കൊറിയൻസംഗീതം കെ-ഡ്രാമകളെക്കാൾ വലിയൊരു ലോകമാണ് കൗമാരക്കാർക്കുമുന്നിൽ തുറന്നുനൽകിയത്. കൊറിയനും ഇംഗ്ലീഷും കലർത്തിയുള്ള വരികളും ചടുലതാളങ്ങളും നൃത്തവും നിറങ്ങളുടെയും പ്രകാശത്തിന്റെയും അതിപ്രസരമുള്ള മനോഹരദൃശ്യങ്ങളും കെ-പോപിനെ ആകർഷകമാക്കുന്നു. പക്ഷേ, പാട്ടുകളോടുള്ളതിനെക്കാൾ പ്രിയം പലപ്പോഴും പാട്ടുകാരോടാണ് ഉണ്ടാകുന്നത്.

To advertise here,

ഓൺലൈൻ കമ്യൂണിറ്റികളിലൂടെയും ഫാൻഡങ്ങളിലൂടെയും ഈ പ്രിയം വളരുന്നു. തങ്ങളുടെ ഫാൻസിനായി എന്തുംചെയ്യാൻ കൊറിയൻ ഐഡലുകളും തയ്യാറാണ്. കോൺസേർട്ടുകളിലൂടെയും സമൂഹമാധ്യമങ്ങളിലെ സാന്നിധ്യത്തിലൂടെയും അവർ പ്രിയപ്പെട്ട ആരാധകരെ സന്തോഷിപ്പിക്കുന്നു. ആർമി (ബി.ടി.എസ്.), ബ്ലിങ്ക് (ബ്ലാക്ക്പിങ്ക്), സ്റ്റേ (സ്ട്രേ കിഡ്സ്), വൺസ് (ട്വയിസ്) തുടങ്ങിയവയെല്ലാം ഇത്തരം ഫാൻഡങ്ങൾക്ക്‌ ഉദാഹരണങ്ങളാണ്. ഫാൻഡം ഒരു പ്രത്യേകസമൂഹമാണ്. അവർ തങ്ങളുടെ പ്രിയതാരത്തിനെ പ്രോത്സാഹിപ്പിക്കുന്നു, അവരുടെ പാട്ടുകൾ നിരന്തരം കേൾക്കുന്നു, അവരുടെ പേരുള്ളതെല്ലാം വാങ്ങാനാഗ്രഹിക്കുന്നു, താരത്തിന്റെ ജീവിതത്തിലെ എല്ലാറ്റിനെയുംകുറിച്ച് അറിയാനാഗ്രഹിക്കുന്നു. സമാന ഇഷ്ടങ്ങളുള്ള കൂട്ടുകാരെ തേടുന്നു. ഫാൻസിന്റെ ജീവിതത്തിലെ സന്തോഷവും സങ്കടവും ഈ ഐഡലുകൾക്കും അവരുടെ പാട്ടുകൾക്കും ഒപ്പം ചെലവിടുന്നു. ഇതിനൊപ്പം കണ്ടന്റുകളുടെ നിലയ്ക്കാത്ത പ്രവാഹം കൂടിച്ചേരുമ്പോൾ ഇതൊരു ജീവിതശൈലിയായി, ഗാസിയാബാദിലെ കുട്ടികൾ പറഞ്ഞതുപോലെ അവരുടെ ലോകമായി മാറുന്നു.

കഥയ്ക്കുമപ്പുറം

കഥകൾക്കും പുതുമയ്ക്കുമപ്പുറം മറ്റൊരു പ്രധാന ആകർഷണവലയം കൊറിയൻ ജനതയുടെ, കുറഞ്ഞപക്ഷം അഭിനേതാക്കളുടെ സൗന്ദര്യവും വേഷവിധാനങ്ങളും ഭക്ഷണവുമൊക്കെയാണ്. കെ-ബ്യൂട്ടിയും കൊറിയൻ സൗന്ദര്യവർധക വസ്തുക്കൾക്കും ബിബിംബാബ്, കിംബാബ്, റാമേൻ, കിംച്ചി തുടങ്ങിയ വിഭവങ്ങൾക്കുമൊക്കെ ഇന്ന് കേരളത്തിൽപ്പോലും ആവശ്യക്കാരേറെയാണ്. സീരീസുകളിലെ മെലിഞ്ഞ, വെളുത്തുതുടുത്ത അഭിനേതാക്കളോട് ഒരു പ്രത്യേക ഇഷ്ടമാണ് കാഴ്ചക്കാർക്ക് തോന്നാറ്. ഇത്തരം സൗന്ദര്യം തനിക്കുമുണ്ടാകണമെന്ന് അവർ ആഗ്രഹിക്കുന്നു. അതിനുവേണ്ടി പണം മുടക്കാനും അവർ തയ്യാറാണ്. ഒരു ഫെയർനസ് ക്രീമിലും കൺമഷിയിലും ടാൽക്കം പൗഡറിലും ഒതുങ്ങിയിരുന്ന മേക്കപ്പ് ഇന്ന് കാണാനില്ല. 10 സ്റ്റെപ്പ് റുട്ടീനുകളും പലതരം ക്രീമുകളും സ്നെയിൽ മ്യൂസിനും (ഒച്ചുകളുടെ സ്രവത്തിൽനിന്ന്‌ വേർതിരിച്ചെടുക്കുന്ന സൗന്ദര്യവർധക വസ്തു) ഒക്കെ ഇന്ന് ഇന്ത്യൻ യുവത്വത്തിന് ചിരപരിചിതമാണ്. ഇന്ത്യയിലെ സൗന്ദര്യവർധകവിപണിയിൽ ഇന്ന്‌ ഏറ്റവും വേഗത്തിൽ വളരുന്ന വിഭാഗമാണ് കൊറിയൻ ബ്യൂട്ടികെയർ. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ കൊറിയൻ സൗന്ദര്യവിപണി 150 കോടി ഡോളറിലെത്തുമെന്നാണ് (13,500 കോടിയിലേറെ രൂപ) ഈ രംഗത്തെ വിദഗ്ധർ കരുതുന്നത്.

അരുതെന്ന് പറയുന്നതിലൂടെ അവസാനിപ്പിക്കാനാകുന്നതല്ല ആസക്തി എന്നത്‌. തലച്ചോറിൽ ആനന്ദംനൽകുന്ന ഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിനാലാണ് ഈ ആസക്തി ഉണ്ടാകുന്നത്. ഒപ്പം ഇന്നുവരെ കാണാത്ത കാര്യങ്ങൾ കാണുന്നതും അത്‌ അവരെ സന്തോഷിപ്പിക്കുന്നതുമാണ് ആസക്തിക്ക് കാരണമാകുന്നത്. അത്തരമൊരു കാര്യം പൂർണമായി വിലക്കിയാൽ ഗുണത്തെക്കാളേറെ ദോഷമാണുണ്ടാക്കുക. സമ്മർദവും പിരിമുറുക്കവും കൂട്ടാനേ ഇതുപകരിക്കൂ. ഉപഭോഗം നിയന്ത്രിക്കുക, ബിങ്‌ വാച്ചിങ് ഒഴിവാക്കുക എന്നിവയാണ് ചെയ്യാനാകുന്ന കാര്യം. വന്നുപോകുന്ന മറ്റുപല പുതിയതിനെയുംപോലെ ഈ ആസക്തിക്കും അധികം ആയുസ്സുണ്ടാകില്ലെന്ന് വിശ്വസിക്കാം

- സൈലേഷ്യ ജി. (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്)

കൊറിയൻ ഭക്ഷണത്തിനും ഇന്ത്യയിൽ ഇന്ന് നല്ല മാർക്കറ്റാണ്. കേരളത്തിലെ മിക്ക നഗരത്തിലും ഒരു കൊറിയൻ ഭക്ഷണശാലയെങ്കിലും കാണാൻ കഴിയും. ആമസോൺപോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ കൊറിയൻ റാമേൻമുതൽ കിംചിയും ഗൊച്ചുജാങ്ങുമൊക്കെ വാങ്ങാൻ കിട്ടും. സംയാങ്, നൊഗ്ഷിം തുടങ്ങിയ കൊറിയൻ ന്യൂഡിൽ ബ്രാൻഡുകളുടെ ശരിയായ കൊറിയൻ രുചികൾതേടുകയാണ് കൗമാരക്കാരിന്ന്. സ്വിഗ്ഗിയുടെ കണക്കുപ്രകാരം ഇന്ത്യയിലെ കൊറിയൻ ഭക്ഷണഉപഭോഗം 2022-ൽനിന്ന് 2025-ലെത്തിയപ്പോഴേക്കും 17 മടങ്ങാണ് കുതിച്ചുയർന്നത്.

മോശമല്ല, അമിതമാകുന്നതുവരെ

കൊറിയൻ ഡ്രാമകളും കെ-പോപ്പുമൊക്കെ ഏഷ്യൻ വിനോദവ്യവസായത്തിലേക്കുള്ള വലിയ വാതിലുകളാണ് തുറന്നിട്ടത്. ഇന്ന് സി-ഡ്രാമയും (ചൈനീസ് സീരീസുകൾ) ജെ-പോപ്പും (ജാപ്പനീസ് പോപ് സംഗീതം) അനിമേകളുമൊക്കെ ഇന്ത്യയിലെത്തിക്കഴിഞ്ഞു. മനംമടുപ്പിക്കുന്ന ഇന്ത്യൻ മുഖ്യാധാരാസീരീസുകളുമായി താരതമ്യംചെയ്യുമ്പോൾ വിനോദത്തിന്റെ പുതിയ ലോകമാണ് ഇവ കാട്ടിത്തരുന്നത്. ജീവിതത്തിന്റെ യാഥാർഥ്യങ്ങളിൽനിന്നും പ്രശ്നങ്ങളിൽനിന്നും ഒറ്റപ്പെടലിൽനിന്നുമൊക്കെ അല്പനേരത്തേക്കെങ്കിലും ഒളിച്ചോടാൻ ഇവ ഒരു മാർഗമാണ്. കൊറിയൻ ഡ്രാമകൾ പ്രണയത്തെപ്പറ്റിയും സ്വപ്നങ്ങളെപ്പറ്റിയുമൊക്കെ നമ്മോട് സംസാരിക്കുകയും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

കെ-ഡ്രാമ താരങ്ങളും കെ-പോപ്പ് ഐഡലുകളും ലോകമെമ്പാടും ഇന്ന് വലിയ സ്വാധീനം ചെലുത്തുന്ന സാംസ്‌കാരിക ശക്തികളായി മാറിയിട്ടുണ്ട്. അവർ ജെൻ-സീ തലമുറയുടെ ജീവിതശൈലിയിലും ആശയങ്ങളിലും വ്യക്തമായ മാറ്റങ്ങൾ സൃഷ്ടിക്കുന്നു. കെ-പോപ്പ് സംഗീതം, ഡാൻസ് മൂവ്മെന്റുകൾ, ഫാഷൻ ട്രെൻഡുകൾ, ഫാൻ സംസ്‌കാരം എന്നിവ യുവാക്കളിൽ ഐഡന്റിറ്റി രൂപവത്‌കരണത്തിലും സോഷ്യൽ മീഡിയ എക്സ്പ്രഷനിലും നിർണായക സ്വാധീനം ചെലുത്തുന്നുണ്ട്

- ജഗദീഷ് വില്ലോടി (സോഷ്യൽ സയന്റിസ്റ്റ്‌)

കണ്ടുപരിചയിച്ച ലോകത്തിനപ്പുറത്തേക്ക് യാത്രചെയ്യാനുള്ള പ്രേരണയും ഇവ കാഴ്ചക്കാർക്ക് നൽകുന്നു. രണ്ടുവർഷമായി സ്കൂളിൽപ്പോലും പോകാതിരുന്ന ഗാസിയാബാദിലെ കുട്ടികളെ സംബന്ധിച്ച് ജീവിതത്തിൽ സന്തോഷംനൽകുന്ന ഒരേയൊരു കാര്യമായിരുന്നിരിക്കാം കൊറിയയുടെ ലോകം. കൊറിയൻ ലൗവ് ഗെയിമിലേക്ക് ഇവരെ ആകർഷിച്ചതും ഇതാകാം. എന്നുകരുതി ഇനി കുട്ടികൾ കൊറിയൻസംഗീതം കേൾക്കുകയും സീരീസുകൾ കാണുകയും ചെയ്യരുതെന്ന് പറയാനാകില്ല. കൊറിയൻ ഗെയിമുകൾക്കുംമുൻപേ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ബ്ലൂവെയിൽ ചലഞ്ചും മോമോ ചലഞ്ചുമൊന്നും നാം മറക്കാറായിട്ടില്ലല്ലോ. സ്‌ക്രീനിലെ ലോകവും യാഥാർഥ്യവും തമ്മിലുള്ള അതിർവരമ്പുകൾ നേർത്തുപോകുമ്പോഴാണ് അപകടത്തിലേക്ക് വഴുതിവീഴുന്നത്. കുട്ടികൾ എന്തുകാണുന്നു എന്ന് കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയുമാണ് ചെയ്യേണ്ടത്. ഒന്നിനുപുറകേ ഒന്നായി ഡ്രാമകൾ കാണുന്നതിനുപകരം ഓരോന്നിനുമിടയിൽ ദിവസങ്ങളുടെയോ ആഴ്ചകളുടെയോ ഇടവേള ഏർപ്പെടുത്താം. യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാൻ ഇത് സഹായകമാകും. ഇറങ്ങിക്കഴിഞ്ഞ സീരീസുകൾ ഒറ്റയടിക്ക് കണ്ടുതീർക്കുതിനുപകരം ഇപ്പോൾ സംപ്രേഷണംചെയ്യുന്നവ ആഴ്ചയിൽ രണ്ട്‌ എപ്പിസോഡെന്ന രീതിയിൽ കാണാം. അമിതമായാൽ അമൃതും വിഷമാണ് എന്ന കാലപ്പഴക്കംചെന്ന ചൊല്ല് അത്ര പഴകിയതല്ലെന്ന ഓർമ്മപ്പെടുത്തലാണ് ഗാസിയാബാദിലെയും മറ്റും സംഭവങ്ങൾ.

(അവസാനിച്ചു)