തങ്ങളുടെ കാഴ്ചപ്പാടുകൾ സ്ക്രീനിൽ പ്രതിഫലിക്കുന്നത് അപൂർവമായി മാത്രം കണ്ടുശീലിച്ച ഇന്ത്യൻ പെൺ പ്രേക്ഷകരെ കൊറിയൻഡ്രാമകൾ ഒരു കാന്തംപോലെ ആകർഷിക്കുന്നു

പണക്കാരനായ സി.ഇ.ഒ. പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയുമായി പ്രണയത്തിലാകുന്ന കഥകൾ മാത്രമല്ല കൊറിയൻ സീരീസുകൾ പറയുന്നത്. അതിനുമൊക്കെ അപ്പുറം ജീവിതത്തെപ്പറ്റിയും യുവത്വത്തെപ്പറ്റിയും പ്രണയത്തെപ്പറ്റിയും ബന്ധങ്ങളെപ്പറ്റിയുമൊക്കെ അവ ആഴത്തിൽ ചർച്ചചെയ്യുന്നു. ഡേറ്റിങ് വയലൻസ് (പ്രണയിക്കുന്ന സമയത്ത് പങ്കാളിയിൽനിന്നുണ്ടാകുന്ന ഉപദ്രവം), സ്കൂളുകളിലെ ബുള്ളിയിങ് (കുട്ടികൾ മറ്റുകുട്ടികളെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നരീതി), പുരുഷാധിപത്യസമൂഹത്തിന്റെ പ്രശ്നങ്ങൾ, ജോലിലഭിക്കാനും ജീവിതം കരുപ്പിടിപ്പിക്കാനും ശ്രമിക്കുന്ന യുവത്വത്തിന്റെ പ്രശ്നങ്ങൾ, കൗമാരക്കാരുടെ സ്വത്വം കണ്ടെത്താനുള്ള പ്രതിസന്ധി എന്നിങ്ങനെ യുവതലമുറ യഥാർഥത്തിൽ നേരിടുന്ന പ്രശ്നങ്ങളെപ്പറ്റിയും കൊറിയൻ സീരീസുകൾ ചർച്ചചെയ്യുന്നു.
ഇത്തരം പ്രശ്നങ്ങൾക്കാകട്ടെ സീരീസവസാനത്തോടെ സ്വപ്നതുല്യമായ പരിഹാരം ലഭിക്കുകയും ചെയ്യുന്നു. സ്കൂളിൽ ഉപദ്രവം നേരിടുന്ന കുട്ടിയുടെ ശരീരത്തിൽ ‘നല്ലവനായ’ ഒരു ഗുണ്ടയുടെ ആത്മാവ് പ്രവേശിച്ച് പ്രശ്നങ്ങൾ പരിഹരിക്കുന്നതോ ക്രൂരനായ പങ്കാളിയിൽനിന്ന് ഒളിച്ചോടിച്ചെല്ലുന്നിടത്ത് സ്വപ്നതുല്യമായ മറ്റൊരു പങ്കാളിയെ ലഭിക്കുന്നതും ഒക്കെ കാണുമ്പോൾ തന്റെ ജീവിതത്തിലെ പ്രശ്നങ്ങളും ഒരു പക്ഷേ, ഇത്തരത്തിൽ പരിഹരിക്കപ്പെട്ടേക്കാം എന്ന് സ്വപ്നം കാണുന്നതിൽ തെറ്റുപറയാനാകില്ലല്ലോ.
പെൺ കാഴ്ചപ്പാടുകൾക്ക് ഒരിടം
കൊറിയൻ ഡ്രാമ എഴുത്തുകാരിൽ 90 ശതമാനവും സ്ത്രീകളാണ്. അതുകൊണ്ടുതന്നെ സ്ത്രീകളുടെ കണ്ണിലൂടെ സ്ത്രീകൾക്കുവേണ്ടി എഴുതപ്പെടുന്നവയാണ് ഭൂരിഭാഗം ഡ്രാമകളും. ഇന്ത്യൻ സിനിമകളിലും മറ്റും സ്ത്രീകളെ എങ്ങനെ കാഴ്ചവസ്തുക്കളാക്കുന്നോ ഒരുതരത്തിൽ അതിന് സമാനമായി കൊറിയൻ സീരീസുകൾ പുരുഷസൗന്ദര്യത്തെ കൃത്യതയോടെയും വ്യക്തതയോടെയും പകർത്തുന്നു. പെൺകഥാപാത്രങ്ങളിൽ ഭൂരിഭാഗവും സാധാരണരീതിയിൽ മാത്രം ചിത്രീകരിക്കപ്പെടുമ്പോൾ അതിചാരുതയോടെ ആൺകഥാപാത്രങ്ങൾ അവതരിപ്പിക്കപ്പെടുന്നു. കൊറിയൻ ആരാധകവൃന്ദത്തിൽ പെൺസാന്നിധ്യം ഇത്രകൂടാൻ കാരണമിതാണ്. ‘ഹാൻസം’ എന്ന് പുരുഷന്മാരെയും ‘ബ്യൂട്ടിഫുൾ’ എന്ന് സ്ത്രീകളെയും വിളിക്കുന്ന രീതിയെയാണ് കെ-ഡ്രാമകളിലെ ഈ ‘ഒപ്പ’മാർ (മൂത്ത ജ്യേഷ്ഠൻ അല്ലെങ്കിൽ പ്രണയിതാവ്. മലയാളത്തിൽ ചേട്ടൻ എന്ന പദത്തിനു തുല്യം) വെല്ലുവിളിക്കുന്നത്.
Also Read: കെ-പോപ്പ്, കെ-ഡ്രാമ, കെ-ബ്യൂട്ടി...; ‘ഹല്യൂ’ ജീവനെടുക്കുന്ന ആസക്തിയാകുമ്പോൾ
ആൺസൗന്ദര്യത്തെ മാത്രമല്ല പ്രണയത്തെയും കുടുംബബന്ധങ്ങളെയുമൊക്കെ പെൺകാഴ്ചപ്പാടുകളിൽ നോക്കിക്കാണാൻ കൊറിയൻ ഡ്രാമകൾക്ക് കഴിയുന്നുണ്ട്. കൊറിയൻ സീരീസുകളിലെ പ്രണയം മരംചുറ്റി പ്രണയമോ കരയുന്ന നായികയെ ചേർത്തുപിടിച്ച് ആശ്വസിപ്പിക്കുകയും അവൾക്ക് ഒരു ചായയിട്ട് കൊടുക്കുന്നത് എന്തോ വലിയ സംഭവമായി കാണുകയോ ചെയ്യുന്നതരം പ്രണയമല്ല. പുരുഷനുമാത്രം പ്രാധാന്യമുള്ള ബന്ധങ്ങളുമല്ല ഭൂരിഭാഗം ഡ്രാമകളിലും കാണാറുള്ളത്.
കൊറിയൻഡ്രാമകളിലെ പുരുഷന്മാർ പ്രണയിനികളെ ചേർത്തുപിടിക്കുന്നു. അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തയ്യാറാകുന്നു. ഈ പുരുഷന്മാർ വൈകാരികത പ്രകടിപ്പിക്കാൻ കഴിയുന്നവരാണ്. അവർ സൗമ്യരും ദൗർബല്യങ്ങളുള്ളവരുമാണ്. അവർ കരയും ചിരിക്കും പിണങ്ങും ക്ഷമ ചോദിക്കും പാചകംചെയ്യും വികാരങ്ങളെപ്പറ്റി സംസാരിക്കും പ്രണയിനികൾ ജോലിയിൽ വിജയിക്കാൻ കൂട്ടുനിൽക്കും വളരെ പതുക്കെ പ്രണയത്തിലാകും. ഇത്തരത്തിൽ ഏതൊരു സ്ത്രീയും ആഗ്രഹിക്കുന്ന പങ്കാളികളെയാണ് കൊറിയൻ സീരീസുകളിൽ കാണാനാകുക. തങ്ങളുടെ കാഴ്ചപ്പാടുകൾ സ്ക്രീനിൽ പ്രതിഫലിക്കുന്നത് അപൂർവമായി മാത്രം കണ്ടുശീലിച്ച ഇന്ത്യൻ പെൺ പ്രേക്ഷകരെ കൊറിയൻഡ്രാമകൾ ഒരു കാന്തംപോലെ ആകർഷിക്കുന്നു. ഇത്തരമൊരു മായാലോകം യാഥാർഥ്യമായെങ്കിലെന്ന് കൗമാരക്കാർ സ്വപ്നംകാണുന്നു.
‘ട്രെയിൻ ടു ബുസാൻ’ ഇഫക്ട്
കൊറിയൻ സീരീസുകളുടേതിൽനിന്ന് അല്പം വ്യത്യസ്തമാണ് കൊറിയൻ സിനിമകളുടെ കാര്യം. അന്താരാഷ്ട്ര സിനിമകളോട് കിടപിടിക്കുന്ന സിനിമകളും സിനിമാനിർമാതാക്കളും കൊറിയൻ വിനോദവ്യവസായത്തിന് സ്വന്തമായുണ്ടെന്നതാണ് കാരണം. കൊറിയൻ സിനിമകളിൽ നിന്ന് 'പ്രചോദനം' കൊണ്ടവരിൽ മലയാള സിനിമാസംവിധായകർ എമ്പാടുമുണ്ട്. ലോകത്താദ്യമായി മികച്ച ചിത്രത്തിനുള്ള ഓസ്കർ നേടിയ ഇംഗ്ലീഷിതര സിനിമ കൊറിയയുടെ സ്വന്തം ‘പാരസൈറ്റ്’ ആണെന്നോർക്കണം. പാരസൈറ്റിന് മുൻപുതന്നെ ഓൾഡ് ബോയ്, ഐ സോ ദി ഡെവിൾ, എ ബിറ്റർ സ്വീറ്റ് ലൈഫ്, മിറാക്കിൾ ഇൻ സെൽനമ്പർ 7 പോലുള്ള സിനിമകൾ സിനിമാേപ്രമികൾ ആഘോഷമാക്കിയിട്ടുണ്ട്. കൊറിയൻ സംവിധായകനായ കിം കി ഡുക്കിന് ഇന്ത്യയിൽ, പ്രത്യേകിച്ചും കേരളത്തിൽ ഒരു കൾട്ട് ഫോളോയിങ്തന്നെ ഉണ്ടായിരുന്നു. 2013-ൽ അദ്ദേഹം ഐ.എഫ്.എഫ്.കെ.യിൽ എത്തിയപ്പോൾ ഒരുനോക്കുകാണാൻ ആയിരക്കണക്കിന് യുവാക്കളാണ് തടിച്ചുകൂടിയത്.
എന്നാൽ, കൊറിയൻതരംഗത്തെ ആഞ്ഞടിക്കാൻ ഏറ്റവുമധികം സഹായിച്ച സിനിമ ഇവയൊന്നുമായിരുന്നില്ല. 2016-ൽ പുറത്തിറങ്ങിയ ‘ട്രെയിൻ ടു ബൂസാൻ’ ആണ്. യൊൻ സങ് ഹൊ സംവിധാനംചെയ്ത് ഗൊങ് യു പ്രധാന വേഷത്തിലെത്തിയ സോംബി സിനിമ വൻ ഹിറ്റായി. ഇന്ത്യയിൽ ഏറ്റവുമധികം തിരയപ്പെട്ട വിദേശ സിനിമയായിരുന്നു അക്കാലത്തത്. പെൺകുട്ടികൾക്കുമാത്രം ഇഷ്ടപ്പെടുന്ന കൊറിയൻ കണ്ടന്റുകളിലേക്ക് ആൺസമൂഹത്തെ ആകർഷിക്കാൻ സിനിമയ്ക്ക് കഴിഞ്ഞു.
കൊറിയൻ സോംബികളോടുള്ള ഇഷ്ടം നെറ്റ്ഫ്ലിക്സിന്റെ ആദ്യ ഒറിജിനൽ കൊറിയൻ സീരീസായ കിങ്ഡം, ഓൾ ഓഫ് അസ് ആർ ഡെഡ്, ഹാപ്പിനസ്, സ്വീറ്റ് ഹോം തുടങ്ങിയ കൊറിയൻ ഡ്രാമകൾക്ക് വഴിതെളിച്ചു. ഇവയെല്ലാം ഒ.ടി.ടി.കളിൽ വലിയ ഹിറ്റായിരുന്നു. ആൺസമൂഹമാണ് ഇത്തരം സീരീസുകളിൽ കൂടുതൽ താത്‌പര്യം കാണിച്ചിരുന്നത്. പിന്നീട് ടണൽ (2017), ബിയോണ്ട് ഈവിൾ, സിഗ്‌നൽ, മൗസ് തുടങ്ങിയ ത്രില്ലർ ജേണറിലുള്ള ഡ്രാമകൾക്ക് പ്രചാരമേറിയതിൽ ട്രെയിൻ ടു ബൂസാന് വലിയ പങ്കുണ്ട്. ഇന്ന് റെമാൻസിന് സമാന്തരമായി വലിയ ആരാധകരുള്ള ജേണറാണ് ത്രില്ലർ. അത് ഒ.ടി.ടി.കളും ചാനലുകളും മനസ്സിലാക്കുന്നുമുണ്ട്. ഈ സിനിമയുടെ വിജയമാണ് സ്ക്വിഡ് ഗെയിമിന്റെ നിർമാണത്തിന് കാരണമായതെന്ന് പറയുന്നതിലും തെറ്റില്ല.
റീൽസ് മെന്റാലിറ്റിയും ക്ലിഫ് ഹാങ്ങറുകളും
ഒരു സാധാരണ കൊറിയൻ സീരീസിന് 16 എപ്പിസോഡുകളാണുള്ളത്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളുടെ വരവോടെ ഇത് 14, 12, എട്ട് എന്നിങ്ങനെ ചുരുങ്ങിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് എപ്പിസോഡുകൾവീതമാണ് സാധാരണ കൊറിയൻ ഡ്രാമകൾ സംപ്രേഷണംചെയ്യുന്നത്. കൂടിപ്പോയാൽ രണ്ടുമാസംകൊണ്ട് കഥതീരും. എല്ലാ എപ്പിസോഡുകളും ഇറങ്ങിയ സീരീസാണെങ്കിൽ ബിഞ്ച് വാച്ചുചെയ്താൽ രണ്ടുമുതൽ മൂന്നുദിവസം മതി ഒരു സീരീസ് കണ്ടുതീർക്കാൻ. കൗമാരക്കാരുടെ ‘റീൽസ് മെന്റാലിറ്റിക്ക്’ തികച്ചും അനുയോജ്യം.
എപ്പിസോഡുകളിലെ ട്വിസ്റ്റും ടേണും ക്ലിഫ് ഹാങ്ങറുമൊക്കെയാണ് മറ്റൊരു ആകർഷണീയത. ഒരാഴ്ചയിറങ്ങുന്ന രണ്ട് എപ്പിസോഡുകളിൽ ആദ്യത്തേത് അവസാനിക്കുന്നത് അടുത്ത ദിവസത്തേക്ക് നിങ്ങളെ തിരിച്ചുകൊണ്ടുവരാൻ പ്രാപ്തമായ രീതിയിലായിരിക്കും. എന്നാൽ, രണ്ടാമത്തെ എപ്പിസോഡ് അവസാനിക്കുന്നത് അടുത്ത ഒരാഴ്ചത്തേക്ക് നിങ്ങളെ മുൾമുനയിൽ നിർത്തിക്കൊണ്ടാകും. പ്രക്ഷകരെ സീരീസുകളിലേക്ക് തിരികെയെത്തിക്കാൻ ഇതിലും മികച്ച ഒരു വഴിയില്ലെന്ന് ആയിരക്കണക്കിന് ഡ്രാമകളിലായി പരീക്ഷിച്ചു തെളിഞ്ഞതാണ്. എല്ലാ കൊറിയൻ സീരീസ് പ്രേമികൾക്കും ഇത്തരം ഒന്നോ രണ്ടോ അനുഭവങ്ങളെങ്കിലും ഉണ്ടാകും. ഇതാണ് കൊറിയൻ ഡ്രാമകളുടെ വിജയ ഫോർമുല. ഒരിക്കൽപ്പെട്ടാൽ പിന്നീട് തിരിച്ചിറങ്ങാൻ കഴിയാത്ത കെണികളാണ് കെ-ഡ്രാമാവേഴ്‌സ് അല്ലെങ്കിൽ കൊറിയൻ ഡ്രാമയുടെ ലോകം.
(തുടരും)
Content Highlights: The second part of the 'Hallyu' series explores why Korean Dramas act like a magnet for Indian female audiences. Beyond the "Rich CEO" tropes, K-Dramas tackle real-world issues like dating violence, school bullying, and workplace struggles through a female lens—90% of these shows are written by women. By featuring emotionally expressive, supportive, and "soft" male leads (Oppa), they fulfill a romantic ideal often missing in traditional media. The article also highlights the "Train to Busan" effect that brought male viewers into the fold and the "Binge-watch" formula of cliffhangers that makes the K-Dramaverse nearly impossible to leave.
Published: 12 Feb 2026, 02:16 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented