തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ രൂപീകരിച്ച മന്ത്രിസഭാ ഉപസമിതിയിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുന്നു. ഓണം കഴിഞ്ഞാലുടൻ ഉപസമിതി യോഗം ചേർന്ന് തീരുമാനമെടുക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നതെങ്കിലും ഇതുവരെയും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദീൻ വ്യക്തമാക്കി.

To advertise here,

വിഷയത്തിൽ, ഓണം കഴിഞ്ഞതല്ലേയുള്ളൂവെന്നും ഉപസമിതിയുടെ റിപ്പോർട്ട് നിലവിൽ പണിപ്പുരയിലാണെന്നുമാണ് മന്ത്രി മാധ്യമപ്രവർത്തകരോട് പ്രതികരിച്ചത്. അടുത്ത അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ്, അതായത് 2027 മാർച്ച് 31-ഓടെ പിഎം ശ്രീ പദ്ധതിയുടെ കാലാവധി അവസാനിക്കുകയാണ്. 2027 മാർച്ച് 31-ന് ശേഷം പദ്ധതിയുടെ കാലാവധി നീട്ടിനൽകാൻ കേന്ദ്ര സർക്കാർ തയ്യാറായില്ലെങ്കിൽ കേരളം ഈ പദ്ധതിയിൽ നിന്ന് പൂർണമായും പുറത്താകും.

ഇത്തരമൊരു സാഹചര്യം ഉണ്ടായാൽ സംസ്ഥാനത്തിന് ലഭിക്കേണ്ട സമഗ്ര ശിക്ഷാ കേരള (SSK) ഫണ്ട് ഉൾപ്പെടെ ലഭിക്കാത്ത അവസ്ഥയുണ്ടാകും. ഇനി സംസ്ഥാന സർക്കാർ പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചാൽതന്നെയും സമയക്കുറവ് മൂലം നടപടിക്രമങ്ങൾ പൂർത്തിയാക്കുക വലിയ വെല്ലുവിളിയായിരിക്കും.

ഒരു ബി.ആർ.സിക്ക് (Block Resource Centre) കീഴിലുള്ള രണ്ട് സ്‌കൂളുകൾക്കാണ് പദ്ധതിയിൽ ഉൾപ്പെടാൻ അർഹതയുള്ളത്. യോഗ്യരായ സ്‌കൂളുകൾ പിഎം ശ്രീ പോർട്ടൽവഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. വർഷത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അപേക്ഷകൾക്കായി ഈ പോർട്ടൽ തുറക്കുന്നത്. പദ്ധതിയുടെ അവസാന വർഷമായതിനാൽ ഇനി എപ്പോഴാണ് പോർട്ടൽ തുറക്കുക എന്ന കാര്യത്തിലും വ്യക്തതയില്ല.

അപേക്ഷ നൽകിയ ശേഷം ഉദ്യോഗസ്ഥ സമിതിയുടെ പരിശോധനകൾ പൂർത്തിയാക്കി വേണം ഓരോ ബി.ആർ.സിക്ക് കീഴിലുമുള്ള രണ്ട് സ്‌കൂളുകളെ വീതം തിരഞ്ഞെടുക്കാൻ. ഇത്രയധികം ഔദ്യോഗിക നടപടിക്രമങ്ങൾ ബാക്കി നിൽക്കെയാണ് മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോർട്ട് ഒരു തീരുമാനവുമില്ലാതെ നീണ്ടുപോകുന്നത്.