മുതിര്‍ന്ന പൗരര്‍ക്കായി ഒരു പ്രത്യേക വകുപ്പ് സ്ഥാപിക്കാനുള്ള പുതിയ യു.ഡി.എഫ്. സര്‍ക്കാരിന്റെ തീരുമാനം, കൃത്യമായ കാഴ്ചപ്പാടോടെ നടപ്പാക്കുകയാണെങ്കില്‍, ഈ തലമുറയിലെ ഏറ്റവും നിര്‍ണായകമായ ഭരണപരമായ തീരുമാനങ്ങളിലൊന്നായിരിക്കും.

ഇന്ത്യയിലെ ഏറ്റവും 'പ്രായംകൂടിയ' സംസ്ഥാനമാണ് കേരളം. വൃദ്ധജനങ്ങൾക്കുവേണ്ടി പ്രത്യേക വകുപ്പ് തുടങ്ങാനുള്ള യു.ഡി.എഫ്. സർക്കാരിന്റെ തീരുമാനം ക്ഷേമംമാത്രം മുന്നിട്ടുകൊണ്ടുള്ളതല്ല, മറിച്ച് ഇതിനകംതന്നെ സമയമതിക്രമിച്ച തന്ത്രപരമായ ഭരണനടപടിയാണ്.
ഇന്ന് കേരളീയരിൽ ആറിൽ ഒരാൾ അറുപതുവയസ്സിനുമുകളിൽ പ്രായമുള്ളവരാണ്. ഇത് സംസ്ഥാനത്തെ ജനസംഖ്യയുടെ 18.7 ശതമാനം വരും. കേരളത്തിലെ പ്രായമായവരുടെ നിരക്ക് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെക്കാളും കൂടുതലാണെന്നുമാത്രമല്ല, ഇത് ഒൻപതുശതമാനമെന്ന ദേശീയ ശരാശരിയെക്കാൾ ഇരട്ടിയാണ്. നിലവിലുള്ള ഒരു ഭരണസംവിധാനത്തിനും കൈകാര്യംചെയ്യാൻ കഴിയാത്തത്ര വേഗത്തിലും തോതിലും ഈ നിരക്ക് വർധിച്ചുകൊണ്ടിരിക്കുകയുമാണ്. 2031-ഓടെ ഈ നിരക്ക് 20.9 ശതമാനത്തിലെത്തുമെന്നാണു കരുതുന്നത്. 2051 ആകുമ്പോഴേക്കും മൂന്നിൽ ഒരു കേരളീയൻ മുതിർന്നവ്യക്തിയായി മാറും. തങ്ങളെക്കുറിച്ചും തങ്ങളുടെ സമ്പദ്വ്യവസ്ഥയെക്കുറിച്ചും ഭാവിയെക്കുറിച്ചും ചിന്തിക്കുന്ന രീതിയെത്തന്നെ മാറ്റിമറിക്കാൻ കേരളത്തെ പ്രേരിപ്പിക്കേണ്ട കണക്കുകളാണിത്.
ജനസംഖ്യയിലെ വൈരുധ്യം
കേരളം എപ്പോഴും ഉത്പാദനക്ഷമമായ വൈരുധ്യങ്ങളുടെ സംസ്ഥാനമാണ്. ഇന്ത്യയിൽ എറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള സംസ്ഥാനവും ഏറ്റവും താഴ്ന്ന വിരമിക്കൽ പ്രായമുള്ള സംസ്ഥാനവും കേരളമാണ് എന്നതുതന്നെ ഇതിനുള്ള ഏറ്റവും വലിയ ഉദാഹരണം. കേരളത്തിലെ ഒരു സർക്കാർ ജോലിക്കാരൻ 56-ാം വയസ്സിൽ വിരമിക്കും. ഗൾഫിൽ ഇരുപതുവർഷം ചെലവഴിച്ച ഒരു പ്രൊഫഷണൽ ഏകദേശം ഇതേ പ്രായത്തിൽത്തന്നെയാണ് നാട്ടിലേക്ക് മടങ്ങിയെത്തുന്നത്. പലപ്പോഴും സമ്പാദ്യവും പ്രാവീണ്യവും ആഗോള പരിചയസമ്പത്തും അതിലുമുപരിയായി പതിറ്റാണ്ടുകളോളം ജോലിചെയ്യാനുള്ള കഴിവും അവശേഷിക്കേയാണ് ഈ മടങ്ങിവരവ്. പ്രായോഗികതലത്തിൽ ഇതിന്റെ അർഥം എന്താണെന്ന് ആലോചിച്ചുനോക്കൂ. കേരളസർക്കാരിൽനിന്ന് 56-ാം വയസ്സിൽ വിരമിക്കുന്ന പരിചയസമ്പന്നനായ ഒരു എൻജിനിയറോ പൊതുജനാരോഗ്യവിദഗ്ധനോ കാർഷികശാസ്ത്രജ്ഞനോ അല്ലെങ്കിൽ ജില്ലാതല പ്ലാനറോ സ്ഥിതിവിവരക്കണക്കുകൾപ്രകാരം ഇനിയും രണ്ടരപ്പതിറ്റാണ്ടുകൂടി ജീവിച്ചിരിക്കാൻ സാധ്യതയുണ്ട്. ഈ മൂലധനമാണ് കേരളത്തിന് നഷ്ടപ്പെടുന്നത്. വെറുതേ കളയുന്ന വിശ്രമവേളകളിലേക്കോ അനൗപചാരിക സമ്പദ്വ്യവസ്ഥയിലേക്കോ അതുമല്ലെങ്കിൽ സംസ്ഥാനത്തിനു പുറത്തേക്കോ ഈ മൂലധനം വീണ്ടും ഒഴുകിപ്പോകുന്നു. ഇതിനെ ഉൾക്കൊള്ളാൻ ഒരു ഔദ്യോഗികസംവിധാനമോ ശരിയായ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള മാർഗങ്ങളോ ഇതിനെ വെറുമൊരു വിരമിക്കൽക്കണക്കായി കാണാതെ ഒരു മനുഷ്യവിഭവമായി പരിഗണിക്കുന്ന നയരൂപവത്കരണങ്ങളോ ഇവിടെയില്ല. പ്രായമായവർക്കായുള്ള ഒരു പ്രത്യേക വകുപ്പ് എന്നത്, മറ്റു കാര്യങ്ങൾക്കൊപ്പം, ഈ വിഭവനഷ്ടം തടയാനുള്ള ഒരു ഔദ്യോഗികപരിഹാരംകൂടിയാണ്.
പ്രത്യേക വകുപ്പിന്റെ ആവശ്യകത
നിലവിൽ ക്ഷേമവകുപ്പുകളും ആരോഗ്യവകുപ്പുകളും സാമൂഹികനീതിവകുപ്പുകളും ചെറിയ ഭാഗങ്ങളായി പ്രായമായവരുടെ പ്രശ്‌നങ്ങളെ കൈകാര്യംചെയ്തുവരുന്നു. എന്നാൽ, ചിതറിയ ഭരണസംവിധാനം ചിതറിയ ഫലങ്ങൾമാത്രമേ നൽകൂ. പെൻഷൻ, ഹോം നഴ്സ്, ഹോസ്പിറ്റൽ അപ്പോയിന്റ്മെന്റ്, നിയമസഹായ ക്ലിനിക്ക്, ഡേ-കെയർ സെന്റർ എന്നിവ ആവശ്യമുള്ള ഒരു മുതിർന്ന വ്യക്തി അഞ്ച് വ്യത്യസ്ത ഉദ്യോഗസ്ഥതലങ്ങളെയാണ് നേരിടേണ്ടിവരുന്നത്. ഇവയോരോന്നിനും അതിന്റേതായ അപേക്ഷാഫോമുകളും സമയപരിധികളുമുണ്ട്. ഒപ്പം ഈ വ്യക്തിയുടെ ആവശ്യങ്ങൾ തമ്മിലുള്ള പരസ്പരബന്ധത്തെക്കുറിച്ചുള്ള നിസ്സംഗതയും.
നിലവിലുള്ള ഈ ചിതറിയ ഭരണസംവിധാനത്തെ ഏകോപിപ്പിക്കുന്നതിന് മുതിർന്ന പൗരർക്കുവേണ്ടിമാത്രമുള്ള ഒരു പ്രത്യേക വകുപ്പ് രൂപവത്കരിക്കുന്നതിലൂടെ സാധിക്കും. ഇതിലൂടെ ക്ഷേമപദ്ധതികളുടെ വിതരണം, ആരോഗ്യപരിപാലന ഏകോപനം, സജീവവാർധക്യ പരിപാടികൾ, അറിവും പരിചയസമ്പത്തും പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികൾ, പരിചരണമേഖലയുടെ നിയന്ത്രണമേൽനോട്ടം എന്നിവയെല്ലാം ഒരൊറ്റ ഭരണമേൽക്കൂരയ്ക്കുകീഴിൽ കൊണ്ടുവരാൻ സാധിക്കും. ഇങ്ങനെ ഒരു 'കേരള ഏജിങ് സ്ട്രാറ്റജി' രൂപവത്കരിക്കാൻ കഴിയും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലേക്കും വരാനിരിക്കുന്നതും എന്നാൽ, ഇവിടെ ഏറ്റവും ആദ്യവും വേഗത്തിലും എത്തിച്ചേർന്നതുമായ ഒരു ജനസംഖ്യാപരമായ മാറ്റത്തെ നേരിടുന്ന കാര്യത്തിൽ ഇന്ത്യയെത്തന്നെ നയിക്കാൻ പാകത്തിൽ സംസ്ഥാനത്തെ പ്രാപ്തമാക്കുന്ന ദീർഘകാല, ബഹുതല പദ്ധതിയായിരിക്കും ഇത്. കൂടാതെ, കേരളത്തിലെ പ്രായമായവർക്കും വിരമിച്ചതിനുശേഷമുള്ള ജീവിതത്തിനായി കേരളം തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും ആരോഗ്യ - പരിചരണ മേഖലകളിലെ അന്താരാഷ്ട്രനിക്ഷേപകർക്കും കേരളം വാർധക്യത്തെ ഒരു ചിന്താശേഷിപ്പായല്ല, നയപരമായ മുൻഗണനയായിത്തന്നെയാണ് കാണുന്നതെന്ന ശക്തമായ സന്ദേശം നൽകാനും ഇതുപകരിക്കും.
വികസനവും വാർധക്യവും
കേരളവികസനത്തിന്റെ കഥ എപ്പോഴും ഇവിടത്തെ ജനങ്ങളിലാണ്, അവരുടെ സാക്ഷരതയിലും ആരോഗ്യത്തിലും നാടുവിടാനുള്ള ധൈര്യത്തിലും തിരികെവരാനുള്ള വിവേകത്തിലുമാണ് കെട്ടിപ്പടുത്തിട്ടുള്ളത്. ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്ന ജനസംഖ്യാപരമായ പരിണാമം ഈ കഥയ്ക്കൊരു ഭീഷണിയല്ല, അതിന്റെ പുതിയ അധ്യായമാണ്. പ്രായമേറുന്ന ജനസംഖ്യ എന്നത് കൈകാര്യംചെയ്യപ്പെടേണ്ട ബാധ്യതയല്ല. കൃത്യമായ ഔദ്യോഗിക സംവിധാനങ്ങളുപയോഗിച്ച് കൈകാര്യംചെയ്യുകയാണെങ്കിൽ, സംസ്ഥാനത്തിന്റെ വികസനത്തിന് വെള്ളവും വളവുമായി മാറാൻ പ്രാപ്തിയുള്ള അനുഭവസമ്പത്തിന്റെയും പരിചരണശേഷിയുടെയും മനുഷ്യവിഭവശേഷിയുടെയും ഒരു വലിയ ശേഖരമാണ്. ഇത് തെളിയിച്ചുകാണിക്കാനുള്ള അടിത്തറ ഇന്ത്യയിലെ മറ്റേതൊരു സംസ്ഥാനത്തെക്കാളും കേരളത്തിനുണ്ട്. നമ്മുടെ ആരോഗ്യപരിപാലനസംവിധാനം, വിദ്യാസമ്പന്നരായ തൊഴിൽസേന, ആഗോള പ്രവാസിസമൂഹം, ഇപ്പോഴിതാ ഇതിനായിമാത്രമൊരു പ്രത്യേക വകുപ്പ് രൂപവത്കരിച്ചതിലൂടെയുള്ള രാഷ്ട്രീയ ഇച്ഛാശക്തിയും അതിന് സഹായിക്കും.
ലോകത്തിന്റെ ഏതു കോണിൽനിന്നുമുള്ള മുതിർന്നപൗരർക്കും സമാധാനപരവും അന്തസ്സുള്ളതുമായ ഒരു വാർധക്യകാലം സമ്മാനിക്കാൻ കേരളം പൂർണസജ്ജമാണ്.
സംസ്ഥാനത്തേക്കു കടന്നുവരുന്ന ഇത്തരം മുതിർന്ന പൗരർ ഒരു വശത്ത് കെയർ ഇക്കോണമി(പരിചരണ സമ്പദ്വ്യവസ്ഥ)ക്ക് വലിയ അവസരങ്ങൾ തുറന്നുനൽകുമ്പോൾ, മറുവശത്ത് അവർ ഒപ്പം കൊണ്ടുവരുന്ന ശാസ്ത്രീയവും അനുഭവസമ്പന്നവുമായ അറിവുകൾ ഫലപ്രദമായി വിനിയോഗിച്ചാൽ അത് കേരളത്തിന്റെ ഭാവിവളർച്ചയ്ക്കുള്ള വലിയ വിഭവമായി മാറും. ഇതുകൂടാതെ സംസ്ഥാനത്തിന്റെ ടൂറിസം മേഖലയ്ക്ക് ഉണർവേകാനുള്ള അവസരംകൂടി ഇത് പ്രദാനം ചെയ്യും.
മുതിർന്നപൗരരുടെ ഇതുവരെ പ്രയോജനപ്പെടുത്താത്ത ഈ സാധ്യത വെറുമൊരു സാമൂഹികക്ഷേമപദ്ധതിയല്ല. സാമ്പത്തിക-വിജ്ഞാന-ആരോഗ്യപരിപാലന മേഖലകളെ ബാധിക്കുന്ന തന്ത്രങ്ങളും ഒപ്പം ആഗോളതലത്തിൽ സംസ്ഥാനത്തിന് സ്ഥാനം ഉറപ്പിക്കുന്നതിനുള്ള തന്ത്രവും ഒത്തുചേർന്ന ഒന്നാണ്. വികസന സാമ്പത്തികശാസ്ത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ഉണർത്തിയെടുക്കാൻ കാത്തിരിക്കുന്ന, ഒളിഞ്ഞിരിക്കുന്ന ഒരു സവിശേഷനേട്ടമാണിത്.
(തിരുവനന്തപുരത്തെ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ ഡയറക്ടറാണ് ലേഖകൻ)
Content Highlights: Kerala has the highest percentage of senior citizens in India at 18.7%., Current fragmented administrative systems hinder efficient welfare delivery., A dedicated department will integrate pension, healthcare, and social support., The strategy aims to convert the aging population into a human capital asset., Focuses on leveraging global expertise and experience of retired professionals.
Published: 20 May 2026, 08:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented