവര്‍, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍, വിവിധ ഭാഷക്കാര്‍-ഇവരെല്ലാം ഇന്ത്യക്കാരാണ്. അവര്‍ക്ക് തുല്യ ആദരവ് നല്‍കണം. അവര്‍ക്ക് തുല്യ അവകാശമാണുള്ളത്. അതാണ് ഇന്ത്യ.
രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച, സാങ്കേതിക മുന്നേറ്റം എന്നിവയൊക്കെ പത്ത് വര്‍ഷത്തെ ഭരണനേട്ടമായി ബി.ജെ.പി എണ്ണുന്നു. എന്തു പറയുന്നു?
ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി മറ്റ് രാജ്യങ്ങളെക്കാള്‍ മെച്ചമാണ്. അതിന്റെ ക്രെഡിറ്റ് ഇന്ത്യയിലെ യുവതലമുറക്കുള്ളതാണ്. പ്രായമേറുമ്പോള്‍ നമ്മുടെ ഉപഭോക്തൃ ആവശ്യങ്ങള്‍ കുറയും. നമ്മുടെ സാമ്പത്തികാവസ്ഥ കുഴപ്പത്തിലാകും. ചെറുപ്പത്തില്‍ നമ്മള് കൂടുതല്‍ കണ്‍സ്യും ചെയ്യും. യുവാക്കള്‍ക്ക് ഭക്ഷണം, വസ്ത്രം, വിദ്യാഭ്യാസം, പരിശീലനം തുടങ്ങിയതെല്ലാം വേണം. അതിനെല്ലാം പണം ചെലവിടും. അതിന് വിപുലമായ കമ്പോളം സൃഷ്ടിക്കപ്പെടും. അതിനപ്പുറം രാജ്യത്ത് അസന്തുലിതാവസ്ഥയാണ് നിലവിലുള്ളത്. തൊഴിലില്ലായ്മ രൂക്ഷം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്.ഡി എടുത്ത ഒരു പെണ്‍കുട്ടി പക്കോഡ ഉണ്ടാക്കി വില്‍ക്കുന്നതിന്റെ ഒരു വീഡിയോ ദൃശ്യം ഞാന്‍ കണ്ടു. ഇതില്‍ ഒരു സന്ദേശമുണ്ട്. നിങ്ങള്‍ക്ക് അത് മറച്ചുവയ്ക്കാന്‍ കഴിയില്ല. സാമ്പത്തികാവസ്ഥ കേവലം ചില ഘടകങ്ങളെ മാത്രം ആശ്രയിച്ച് നില്ക്കുന്നതല്ല. പണപ്പെരുപ്പവും ഭക്ഷ്യനാണ്യപ്പെരുപ്പവും വളരെ ഉയര്‍ന്ന തോതിലാണ്. പണക്കാര് വീണ്ടും പണക്കാരാകുന്നു. പാവപ്പെട്ടവര്‍ വീണ്ടും പാവപ്പെട്ടവരാകുന്നു. നമ്മുടെ രാജ്യത്ത് ഇരുപതോളം സമ്പന്നര്‍ ഭൂരിഭാഗം സ്വത്തും കൈകാര്യം ചെയ്യപ്പെടുന്ന സ്ഥിതിയാണുള്ളത്. ഇതെന്തു തരം സാമ്പത്തികാവസ്ഥയാണ്. ഇത്തരത്തിലൊരു സാമ്പത്തികാവസ്ഥയല്ല ഞാന്‍ പ്രതീക്ഷിക്കുന്നത്. ശതകോടീശ്വരന്മാരാകുന്നതില് തെറ്റില്ല. പക്ഷെ അതിനൊരു പരിധി വേണം. സ്വത്ത് സമ്പാദനത്തിന് പരിധി വേണം. എന്നാല്‍ ഈ വസ്തുതകളൊന്നും ചര്‍ച്ച ചെയ്യപ്പെടുന്നില്ല. വളരെക്കുറച്ച് ചര്‍ച്ചകള്‍ മാത്രമാണ് ദേശീയ തലത്തില്‍ നടക്കുന്നത്. ചര്‍ച്ചകള്‍ പലപ്പോഴും ഗ്ലാമര്‍, ബോളിവുഡ്, ക്രിക്കറ്റ്, പണക്കാരുടെ വിഷയങ്ങള്‍, ശക്തരായവരുടെ വിഷയങ്ങള്‍ എന്നിവയെക്കുറിച്ചാണ്. അത്രയുമേയുള്ളു. എല്ലാവരും വിചാരിക്കും ഇതാണ് ഇന്ത്യയെന്ന്.
അതുപോലെ രാജ്യം കൈവരിച്ചിരിക്കുന്ന സാങ്കേതിക മുന്നേറ്റം കേവലം അഞ്ചു വര്‍ഷം കൊണ്ടോ പത്ത് വര്‍ഷം കൊണ്ടോ സൃഷ്ടിക്കപ്പെട്ടതല്ല. ഞങ്ങളാണ് ഇതിന്റെ വിത്തുകള്‍ വിതച്ചത്. ടെലികോമിനും ഐ.ടിക്കും ഞങ്ങള്‍ വിത്തിട്ടില്ലായിരുന്നെങ്കില് ഇങ്ങനെ ഇരുന്ന് നമുക്ക് സംസാരിക്കാന്‍ കഴിയില്ല. ഡിജിറ്റല്‍ ഇന്ത്യ ബി.ജെ.പിയുടെ ആശയമല്ല. ഇത് മന്മോഹന് സിംഗിന്റെ കാലത്ത് തുടങ്ങിയതാണ്. എന്‍.ഐ.സിക്ക് രൂപം കൊടുത്തത് രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ്. അതൊരു 40 വര്‍ഷത്തെ യാത്രയാണ്. രാജ്യം ഒരു ദശകം കൊണ്ട് നിര്‍മിക്കപ്പെടുന്നതല്ല. പല ദശകങ്ങള്‍ കൊണ്ടാണ് രാജ്യങ്ങള്‍ നിര്‍മിക്കപ്പെടുന്നത്. ആയിരക്കണക്കിന് ടെലികോം എഞ്ചിനീയര്‍മാര്‍ സൃഷ്ടിച്ചതാണ് ഇന്ത്യയുടെ ടെലികോം വിപ്ലവം. ഇത്രയും ചെയ്തതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ബി.ജെ.പിയുടെ അവകാശവാദങ്ങളില്‍ എനിക്ക് പരാതിയില്ല. എന്നാല്‍ ഈ സാങ്കേതിക വികാസത്തിന്റെ മറവില്‍ നമ്മുടെ അസന്തുലിതാവസ്ഥ, തൊഴിലില്ലായ്മ, ദാരിദ്ര്യം എന്നിവയൊന്നും മറച്ചു വയ്ക്കരുത്. ബി.ജെ.പി. എന്ത് അവകാശവാദവും ഉയര്‍ത്തട്ടെ. രാജ്യത്തെ ജനങ്ങള്‍ക്ക് യാഥാര്‍ഥ്യമറിയാം. വിക്രം സാരാഭായി ഇല്ലാതെ രാജ്യത്തിന് ബഹിരാകാശ പദ്ധതിയില്ല !
അഴിമതിയോ വര്‍ഗീയതയോ? ഇതില്‍ ഏതാണ് പ്രധാന പ്രശ്നം. ലോകം മുഴുവന്‍ പലപ്പോഴും ചര്‍ച്ച ചെയ്യുന്ന വിഷയമാണിത്. താങ്കള്‍ക്ക് എന്താണ് അഭിപ്രായം?
അഴിമതി ലോകം മുഴുവന്‍ ഒരു ജീവിതരീതിയായി മാറിക്കഴിഞ്ഞു. അഴിമതി എല്ലായിടത്തുമുണ്ട്. എന്നാല്‍ വന്‍തോതില്‍ സംഘടിതമായി വന്‍കിട ബിസിനസ് ഗ്രൂപ്പുകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, നേതാക്കള്‍ അഴിമതി ചെയ്യുമ്പോള്‍, അത് രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ ജീവിതത്തെ ബാധിക്കും. അതെന്നെ അസ്വസ്ഥമാക്കുന്നുണ്ട്. പൊതുപണം നിങ്ങളുടെ സുഹൃത്തുക്കളായ ചങ്ങാത്ത മുതലാളിത്ത സംഘങ്ങള്‍ക്ക് നല്കുന്നു. എന്നാല്‍ അവര്‍ പലപ്പോഴും നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ല. പാലങ്ങള്‍ നിര്‍മാണത്തിന് പുറകെ തകര്‍ന്നു വീഴുന്നു. റോഡുകള്‍ പൊട്ടിത്തകരുന്നു. ജനങ്ങള്‍ അതിന് പണം നല്കുന്നു. ഇതെല്ലാം ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ പണ്ട് കാലത്തെ ഏതെങ്കിലും സംഭവം ചൂണ്ടിക്കാട്ടി പ്രതിരോധിക്കുകയാണ് പതിവ്. 1990-കളില്‍ ഇത് സംഭവിച്ചു. 1970-ല്‍ ഇത് സംഭവിച്ചു എന്നെല്ലാമാണ് പ്രതികരണം. ഇതല്ല വിഷയം. രാജ്യത്തിന്റെ ഇപ്പോഴത്തെ സ്ഥിതി എന്താണ് എന്നതാണ് വിഷയം. ആരെന്ത് തെറ്റ് മുമ്പ് ചെയ്തു എന്നതല്ല ചര്‍ച്ച ചെയ്യേണ്ടത്. അന്ന് അന്നത്തെ സാഹചര്യത്തില്‍ ചില തീരുമാനങ്ങള്‍ അന്നത്തെ ഭരണാധികാരികള്‍ കൈക്കൊണ്ടു. ഇത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. നമ്മള് വ്യത്യസ്തമായ ലെന്സിലൂടെയാണ് കാര്യങ്ങള്‍ നോക്കിക്കാണേണ്ടത്. ജനാധിപത്യത്തെ തിരികെ ശരിയായ പാതയിലേക്ക് മടക്കിക്കൊണ്ടു വരികയാണ് പ്രധാനം. അതില്‍ നിരവധി കാര്യങ്ങള്‍ അടങ്ങിയിട്ടുണ്ട്. മനുഷ്യര്‍ക്ക് മുഴുവന്‍ അന്തസ്സ് നല്‍കുക, മതജാതിവ്യത്യാസമില്ലാതെ തന്നെ എല്ലാ വിഭാഗങ്ങള്‍ക്കും തുല്യനീതിയും തുല്യ ആദരവും ലഭിക്കണം. ഇതോടൊപ്പം രാജ്യത്തെ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം ലഭിക്കണം. തൊഴില്‍ സൃഷ്ടിക്കണം. വികസന പിരിമിഡിന്റെ താഴെത്തട്ടിലുള്ളവരെ പരിപാലിക്കണം. വരുമാനത്തിലെ തുല്യതയില്ലായ്മ പരിഹരിക്കണം. മാത്രമല്ല, എല്ലാം വികേന്ദ്രീകരിക്കണം. ഇന്ന് ഏകാധിപത്യ ഭരണക്രമത്തില്‍ എല്ലാം കേന്ദ്രീകരിക്കപ്പെടുകയാണ്. എല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിലെ ചിലരാണ് നിയന്ത്രിക്കുന്നത്. ജില്ലാ തലങ്ങളിലേക്ക് പോകണം. എല്ലാ ജില്ലകളും സ്വാശ്രയമാകണം. ജില്ലാ തലങ്ങളില്‍ നികുതി പിരിക്കാന്‍ കഴിയണം. നിലവില്‍ കേന്ദ്രം നികുതി പിരിച്ചിട്ട് സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയാണ് രീതി. അത് മാറണം. ജില്ലകള്‍ നികുതി പിരിക്കണം. എന്നിട്ട് സംസ്ഥാനങ്ങള്‍ക്ക് കൈമാറണം. പിന്നീട് ഒരു ഫോര്‍മുല ഉണ്ടാക്കിയിട്ട് ഈ നികുതിപ്പണത്തിന്റെ വിഹിതം സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറണം. അത്തരത്തില്‍ വികേന്ദ്രീകരണം നടക്കണം.
തെറ്റിദ്ധരിക്കരുത്. ഞാന്‍ ആര്‍ക്കും എതിരല്ല. ഞാന്‍ ആരെയും വിമര്‍ശിക്കുകയല്ല, അതല്ല എന്റെ ജീവിതത്തിന്റെ ലക്ഷ്യം. ഞാന്‍ വിശാലമായ ഒരു വിഷയത്തെക്കുറിച്ചാണ് ചിന്തിക്കുന്നത്. ഈ രാജ്യത്തെ ജനങ്ങളുടെ ഭാവിയെക്കുറിച്ച് വിശാലമായ ആശങ്കയാണ് എനിക്ക് പങ്കിടാനുള്ളത്. എനിക്ക് അധികാരത്തെക്കുറിച്ച് ആശങ്കയില്ല. ഞാന്‍ സ്വപ്നം കണ്ട ഇന്ത്യക്ക് വേണ്ടിയാണ് ഞാന്‍ നിലകൊള്ളുന്നത്. കുട്ടിക്കാലം മുതല്‍ ഞാന്‍ നമ്മുടെ സ്വാതന്ത്ര്യത്തെക്കുറിച്ച് അഭിമാനിച്ചിരുന്നു. ഗാന്ധിജിയെക്കുറിച്ചും നെഹ്രുവിനെക്കുറിച്ചും സര്‍ദാര്‍ പട്ടേലിനെക്കുറിച്ചും മൗലാന അബുള്‍ കലാം ആസാദിനെക്കുറിച്ചും ഞാന്‍ അഭിമാനിച്ചിരുന്നു. മുസ്ലിങ്ങളും സിഖുകാരും ഒഡിയക്കാരും എല്ലാം ഒരുമിച്ചാണ് അന്ന് ജീവിച്ചിരുന്നത്. അവരെല്ലാവരും എന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ രാജ്യത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ആശങ്കയുണ്ട്. മതത്തിന് അപ്പുറത്ത് നിന്ന് വിവാഹം കഴിക്കാന്‍ പാടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ കഴിയില്ല. അങ്ങനെ പറയുന്നവരുടെ ജോലി അതല്ല. നിങ്ങള്‍ ഇത്തരം നടപടികളിലൂടെ എന്റെ സ്വാതന്ത്ര്യത്തെ തകര്‍ക്കുകയാണ്. ഇതെല്ലാം വലിയ തോതില്‍ നടന്നു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ നിസ്സഹായരായി ഇതെല്ലാം അംഗീകരിക്കുകയാണ്. ഇതാണ് ജീവിതരീതിയെന്ന് അവര്‍ കരുതിപ്പോകുന്നു.
മതാധിഷ്ഠിത അജണ്ടകള്‍ ഇക്കുറിയും തിരഞ്ഞെടുപ്പില്‍ നിര്‍ണായ സ്വാധീനം ചെലുത്തുമെന്ന് താങ്കള്‍ കരുതുന്നുണ്ടോ. അയോധ്യയിലെ രാമക്ഷേത്രം വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാകുമോ ?
വോട്ടെടുപ്പിന് മുമ്പ് രാജ്യത്തെ ജനങ്ങളാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. എന്തിന് വേണ്ടിയാണ് അവര്‍ വോട്ട് ചെയ്യേണ്ടത്? ക്ഷേത്രത്തിന് വേണ്ടിയാണോ അതോ ഹിന്ദുത്വത്തിന് വേണ്ടിയാണോ വോട്ട് ചെയ്യുന്നത്? അതോ അവര്‍ രാജ്യത്തിന്റെ ഭാവിക്ക് വേണ്ടിയാണോ വോട്ട് ചെയ്യുന്നത്. ശ്രീരാമന് എല്ലാവരുടെയും ഹൃദയത്തിലുണ്ട്. അതുപോലെ തന്നെ മറ്റ് മതവിശ്വാസങ്ങള്‍ക്കും അതിന്റേതായ ഇടമുണ്ട്. നിങ്ങള്‍ രാജ്യത്തിന്റെ ഭാവിക്ക് വേണ്ടി വോട്ട് ചെയ്യണം. മറിച്ച് രാജ്യത്തിന്റെ ഭൂതകാലത്തിന് വേണ്ടിയല്ല വോട്ട് ചെയ്യേണ്ടത്. കഴിഞ്ഞ കാലം എന്നത് നമ്മുടെ പൈതൃകമാണ്. അതവിടെയുണ്ട്. അതെന്റെ ഹൃദയത്തിലുണ്ട്. എന്നാല്‍ എനിക്ക് മുന്നോട്ട പോകണം. കാരണം എനിക്ക് മുന്നോട്ട് പോകാനേ കഴിയു. എനിക്ക് ജനാധിപത്യത്തെ തിരികെ ട്രാക്കില്‍ കൊണ്ടു വരാന്‍ കഴിയണം. സ്ഥാപനങ്ങള്‍ക്ക് സ്വയം ഭരണം നല്കാന് കഴിയണം. സ്വാതന്ത്ര്യം, സ്വതന്ത്രമാധ്യമങ്ങള്‍, ഉണരുന്ന സാമ്പത്തിക വ്യവസ്ഥ, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍, വികേന്ദ്രീകരണം എന്നിവ ഉറപ്പാക്കണം. മാത്രമല്ല, എല്ലാ ഭാവി തിരഞ്ഞെടുപ്പുകളും സ്വതന്ത്രവും നീതിയുക്തവുമാകണം. ഞാന്‍ ചെയ്യുന്ന വോട്ടുകള്‍ രേഖപ്പെടുത്തപ്പെടണം. ഇതാണ് ദേശീയ അജണ്ടയാകേണ്ട വിഷയങ്ങള്‍. ഞാന്‍ ഗാന്ധിയന്‍ ലാളിത്യത്തെ ഇഷ്ടപ്പെടുന്നു.
മൂന്ന് കാര്യങ്ങളേ ചെയ്യാനുള്ളു. ജനാധിപത്യത്തെ തിരികെ ശരിയായ പാതയിലെത്തിക്കുക, വൈവിധ്യങ്ങളെ ആഘോഷിക്കുക, മതേതരത്വത്തിന് പ്രാധാന്യം കൊടുക്കുക. പിന്നെ സാമ്പത്തിക രംഗം. നിലവിലുള്ള സാമ്പത്തിക മാതൃക പ്രായോഗികമല്ല. നിങ്ങള്‍ പുതിയ സാമ്പത്തിക മാതൃക സൃഷ്ടിക്കണം. എല്ലാവരെയും ഉള്‍ക്കൊള്ളുന്നതായിരിക്കണം അത്. ഇതൊന്നും റോക്കറ്റ സയന്സല്ല. എന്നാല്‍ ഇവിടെ ഒത്തിരി ശബ്ദങ്ങളാണ് ഈ സംവിധാനത്തില്‍ ഉയരുന്നത്. ഇത്രയും ബഹളത്തിനിടയില്‍ യഥാര്‍ഥ സന്ദേശം നിങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിയില്ല. അടിസ്ഥാന വിഷയങ്ങളിലാണ് ശ്രദ്ധ ഊന്നേണ്ടത്. എന്നെ സംബന്ധിച്ച് രാമക്ഷേത്രം ഒരു അടിസ്ഥാന വിഷയമല്ല. ജനാധിപത്യം ശരിയായ പാതയിലേക്ക് തിരിച്ചു വരുമോ ഇല്ലയോ എന്നതാണ് അടിസ്ഥാന വിഷയം. നിങ്ങള്‍ എല്ലാ മതങ്ങളെയും ആദരിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. നിങ്ങള്‍ക്ക് ജനങ്ങളോട് ആദരവുണ്ടോ എന്നതാണ് വിഷയം.നിങ്ങള്‍ ലിംഗ സമത്വം പാലിക്കുന്നുണ്ടോ ഇല്ലയോ എന്നതാണ് ചോദ്യം. രാജ്യത്തെ സ്ത്രീകള്‍ക്ക് സുരക്ഷ നല്കാന് തയ്യാറുണ്ടോ എന്നതാണ് വിഷയം. ഇതൊരു വിശാലമായ ചോദ്യമാണ്. യഥാര്‍ഥ വിഷയങ്ങള്‍ വ്യത്യസ്തമാണ്. പരസ്പരം പക തീര്‍ക്കലല്ല യഥാര്‍ഥ വിഷയങ്ങള്‍.
ജീവിതത്തെ കുറെക്കൂടി വിശാലമായി കാണേണ്ടതുണ്ട്. സുതാര്യമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അതിന് പകരം സമൂഹത്തെ വര്‍ഗീയതയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിക്കാനാണ് ശ്രമിക്കുന്നത്. വോട്ടിന് വേണ്ടി സമൂഹത്തെ വിഭജിക്കാന്‍ അവര്‍ ശ്രമിക്കുന്നു. എല്ലാ ഇന്ത്യക്കാരും തുല്യരാണ്. ദളിതും ബ്രാഹ്മണരും ഒരേ പോലെ തുല്യനീതീക്കര്ഹരാണ്. ഏത് തരം ഭക്ഷണമാണ് മറ്റുള്ളവര്‍ കഴിക്കുന്നത് എന്നത് ഒരു ചര്‍ച്ചാവിഷയം പോലുമാകരുത്. ഭക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ല. ഇത്തരം സ്വാതന്ത്ര്യങ്ങളെല്ലാം ചേരുന്നതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യം. നിങ്ങളാരാണെങ്കിലും ഞാന്‍ നിങ്ങളെ ആദരിക്കുന്നു. ഞാന്‍ ഇന്ത്യയുടെ വൈവിധ്യത്തെ അംഗീകരിക്കുന്നു. ഞാന്‍ ഇന്ത്യന്‍ വൈവിധ്യം ആഘോഷിക്കുന്നു. അതിന് പകരം ഇന്ത്യയെ ഏകസ്വഭാവത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ ഇന്ത്യ ചുരുങ്ങിപ്പോകും. വൈവിധ്യമുണ്ടെങ്കില്‍ മാത്രമേ ഇന്ത്യ വികസിക്കുകയുള്ളു. വൈവിധ്യമുള്ളപ്പോള് ഇന്ത്യ പുരോഗമിക്കും. രാജ്യത്ത് വന്‍തോതില്‍ ടാലന്റുകളുണ്ട്. നമ്മള് അവരെ ഫോക്കസ് ചെയ്യണം. ദളിതുകള്‍, ഓ.ബി.സികള്‍, ന്യൂനപക്ഷങ്ങള്‍ എന്നിവര്‍ക്ക് നമ്മള് അവര്‍ അര്‍ഹിക്കുന്ന അവസരങ്ങള്‍ നല്‍കുന്നില്ല. നമ്മുടെ കരകൗശലക്കാരെ നോക്കു. അവരുടെ കഴിവുകള്‍ നോക്കു. ചെറുകിട- ഇടത്തരം വ്യവസായങ്ങളെ നോക്കുക. ഇവര്‍ക്കാര്‍ക്കും ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നില്ല. വന്‍കിട വ്യവസായികള്‍ക്ക് വായ്പകള്‍ നല്‍കും. എന്നാല്‍ ചെറുകിട- ഇടത്തരം വ്യവസായികള്‍ക്ക് വായ്പകള്‍ നല്‍കുന്നില്ല. നമ്മള് വന്‍വ്യവസായങ്ങള്‍ക്ക് സഹായങ്ങള്‍ നല്കുന്നു. എന്നാല്‍ നമ്മള് ചെറിയ തൊഴില്‍ ചെയ്യുന്നവരെ സഹായിക്കുന്നില്ല .ഇത് പരിഹരിക്കപ്പെടണം. അതിനുള്ള സമയമായി.
ഉത്തരേന്ത്യയില്‍ കര്‍ഷകര്‍ സമരരംഗത്താണ്. കര്‍ഷക സമരം തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമോ?
കര്‍ഷകരുടെ പ്രശ്നമെന്താണെന്ന് തിരിച്ചറിയുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. അവര്‍ക്ക് ചില യുക്തമായ ആവശ്യങ്ങളുണ്ട്. അവരുമായി ഒപ്പമിരുന്ന് വിഷയം ചര്‍ച്ച ചെയ്ത് പരിഹരിക്കണം. അവരുടെ ആവശ്യങ്ങള്‍ പരിഹരിക്കണം. അവരുടെ വരുമാനം ഇടിഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുകയാണ്. വന്‍കിട കോര്‍പ്പറേറ്റുകളെ സഹായിക്കുന്നതല്ലാതെ ചെറുകിട കര്‍ഷകരെ സഹായിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ല. കര്‍ഷകര്‍ സമരം നടത്തുന്നത് പോലെ തന്നെ, വോട്ടിംഗ് യന്ത്രത്തിനെതിരെയും സമരം ഉയരും. തൊഴിലില്ലായ്മ വിഷയം ഉയര്‍ത്തി രാജ്യത്തെ ചെറുപ്പക്കാര്‍ സമരത്തിനിറങ്ങും. പണപ്പെരുപ്പവും വിലക്കയറ്റവും മൂലം സാധാരണ ജനങ്ങളുടെ നിലനില്പ് അപകടത്തിലാണ്. സുരക്ഷാ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യത്തെ സ്ത്രീകള്‍ സമരത്തിനിറങ്ങിയേക്കാം. ഈ പ്രതിഷേധങ്ങളെല്ലാം രാജ്യത്തെ ജനങ്ങളുടെ നിരാശയാണ് വെളിപ്പെടുത്തുന്നത്. ഇത് പരിഹരിക്കപ്പെടണം.
പ്രാദേശിക പാര്‍ട്ടികള്‍ ഈ തിരഞ്ഞടുപ്പില്‍ നിര്‍ണായകമല്ലേ? പ്രാദേശിക പാര്‍ട്ടികളുടെ റോള്‍ എന്തായിരിക്കും ?
പ്രാദേശിക പാര്‍ട്ടികള്‍ക്ക് ഇന്ത്യന്‍ ജനാധിപത്യത്തില്‍ ചില റോളുകള്‍ വഹിക്കാനുണ്ട്. എല്ലാ സംസഥാനങ്ങള്‍ക്കും പ്രവര്‍ത്തന സ്വാതന്ത്ര്യം ലഭിക്കണമെന്നതാണ് നമ്മുടെ നിലപാട്. യൂണിയന് ഓഫ് സ്റ്റേറ്റ്സ് എന്നാണ് ഭരണഘടന പറയുന്നത്. നമുക്ക് കൂടുതല്‍ സ്വയംഭരണം വേണം. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍ അതിവേഗമാണ് പുരോഗമിക്കുന്നത്. അവര്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കുന്നു. ജനങ്ങള്‍ ഉത്തരേന്ത്യയില്‍ നിന്ന് ജോലി തേടി ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. എന്നാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ അവഗണിക്കപ്പെടുന്നതായി ചില നേതാക്കള്‍ പരാതി ഉയര്‍ത്തിയിട്ടുണ്ട്. അതു കൊണ്ടാണ് രീതികളും സംവിധാനങ്ങളും തലകീഴ് മറിക്കണമെന്ന് ഞാന്‍ പറയുന്നത്. നികുതി പിരിവ് ജില്ലാ തലങ്ങളില്‍ നടത്തണമെന്ന് ഞാന്‍ പറയുന്നത് അതു കൊണ്ടാണ്. എല്ലാ ജില്ലകള്‍ക്കും അവരുടേതായ ബജറ്റുണ്ടാകണം. എല്ലാ ജില്ലകളും സ്വയം പര്യാപതമാകണം. ആശുപത്രികള്‍, സ്കൂളുകള്‍, സര്‍വകലാശാലകള്‍, കോളേജുകള്‍, ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയെല്ലാം ജില്ലകള്‍ തോറും ഉണ്ടാകണം. അധികാരം വികേന്ദ്രീകരിക്കണം. ഇപ്പോള്‍ വന്‍തോതില്‍ കേന്ദ്രീകരണമാണ് നടക്കുന്നത്. തുടക്കത്തില്‍ അത് യുക്തമായിരുന്നു. അന്ന് ആവശ്യത്തിന് വിഭവങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ വികേന്ദ്രീകരണമാണ് അനിവാര്യം. ഇന്ന് നമ്മള് എല്ലാതരത്തിലും കണക്ടഡാണ്. വികേന്ദ്രീകരണത്തിന് സമയമായിക്കഴിഞ്ഞു. ആരാലും ശ്രദ്ധിക്കപ്പെടാതെ രാജ്യത്ത് നിരവധി പ്രാദേശിക ടാലന്റുകളുണ്ട്. ഇവരെ കണ്ടെത്തണം.നിരവധി പ്രശ്നങ്ങള്‍ പ്രാദേശികമായി പരിഹരിക്കപ്പെടാവുന്നതേയുള്ളു. പ്രാദേശിക തലത്തിലുള്ള ഒരു കുടിവെള്ള പ്രശ്നം സംസ്ഥാന തലത്തിലോ ദേശീയ തലത്തിലോ കൈകാര്യം ചെയ്യുന്നതെന്തിനാണ് ? ഇത് ജില്ലാ തലത്തില്‍ പരിഹരിക്കാവുന്നതേയുള്ളു.
Content Highlights: Indian engineer and entrepreneur sam pitroda interview
Published: 11 Mar 2024, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented