ജഹാംഗീര്‍പുരിയിലെ ബുള്‍ഡോസറിന് മുന്നില്‍ കൈയുയര്‍ത്തി നില്‍ക്കുന്ന ബൃന്ദകാരാട്ടിന്റെ ചിത്രമാണ് സാമൂഹികമാധ്യമങ്ങള്‍ നിറയെ. ഹനുമാന്‍ ജയന്തി ശോഭായാത്രയ്ക്കിടെ അക്രമമുണ്ടായ ജഹാംഗീര്‍പുരിയില്‍ അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായാണ് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസരുമായി എത്തിയത്. പൊളിക്കല്‍ തടയണമെന്ന് സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും നടപടിയുമായി മുന്നോട്ടുപോയ കോര്‍പറേഷന്‍ നടപടിക്കെതിരെയായിരുന്ന ബൃന്ദ കാരാട്ടിന്റെ ശബ്ദമുയര്‍ന്നത്. 

To advertise here,
placeholder
ജഹാംഗീര്‍പുരിയില്‍ കെട്ടിടങ്ങള്‍ പൊളിക്കുന്നതിനായി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ബുള്‍ഡോസറുമായി എത്തിയപ്പോൾ തടയുന്ന ബൃന്ദ

എയര്‍ഹോസ്റ്റസ്സായിരുന്ന ബൃന്ദ ജോലി ഉപേക്ഷിച്ചാണ് ഇന്ത്യയിലെത്തുന്നതും രാഷ്ട്രീയത്തിലിറങ്ങുന്നതും. ബംഗാള്‍ മുഖ്യമന്ത്രിയും സിപിഎം നേതാവുമായിരുന്ന ജ്യോതിബസുവാണ് ബൃന്ദ കാരാട്ട് എന്ന തീപ്പൊരി നേതാവിനെ കണ്ടെടുക്കുന്നത്. സിപിഎം പോളിറ്റ് ബ്യൂറോ അംഗമാകുന്ന ആദ്യ വനിത കൂടിയാണ് ബൃന്ദകാരാട്ട്. ഇതാദ്യമായല്ല ബൃന്ദ കാരാട്ട് സമരമുഖമാവുന്നത്. മുഖ്യധാരാ നേതാക്കാള്‍ ഇടപെടാന്‍ മടിക്കുന്ന സമരങ്ങളില്‍ പോലും സജീവസാന്നിധ്യമായി ബൃന്ദയുണ്ടായിരുന്നു. ബൃന്ദകാരാട്ട് നയിച്ച സുപ്രധാന സമരങ്ങളെക്കുറിച്ച്. 

എയര്‍ ഇന്ത്യയിലെ മിനി സ്‌കേര്‍ട്ട് സമരം

ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ മിറാന്‍ഡ ഹൗസില്‍ നിന്ന് ബിരുദം നേടിയ ബൃന്ദകാരാട്ട് 1967-ല്‍ എയര്‍ ഇന്ത്യയുടെ ലണ്ടന്‍ ഓഫീസില്‍ ചേര്‍ന്നിരുന്നു. അക്കാലത്ത് എയര്‍ ഇന്ത്യയുടെ ചട്ടപ്രകാരം വനിതാ ജീവനക്കാര്‍ നിര്‍ബന്ധമായും മിനി സ്‌കേര്‍ട്ട് ധരിക്കണമായിരുന്നു. ഇതിനെതിരേ ബൃന്ദ ശബ്ദമുയര്‍ത്തുകയും സാരി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. ഒടുവില്‍ എയര്‍ ഇന്ത്യ ചട്ടം ഭേദഗതി ചെയ്ത് വനിതാ ജീവനക്കാര്‍ക്ക് സാരിയോ പാവാടയോ തെരഞ്ഞെടുക്കാമെന്നാക്കുകയായിരുന്നു. സാരി ഉടുക്കുന്നതിന് താത്പര്യമുണ്ടായിട്ടല്ല, ഒരു വേഷം അടിച്ചേല്‍പിക്കുന്നതിനോടുള്ള എതിര്‍പ്പാണ് സമരത്തിന് കാരണമെന്ന് പിന്നീട് ബൃന്ദ പറഞ്ഞിട്ടുണ്ട്. 

ബാബാ രാംദേവിനെതിരേ 

1971 ല്‍ ജോലിയിൽ നിന്ന് തിരികെ എത്തിയ ബൃന്ദ കാരാട്ട് സിപിഎമ്മില്‍ സജീവമായി. 2005ല്‍ ബാബാ രാംദേവിനെതിരെയായിരുന്നു അടുത്ത സമരം. ബാബാ രാംദേവിന്റെ ആയുര്‍വേദ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് അന്ന് ബൃന്ദകാരാട്ട് ഉന്നയിച്ചത്. കമ്പനി തയ്യാറാക്കിയ മരുന്നുകളില്‍ മനുഷ്യന്റെ അസ്ഥികളുണ്ടെന്നായിരുന്നു ആരോപണം. എന്നാല്‍ ബാബാ രാംദേവ് ആരോപണം നിഷേധിച്ച് രംഗത്തെത്തി. 

