
അടിയന്തരാവസ്ഥയുടെ പ്രതീകമാണ്, കക്കയം പോലീസ് ക്യാമ്പില്‍ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ട പി. രാജന്‍. മകന്റെ മൃതദേഹമെങ്കിലും കണ്ടെത്താനായി ജീവിതം മുഴുവന്‍ അലഞ്ഞ ഒരച്ഛന്റെ ഹൃദയവേദന അടിയന്തരാവസ്ഥയുടെ അമ്പതാംവര്‍ഷത്തിലും മനഃസാക്ഷിയുള്ളവരുടെ ഉള്ള് നീറ്റുന്നു. കേരളത്തിന്റെ മനസ്സാക്ഷിക്കുമുന്നില്‍ അടിയന്തരാവസ്ഥയുടെ ഭീകരത എന്തെന്ന് ബോധ്യപ്പെടുത്തിയത് രാജന്‍ കേസാണ്. ആ പോലീസ് ക്യാമ്പിന്റെയും രാജന്റെ മരണത്തിന്റെയും ഓര്‍മകളില്‍ വീണ്ടും കക്കയത്ത് എത്തുമ്പോള്‍...
മഴ നനഞ്ഞ് മകന്‍ നില്ക്കുമ്പോള്‍...
1976-ല്‍ അടിയന്തരാവസ്ഥക്കാലത്ത് പോലീസ് ക്രൂരതയില്‍ കൊല്ലപ്പെട്ട എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന രാജന്റെ പ്രതിമ കക്കയം ജങ്ഷനില്‍.
രാജന്റെ അച്ഛന്‍ പ്രൊഫ. ടി.വി. ഈച്ചരവാരിയര്‍ തന്റെ മരണംവരെയും മകന്റെ മരണത്തിന്റെ കാരണം തേടി, നീതി തേടി നിയമപോരാട്ടം നടത്തിയിരുന്നു.
അദ്ദേഹം മകനെക്കുറിച്ച് എഴുതിയ 'ഒരച്ഛന്റെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന പുസ്തകത്തിന് 2004-ലെ സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു.
കക്കയം പോലീസ് ക്യാമ്പ് കെട്ടിടം ഉണ്ടായിരുന്ന സ്ഥലം. ഇപ്പോള്‍ ഇതൊരു വാഴത്തോട്ടമാണ്
കക്കയം അങ്ങാടിയില്‍ ഇന്നും മഴനനഞ്ഞ് നില്‍പ്പാണ് രാജന്‍. ''സഖാവ് പി. രാജന്‍. അടിയന്തരാവസ്ഥയില്‍ 1976 മാര്‍ച്ച് രണ്ടിന് കക്കയം പോലീസ് ക്യാമ്പില്‍ രക്തസാക്ഷിയായി'' എന്ന വരികളില്‍ ഭീദിതമായ ഒരു കാലമത്രയും സംഗ്രഹിച്ചിരിക്കുന്നു. മഴയില്‍ നനഞ്ഞൊട്ടി തൂങ്ങിക്കിടപ്പുണ്ട് ചുറ്റും രക്തപതാകകള്‍.
ഈച്ചരവാര്യരുണ്ട് ഓര്‍മയിലേക്ക് വരുന്നു... ''എന്റെ നിഷ്‌കളങ്കനായ കുഞ്ഞിനെ, മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്?'' എന്ന ചോദ്യവും...
''ചിത്തഭ്രമം ബാധിച്ച ഭാര്യയോടും തന്റെ ഏകമകന്റെ തിരോധാനംമൂലം അനാഥമായ ഭവനത്തോടും ആ ദുരന്തത്താല്‍ ദുഃഖാര്‍ത്തരായ രണ്ട് പെണ്‍മക്കളോടുംകൂടി ഹൃദയം തകര്‍ന്ന ഒരു പിതാവ്'' എന്ന് കേരള ഹൈക്കോടതി വിശേഷിപ്പിച്ച ആ മനുഷ്യന്‍. പ്രൊഫ. ടി.വി. ഈച്ചരവാരിയര്‍. അദ്ദേഹത്തിന്റെ നിസ്സഹായത ഹൃദയത്തില്‍ ഏറ്റുവാങ്ങിയതിനാലാണല്ലോ അമ്പതാംവര്‍ഷത്തിലും അടിയന്തരാവസ്ഥയുടെ നടുക്കം മലയാളി അനുഭവിക്കുന്നത്.
പോലീസ് ക്യാമ്പിന് മുന്നില്‍ ഒരച്ഛന്‍...
രാജന്റെ പ്രതിമയുടെ വലതുവശത്തുകൂടെ പോയാല്‍ കാണാം, പോലീസ് ക്യാമ്പ് നിലനിന്നിരുന്ന സ്ഥലം. കെഎസ്ഇബിയുടെ പവര്‍ സ്റ്റേഷന്‍ നിര്‍മാണജോലിക്കെത്തിയവര്‍ താമസിച്ചിരുന്ന ക്വാര്‍ട്ടേഴ്സ്, പോലീസ് ക്യാമ്പാക്കിമാറ്റിയതായിരുന്നു. ഇപ്പോള്‍ ആ കെട്ടിടം ഇല്ല. കെഎസ്ഇബിയുടെ പവര്‍ സ്റ്റേഷന്‍ വളപ്പാണ് അവിടം. കാവലിന് സുരക്ഷാജീവനക്കാര്‍. ക്യാമ്പ് നിന്നിടത്ത് വാഴത്തോട്ടം.
മകനെ കാണാതായതിനെത്തുടര്‍ന്ന് ഈ ക്യാമ്പില്‍ അന്വേഷിച്ചെത്തിയിരുന്നു ആ അച്ഛന്‍... അതേക്കുറിച്ച് അദ്ദേഹം ഇങ്ങനെ രേഖപ്പെടുത്തി:
''ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ആസ്ബസ്റ്റോസ് മേഞ്ഞ പഴയ കെട്ടിടത്തിലായിരുന്നു കക്കയം ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്നത്. ക്യാമ്പിന് മുന്നില്‍ തടാകംപോലുള്ള ഒരു ജലാശയമുണ്ടായിരുന്നു. ഈ ജലാശയത്തിന് മുകളിലൂടെ ഒരു മരപ്പാലമിട്ട് ക്യാമ്പ് കരയുമായി ബന്ധിപ്പിച്ചു. തോക്ക് മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ച ഒരു പോലീസുകാരന്‍ ഇവിടെ സദാ ജാഗരൂകനായി നിലകൊണ്ടിരുന്നു. ഞാന്‍ ആ കാവല്‍ക്കാരനോട് നേരില്‍ച്ചെന്ന് വന്നകാര്യം പറഞ്ഞു. അയാള്‍ വലിയ ഗൗരവത്തിലായിരുന്നു. പക്ഷേ, എന്നോട് മോശമായ ഒരുവാക്കും പറഞ്ഞില്ല. നേരേ അയാള്‍ ക്യാമ്പിലേക്ക് പോയി. ക്യാമ്പിന്റെ സര്‍വാധിപതി ജയറാം പടിക്കലായിരുന്നു. തിരിച്ചുവന്ന പോലീസുകാരന്‍, ക്യാമ്പിലേക്ക് പോകാന്‍ എനിക്ക് അനുവാദമില്ലെന്നും എന്റെ മകന്‍ രാജന്‍ ക്യാമ്പില്‍ സുഖമായിരിക്കുന്നുവെന്നും എന്നെ അറിയിച്ചു. പെട്ടെന്ന് മനസ്സില്‍ കുളിര്‍മ പരന്നു.
അടുത്തനിമിഷം ഞാന്‍ പറഞ്ഞു: എനിക്കെന്റെ മോനെ കാണണം.
അയാള്‍ മലപോലെ മുന്നില്‍ നില്‍ക്കുകയാണ്. തീര്‍ത്തും ഏകനായി നിന്ന് ഞാന്‍ ഒച്ചവെക്കുകയാണ്. എന്റെ ശബ്ദം വല്ലാത്ത ഉച്ചത്തിലായിരുന്നു.
എനിക്കൊന്നും ചെയ്യാന്‍കഴിയില്ല. ഗാര്‍ഡ് പറഞ്ഞു. അയാളുടെ മുഖം എന്തുകൊണ്ടോ വിവര്‍ണമായിരുന്നുവെന്ന് എനിക്ക് തോന്നി...''
(ഒരച്ഛന്റെ ഓര്‍മക്കുറിപ്പുകള്‍ -പ്രൊഫ. ടി.വി. ഈച്ചരവാരിയര്‍)
രാജന്‍ ക്യാമ്പില്‍ സുഖമായിരിക്കുകയായിരുന്നുവെന്നോ...?
രാജനോടൊപ്പം അന്ന് ആ ക്യാമ്പില്‍ ഉരുട്ടലിന് വിധേയനായ ജോസഫ് ചാലിയുടെ സാക്ഷ്യം:
''രാജനെ ഒരു മൂലയില്‍ കിടത്തി കാലിനടിയില്‍ ചൂരല്‍കൊണ്ട് മര്‍ദിക്കുന്നതായി കണ്ടു. രാജന്റെ തലമുടി പിടിച്ച് ചുമരിലേക്ക് ചേര്‍ത്തിടിച്ച് ബൂട്‌സ്‌കൊണ്ട് ഒരുദ്യോഗസ്ഥന്‍ ചവിട്ടി. കൈകാലുകള്‍ കെട്ടി ഒരു ബെഞ്ചില്‍ കിടത്തിയ രാജന്റെ വായില്‍ തുണി കുത്തിക്കയറ്റിയിരുന്നു. കുറേനേരം ഉരുട്ടല്‍ നടത്തി. രാജന്‍ കിടന്ന് പിടയുകയായിരുന്നു. ഉരുട്ടല്‍കര്‍മത്തിന് നേതൃത്വം നല്‍കിയത് ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള ഒരു സബ് ഇന്‍സ്പെക്ടറായിരുന്നു. കുറേ ഉരുട്ടിക്കഴിഞ്ഞപ്പോള്‍ രാജന്റെ വായില്‍നിന്ന് തുണി നീക്കുന്നത് കണ്ടു. രാജന്‍ അപ്പോള്‍ അനങ്ങുന്നുണ്ടായിരുന്നില്ല. അപ്പോഴേക്കും ഒരാള്‍ ഓടി വെള്ളം കൊണ്ടുവന്ന് മുഖത്ത് തളിച്ചു. അപ്പോഴും രാജന്‍ നിശ്ചലംതന്നെ... നാലാംദിവസം ഒരു ആംഡ് റിസര്‍വ് പോലീസുകാരന്‍, രാജന്‍ മരിച്ചു എന്ന് എന്നോട് രഹസ്യമായി പറഞ്ഞു. ഈ വിവരം മറ്റുചില പോലീസുകാരും പിന്നീട് എന്നോട് പറഞ്ഞിട്ടുണ്ട്.''
(മാതൃഭൂമി, 1977 മേയ് മൂന്ന്)
പ്രതീക്ഷയില്ല, രക്ഷയില്ല...
ആ ക്യാമ്പിലേക്ക് പോലീസുകാര്‍ ഒരു ഡോക്ടറെ വിളിച്ചുകൊണ്ടുപോയതിനെക്കുറിച്ച് കൂരാച്ചുണ്ട് പഞ്ചായത്ത് മുന്‍ അംഗവും പൊതുപ്രവര്‍ത്തകനുമായ ആന്‍ഡ്രൂസ് കട്ടിക്കാനയ്ക്ക് ഇന്നും നല്ല ഓര്‍മയുണ്ട്. ക്യാമ്പില്‍നിന്ന് അധികം ദൂരെയല്ല അദ്ദേഹത്തിന്റെ വീട്. ''അന്ന് ഞങ്ങളൊക്കെ കുട്ടികളാണ്. മോഡേണ്‍ യൂത്ത് സെന്റര്‍ എന്നപേരില്‍ ഒരു ക്ലബ്ബുണ്ട്. അതുമായി ബന്ധപ്പെട്ട് സദാസമയം ടൗണില്‍ത്തന്നെയായിരിക്കും. പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോ. വിശാലാക്ഷമേനോനുമായി ഞങ്ങള്‍ കുട്ടികളൊക്കെ നല്ല അടുപ്പത്തിലായിരുന്നു. ഒരുദിവസം ഡോക്ടറെ പോലീസുകാര്‍ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത് കണ്ടു. തിരിച്ചുവന്നപ്പോള്‍ അദ്ദേഹം ആകെ അസ്വസ്ഥനായിരുന്നു. ഞങ്ങള്‍ ചോദിച്ചപ്പോള്‍, 'പ്രതീക്ഷയില്ല, രക്ഷയില്ല' എന്നായിരുന്നു പ്രതികരണം. രാജനെ ഉരുട്ടിക്കൊന്നു എന്ന വാര്‍ത്ത പിറ്റേന്നാണ് ഞങ്ങളൊക്കെ അറിഞ്ഞത്. മരണം സ്ഥിരീകരിക്കാനായിരിക്കാം ഡോക്ടറെ ക്യാമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ടാവുക.''
ഉലക്ക, മരത്തിന്റെയും ഇരുമ്പിന്റെയും...
ക്യാമ്പിലെ ഉരുട്ടലിനെക്കുറിച്ചുള്ള കഥകള്‍ പലതും ആന്‍ഡ്രൂസും കൂട്ടുകാരും കേട്ടിട്ടുണ്ട്. ''ഉലക്കകൊണ്ടാണ് ഉരുട്ടല്‍. മരത്തിന്റെ ഉലക്കയാണ് എല്ലായിടത്തുമുള്ളതെങ്കില്‍ കക്കയത്ത് ഇരുമ്പിന്റെ ഉലക്കകളും ഉണ്ടായിരുന്നു. കെഎസ്ഇബിയുടെ പവര്‍ സ്റ്റേഷന്‍ ജോലികള്‍ നടക്കുന്നതിനാല്‍ ഇരുമ്പുപൈപ്പുകള്‍ കിട്ടുമായിരുന്നു. അതാണ് ഉലക്കയാക്കി ഉപയോഗിക്കാറ്. കെഎസ്ഇബിയിലുണ്ടായിരുന്ന ഒരു തോമസിന്റെ വീട്ടില്‍നിന്നാണ് പോലീസ് ക്യാമ്പിലേക്ക് ഇരുമ്പുലക്ക കൊണ്ടുപോയതെന്ന് അന്ന് കേട്ടിരുന്നു. ഐബിയിലായിരുന്നു ഉന്നത പോലീസുദ്യോഗസ്ഥരുടെയൊക്കെ താമസം. ചോദ്യംചെയ്യാനുള്ളവരെയാണ് ക്യാമ്പില്‍ കൊണ്ടുവരുന്നത്. അപ്പോള്‍ ഉദ്യോഗസ്ഥര്‍ അങ്ങോട്ടേക്ക് പോകും. കൂരാച്ചുണ്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാര്‍ക്കുപോലും അവിടേക്ക് പ്രവേശനമില്ലായിരുന്നു. ക്യാമ്പിലേക്ക് ചായ കൊണ്ടുപോകുമ്പോള്‍ ഹോട്ടല്‍ത്തൊഴിലാളികളുടെ കൂട്ടത്തില്‍ ഞങ്ങളും കൂടും. കുറേപ്പേരെ ക്യാമ്പില്‍ കണ്ടു. വണ്ടിയില്‍ ആളുകളെ കൊണ്ടുവരുന്നതും കാണാറുണ്ട്. പക്ഷേ, രാജനെയൊന്നും തിരിച്ചറിയാനുള്ള അറിവില്ലായിരുന്നു. ജയറാം പടിക്കലിനെപ്പോലുള്ള ഉന്നത ഉദ്യോഗസ്ഥരും പുറമേനിന്നുള്ള പോലീസുകാരുമാണ് അവിടെ ഉണ്ടായിരുന്നത്...''
ഉരക്കുഴിയിലെ ഓര്‍മകള്‍...
കക്കയത്തുനിന്ന് മുകളിലേക്ക് ചെന്ന് ഉരക്കുഴി വെള്ളച്ചാട്ടത്തിലെത്തുമ്പോള്‍ അവിടെയും രാജനെക്കുറിച്ചുള്ള കഥകളുണ്ട്. മകനെവിടെയെന്ന ചോദ്യത്തിന് ഈച്ചരവാര്യര്‍ക്ക് മറുപടി നല്‍കാന്‍ ഭരണകൂടത്തിനോ പോലീസിനോ കോടതിക്കോ കഴിഞ്ഞില്ല. അമ്പതുവര്‍ഷമാകുമ്പോഴും രാജനിവിടെയാണ് അവസാനിച്ചതെന്ന വിശ്വാസത്തോടെ ഉരക്കുഴിയിലെത്തുന്നു പലരും. രാജനെക്കൊണ്ടാണ് ഉരക്കുഴി പ്രസിദ്ധമായതെന്ന് പറയുന്നു, 20 കൊല്ലമായി ഇവിടെ ഗൈഡായി പ്രവര്‍ത്തിക്കുന്ന സലോമി കക്കയം. രാജന്റെ മൃതദേഹം സമീപത്തുള്ള പാറയില്‍ കിടത്തി പഞ്ചസാരയിട്ട് കത്തിച്ച് ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് ലയിപ്പിച്ചുവെന്ന കേട്ടുകേള്‍വി പങ്കുവെക്കുന്നു അദ്ദേഹം. ആ ഓര്‍മകളിലാണ് ഇവിടേക്ക് ആളുകളെത്തുന്നത്. പാറകളെ തുളച്ച് അവയ്ക്കുള്ളിലൂടെ പതഞ്ഞ് താഴോട്ട് കുതിക്കുന്ന വെള്ളച്ചാട്ടത്തിനു മുകളില്‍ ഉയര്‍ന്നുനില്‍ക്കുന്ന വമ്പന്‍പാറ ചൂണ്ടിക്കാട്ടിക്കൊണ്ട് അദ്ദേഹം പറയുന്നു: ''നോക്കൂ, ആ പാറയ്ക്ക് ഒരു മനുഷ്യന്റെ മുഖമാണ്.''
കക്കയം പോലീസ് ക്യാമ്പ്
കായണ്ണ, കുറ്റ്യാടി പോലീസ് സ്റ്റേഷനുകള്‍ നക്സലൈറ്റുകള്‍ ആക്രമിച്ചതിനുപിന്നാലെ ആ സംഭവവുമായി ബന്ധമുള്ളവരെ പിടികൂടി രഹസ്യമായി ചോദ്യംചെയ്യുന്നതിനാണ് 1976-ല്‍ കക്കയത്ത് പോലീസ് ക്യാമ്പ് തുടങ്ങിയത്. അന്നത്തെ ഐജി പി. മധുസൂദനന്‍, ഡിഐജി ജയറാം പടിക്കല്‍, കോഴിക്കോട് പോലീസ് സൂപ്രണ്ട് പി. ലക്ഷ്മണ, പുലിക്കോടന്‍ നാരായണന്‍ തുടങ്ങിയവരൊക്കെയായിരുന്നു ക്യാമ്പിലെ പ്രധാനികള്‍.
കോഴിക്കോട് റീജണല്‍ എന്‍ജിനിയറിങ് കോളേജ് വിദ്യാര്‍ഥിയായിരുന്ന പി. രാജനെയും ജോസഫ് ചാലിയെയും 1976 മാര്‍ച്ച് ഒന്നിനാണ് പോലീസ് പിടികൂടി കക്കയം ക്യാമ്പിലെത്തിച്ചത്. അതിക്രൂരമായ മര്‍ദനത്തില്‍ പിറ്റേന്ന് രാജന്‍ മരിച്ചു. രാജന്റെ മരണത്തെത്തുടര്‍ന്ന് ഈ ക്യാമ്പ് അടച്ചു. 2014 നവംബറിലാണ് ക്യാമ്പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം പൊളിച്ചത്.
Content Highlights: Rajan Case and Notorious Kakkayam Camp
Published: 25 Jun 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented