ജഹാംഗീര്‍പുരി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. പൊളിറ്റ്ബ്യൂറോ അംഗം വൃന്ദാ കാരാട്ട് സംസാരിക്കുന്നു. മാതൃഭൂമി പ്രതിനിധി കെ.എ. ജോണിക്ക് അനുവദിച്ച അഭിമുഖം

To advertise here,

ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയില്‍ താങ്കള്‍ നടത്തിയ ഇടപെടല്‍ ചരിത്രപരമാണ്. ബുള്‍ഡോസറിന് നേര്‍ക്കുനേര്‍ നില്‍ക്കുന്ന താങ്കളുടെ ദൃശ്യം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു സവിശേഷഘട്ടത്തിനെ നിര്‍ണയിക്കുകയും നിര്‍വചിക്കുകയും ചെയ്യുന്നുണ്ട്. ഈ ഇടപെടലിന്റെ പശ്ചാത്തലം ഒന്ന് ചുരുക്കി വിവരിക്കാമോ?

ജഹാംഗീര്‍പുരി നന്നായി അറിയാവുന്ന ഇടമാണ്. 1975-'76 കാലത്താണ് ജഹാംഗീര്‍പുരി സ്ഥാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥയില്‍ ഡല്‍ഹിയുടെ വിവിധ മേഖലകളില്‍നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരെയാണ് അവിടേക്ക് കൊണ്ടുവന്നത്. അന്ന് ട്രേഡ് യൂണിയന്‍ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്നതുകൊണ്ട് ജഹാംഗീര്‍പുരിയുമായി എനിക്ക് അടുത്തബന്ധമുണ്ടായിരുന്നു. ജഹാംഗീര്‍പുരിയിലെ സി. ബ്ലോക്കിലാണ് ഒരു മഹിളാ കോണ്‍ഫറന്‍സ് ഞാന്‍ ആദ്യമായി സംഘടിപ്പിച്ചത്. ബംഗാളിലെ മിഡ്നാപുരില്‍നിന്നുള്ള മുസ്ലിം വംശജരാണ് ഇവിടെയുള്ളവരില്‍ ഭൂരിഭാഗവും. ഏതാനും ഹിന്ദു കുടുംബങ്ങളും ഇവിടെയുണ്ട്. എടുത്തുപറയേണ്ട ഒരു കാര്യം ഇക്കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇവിടെ ഒരുതരത്തിലുള്ള വര്‍ഗീയ ലഹളകളും നടന്നിട്ടില്ലെന്നതാണ്. ഏപ്രില്‍ 16-ന് ഹനുമാന്‍ ജയന്തിയോടനുബന്ധിച്ചിട്ടുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്കുശേഷം ഞാന്‍ പോലീസ് കമ്മിഷണര്‍ക്ക് കത്തെഴുതിയിരുന്നു.

placeholder
ജഹാംഗീര്‍പുരി വിഷയത്തില്‍ ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ കമ്മീഷണറുമായി ചര്‍ച്ച നടത്തുന്ന വൃന്ദ കാരാട്ട് | Photo-ANI

തീര്‍ത്തും അനധികൃതമായ ഒരു റാലിയാണ് അന്നവിടെ നടന്നത്. ഏപ്രില്‍ 19-ന് ബി.ജെ.പി.യുടെ ഡല്‍ഹി ഘടകം പ്രസിഡന്റ് ആദേഷ്‌കുമാര്‍ ഗുപ്ത മധ്യപ്രദേശിലെ ബുള്‍ഡോസറുകള്‍ ഡല്‍ഹിയിലേക്കും എത്തുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. അനധികൃത കൈയേറ്റങ്ങള്‍ പൊളിക്കുന്നതിന് ബി.ജെ.പി. ഭരിക്കുന്ന നോര്‍ത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്(എം.സി.ഡി.) നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് ഗുപ്ത പറഞ്ഞത്. ഇതേത്തുടര്‍ന്ന് ഞാന്‍ വൊളന്ററി ലോയേഴ്സ് യൂണിയന്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടു.

