
കോഴിക്കോട്:സംസ്ഥാനത്ത് ആത്മഹത്യചെയ്യുന്നവരുടെ നിരക്ക് ഉയരുമ്പോൾ അതിലേറെയും പുരുഷന്മാർ. 2024-ൽ സംസ്ഥാനത്ത് 8865 പുരുഷന്മാരാണ് ആത്മഹത്യചെയ്തത്. അതേസമയം, 1999 സ്ത്രീകളാണ് ജീവിതമവസാനിപ്പിച്ചത്. 82 ശതമാനമാണ് പുരുഷ ആത്മഹത്യാനിരക്ക്. 15 വയസ്സിന് താഴെയുള്ള 54 കുട്ടികളും ആത്മഹത്യചെയ്തിട്ടുണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. സംസ്ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകളെ അടിസ്ഥാനമാക്കി എരഞ്ഞിപ്പാലം തണൽ ആത്മഹത്യാപ്രതിരോധകേന്ദ്രമാണ് പഠനം നടത്തിയത്.
2014-ൽ 8446 പേർ ആത്മഹത്യചെയ്തപ്പോൾ, 2024-ൽ അത് 10,865 പേരായി. 10 വർഷത്തിനിടെ 28.6 ശതമാനമാണ് വർധന. 30-60 പ്രായത്തിനിടയിലാണ് 53 ശതമാനം ആത്മഹത്യകളും. 30-45 പ്രായത്തിൽ 2676 പേരും 46-59 പ്രായത്തിലുള്ള 3081 പേരും ജീവിതമവസാനിപ്പിച്ചു. 15-29 പ്രായത്തിലുള്ളത് 2012 പേരാണ്. പാശ്ചാത്യരാജ്യങ്ങളിൽനിന്ന് വിഭിന്നമായി വിവാഹിതരാണ് ആത്മഹത്യചെയ്യുന്നവരിലേറെയും. 76.1 ശതമാനം വരുമിത്.
| ജില്ല | ആത്മഹത്യാനിരക്ക് (2024) |
| തിരുവനന്തപുരം | 1270 |
| എറണാകുളം | 1089 |
| തൃശൂര്‍ | 1062 |
| പാലക്കാട് | 902 |
| കോഴിക്കോട് | 820 |
| കാസര്‍കോട് | 346 |
| വയനാട് | 337 |
| കണ്ണൂര്‍ | 757 |
| ആലപ്പുഴ | 748 |
| കോട്ടയം | 573 |
| മലപ്പുറം | 533 |
| ഇടുക്കി | 428 |
| പത്തനംതിട്ട | 362 |
മരിച്ചവരിൽ നിരക്ഷരർ 1.3 ശതമാനമാണ്. എന്നാൽ, ഹൈസ്കൂൾ-പ്ലസ്‌ടു വരെയൊക്കെ പഠിച്ചവരാണ് 57 ശതമാനവും. 38.8 ശതമാനവും ദിവസക്കൂലിക്കാരാണ്. കുടുംബം ഒന്നിച്ച് ആത്മഹത്യചെയ്ത ഒൻപത് സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സ്ത്രീകൾ പൊതുവേ പ്രശ്നങ്ങളുണ്ടായാൽ തുറന്നുപറയുകയും സഹായംതേടുകയും ചെയ്യുന്നവരാണ്. എന്നാൽ, പുരുഷന്മാർ അത്തരത്തിൽ സഹായംതേടില്ല. അതുകൊണ്ടുതന്നെയാണ് പുരുഷന്മാരിൽ ആത്മഹത്യ കൂടുന്നതെന്നാണ് വിലയിരുത്തൽ. അതേസമയം, ആത്മഹത്യാശ്രമം സ്ത്രീകളിലാണ് കൂടുതൽ. മൂന്നുസ്ത്രീകൾ ശ്രമം നടത്തുമ്പോൾ ഒരു പുരുഷനാണ് അത്തരം ശ്രമം നടത്തുന്നത്.
കാരണങ്ങൾ
- കുടുംബപ്രശ്നം (54 ശതമാനം)
- മാനസിക-ശാരീരിക പ്രശ്നങ്ങൾ (18.7)
- ലഹരി (10.2)
- സാമ്പത്തികം (3.6)
- പ്രണയം (2.7)
- തൊഴിലില്ലായ്മ (0.9)
- തൊഴിൽ (1.5)
- പരീക്ഷയിലെ തോൽവി (0.5)
ആത്മഹത്യ: പരിഹാരമല്ല, പ്രതിരോധമാണ് വേണ്ടത്
കുടുംബബന്ധങ്ങളിലെ വിള്ളലുകളാണ് പലപ്പോഴും മരണത്തിലേക്ക് നയിക്കുന്നത്. അതുകണ്ടെത്തി പരിഹരിക്കണം. മറ്റുനാടുകളിൽ അവിവാഹിതരും ഒറ്റയ്ക്കുകഴിയുന്നവരുമാണ് കൂടുതൽ മരിക്കുന്നത്. കുടുംബമെന്ന സുരക്ഷയിൽനിന്ന് എന്തുകൊണ്ട് മാറുന്നുവെന്ന് പഠിക്കണം. ഓരോ പഞ്ചായത്തിലും കൗൺസലിങ് സൗകര്യം ഒരുക്കണം. അവിടെ നമുക്ക് തുറന്നുപറയാനുള്ള അന്തരീക്ഷമുണ്ടാകണം. ചികിത്സ വേണമെങ്കിൽ അതിലേക്ക് നയിക്കാൻപറ്റണം. 2015-ൽ ആത്മഹത്യ കൂടുതലായിരുന്നെങ്കിലും തുടർന്നുള്ള നാലുവർഷം കുറഞ്ഞിരുന്നു. പിന്നീട് കൂടി. അതിനുള്ള കാരണം കണ്ടെത്താനാവണം. പ്രശ്നപരിഹാരത്തിന് കൃത്യമായ മാർഗരേഖ തയ്യാറാക്കണം.
-ഡോ. പി.എൻ. സുരേഷ്‌കുമാർ (തണൽ സ്ഥാപക ഡയറക്ടർ)
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അത്തരം ചിന്തകളുണ്ടാകുമ്പോൾ മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. ദിശ ഹെൽപ്പ് ലൈൻ: 1056, 0471-2552056
Content Highlights: September 10: World suicide prevention day. Statistics says most suicides in Kerala committed by men
Published: 10 Sept 2025, 10:08 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented