ലാത്തിയോങ്ങി അടിക്കാൻ ഓടിവരുന്ന പൊലീസിനെ ആവർത്തിച്ച് ദേശീയഗാനം ആലപിച്ച് 'അറ്റൻഷനി'ൽ നിർത്തിയ, ജലപീരങ്കിയിൽ നിന്ന് വെള്ളം ചീറ്റുമ്പോൾ ആവേശത്തോടെ നൃത്തംവച്ച, ഹുഡിയും തൊപ്പിയും ധരിച്ച് നടുറോഡിൽ ഒറ്റയ്‌ക്കൊരു കയ്യാൽ പൊലീസ് വാൻ തടഞ്ഞ, ജൂനിയേഴ്‌സിനെ ലാത്തിയുമായി നേരിടാനെത്തുന്ന പൊലിസിനെതിരെ രണ്ടുംകയ്യും വിരിച്ച് പുറംതിരിഞ്ഞുനിന്നടിയേറ്റുവാങ്ങിയ, പൊലീസ് മർദനത്തിൽ നിന്ന് ഓടിരക്ഷപ്പെടുമ്പോഴും കാർഡിയോ ഡേ ഗയ്‌സ് എന്നു പറഞ്ഞ, പ്രതിഷേധത്തിനിറങ്ങും മുമ്പുള്ള 'ഗെറ്റ് റെഡി വിത് മി' വീഡിയോ ചെയ്ത ജെൻ സീ. പ്ലക്കാർഡ് ഉയർത്തി, മുദ്രാവാക്യം വിളിച്ച്, നിലത്തുകുത്തിയിരുന്ന് പൊലീസ് നിരത്തിയ ബാരിക്കേഡുകളിൽ വലിഞ്ഞു കയറുന്ന സ്ഥിരം പ്രക്ഷോഭ ഭാഷയോ രീതിയോ ആയിരുന്നില്ല അവരുടേത്. ലാത്തിയടിയേൽക്കാതിരിക്കാൻ ഓടുന്നതിനിടയിലും അവർ വീഡിയോ പകർത്തി, പ്രതിഷേധം നടക്കുന്നതിന് അല്പം ദൂരെ മാറിനിന്ന് അവർ ഡാൻസ് റീലുകൾ പകർത്തി, സമരത്തിന് പിന്തുണയുമായി വഴിയരികിൽ കൊതുകുവല വിരിച്ചുകിടന്ന് റീൽസ് കണ്ട് ചിരിച്ചു, റോഡിന് ഒത്ത നടുക്കിരുന്ന് കാർഡ് കളിച്ചു. പാറ്റയുടെ വേഷത്തിൽ ലഖ്‌നൗവിൽ നിന്ന് ഒരു യുവാവെത്തിയപ്പോൾ മൾട്ടിവേഴ്‌സുകളിൽ നിന്ന് സ്‌പൈഡർമാനും ബാറ്റ്മാനും പ്രതിഷേധത്തിനെത്തി. ബാരിക്കേഡുകളിൽ അടിവസ്ത്രം ഉണക്കാനിട്ടു, സമരക്കാരെ അറസ്റ്റ് ചെയ്തുകൊണ്ടുപോയ പൊലീസ് വാനിന്റെ വാതിൽ തുറന്നിട്ടു..'ഹെയ് ഗയ്‌സ് ആം കുക്ക്ഡ്' എന്ന അവരുടെ സ്ലാങ് പോലെത്തന്നെ അവരുടെ സമരഭാഷയും രീതികളും വ്യത്യസ്തമായിരുന്നു. മില്ലേനിയൽസ് ഉൾപ്പെടെയുള്ള തലമുറയെ ഞെട്ടിച്ചുകൊണ്ട് തങ്ങൾ വെറും ഡെലുലുകളല്ലെന്ന് വ്യക്തമായും ശക്തമായും അവർ ഉറപ്പിച്ചുപറഞ്ഞു.