ജഹാംഗീര്‍പുരിയില്‍ എം.സി.ഡി.നടത്തുന്ന കുടിയൊഴിപ്പിക്കല്‍ തടഞ്ഞുകൊണ്ട് ഏപ്രില്‍ 20-ന് ബുധനാഴ്ചയാണ് സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന്റെ കോപ്പി കിട്ടിയതോടെ രാവിലെ പത്തേമുക്കാലോടെ ഞങ്ങള്‍ ജഹാംഗീര്‍പുരിയിലെത്തി. അവിടെക്കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. രാജ്യത്തിന്റെ തലസ്ഥാനത്ത് സുപ്രീംകോടതിയുടെ വിധി മറികടന്നുകൊണ്ട് സാധാരണക്കാരില്‍ സാധാരണക്കാരായവരുടെ വീടുകളും കടകളും ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്ന കാഴ്ച. വല്ലാത്തൊരു സര്‍റിയല്‍ അനുഭവമായിരുന്നു അത്. ബുള്‍ഡോസറുകള്‍ സി. ബ്ലോക്കിലേക്കുതന്നെ അയച്ചത് കൃത്യമായ ലക്ഷ്യത്തോടെയാണെന്നതില്‍ ഒരു സംശയവുമില്ല.

placeholder
Photo-AFP

ഞാന്‍ എത്തിയ സ്ഥലത്ത് രണ്ട് ബുള്‍ഡോസറുകളാണുണ്ടായിരുന്നത്. ഒരു പോലീസ് ഓഫീസറും അവിടെയുണ്ടായിരുന്നില്ല. പിന്നീട് അവിടെയെത്തിയ ഒരു പോലീസ് ഓഫീസറോട് സുപ്രീംകോടതി വിധിയുടെ ലംഘനമാണ് നടക്കുന്നതെന്ന് പറഞ്ഞപ്പോള്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതരുമായി സംസാരിക്കാന്‍ അവര്‍ അവസരമുണ്ടാക്കി. ഏറെ നേരത്തെ തര്‍ക്കങ്ങള്‍ക്കുശേഷമാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികള്‍ ബുള്‍ഡോസറുകളുടെ പ്രവര്‍ത്തനം നിര്‍ത്തിയത്. അനീതി കാണുമ്പോള്‍ ഏതൊരു കമ്യൂണിസ്റ്റ് പ്രവര്‍ത്തകയും ചെയ്യുന്നതേ ഞാന്‍ ചെയ്തിട്ടുള്ളൂ. അടിത്തട്ടില്‍ അനീതിക്കെതിരേ പ്രവര്‍ത്തിക്കുക എന്നത് ഞങ്ങളുടെ വിശ്വാസപ്രമാണമാണ്.

രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കുപിന്നില്‍ വ്യക്തമായ ആസൂത്രണമുണ്ടെന്ന വിമര്‍ശനം ശക്തമാണ്. ഭരണകൂടത്തിന്റെ മൗനാനുമതിയോടെയാണ് ഈ ആക്രമണങ്ങള്‍ നടക്കുന്നതെന്നും മെജോറിറ്റേറിയന്‍ സ്റ്റേറ്റിന്റെ അജന്‍ഡ നിറവേറ്റപ്പെടുന്നതാണ് ഇവിടെയെല്ലാം കാണുന്നതെന്നുമുള്ള ആരോപണം എങ്ങനെ കാണുന്നു?

ഈ ബുള്‍ഡോസര്‍ ഒരു യന്ത്രം മാത്രമല്ല. അതൊരു പ്രതീകമാണ്. ഹിന്ദുത്വ എന്ന പ്രത്യയശാസ്ത്രത്തിന്റെയും അത് നടപ്പാക്കുന്ന ഭരണകൂടത്തിന്റെയും പ്രതീകം. കൃത്യമായ ഒരു രാഷ്ട്രീയപദ്ധതിയാണത്. 1920-കളില്‍ വി.ഡി. സവര്‍ക്കര്‍ മുന്നോട്ടുവെച്ച ഒരു ആശയത്തിന്റെ തുടര്‍ച്ചയാണിത്. മനുഷ്യരെ മതത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കുന്ന ഈ പ്രത്യയശാസ്ത്രത്തിനെതിരേയുള്ള പോരാട്ടത്തിന്റെ ഭാഗമാണ് ജഹാംഗീര്‍പുരിയിലുണ്ടായത്. ന്യൂനപക്ഷങ്ങളെ രണ്ടാംതരം പൗരരായി കാണുന്ന സമീപനമാണിത്. ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമായ സമീപനം.

ഭരണഘടനാപരവും വ്യക്തിപരവുമായ സമസ്ത സ്വാതന്ത്ര്യങ്ങളും അട്ടിമറിക്കപ്പെടുന്ന കാലമാണിത്. വര്‍ഗീയതയ്‌ക്കെതിരേ ഒരുതരത്തിലുമുള്ള വിട്ടുവീഴ്ചയും ഇല്ലെന്നാണ് കമ്യൂണിസ്റ്റുകാരുടെ നിലപാട്. ഇതിനുപിന്നില്‍ കൃത്യമായ സാമ്പത്തിക അജന്‍ഡയുണ്ടെന്നതും കാണാതിരിക്കാനാവില്ല. നവ സാമ്പത്തിക ഉദാരീകരണ ശക്തികള്‍ തകര്‍ത്തെറിഞ്ഞ ഒരു സമൂഹമാണ് ജഹാംഗീര്‍പുരിയിലുള്‍പ്പെടെ ആക്രമിക്കപ്പെടുന്നത്. ന്യൂനപക്ഷങ്ങള്‍ക്കുനേരെ മാത്രമല്ല ആക്രമണം. ആദിവാസികളും ദളിതരും ഇതേപോലെത്തന്നെ ഈ ശക്തികളുടെ ആക്രമണത്തിനിരയാവുന്നുണ്ട്.

placeholder
Photo-ANI

വര്‍ഗീയതയ്‌ക്കെതിരേയുള്ള പോരാട്ടം കൂടുതല്‍ വിശാലമായ സഖ്യങ്ങള്‍ ആവശ്യപ്പെടുന്നില്ലേ? അതുകൊണ്ടുതന്നെ കോണ്‍ഗ്രസും എ.എ.പി.യും ഉള്‍പ്പെടെയുള്ള ഇതര രാഷ്ട്രീയപ്പാര്‍ട്ടികളെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു നിരയെക്കുറിച്ച് ഇടതുപക്ഷം ആലോചിക്കുന്നുണ്ടോ?

ഈ പറയുന്ന പാര്‍ട്ടികള്‍ എവിടെയാണ്? ജഹാംഗീര്‍പുരിയിലെ തെരുവില്‍ ദരിദ്രരില്‍ ദരിദ്രരായവര്‍ പിഴുതെറിയപ്പെടുമ്പോള്‍ ഇക്കൂട്ടരില്‍ ആരെയും കാണാനുണ്ടായിരുന്നില്ല. അടിത്തട്ടില്‍, ജനങ്ങളുടെ നടുവില്‍നിന്നുകൊണ്ടാണ് ഞങ്ങള്‍ പൊരുതുന്നത്. ഇങ്ങനെ പോരാടുന്നവര്‍ക്കൊപ്പം നീങ്ങാനാണ് ഞങ്ങള്‍ ഉദ്ദേശിക്കുന്നത്. മറ്റ് പാര്‍ട്ടികള്‍ എന്തുചെയ്യണമെന്ന് പറയാന്‍ ഞാന്‍ ആളല്ല. അവര്‍ തന്നെയാണ് അത് തെളിയിക്കേണ്ടത്.

ഞങ്ങളെ സംബന്ധിച്ചിടത്തോളം മുന്നിലുള്ള വഴിയെക്കുറിച്ച് ഒരു വിധത്തിലുള്ള ആശയക്കുഴപ്പവുമില്ല. ചൂഷണത്തിനും അനീതിക്കുമെതിരേ ചുവന്ന കൊടിയുയര്‍ത്തിപ്പിടിച്ചാണ് ഞങ്ങള്‍ പോരാടുന്നത്. ജഹാംഗീര്‍പുരിയിലെ ചെറുത്തുനില്‍പ്പിന് രാജ്യമെമ്പാടുംനിന്നും ലഭിക്കുന്ന പ്രതികരണങ്ങള്‍ അത്യധികം ആവേശഭരിതമാണ്.

placeholder
വൃന്ദ കാരാട്ട് ജഹാംഗീര്‍പുരിയില്‍ | Photo-PTI

ഒരു ബുള്‍ഡോസര്‍ തടഞ്ഞു നിര്‍ത്തിയതിലുള്ള പ്രതികരണം മാത്രമല്ല ഇത്. അനീതിക്കെതിരേയുള്ള ഇന്ത്യന്‍ ജനതയുടെ പ്രതിഷേധം ഇതിലുണ്ട്. ഈ രാജ്യത്ത് ­സംഭവിക്കുന്നത് എന്താണെന്ന് അവര്‍ തിരിച്ചറിയുന്നുണ്ട്. ഈ ജനവികാരം ഏറ്റെടുത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുക എന്നതാണ് സമകാലിക രാഷ്ട്രീയം ആവശ്യപ്പെടുന്നത്. ഞങ്ങള്‍ ആ പാതയിലാണ്. തിരഞ്ഞെടുക്കേണ്ടത് ഏതു വഴിയാണെന്ന് മറ്റുള്ള രാഷ്ട്രീയപ്പാര്‍ട്ടികള്‍ സ്വയം തീരുമാനിക്കണം.