
കേരളം ലോകാരോഗ്യരംഗത്ത് ശ്രദ്ധേയമായ ഒരു ചരിത്രനേട്ടം കൈവരിച്ചു. ശിശുമരണ നിരക്ക് ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി. സംസ്ഥാനത്തിന്റെ ശിശുമരണനിരക്ക് (Infant Mortality Rate - IMR) ഇപ്പോൾ ആയിരം പ്രസവങ്ങളിൽ അഞ്ച് മാത്രമാണ്. സ്ത്രീകളുടെ വിദ്യാഭാസത്തിന്റെ പുരോഗതിയും ഗ്രാമീണ ആരോഗ്യ പ്രവർത്തകരും സംയുക്തമായി രചിച്ചതാണ് കേരളത്തിന്റെ ഈ വിജയഗാഥ.
ഇക്കാര്യത്തിൽ അമേരിക്ക(5.6) ഉൾപ്പെടെ പല വികസിത രാജ്യങ്ങളെയും മറികടന്നും യൂറോപ്പിലെ പല ക്ഷേമരാജ്യങ്ങളുമായി താരതമ്യം ചെയ്യാവുന്നതുമായ നിലയിലേക്ക് കേരളം എത്തിയിരിക്കുന്നു. ഫിൻലാൻഡ്, ഐസ്ലാൻഡ്, നോർവേ തുടങ്ങിയ സ്‌കാൻഡിനേവിയൻ രാജ്യങ്ങളേയും ജപ്പാൻ, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളേയും ആണ് ഇനി കേരളത്തിന് മറികടക്കാനായി ഉള്ളത്. ഇവിടങ്ങളിലെ ശിശുമരണ നിരക്ക് ഏകദേശം ആയിര പ്രസവങ്ങളിൽ രണ്ടിനടുത്താണ്. എങ്കിലും ജപ്പാൻ ഒഴികെ മറ്റുരാജ്യങ്ങളുടെ ജനസംഖ്യ കൂടി കണക്കിൽ എടുക്കുമ്പോൾ വികസ്വര രാജ്യങ്ങളുടെ കൂട്ടത്തിൽ വരുന്ന ഒരു ചെറിയ സംസ്ഥാനത്തിന് ഇത് അതുല്യ നേട്ടമാണ്.
സമൂഹത്തിന്റെ പുരോഗതി അളക്കുന്നതിൽ ആരോഗ്യരംഗത്തിന് വലിയ പ്രധാന്യമാണ് കൽപിക്കപ്പെട്ടിട്ടുള്ളത്. ഇത്് ഒരു ദിവസമുണ്ടായ പ്രതിഭാസമല്ല. മാറിമാറി വന്ന പല സർക്കാരുകളും കേരളത്തിന്റെ ആരോഗ്യ മേഖലയിലെ വളർച്ചയ്ക്ക് പ്രത്യേക ശ്രദ്ധ കൊടുത്തു. വായനാശേഷി, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, സമൂഹാരോഗ്യ സംവിധാനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെപങ്കാളിത്തവും മറ്റു സാമൂഹിക ഇടപെടലുകളും ഈ നേട്ടം കൈവരിക്കാൻ സഹായിച്ചു. ഇതിനൊപ്പം സമൂഹ്യാരോഗ്യത്തിന്റെ പിന്നണിയിൽ അശ്രാന്തമായി പ്രവർത്തിക്കുന്ന ആശാ പ്രവർത്തകരുടെ സംഭാവനയാണ് ഈ വിജയഗാഥയെ മുന്നോട്ട് നയിക്കുന്നത്.