To advertise here,

നീറ്റ് പരീക്ഷാക്രമക്കേടിനെതിരെ തലസ്ഥാനത്ത് വിദ്യാർഥികൾക്ക് കക്ഷി രാഷ്ട്രീയമുണ്ടായിരുന്നില്ല. അവരെല്ലാവരും ബിജെപി വിരുദ്ധരോ, ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിച്ചിരുന്നവരോ അല്ല. ഒരു കമ്യൂണിറ്റിയുടെയോ, സോഷ്യൽ ഗ്രൂപ്പിന്റെയോ താല്പര്യങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയായിരുന്നുമില്ല അവരുടെ സമരം. രാജ്യത്തിന്റെ പലയിടത്തുനിന്ന് വന്ന് തങ്ങളുടെ ഭാവിയെ ബാധിക്കുന്ന പരീക്ഷാനടത്തിപ്പിനെ അവർ ചോദ്യം ചെയ്യുക മാത്രമായിരുന്നു. അവർക്ക് വേണ്ടിയിരുന്നത് നീതി മാത്രമായിരുന്നു. മാനദണ്ഡങ്ങളെ മാറ്റിനിർത്തിക്കൊണ്ട് ഒരു CAUSE-ന് വേണ്ടി അവർ ഒരുമിച്ചു. 'ഒരു പൂവിനെ നിങ്ങൾ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അത് പൊട്ടിക്കും മറിച്ച് അതിനോട് സ്‌നേഹമാണെങ്കിൽ ചെടിക്ക് വെള്ളമൊഴിക്കും. രാജ്യത്തിന്റെ കാര്യത്തിലും അതുമാത്രമാണ് പറയാനുള്ളത്. രാജ്യത്തെ സ്‌നേഹിക്കുന്നുണ്ടെങ്കിൽ അനീതി ഉറക്കെ വിളിച്ചുപറയണം. തെറ്റുകണ്ടിട്ട് അതേക്കുറിച്ച് മൗനം പാലിച്ചാൽ ആരാണ് തെറ്റുകാർ?' പ്രതിഷേധത്തിനെത്തിയ ശിവാംഗിയുടെ ചോദ്യത്തിനും അവൾ പങ്കുവച്ച ഉദാഹരണത്തിനും ഒരുപക്ഷെ മുൻതലമുറയിലെ സമരക്കാരുടെ ഗൗരവമോ, ഭാഷയിലെ കടുപ്പമോ കാണില്ല. പക്ഷെ അവർക്കൊന്നറിയാം അനീതിക്കെതിരെ ശബ്ദമുയർത്തണം. അതിന് മുഷിഞ്ഞ വസ്ത്രങ്ങൾ ധരിക്കുകയോ പ്രത്യയശാസ്ത്രങ്ങൾ ഹൃദിസ്ഥമാക്കുകയോ കടിച്ചാൽ പൊട്ടാത്ത ഭാഷയുടെ അകമ്പടിയോ വേണ്ട. ആവശ്യങ്ങൾ അറിയാവുന്ന രീതിയിൽ ലളിതമായി ഉന്നയിച്ചാൽ മാത്രം മതി. തങ്ങളുടെ രീതികളിൽ അവർക്ക് അപകർഷതയുമില്ല. അതുകൊണ്ടാണ് യുട്യൂബേഴ്‌സും ഇൻസ്റ്റഗ്രാം ഇൻഫ്‌ളുവൻസേഴ്‌സും പ്രതിഷേധത്തെ കണ്ടന്റായി കണ്ടതും.

ആക്ടിവിസത്തിന്റെ ഇൻസ്റ്റഗ്രാം ഭാഷ

അൽഗരിതത്തിന്റെ കാലത്ത് ജീവിക്കുന്ന ജെൻ സിയെ സംബന്ധിച്ചിടത്തോളം ദൃശ്യത ശക്തിയാണ്. ഉന്നയിക്കുന്ന പ്രശ്‌നങ്ങളുടെ 'ലൈക്കബിലിറ്റിയും' 'ഹുക്കും' ആ പ്രതിഷേധത്തിന്റെ കരുത്തുയർത്തുന്ന ടൂളുകളാണ്.'ഏസ്‌തെറ്റിക് വാല്യൂ' ഉള്ള സ്‌റ്റോറികളിട്ടും ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത റീലുകളും മീമുകളിട്ടും അവരുടെ പ്രതിഷേധത്തിന്റെ വേദിയായി ഇൻസ്റ്റഗ്രാമുൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ മാറുന്നുമുണ്ട്. പ്രതിഷേധങ്ങൾക്ക് വിഷ്വൽ ഭാഷ അവർ രചിച്ചിരിക്കുകയാണ്. നിറങ്ങൾ, ഫോണ്ടുകൾ, കരൗസൽ സ്ലൈഡുകൾ, റീലുകൾ, മീമുകൾ, ഗ്രാഫിറ്റികൾ എല്ലാം ചേരുംപടി ചേർന്നൊരു 'ഏസ്‌തെറ്റിക് ആക്ടിവിസം'. ചരിത്രം വിശദീകരിക്കുന്ന കരൗസലുകൾ, സ്റ്റാറ്റിസ്റ്റിക്‌സ് ഗ്രാഫിക്‌സുകൾ തുടങ്ങി പ്രതിഷേധം ഒരു വിഷ്വൽ പാക്കേജ് ആണ്. 'Swipe to learn more' എന്ന കോൾ ടു ആക്ഷൻ വരെ ഏസ്‌തെറ്റിക് ആക്ടിവിസത്തിൽ നിർബന്ധമാണ്. ഒന്നിനോടും ഒരു കമ്മിറ്റ്‌മെന്റുമില്ലെന്ന് ആക്ഷേപം കേട്ടുവളർന്ന/ വളരുന്ന തലമുറയാണ് ജെൻ സീ. ലക്ഷ്യങ്ങളെക്കുറിച്ച് ബോധവാന്മാരല്ലെന്നും ട്രെൻഡ് മിസ്സൗട്ട് (Fear of missing out) ആകാതിരിക്കാനുള്ള വ്യാജപിന്തുണ മാത്രമാണ് അവരുടെ സോഷ്യൽ മീഡിയയിലെ പ്രകടനങ്ങളെന്നും ആക്ഷേപിക്കുന്നവരുണ്ട്. എന്നാൽ, ജെൻ സീയുടെ വേർഷൻ അങ്ങനെയല്ല.

ജെൻസിക്ക് ആക്ടിവിസം ഐഡന്റിറ്റി കൂടിയാണ്

സ്വന്തം വ്യക്തിത്വത്തിന് മറ്റെന്തിനേക്കാളും പ്രാധാന്യം നൽകുന്നവരാണ് ജെൻ സീ തലമുറ. ഒരു മൂവ്‌മെന്റിന് പിന്തുണ പ്രഖ്യാപിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം തങ്ങളുടെ നിലപാട് എന്നതിനേക്കാൾ ഐഡന്റിറ്റിയുടെ ഭാഗമാണ്. ആഗോളതാപനത്തിൽ ആശങ്കപ്പെടുന്ന ക്ലൈമറ്റ് കോൺഷ്യസായ വ്യക്തിയാണ് അല്ലെങ്കിൽ ഫെമിനിസ്റ്റാണ് അല്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തുന്നയാളാണ് എന്നെല്ലാം അവർ പറഞ്ഞുവയ്ക്കുകയാണ്. അവരെ പെർഫോമേറ്റിവ് എന്ന് വിമർശിക്കും മറ്റൊന്നുകൂടി ഓർക്കേണ്ടതുണ്ട്. പ്രതിഷേധത്തെ തെരുവിൽ നിന്ന് ലോകം മുഴുവൻ കാണാനാവുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലേക്കെത്തിച്ച് ലോകമെങ്ങുമുള്ള സമപ്രായക്കാരുടെ പിന്തുണ അവർ നേടുന്നുണ്ട്. ചർച്ചകൾ ഒരു പ്രദേശത്തോ, ഒരു വട്ടമേശയ്ക്ക് ചുറ്റും മാത്രമോ ആയി ഒതുക്കാതെ 'ഷെയറിങ്' അല്ലെങ്കിൽ 'റീപോസ്റ്റിങ്' വാല്യൂ ഉള്ളതാക്കി മാറ്റി. ഷെയർ ചെയ്യാൻ എളുപ്പമുള്ള 'ഇമോഷണൽ കണ്ടന്റ്' എന്ന പുച്ഛം പലപ്പോഴും നേരിട്ടിട്ടുണ്ടെങ്കിലും തിരിഞ്ഞുനോക്കിയാൽ ജെൻ സീ ഉയർത്തിയ ഡിജിറ്റൽ സമ്മർദ്ദം സർക്കാരിനെ താഴെയിറക്കാൻ വരെ കെൽപുള്ളതായിരുന്നെന്ന് മറന്നുകൂടാ. അതെ, ജെൻ സീ പ്രതിഷേധത്തിന് പുതിയ മാനം നൽകുകയാണ്. യാഥാർഥ്യം കണ്ടേ മതിയാകൂവെന്ന് ലോകത്തെ നിർബന്ധിതരാക്കുകയാണ്. അവരുടെ ആയുധം ഒന്നിൽ നിന്ന് ലക്ഷത്തിലേക്കെത്തിക്കുന്ന മൊബൈൽ തന്നെയാണ്.

ഏസ്‌തെറ്റിക് ആക്ടിവിസം എന്നാൽ

ഒരു പൊളിറ്റിക്കൽ എക്‌സ്പ്രഷനുവേണ്ടി കലയെ കൂട്ടുപിടിക്കുകയാണ് ഏസ്‌തെറ്റിക് ആക്ടിവിസത്തിലൂടെ. കയ്യിലുള്ള മൊബൈലിലൂടെ ഒരു വ്യക്തിയിലേക്ക് നേരിട്ടെത്തുന്നതിനാൽ കൂടുതൽ ആഴത്തിൽ ആളുകളെ സ്പർശിക്കാനും 'എൻഗേജ്' ചെയ്യിക്കാനും സാധിക്കുന്നുണ്ട്. സങ്കീർണമായ വിഷയങ്ങൾ പോലും ക്രിയേറ്റീവ് മീഡിയത്തിലൂടെ ആസ്വാദ്യകരമായി മടുപ്പില്ലാതെ അവതരിപ്പിക്കാനാകും. പുതിയ കാലത്തിന്റെ വെല്ലുവിളികളെ ഉൾക്കൊണ്ട് 'ഇൻഫർമേഷൻ ഓവർഫ്‌ളോ'യുടെ കാലത്ത് പുത്തൻ ടെക്‌നോളജിയും ടൂളുകളും കൃത്യമായി ഉപയോഗപ്പെടുത്തിയാണ് ഇത് ശക്തിപ്രാപിക്കുന്നത്. ഒരു ചിത്രത്തിന് ആയിരം വാക്കുകളേക്കാൾ കരുത്തുണ്ടെന്ന് പറയുന്നത് പോലെ കരുത്തുറ്റ ഒരു ഗ്രാഫിക് കാർഡിലൂടെ, ചിത്രത്തിലൂടെ ചിന്തയെ ഉണർത്തുന്ന സ്‌കൾപ്ചറിലൂടെ ഒരു വലിയ റിപ്പോർട്ടിനേക്കാൾ ഡേറ്റയേക്കാൾ സന്ദേശം കൈമാറാൻ കഴിയുമെന്നതാണ് ഇതിന്റെ വിജയം. ഒരു പോസ്റ്റ്, ഹാഷ്ടാഗ് അല്ലെങ്കിൽ സ്റ്റോറി എന്നിവയിലൂടെ ലക്ഷക്കണക്കിന് ആളുകൾക്ക് ഒരു വിഷയത്തിൽ എളുപ്പത്തിൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ സാധിക്കും.സ ്വത്വബോധവും ലക്ഷ്യവും ഒരുകൂട്ടം ആളുകൾക്കിടയിൽ ഒരുപോലെ പങ്കിടപ്പെടുന്നു. ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള ആ ഒരു കൂട്ടം ഒരു സമൂഹമായി രൂപാന്തരപ്പെടുന്നു, ഒരു കളക്ടീവായി അവർ പ്രവർത്തിക്കുന്നു.

ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം പറഞ്ഞുവയ്ക്കുന്നത്

രാജ്യം ഇന്നുവരെ കണ്ട വിദ്യാർഥി സമരങ്ങളിൽനിന്ന് തികച്ചും വിഭിന്നമാണ് ഡൽഹിയിൽ നാം കണ്ട വിദ്യാർഥി പ്രക്ഷോഭം. സ്റ്റേറ്റിനെ നേരിടാനുള്ള ചങ്കൂറ്റം ഈസി ഗോയിങ് എന്ന വിളിപ്പേരുള്ള തങ്ങൾക്കുണ്ടെന്ന് അവർ തെളിയിച്ചു.

'ഞങ്ങൾ രാജ്യവിരുദ്ധരോ, തീവ്രവാദികളോ അല്ല രാജ്യസ്‌നേഹികളാണ്. അതുകൊണ്ടാണ് തെറ്റിലേക്ക് പോകുന്ന സമ്പ്രദായത്തെ തിരുത്താൻ തെരുവിലിറങ്ങിയത്. കാര്യഗൗരവമില്ലാത്ത ജെൻസീ എന്ന വിളിപ്പേര് ഞങ്ങൾക്കിനി വേണ്ട, ജനാധിപത്യമൂല്യങ്ങൾ ഞങ്ങളിലും അടിയുറച്ചുതന്നെ നിലകൊള്ളുന്നുണ്ട്. ഞങ്ങൾ ശരിയുടെ, നീതിയുടെ പക്ഷത്താണ്.' എന്നുതന്നെയാണ് പ്രവൃത്തികളിലൂടെ അവർ പറയുന്നത്.

ജെൻ സിയുടെ സ്ലാങ്ങുകൾ പോലെ അവരുടെ രീതികളും മുതിർന്ന തലമുറയ്ക്ക് അപരിചിതമായിരിക്കാം. എന്നാൽ, വേണ്ടപ്പോൾ ഗൗരവത്തോടെ ഇടപെടാനും അതല്ലാത്തപ്പോൾ ജീവിതം ആസ്വദിക്കാനും കഴിയുന്നവരാണ് തങ്ങളെന്ന വലിയ പാഠമാണ് ഇന്ത്യയിലെയും നേപ്പാളിലെയും കെനിയയിലെയും ബംഗ്ലാദേശിലെയുമെല്ലാം വിദ്യാർഥി പ്രക്ഷോഭങ്ങൾ പറഞ്ഞുവയ്ക്കുന്നത്.