കരിയാത്തുംപാറ: ''രാജനെ അവിടെയന്നു കണ്ടു ഞാന്‍. വേറെയും ഒരെട്ടൊന്‍പതുപേരുണ്ട്. കാലില്‍ എന്തോ തേച്ചിട്ടുണ്ട്. ഉരുട്ടിയതിനുശേഷമുള്ള ഇരിപ്പാണ്. കാലുകള്‍നീട്ടി അങ്ങനെ ഇരിക്കുന്നതു കണ്ടു'' -ഞാലിപ്ലാവില്‍ ഭാസ്‌കരന്റെ വാക്കുകള്‍. കരിയാത്തുംപാറയിലെ സിപിഎം പ്രവര്‍ത്തകനായിരുന്ന ഭാസ്‌കരനെ കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസിന്റെ പേരിലാണ് പോലീസ് കക്കയം ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയത്. അവിടെ കഴിഞ്ഞ രണ്ടുനാളുകളെക്കുറിച്ചു ചോദിക്കുമ്പോള്‍ എഴുപത്തിയേഴാം വയസ്സിലും ഓര്‍മ്മകള്‍ക്ക് നല്ല തിളക്കം. താന്‍ കുഴപ്പക്കാരനല്ലെന്ന് ക്യാമ്പിലുണ്ടായിരുന്ന മൂന്നുപോലീസുകാര്‍ സാക്ഷ്യപ്പെടുത്തിയതിനാലാണ് ജീവനോടെ മടങ്ങാന്‍ കഴിഞ്ഞതെന്ന ആശ്വാസവും അദ്ദേഹം പങ്കുവെക്കുന്നു.

To advertise here,

എന്തിനാണ് കൊണ്ടുപോകുന്നതെന്നുപോലും പറയാതെയാണ് ഭാസ്‌കരനെ കരിയാത്തുംപാറയിലെ വീട്ടില്‍നിന്ന് പോലീസുകാര്‍ കൂട്ടിക്കൊണ്ടുപോയത്. കക്കയം ക്യാമ്പില്‍ ചെല്ലുമ്പോള്‍ മൂന്നാലുപേരുണ്ട്. ചെന്നയുടന്‍ പൈപ്പില്‍നിന്ന് കുറേ വെള്ളം കുടിച്ചു. പിന്നെ ഉറങ്ങിപ്പോയി. ഉറക്കം തെളിഞ്ഞുനോക്കുമ്പോള്‍ നിറയെ ആള്‍ക്കാര്‍. പലേടത്തുനിന്നും പിടിച്ചുകൊണ്ടുവന്നതാണ്.

അക്കൂട്ടത്തിലാണ് രാജനെയും കണ്ടത്. രാജനെ നേരത്തേ പരിചയമൊന്നുമില്ല. ഒരാളോട് ചോദിച്ചു, ആരൊക്കെയാ ഈ ഇരിക്കുന്നതെന്ന്. വയനാട്ടില്‍നിന്നും കോഴിക്കോട്ടുനിന്നും കൊണ്ടുവന്നവരൊക്കെയുണ്ടായിരുന്നു അക്കൂട്ടത്തില്‍. രാജനുമുണ്ടെന്ന് അയാള്‍ പറഞ്ഞുള്ള അറിവാണ്. പോലീസ് മര്‍ദനത്തില്‍ രാജന്‍ മരിച്ചെന്നറിയുന്നത് രണ്ടുമൂന്നുനാള്‍ കഴിഞ്ഞാണ്. ''കൂടുതലൊന്നുമറിയില്ല. ഞാന്‍ അന്വേഷിക്കാനും നിന്നില്ല. കാരണം, അങ്ങനത്തെ ചുറ്റുപാടാണ് അന്ന്.''

ക്യാമ്പിലെത്തിയതിന്റെ പിറ്റേന്നാളാണ് പുലിക്കോടന്‍ നാരായണനെ കണ്ടത്. രാവിലെ എട്ടൊമ്പതുമണിയായപ്പോള്‍ എല്ലാവരെയും വരിയായി നിര്‍ത്തി. പുലിക്കോടന്‍ വന്നു. ';എവിടെയാ'' എന്നു ചോദിച്ചു. ഞാന്‍ പറഞ്ഞു, ''കരിയാത്തുംപാറയിലാ.'' അവിടെ ഒരു ഹെഡ് കോണ്‍സ്റ്റബിളും രണ്ട് പോലീസുകാരുമുണ്ടായിരുന്നു. ഹെഡ് കോണ്‍സ്റ്റബിള്‍ ഓടിവന്ന്, ''ഇത് ഞങ്ങള്‍ അറിയുന്നയാളാണ്, കുഴപ്പക്കാരനല്ല'' എന്നു പറഞ്ഞു. ''എന്നാല്‍ അവിടെ മാറിനില്‍ക്ക്'' എന്നായി പുലിക്കോടന്‍. വീണ്ടും രണ്ടുതവണ ചോദ്യം ചെയ്യലുണ്ടായി. അപ്പോഴും പോലീസുകാര്‍ വന്ന്, കുഴപ്പക്കാരനല്ലെന്ന് പറഞ്ഞു. 

ഭാര്യയും മക്കളുമൊക്കെ കായണ്ണ അങ്ങാടിയിലെ ഒരു കടയില്‍ വന്നിരിപ്പുണ്ടായിരുന്നു. തലേന്നേ പിടിച്ചുകൊണ്ടുപോയതല്ലേ, എന്തായി എന്ന ആധിയിലായിരുന്നു അവര്‍. അക്കാര്യം പോലീസുകാര്‍ പറഞ്ഞപ്പോള്‍, ''എന്നാല്‍ ഒപ്പിട്ടുപൊയ്ക്കോളൂ'' എന്നായി. അങ്ങനെ അവിടെനിന്ന് പോന്നതാണ്. അവര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ ഉരുട്ടലിനിരയായേനേ എന്നോര്‍ക്കുമ്പോള്‍ ഇപ്പോഴും ഞെട്ടല്‍.

''മനസാ വാചാ അറിയാത്ത കാര്യത്തിനാണ് പോലീസ് പിടിച്ചുകൊണ്ടുപോയത്. ഞാനൊരു തെറ്റും ചെയ്തിട്ടില്ല. പോലീസ് സ്റ്റേഷന്‍ ആക്രമിക്കാന്‍ പോയിട്ടില്ല. ആരെയും ഉപദ്രവിച്ചിട്ടില്ല. ചെയ്യാത്ത കാര്യത്തിന് പോലീസ് പിടിച്ചുകൊണ്ടുപോവുക, ആള്‍ക്കാരൊക്കെ നോക്കിനില്‍ക്കുക. ആലോചിക്കുമ്പോള്‍ ഇന്നും വിഷമമുണ്ട്. അടിയന്തരാവസ്ഥയല്ലേ, നമുക്ക് അങ്ങോട്ടൊന്നും പറയാന്‍ പറ്റില്ല, ഇങ്ങോട്ട് പറയുന്നത് കേള്‍ക്കുകയല്ലാതെ...അനുഭവം അങ്ങനെയാണ്'' -ആ ദുരനുഭവത്തിന് 50 വര്‍ഷമായെന്നു വിശ്വസിക്കാനാവാതെ ഭാസ്‌കരന്റെ വാക്കുകള്‍.

കപ്പ നടാന്‍ തടമെടുക്കുന്നതിനിടയിലാണ് അന്ന് പോലീസ് പിടിച്ചുകൊണ്ടുപോയത്. കര്‍ഷകത്തൊഴിലാളി യൂണിയന്റെ പഞ്ചായത്ത് സെക്രട്ടറിയായിരുന്നു അന്ന് ഭാസ്‌കരന്‍. പുത്തൂര്‍ പാപ്പന്‍ എന്നയാളായിരുന്നു പ്രസിഡന്റ്. അദ്ദേഹത്തെയും പോലീസ് പിടിച്ചുകൊണ്ടുപോയി ചോദ്യം ചെയ്തിരുന്നു. അത് പക്ഷേ ക്യാമ്പിലേക്കല്ല, സ്റ്റേഷനിലേക്കായിരുന്നു. പാപ്പന്‍ ഈയിടെയാണ് മരിച്ചത്.

കായണ്ണ പോലീസ് സ്റ്റേഷന്‍ ആക്രമണക്കേസില്‍ കക്കയം പോലീസ് ക്യാമ്പിലേക്ക് പിടിച്ചുകൊണ്ടുപോയ ഞാലിപ്ലാവില്‍ ഭാസ്‌കരന്‍ ആ നാളുകളുടെ കഥ പറയുന്നു