2006-ല്‍ ബാബ രാംദേവിന്റെ കമ്പനി ലൈസന്‍സിങ്ങും ലേബലിങ് വ്യവസ്ഥകളും ലംഘിച്ചതായി കാണിച്ച് ബൃന്ദ വീണ്ടും സമരരംഗത്തെത്തി. ഡല്‍ഹിയില്‍ ബാബാരാംദേവിന്റെ അനുയായികളും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. അനുയായികള്‍ ബൃന്ദയുടെ കോലം കത്തിച്ചു. പോലീസ് ഇടപെട്ടാണ് സമരക്കാരെ മാറ്റിയത്. ബാബാ രാംദേവിന്റെ ജനപ്രീതിക്കും വിശ്വാസ്യതയ്ക്കും ആ സമരമേല്‍പിച്ച മങ്ങല്‍ ചെറുതായിരുന്നില്ല. വിഷയം ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടാനും സമരം കാരണമായി.

തമിഴ്‌നാട്ടിലെ ജാതിസംഘര്‍ഷങ്ങള്‍ക്കെതിരേ

2006 സെപ്തംബറില്‍, ജാതി സംഘര്‍ഷങ്ങള്‍ നടന്ന തമിഴ്‌നാട്ടിലെ മധുര ഗ്രാമം സന്ദര്‍ശിക്കാന്‍ വൃന്ദ എത്തി. പക്ഷേ, പ്രദേശത്ത് സംഘര്‍ഷസാധ്യതയുണ്ടെന്നറിയിച്ച് പോലീസ് സന്ദര്‍ശനം തടഞ്ഞു. പോലീസ് കാര്‍ തടഞ്ഞപ്പോള്‍ ബൃന്ദ കാരാട്ട് പ്രതിഷേധവുമായി നടുറോഡില്‍ കുത്തിയിരുന്നു. ഒടുവില്‍ പോലീസ് വഴങ്ങുകയും അവരെ ഗ്രാമത്തിലേക്ക് കൊണ്ടുപോവുകയുമായിരുന്നു 

സുപ്രീംകോടതി ജസ്റ്റിസിനെതിരേ 

2021 മാര്‍ച്ചില്‍, ബൃന്ദ കാരാട്ട് അന്നത്തെ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെയ്ക്കെതിരെ ശബ്ദമുയര്‍ത്തിയത് വാര്‍ത്തയായിരുന്നു. ബലാത്സംഗക്കേസ് പ്രതിയോട് പരാതിക്കാരിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യമാണ് ബൃന്ദയെ ചൊടിപ്പിച്ചത്. രൂക്ഷഭാഷയിലാണ് അന്ന് ആ വിഷയത്തോട് ബൃന്ദ പ്രതികരിച്ചത്. പിന്തിരിപ്പന്‍ പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബൃന്ദ ജസ്റ്റിസിന് കത്തെഴുതി. വിഷയം ദേശീയശ്രദ്ധനേടുകയും പരാമര്‍ശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തുകയും ചെയ്തു

സ്റ്റാന്‍സ്വാമിക്കൊപ്പം 

ജെസ്യൂട്ട് പുരോഹിതനും ആദിവാസി അവകാശ പ്രവര്‍ത്തകനുമായ ഫാദര്‍ സ്റ്റാന്‍ സ്വാമി കസ്റ്റഡിയിലിരിക്കെ മരണത്തിന് കീഴടങ്ങിയത് (2021 ജൂലൈ 5)ഏറെ വാര്‍ത്തയായിരുന്നു. ആരോഗ്യപ്രശ്നങ്ങളും ജയിലിലെ മോശം മെഡിക്കല്‍ സൗകര്യങ്ങളും ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ അഭിഭാഷകര്‍ നല്‍കിയ ജാമ്യാപേക്ഷ എന്‍.ഐ.എ ആവര്‍ത്തിച്ച് എതിര്‍ത്തിരുന്നു.

placeholder
Brinda Karat and others during a protest demanding justice for Father Stan Swamy near Raj Bhavan, in Ranchi on July 15,2021
ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചു നടന്ന സമരം

ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡി മരണത്തില്‍ പ്രതിഷേധിച്ചും Unlawful Activities (Prevention) Act പിന്‍വലിക്കണമെന്നുമാവശ്യപ്പെട്ട് ബൃന്ദ നടത്തിയ കാമ്പെയിന്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു 

പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആയി ഉയര്‍ത്തുന്നതിനെ നിശിതമായി എതിര്‍ത്ത വ്യക്തിയാണ് ബൃന്ദകാരാട്ട്. പതിനെട്ട് വയസ്സില്‍ വോട്ട് ചെയ്യാനാകും എന്നുള്ളപ്പോള്‍ പെണ്‍കുട്ടിക്ക് അവളുടെ വിവാഹം തിരഞ്ഞെടുക്കാനും അവകാശമുണ്ടെന്നാണ് ബൃന്ദ കാരാട്ട് പറഞ്ഞത്.