'കോടതിമുറിയിലെ 800 പൗണ്ട് ഭാരമുള്ള ഗൊറില്ല എന്നൊരു ഇംഗ്ലീഷ് പ്രയോഗമുണ്ട്. എല്ലാവരുടെയും കൺമുന്നിലുള്ളതും മുഴുവൻ ഇടവും കൈയടക്കിവെച്ചിരിക്കുന്നതുമായ ഒരു വലിയ യാഥാർഥ്യത്തെ-അത് എല്ലാവർക്കും അറിയാമെങ്കിലും- ആരും പരസ്യമായി മിണ്ടാതെ വിടുന്നതിനെയാണ് ഈ ശൈലി സൂചിപ്പിക്കുന്നത്. ഇന്ത്യൻ നീതിപീഠത്തിലെ ജാതി-കുടുംബ ആധിപത്യവും സാമൂഹിക അസമത്വവുമാണ് ഇന്ന് നമ്മുടെ കോടതിമുറികളിൽ ആരും മിണ്ടാതെ വിടുന്ന ആ ഭീമാകാരൻ,

To advertise here,

മുഴങ്ങുന്ന ചോദ്യം

ഈയിടെ മുൻ ചീഫ് ജസ്റ്റിസ് ഗവായ് രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച അസാധാരണമായ കത്ത് ആ നിശ്ശബ്ദതയെ ഭേദിച്ചിരിക്കയാണ്. സുപ്രീംകോടതി കൊളീജിയം ശുപാർശകളിൽ ജനസംഖ്യയുടെ അഞ്ചുശതമാനത്തിൽതാഴെ മാത്രമുള്ള ഒരു പ്രത്യേക സവർണവിഭാഗത്തിന് 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിക്കുമ്പോൾ, ദളിത്-ആദിവാസി-പിന്നാക്ക വിഭാഗങ്ങളും സ്ത്രീകളും പൂർണമായും പുറന്തള്ളപ്പെടുന്നെന്ന അദ്ദേഹത്തിന്റെ തുറന്നുപറച്ചിൽ ഇന്ത്യൻ ജുഡീഷ്യറിയുടെ അകത്തളങ്ങളിലെ ആ 'ഗൊറില്ല'യെ ചൂണ്ടിക്കാണിക്കുകയാണ്.

ഈ അസമത്വം എത്രത്തോളം ആഴത്തിലുള്ളതാണെന്ന് മനസ്സിലാക്കാൻ അമേരിക്കൻ സുപ്രീംകോടതിയുടെ ചരിത്രത്തിലേക്കൊന്ന് തിരിഞ്ഞുനോക്കണം. ബാൾട്ടിമോറിലെ കറുത്തവർഗക്കാരുടെ ഒരു സ്‌കൂളിലെ ഇരുണ്ട ബേസ്മെന്റിലിരുന്ന് അമേരിക്കൻ ഭരണഘടന മനഃപാഠമാക്കുകയായിരുന്നു തർഗുഡ് മാർഷൽ എന്ന ബാലൻ. ക്ലാസിലെ വികൃതികൾക്ക് പ്രിൻസിപ്പൽ മേസൺ ഹോക്കിൻസ് നൽകിയ ശിക്ഷയായിരുന്നു അത്. എന്നാൽ, അന്ന് ശിക്ഷയായി വായിച്ചുതീർത്ത ഭരണഘടനയുടെ വ്യാഖ്യാതാവായി മാർഷൽ 1967-ൽ അമേരിക്കൻ സുപ്രീംകോടതിയുടെ ജഡ്ജിയായി അവരോധിക്കപ്പെട്ടു. വെളുത്തവർഗക്കാരുടെ കുത്തകയായിരുന്ന സുപ്രീം കോടതിയുടെ അടച്ചിട്ട ചേംബറുകളിലേക്ക്, വംശീയവിവേചനത്തിന്റെയും ദാരിദ്ര്യത്തിന്റെയും പൊള്ളുന്ന യാഥാർഥ്യങ്ങളുടെ ജനാലകൾ തുറന്നിടാൻ തർഗുഡ് മാർഷലിന് കഴിഞ്ഞു.

എന്നാൽ, സ്വാതന്ത്ര്യം ലഭിച്ച് എട്ടുപതിറ്റാണ്ട് പിന്നിടുമ്പോഴും ഇന്ത്യൻ ഉന്നത നീതിപീഠത്തിന്റെ വാതിലുകൾ സാധാരണക്കാർക്കുമുന്നിൽ 'മെറിറ്റ്' എന്ന വാൾ ഉയർത്തിപ്പിടിച്ച് അടഞ്ഞുകിടക്കുകയാണ്. 2019-ൽ അലഹാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് രംഗ്നാഥ് പാണ്ഡെ പ്രധാനമന്ത്രിക്കയച്ച കത്തിൽ, ജാതിയും സ്വജനപക്ഷപാതവുമാണ് കൊളീജിയം നിയമനങ്ങളുടെ ഏകമാനദണ്ഡമെന്ന് ആരോപിച്ചിരുന്നു.

അലിഖിത സംവരണങ്ങൾ

ഇന്ത്യൻ സുപ്രീംകോടതിയുടെ ആരംഭകാലംമുതൽക്കേ നിയമനങ്ങളിൽ മതപരവും ജാതീയവുമായ അലിഖിത സംവരണങ്ങൾ നിലനിന്നിരുന്നുവെന്നത് ചരിത്രവസ്തുതയാണ്. മദ്രാസ് സീറ്റ്, ബോംബെ സീറ്റ്, മുസ്ലിം സീറ്റ്, ക്രിസ്ത്യൻ സീറ്റ് എന്നിങ്ങനെയുള്ള സീറ്റുകൾ കോടതിയിലുണ്ടായിരുന്നു.

പതഞ്ജലി ശാസ്ത്രി ഒഴിഞ്ഞ 'തമിഴ് ബ്രാഹ്‌മണസീറ്റി'ലേക്ക് മറ്റൊരു തമിഴ് ബ്രാഹ്‌മണനായ ടി.എൽ.വി. അയ്യർ എത്തിയതും ഫസൽ അലി, ഗുലാം ഹസ്സൻ, സയ്യിദ് ജാഫർ ഇമാം, സയ്യിദ് മുർത്ത ഫസൽ അലി എന്നിവർ 'മുസ്ലിം സീറ്റ്' അലങ്കരിച്ചതും ഇതിന് ഉദാഹരണമാണ്.

1960-കളിൽ അനാരോഗ്യംമൂലം സയ്യിദ് ജാഫർ ഇമാമിനെ മറികടന്ന് മറ്റൊരാളെ ചീഫ് ജസ്റ്റിസാക്കേണ്ടിവന്നപ്പോൾ, ഒരു മുസ്ലിം ജഡ്ജിയെ തഴഞ്ഞാൽ പാകിസ്താൻ എന്തുചിന്തിക്കുമെന്ന ആശങ്ക പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു പങ്കുവെച്ചതായി ജസ്റ്റിസ് ബി.പി. സിൻഹ ജോർജ് എച്ച്. ഗാഡ്ബോയിസ് ജൂനിയറോട് വെളിപ്പെടുത്തിയത് അഭിനവ് ചന്ദ്രചൂഡ് തന്റെ 'സുപ്രീം വിസ്പേഴ്സ്' (Supreme Whispers) എന്ന പുസ്തകത്തിൽ രേഖപ്പെടുത്തുന്നുണ്ട്.

1978-ൽ ജസ്റ്റിസ് കെ.കെ. മാത്യുവിന് പകരമായി 'ക്രിസ്ത്യൻ സീറ്റിലേക്ക് ജസ്റ്റിസ് ചിന്നപ്പ റെഡ്ഡി എത്തിയപ്പോൾ, തന്നെ ഏതെങ്കിലും മതത്തിന്റെയോ ജാതിയുടെയോ കള്ളിയിലൊതുക്കുന്നതിൽ താൻ അപമാനിതനാകുന്നുവെന്ന് അദ്ദേഹം പറഞ്ഞെങ്കിലും, അദ്ദേഹം വിരമിച്ചപ്പോൾ ആ സീറ്റ് മറ്റൊരു ക്രിസ്ത്യൻ ജഡ്ജിയായ ജസ്റ്റിസ് ടി.കെ. തൊമ്മനുതന്നെ നൽകപ്പെട്ടു. 1960-കളിൽ ആഭ്യന്തരമന്ത്രി ജി.ബി. പന്ത് ബ്രാഹ്‌മണസ്ഥാനാർഥിക്കുവേണ്ടി സമ്മർദംചെലുത്തിയതും 1977-ൽ നിയമമന്ത്രി ശാന്തിഭൂഷൺ തന്റെ സമുദായത്തിൽപ്പെട്ടവരെ (ബനിയ) ഹൈക്കോടതികളിൽ തിരുകിക്കയറ്റിയതുമെല്ലാം 'സുപ്രീം വിസ്‌പേഴ്‌സി'ൽ ചന്ദ്രചൂഡ് വിവരിക്കുന്നുണ്ട്.

അതേസമയം, 1980-ൽ ജസ്റ്റിസ് എ. വരദരാജനിലൂടെ ആദ്യ ദളിത് ജഡ്ജിയെയും 2002-ൽ ജസ്റ്റിസ് എച്ച്.കെ. സെമയിലൂടെ ആദ്യ ആദിവാസിജഡ്ജിയെയും ലഭിക്കാൻ സുപ്രീംകോടതിക്ക് പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടിവന്നു. 2021-മുതലുള്ള നിയമനങ്ങളിൽ ഏകദേശം എൺപതുശതമാനവും മുന്നാക്കവിഭാഗങ്ങളിൽനിന്നാണെന്നും പിന്നാക്ക വിഭാഗങ്ങൾക്ക് (ഒ.ബി.സി.) പതിന്നാലുശതമാനത്തിൽ താഴെമാത്രമാണ് പ്രാതിനിധ്യം ലഭിച്ചതെന്നുമുള്ള കണക്കുകൾ ജസ്റ്റിസ് ഗവായ് തന്റെ കത്തിൽ ചൂണ്ടിക്കാട്ടുന്നു.

ആരുടെ കോട്ട

നീതിപീഠത്തിലെ ഈ സവർണകുത്തകയെക്കുറിച്ച് പ്രശസ്ത നിയമപണ്ഡിതൻ പ്രൊഫ. ജി. മോഹൻ ഗോപാൽ 'ഇൻ കംപ്ലീറ്റ് ജസ്റ്റിസ്' എന്ന പുസ്തകത്തിലെ തന്റെ ലേഖനത്തിൽ ആഴത്തിൽ വിശകലനംചെയ്യുന്നുണ്ട്.

ഭരണഘടന വിഭാവനംചെയ്യുന്ന ജാതിരഹിത സമൂഹത്തിനായി വാചാലമാകുമ്പോഴും പ്രായോഗികതലത്തിൽ ഇന്ത്യൻ ജാതിവ്യവസ്ഥയെ സംരക്ഷിക്കുന്ന ഒരു 'സവർണപ്രഭുവർഗത്തിന്റെ കോട്ട'യായി സുപ്രീംകോടതി പ്രവർത്തിക്കുന്നുവെന്നാണ് അദ്ദേഹം നിരീക്ഷിക്കുന്നത്. തങ്ങളുടെ സാമൂഹികചുറ്റുപാടുകളിൽനിന്ന് വരുന്നവർക്കുമാത്രമേ ഭരണഘടനയെ സംരക്ഷിക്കാൻ കഴിയൂ എന്ന വരേണ്യ ബോധമാണ് 'മെറിറ്റ്' എന്ന ഓമനപ്പേരിൽ ഇവിടെ ആഘോഷിക്കപ്പെടുന്നത്.

പരിമിതമായ ജനിതകക്കുളം

അഭിനവ് ചന്ദ്രചൂഡ് തന്റെ 'ദി ഇൻഫോർമൽ കോൺസ്റ്റിറ്റിയൂഷൻ' എന്ന കൃതിയിൽ പറയുന്നതുപോലെ, സുപ്രീംകോടതിയിലെ വൈവിധ്യമെന്നത് കേവലം പ്രതീകാത്മകംമാത്രമാണ്. അച്ഛൻ ചീഫ് ജസ്റ്റിസായിരുന്നവരുടെ മക്കളായ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് ബി.വി. നാഗരത്‌നയും ഒരേ ദശകത്തിൽ ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്നതും, ചന്ദ്രചൂഡിന്റെ പിൻഗാമിയായി ജസ്റ്റിസ് എച്ച്.ആർ. ഖന്നയുടെ അനന്തരവൻ ജസ്റ്റിസ് സഞ്ജീവ് ഖന്ന എത്തുന്നതും, രണ്ട് അച്ഛൻ -മകൻ ജോഡികളും രണ്ട് അമ്മാവൻ- അനന്തരവൻ ജോഡികളും ഒരു മുത്തച്ഛൻ-ചെറുമകൻ ജോഡിയും സുപ്രീംകോടതിയിൽ സേവനമനുഷ്ഠിച്ചതുമെല്ലാം ജഡ്ജിമാരുടെ പരിമിതമായ 'ജനിതകക്കുള'ത്തെയാണ് (gene pool) കാണിക്കുന്നത്.

പ്രാതിനിധ്യങ്ങളും പങ്കാളിത്തങ്ങളും

സ്ത്രീകളുടെ പ്രാതിനിധ്യവും അങ്ങേയറ്റം പരിതാപകരമാണ്. 2015-ൽ ഇന്ത്യ സന്ദർശിച്ച കെനിയൻ ചീഫ് ജസ്റ്റിസ്, സുപ്രീം കോടതിയിൽ ഒരു വനിതാജഡ്ജി മാത്രമേയുള്ളൂ എന്നതിൽ പരസ്യമായി നിരാശ പ്രകടിപ്പിച്ചിരുന്നു; കൗതുകമെന്നുപറയട്ടെ, അന്ന് കെനിയയുടെ ഡെപ്യൂട്ടി ചീഫ് ജസ്റ്റിസ് ഇന്ത്യൻ വംശജയായ ജസ്റ്റിസ് കൽപ്പന റാവൽ ആയിരുന്നു.

ലൈംഗികന്യൂനപക്ഷങ്ങളുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. ഡൽഹി ഹൈക്കോടതി ജഡ്ജിയാക്കാൻ കൊളീജിയം ആവർത്തിച്ച് ശുപാർശചെയ്തിട്ടും, സീനിയർ അഭിഭാഷകൻ സൗരഭ് കൃപാലിന്റെ നിയമനം വർഷങ്ങളായി കേന്ദ്രസർക്കാർ തടഞ്ഞുെവച്ചിരിക്കയാണ്. അദ്ദേഹത്തിന്റെ ലൈംഗികാഭിമുഖ്യവും പങ്കാളിയുടെ വിദേശപൗരത്വവും സുരക്ഷാഭീഷണിയാണെന്നാണ് സർക്കാർ വാദം.

എന്നാൽ, ഇന്ത്യയും പാകിസ്താനും തമ്മിൽ കടുത്ത ശത്രുത നിലനിന്നിരുന്ന കാലത്ത്, പാകിസ്താന്റെ ആദ്യ വിദേശകാര്യസെക്രട്ടറിയും അംബാസഡറുമായിരുന്ന മുഹമ്മദ് ഇക്രാമുള്ളയുടെ സഹോദരനായിരുന്നിട്ടും ജസ്റ്റിസ് മുഹമ്മദ് ഹിദായത്തുള്ളയ്ക്ക് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തിൽ എത്താൻ ഒരു സുരക്ഷാഭീഷണിയും തടസ്സമായിരുന്നില്ല എന്ന ചരിത്രം ഈ ഇരട്ടത്താപ്പിനെ തുറന്നുകാട്ടുന്നു.

ഭരണഘടനാശില്പിയായ ഡോ.ബി. ആർ. അംബേദ്കർ വിഭാവനം ചെയ്ത പ്രാതിനിധ്യത്തിലൂടെയുള്ള സാമൂഹികനീതി അട്ടിമറിക്കപ്പെടുമ്പോൾ, അവിടെ മെറിറ്റ് എന്ന മേൽജാതിക്കാരുടെയും ജുഡീഷ്യൽ കുടുംബങ്ങളുടെയും സാമൂഹിക മൂലധനത്തെ സംരക്ഷിക്കാനുള്ള ഒരു മറയായിമാറുന്നു. തർഗുഡ് മാർഷലിനെപ്പോലെ അടിച്ചമർത്തപ്പെട്ടവരുടെ ജീവിതാനുഭവങ്ങൾ നീതിപീഠത്തിലേക്ക് കടന്നുവരുമ്പോഴാണ് നിയമം ജീവസ്സുറ്റതാകുന്നത്. കൊളീജിയം സംവിധാനത്തിലെ അതാര്യതയും ജാതി-കുടുംബ ആധിപത്യവും അവസാനിപ്പിച്ച്, 'ഗൊറില്ല'യെ പുറത്താക്കാൻ തയ്യാറാകാത്തപക്ഷം, ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യതയ്ക്ക് കനത്ത മങ്ങലേൽക്കുകതന്നെ ചെയ്യും.

(കേരളസർക്കാരിന്റെ നിയമവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)