1950-കളിൽ കേരളത്തിന്റെ ശിശുമരണനിരക്ക് 120-ൽ കൂടുതലായിരുന്നു. ദേശീയ ശരാശരിയോട് തുല്യമായ അവസ്ഥ. എന്നാൽ 1990-കളോടെ അത് 17-ൽ എത്തിയപ്പോൾ, ഇന്ത്യയുടെ ശരാശരി 70-നു മുകളിലായിരുന്നു. 2010-ൽ ഇന്ത്യയുടെ ശരാശരി ശിശുമരണനിരക്ക് 47 ആയപ്പോഴേക്കും കേരളത്തിലത് 13 ആയി കുറഞ്ഞിരുന്നു. 2019-20 കാലഘട്ടത്തിൽ കേരളത്തിൽ ശിശുമരണനിരക്ക് ആറ് ആയപ്പോൾ, ഇന്ത്യയുടെ ശരാശരി 28്.
ഇത് സാധ്യമായത് ഘട്ടംഘട്ടമായുള്ള പരിവർത്തനത്തിന്റെ ഫലമായാണ്. സ്ത്രീ വിദ്യാഭ്യാസവും പൊതുജന ബോധവൽക്കരണവും ശക്തമായ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും ഏകദേശം 100 ശതമാനം ആശുപത്രി പ്രസവങ്ങളും സാധ്യമാക്കുവാൻ കേരളത്തിന് സാധിച്ചു. 1990-കളിലെ ജനപങ്കാളിത്ത പദ്ധതി (പീപ്പിൾസ് പ്ലാൻ ക്യാംപെയിൻ) മുതൽ തദ്ദേശസ്വഭരണ സ്ഥാപനങ്ങൾവരെ ആരോഗ്യ മേഖലയിലെ പുരോഗതിക്ക് വലിയ പങ്ക് വഹിച്ചു. സംസ്ഥാന ഫണ്ടിന്റെ വലിയൊരു വിഹിതം അവർക്ക് നേരിട്ട് വിനിയോഗിക്കാനായി.
ഗ്രാമങ്ങളിലേക്ക് എത്തിയ കരുത്തുറ്റ പ്രാഥമികാരോഗ്യ ശൃംഖല ശിശുമരണത്തെയും മാതൃമരണത്തെയും ഗണ്യമായി കുറക്കുവാൻ സഹായിച്ചു. കുടുംബശ്രീ പോലുള്ള സ്ത്രീകളുടെ കൂട്ടായ്മകളും ഗ്രാമസംഘങ്ങളും ചേർന്ന് പോഷകാഹാരം വിതരണം ചെയ്യുകയും ആരോഗ്യ മുന്നറിയിപ്പുകൾ നൽകുകയും സ്‌കൂളുകളിൽ ആരോഗ്യ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്തു. അതുവഴി ഗ്രാമങ്ങളിലേക്ക് വലിയ രീതിയിൽ മാതൃ-ശിശു ആരോഗ്യത്തിന്റെ പ്രാധാന്യം ബോധപ്പെടുത്താൻ സാധിച്ചു. ഈ ഗ്രാമതല ഇടപെടലുകൾ കൊണ്ട് വാക്സിനേഷൻ വർധിച്ചു. പ്രസവ, പ്രസവാനന്തര സഹായ സേവനങ്ങൾ വേഗത്തിൽ ലഭിച്ചു. അടിയന്തര ശുശ്രൂഷകളിലെ വൈകല്യങ്ങൾ കുറഞ്ഞു.
സ്‌കാൻഡിനേവിയൻ രാജ്യങ്ങളുടെ ക്ഷേമമാതൃകയെപ്പോലെയാണ് കേരളത്തിന്റെ പഞ്ചായത്തിരാജ് സംവിധാനവും സാമൂഹിക വികസനവും. എന്നാൽ, വളരെക്കുറച്ച് വിഭവങ്ങളേ സ്വന്തമായുള്ളുവെങ്കിലും കേരളം അത് സാധ്യമാക്കി. ആരോഗ്യ സേവനങ്ങളുടെ മെഡിക്കൽ വശം മാത്രമല്ല, ആരോഗ്യത്തെക്കുറിച്ചുള്ള സാമൂഹിക ബോധവും അറിവും സംസ്ഥാനത്തുടനീളം വളർത്തിയെടുത്തതാണ് കേരളത്തിന്റെ പ്രത്യേകത.

അസൂയാർഹമായ നേട്ടം
കേരളത്തിന്റെ ഈ നേട്ടത്തെ ആഗോളതലത്തിൽ കാണണം. അമേരിക്കയെ(5.6)യും പിന്നിലാക്കി കാനഡ(4), ബ്രിട്ടൻ(3.7) പോലുള്ള പോലും രാജ്യങ്ങളെ കേരളം പിന്തുടരുന്നു, അതും വളരെ കുറഞ്ഞ പ്രതിശീർഷ വരുമാനത്തിലാണ്. ഇന്ത്യയുടെ ശിശുമരണനിരക്ക് ശരാശരി ഇപ്പോഴും 27 ആണ്. ബംഗ്ലാദേശ് (23), പാകിസ്താൻ (55) രാജ്യങ്ങളും പിന്നിലാണ്. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ 7(SDG 3.2) 2030-ഓടെ ശിശുമരണനിരക്ക് 12-ൽ താഴെയാക്കാനാണ് ഉദ്ദേശിക്കുന്നത്. കേരളം ആ ലക്ഷ്യം എത്രയോ മുമ്പുതന്നെ പിന്നിട്ടിരിക്കുന്നു. അതുകൊണ്ട് തന്നെ, ലോകാരോഗ്യ സംഘടനയ്ക്കും യുനിസെഫിനും കേരളത്തെ ഒരു പഠനവിഷയമായി കാണാവുന്നതാണ്. സാമ്പത്തിക ശേഷിയല്ല, രാഷ്ട്രീയ പ്രതിബദ്ധതയും സമൂഹപങ്കാളിത്തവുമാണ് വിജയത്തിന്റെ ചവിട്ടുപടിയെന്ന് കേരളം ഇതിലൂടെ തെളിയിക്കുന്നു.
ഘട്ടംഘട്ടമായുള്ള പുരോഗതി
കേരളത്തിലെ ആരോഗ്യ പരിപാലനരംഗം ഘട്ടംഘട്ടമായി മുന്നേറിയതാണ് ഏറ്റവും കുറഞ്ഞ ശിശുമരണനിരക്ക് കൈവരിക്കാൻ കാരണമായത്. സംസ്ഥാനം രൂപീകൃതമായതിന് ശേഷം കേരളം കൊണ്ടുവന്ന ചില പുതുമകളാണ് നേട്ടത്തെ കൂടുതൽ മികവുറ്റതാക്കുന്നത്. 1956-ലെ ആദ്യത്തെ കേരള സർക്കാർ വിദ്യാഭ്യാസത്തിനും ഭൂപരിഷ്‌കരണത്തിനും ഒപ്പം പൊതുജനനാരോഗ്യത്തിനും വലിയ പ്രധാന്യം നൽകിയിരുന്നു. 1960-കളിൽ കുഷ്ഠരോഗം, മലേറിയ, ക്ഷയം തുടങ്ങിയ രോഗങ്ങൾക്കെതിരെ വലിയ തോതിൽ പ്രതിരോധ കുത്തിവെപ്പുകൾ നൽകി. ഇതേകാലയളവിൽ തന്നെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെയും സബ് സെന്ററുകളുടെയും മറ്റും വിപുലീകരണം കേരളത്തിലാകെ നടന്നു. 1978-ൽ, ഇന്ത്യയിലെ വിപുലീകരിച്ച പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി (EPI) കേരളം വേഗത്തിൽ നടപ്പാക്കി. പിന്നീട് 1985-ൽ ദേശീയ സർവജനിക കുത്തിവയ്പ്പ് (UIP) എത്തിയപ്പോൾ, കേരളം മുൻനിരയിൽ തന്നെ നിന്നു.
1980-കളിൽ പൊതുജനാരോഗ്യ ഭരണത്തിൽ വികേന്ദ്രീകരണതിന്നുള്ള ശ്രമങ്ങൾ തുടങ്ങി. പ്രാദേശിക സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുള്ള ആ ശ്രമങ്ങൾ പിന്നീട് പ്രാഥമികാരോഗ്യത്തിന്റെ വ്യാപനം ഉറപ്പിച്ചു. തുടർന്ന് 1996-97ലെ പീപ്പിൾസ് പ്ലാൻ ക്യാമ്പെയ്ൻ വഴിയാണ് പ്രാദേശിക സ്ഥാപനങ്ങൾക്ക് കൂടുതൽ ധനസഹായം ലഭിച്ച് ആരോഗ്യ കേന്ദ്രങ്ങൾ, ശുചിത്വം, എന്നിവയിൽ വലിയ പുരോഗതി കൈവന്നത്. 1998-ൽ ആരംഭിച്ച കുടുംബശ്രീ, സ്ത്രീശാക്തീകരണത്തിനൊപ്പം പോഷകാഹാര രംഗത്തും പുതിയ നേട്ടം നൽകി. 2002-ലെ ദേശീയാരോഗ്യനയം ആരോഗ്യത്തെ മുൻനിരയിൽ കൊണ്ടുവന്നപ്പോൾ, 2005-06 കാലഘട്ടത്തിൽ NRHM സംസ്ഥാനത്ത് 'ആരോഗ്യ കേരളം' എന്ന പേരിൽ ആരംഭിച്ചു. 'ആരോഗ്യ കേരളം' പദ്ധതി ഗ്രാമാതലത്തിൽ ആശാ പ്രവർത്തകരുടെയും മാതൃ-ശിശു ആരോഗ്യത്തിന്റെയും ശാക്തികരണത്തിന് വഴിവച്ചു.
ആർദ്രം മിഷൻ(2016-17) മുഖേന രോഗി സൗഹൃദ സേവനങ്ങളും ഡിജിറ്റൽ സംവിധാനങ്ങളും 2017-ൽ സർവജനാരോഗ്യ പരിരക്ഷയുടെ ഭാഗമായ കുടുംബാരോഗ്യകേന്ദ്രങ്ങൾ, 2018-ലെ സ്വകാര്യ സ്ഥാപനങ്ങളുടെ നിലവാരം നിയന്ത്രിക്കുന്ന നിയമം എന്നിവയെല്ലാം മാതൃകകളാണ്. കോവിഡ് പ്രതിരോധത്തിൽ സമൂഹ അടുക്കളകളും ആശാ പ്രവർത്തകരുടെ നിരന്തര സേവനവും ലോകം ശ്രദ്ധിച്ച പാഠങ്ങൾ നൽകി. പിന്നാലെ, 'മെഡിസെപ്' പോലുള്ള ആരോഗ്യ ഇൻഷുറൻസ് പദ്ധതികളും ഡിജിറ്റൽ ഹെൽത്ത് സംവിധാനങ്ങളും സംസ്ഥാനത്തെ ആരോഗ്യ പരിപാലനത്തിന്റെ പുതിയ അധ്യായത്തിലേക്ക് കൊണ്ടുപോയി.
'ഹൃദയം പദ്ധതി' ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യചികിത്സ നൽകി ആയിരക്കണക്കിന് ജീവനുകൾ രക്ഷിച്ചു. മാതൃയാനം പദ്ധതി അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള സംവിധാനം ഒരുക്കി. ആർദ്രം മിഷൻ ആണെങ്കിൽ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യകേന്ദ്രങ്ങളാക്കി മാറ്റി സേവനസൗകര്യങ്ങൾ വർധിപ്പിച്ചു.
കൂടാതെ, കുടുംബശ്രീ പ്രവർത്തകർ അമൃതം ന്യൂട്രിമിക്സ് പോലുള്ള പോഷകാഹാരം വീടുകളിലെത്തിച്ചു. ഇവയെല്ലാം എടുത്തുപറയേണ്ട നവീന ആരോഗ്യ പ്രഖ്യാപനങ്ങളായിരുന്നു. ജന്മനാ ഹൃദ്രോഗമുള്ള കുട്ടികൾക്ക് സൗജന്യചികിത്സ നൽകുന്ന 'ഹൃദയം', അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷിത യാത്ര ഉറപ്പാക്കുന്ന മാതൃയാനം തുടങ്ങിയവയും വലിയ പങ്കുവഹിച്ചു. ഇവയൊക്കെയും ഇന്ന് ഈ നേട്ടം കൈവരിക്കാൻ കേരളത്തെ സഹായിച്ചു.
ആശാ പ്രവർത്തകരുടെ അശ്രാന്തപരിശ്രമം
കേരളത്തിന്റെ നേട്ടങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ, അശാ പ്രവർത്തകരുടെ സംഭാവന എടുത്തുപറയേണ്ട ഒന്നാണ്. 2005-ൽ ദേശീയ ആരോഗ്യ മിഷൻ വഴി രാജ്യവ്യാപകമായി രൂപപ്പെടുത്തിയ അശാ പ്രവർത്തകർ, കേരളത്തിൽ സാമൂഹ്യാരോഗ്യത്തിന്റെ നാഴികക്കല്ലായി മാറി. അവരുടെ സേവനങ്ങൾ, പ്രത്യേകിച്ചും ഗർഭിണികളുടെ വീടുകളിലെത്തി പ്രസവത്തിനും പ്രസവാനന്തര പരിചരണത്തിനും മാർഗ്ഗനിർദ്ദേശം നൽകൽ, കുഞ്ഞുങ്ങളുടെ വാക്സിനേഷൻ ഉറപ്പാക്കൽ, മുലകുടി സംബന്ധിച്ച അവബോധം സൃഷ്ടിക്കൽ, പോഷകാഹാരം, ശുചിത്വം, വളർച്ച, രോഗലക്ഷണങ്ങൾ എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണം ഇവയെല്ലാം നേരിട്ട് ശിശുമരണ നിരക്ക് കുറയ്ക്കുന്നതിന് സഹായിച്ചു.
ആശാ പ്രവർത്തകരുടെ ഇടപെടൽ മൂലം മാതൃത്വസേവനങ്ങൾ കൂടുതൽ കാര്യക്ഷമമായി. ജനനി സുരക്ഷ, ജനനി ശിശു സുരക്ഷാ പോലുള്ള സർക്കാർ പദ്ധതികളിലേക്ക് അമ്മമാരെ എത്തിക്കുന്നതിനും വീടുകളിൽ സന്ദർശനങ്ങൾ നടത്തുന്നതിനുമെല്ലാം ആശ പ്രവർത്തകർ മുന്നിൽ ഉണ്ടായിരുന്നു. കേരളത്തിൽ ആശാ പ്രവർത്തകരുടെ സജീവ ഇടപെടലിലൂടെ പ്രാഥമികാരോഗ്യ സേവനങ്ങൾ ശക്തിപ്പെട്ടു.
ബ്രസീലിലെ ഫാമിലി ഹെൽത്ത് പദ്ധതിയിലേയും എത്യോപ്യയിലെ ഹെൽത്ത് എക്സ്റ്റെൻഷൻ വർക്കേഴ്‌സ് മാതൃകയിലേയും പോലെ, കേരളത്തിലെ ആശാ പ്രവർത്തകരും അന്താരാഷ്ട്ര തലത്തിൽ മാതൃകയായി. എങ്കിലും അവർക്കുള്ള വേതനം വളരെ കുറഞ്ഞതാണ്, അതുപോലും കൃത്യസമയത്ത് ലഭ്യമാകുന്നില്ല; സർക്കാർ ജീവനക്കാരെന്ന അംഗീകാരം പോലും ഇല്ല; കോവിഡ് പോലുള്ള പ്രതിസന്ധികളിൽ അമിതജോലി ഭാരവും ആരോഗ്യ പ്രശ്നങ്ങളും നേരിട്ടിട്ടും വേണ്ടത്ര സംരക്ഷണം ലഭിച്ചില്ല.
ആശ പ്രവർത്തകരുടെ ആവശ്യങ്ങൾ അംഗീകരിക്കുകയും അവർക്കുള്ള തൊഴിൽസുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്നത് ഭാവിയിലേക്കുള്ള ആരോഗ്യ വിജയത്തിനും അനിവാര്യമാണ്. 2022 മേയിൽ ഇന്ത്യയിലെ അംഗീകൃത സാമൂഹ്യാരോഗ്യ പ്രവർത്തകരായ (ASHA) ജീവനക്കാർക്ക് ലോകാരോഗ്യ സംഘടനയുടെ (WHO) ഗ്ലോബൽ ഹെൽത്ത് ലീഡേഴ്സ് അവാർഡ് നൽകി ആദരിക്കപ്പെട്ടു. ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ സേവനങ്ങൾക്ക് പ്രവേശനം ഉറപ്പാക്കുന്നതിലും അവരുടെ നിർണായകമായ പങ്ക് അംഗീകരിച്ചു. ഇന്ന് കേരളം ഈ ചരിത്രനേട്ടം കൈവരിക്കുന്ന സന്ദർഭത്തിൽ ആശ പ്രവർത്തകരുടെ പ്രവർത്തനത്തെ വിസ്മരിച്ചു കൂടാ.
കഴിഞ്ഞ ആറുമാസത്തോളമായി കേരളത്തിലെ ആശാ വർക്കർമാർ സമരത്തിലാണ് അവരുടെ ആവശ്യങ്ങൾ ഇപ്പോഴും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് മാത്രമല്ല, സമരത്തെ വളരെ മോശമായ ഭാഷയിൽ അവഹേളിക്കുക കൂടി ചെയ്യുന്ന നടപടി കേരളത്തിനാകെ അപമാനകരമാണ്. സമരത്തിന്റെ ഫലമായി സർക്കാർ രൂപീകരിച്ച ഉന്നതതല സമിതി വേതന വർധന നൽകണമെന്നാവശ്യപ്പെട്ടുള്ള റിപ്പോർട്ട് സമർപ്പിച്ചിട്ടും സർക്കാർ മുഖം തിരിഞ്ഞിരിക്കുന്നത് വലിയ നീതികേടാണ്.

പുതിയ വെല്ലുവിളികള്‍
എങ്കിലും ഇന്ന് കേരളം ചിലപ്രതിസന്ധികൾ നേരിടുന്നു. കേരളത്തിലാകെയുള്ള ശിശുമരണ നിരക്ക് കുറഞ്ഞുവെങ്കിലും ഇപ്പോഴും ആദിവാസി മേഖലയിലെ ശിശുമരണ നിരക്ക് ഗണ്യമായി കുറയ്ക്കുവാൻ കേരളത്തിന് ആയിട്ടില്ല. അട്ടപ്പാടിയിലെയും വയനാട്ടിലെയും മാത്രം കണക്കുകൾ ഈ വലിയ നേട്ടത്തിന് വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. വയനാട്ടിലെ ചില ആദിവാസി മേഖലയിലെ കുട്ടികളിലെ ശിശുമരണനിരക്ക് കേരളത്തിന്റെ ആകെ നിരക്കിനേക്കാൾ കൂടുതലാണ്. അട്ടപ്പാടിയിലും സ്ഥിതി മറ്റൊന്നല്ല. 2012-2021 കാലങ്ങളിൽ അട്ടപ്പാടിയിൽ മാത്രം ഏകദേശം 136 ഓളം ശിശുമരണങ്ങൾ ആണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പോഷകാഹാരക്കുറവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമാണു നവജാത ശിശുക്കളുടെ മരണത്തിന് ഇടയാക്കുന്നത്. കുറഞ്ഞ ജന്മഭാരം, പോഷകാഹാരക്കുറവ്, അനീമിയ, മാസം തികയാതെയുള്ള പ്രസവം എന്നിവ ഇവിടെ സാധാരണമാണ്. മാത്രമല്ല,ആരോഗ്യ കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം, പരിമിതമായ ദൂരം, ഗതാഗത അസൗകര്യങ്ങൾ, സാമൂഹിക-സാംസ്‌കാരിക തടസ്സങ്ങൾ എന്നിവ ആദിവാസി മേഖലയിലെ ഈ പ്രതിസന്ധി കൂടുതൽ സങ്കീർണമാക്കുന്നു.
ആദിവാസി സമൂഹങ്ങളിൽ ആരോഗ്യ സേവനങ്ങൾ സ്വീകരിക്കുന്നതിലെ ആശങ്കകളും കൂടാതെ ആരോഗ്യ പ്രവർത്തകരുടെയും മറ്റു ആരോഗ്യ പ്രവർത്തകരുടെ മറ്റും സുത്യർഹമായ പ്രവർത്തനത്തിനുള്ള തടസ്സങ്ങളും ഡാറ്റ ശേഖരണത്തിന്റെയും അപര്യാപ്തതയും പ്രശ്നം കൂടുതൽ വഷളാക്കുന്നു. അതിനാൽ 'IMR = 5'' എന്ന വലിയ നേട്ടം ആഘോഷിക്കുന്നതിനൊപ്പം, ആദിവാസി മേഖലകളിലെ ആരോഗ്യ അസമത്വങ്ങൾ പരിഹരിക്കാതെ ആരോഗ്യ രംഗത്തിനു ആഗോള മാതൃക എന്ന ലക്ഷ്യം യാഥാർഥ്യമാവില്ല.
ശിശുമരണനിരക്ക് കുറഞ്ഞെങ്കിലും കുറഞ്ഞ ജനനഭാരമുള്ള കുഞ്ഞുങ്ങളുടെ എണ്ണം ഉയരുകയാണ്. 2023-24 ലെ സംസ്ഥാന കണക്കുകൾ പ്രകാരം 14 ശതമാനം കുഞ്ഞുങ്ങൾ 2.5 കിലോയിൽ താഴെ ജനിക്കുന്നു. 2019-20-ലെ 11 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർധന വ്യക്തമാണ്. അമ്മമാരിലെ വളർച്ച (കേരളത്തിൽ 31 ശതമാനം), മാസം തികയാതെയുള്ള പ്രസവങ്ങൾ, അമ്മമാരിലെ പ്രമേഹം, രക്തസമ്മർദ്ദം പോലുള്ള ജീവിതശൈലി രോഗങ്ങൾ എന്നിവ ഇതിനു കാരണമാകുന്നു.
ശിശുമരണ നിരക്ക് കുറഞ്ഞെങ്കിലും വളർച്ചാ വൈകല്യം, പഠനപ്രശ്നങ്ങൾ തുടങ്ങിയവയ്ക്കു സാധ്യത കൂടുതലാണ്. അതുകൊണ്ട് കേരളത്തിന് ഇനി ''ജീവൻ രക്ഷിക്കുന്നത്'' മാത്രം ലക്ഷ്യമാക്കാനാവില്ല. മറിച്ച്, കുട്ടികളുടെ ഭാവി ആരോഗ്യവും ജീവിത നിലവാരവും കൂടി ഉറപ്പാക്കേണ്ടതാണ്.
കേരളത്തിന്റെ കഥ ഇന്ത്യക്കും ലോകത്തിനും നൽകുന്ന പാഠങ്ങൾ പ്രധാനമായും വിദ്യാഭ്യാസവും സ്ത്രീശാക്തീകരണവും ആരോഗ്യത്തെ നേരിട്ട് ബാധിക്കുന്നു എന്നുതന്നെയാണ്. പ്രാഥമികാരോഗ്യ സംവിധാനം ശക്തിപ്പെടുത്തുന്നതാണ് ചെലവ് കുറഞ്ഞതെങ്കിലും ഫലപ്രദമായ വഴി. ആശാ പ്രവർത്തകരെ പോലുള്ള സാമൂഹ്യാരോഗ്യ പ്രവർത്തകരാണ് ആരോഗ്യ സമത്വത്തിന്റെ അടിസ്ഥാനം. ഗ്രാമസ്വയംഭരണം ആരോഗ്യ ഇടപെടലുകൾ കൂടുതൽ പ്രസക്തമാക്കുന്നു. ഇനി ജീവൻ രക്ഷിക്കുക മാത്രം മതിയല്ല; കുട്ടികളുടെ വളർച്ച, പോഷണം, ഭാവി ആരോഗ്യവും ഉറപ്പാക്കണം.
കേരളത്തിന്റെ കഥ വിജയത്തിന്റെയും ജാഗ്രതയുടെയും കഥയാണ്. സാമ്പത്തിക ശേഷി കുറവായാലും രാഷ്ട്രീയ പ്രതിബദ്ധതയും സാമൂഹിക പങ്കാളിത്തവും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് ലോകത്തിന് മുന്നിൽ കാട്ടിക്കൊടുക്കുന്നു. സുനാമിയും പ്രളയവും ഒഖിയും കോവിഡുമെല്ലാം വന്നപ്പോഴും അതിനെയെല്ലാം ഒരുമിച്ച് നേരിട്ട ഒരു വലിയ മാതൃക കേരളം ഇന്ത്യയ്ക്ക് ഒട്ടാകെ നൽകുന്നു. ഇനിയും പുതുചരിത്രങ്ങൾ സൃഷ്ടിക്കാനും ഉണ്ട്. ആശാ പ്രവർത്തകർ, പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ, കുടുംബശ്രീ സ്ത്രീകൾ, പഞ്ചായത്തുകൾ - ഇവർ ചേർന്നാണ് പൊതുജനാരോഗ്യത്തിന്റെ ശക്തമായ അടിത്തറ പാകിയത്.
കേരളത്തിന്റെ കഥ വിജയത്തിന്റെയും ജാഗ്രതയുടെയും സഹനത്തിന്റെയും സഹോദര്യത്തിന്റെം കഥയാണ്. ഇനിയും ലോകത്തിനാകെ മാതൃകയാകുന്ന വലിയ നേട്ടങ്ങൾ- റിയൽ കേരള സ്റ്റോറികൾ തുടരും.
Reference
- https://www.independent.co.uk/asia/india/kerala-india-us-infant-mortality-rate-b2822764.html#
- https://www.ecostat.kerala.gov.in/data-subset/516
- https://www.indiabudget.gov.in/economicsurvey/doc/stat/tab8.2.pdf
- https://prsindia.org/policy/vital-stats/national-family-health-survey-5#:
- https://www.newindianexpress.com/opinions/2020/Jul/23/celebrating-24-years-of-peoples-plan-in-kerala-2173605.html
- https://data.worldbank.org/indicator/SP.DYN.IMRT.IN
- https://www.who.int/data/gho/data/themes/topics/indicator-groups/indicator-group-details/GHO/sdg-target-3.2-newborn-and-child-mortality
- https://www.nin.res.in
- https://www.newindianexpress.com/states/kerala/2025/Sep/03/one-in-seven-babies-born-in-kerala-last-year-was-underweight
Content Highlights: Keralas Infant Mortality Rate A Model for Global Health
Published: 15 Sept 2025, 02:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented