‘ഭരണഘടന ഒരു സംവിധാനംമാത്രമാണ്; അതിന്റെ ആത്മാവ് അത് കൈകാര്യം ചെയ്യുന്നവരെ ആശ്രയിച്ചിരിക്കും’ ഭരണഘടനാ നിർമാണസഭയെ അഭിസംബോധനചെയ്ത് 1949 നവംബർ 25-ന് ഡോ. ബി.ആർ. അംബേദ്കർ പറഞ്ഞു. നിയമസഭ പാസാക്കുന്ന ബില്ലുകൾ ഗവർണർമാർ അനിശ്ചിതമായി വൈകിപ്പിക്കുന്നത് ശരിയല്ലെങ്കിലും ഇക്കാര്യത്തിൽ സമയക്രമം നിശ്ചയിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി ഭരണഘടനാബെഞ്ച് തീർപ്പുകല്പിച്ചത് അടുത്ത ദിവസമാണ്. ഈ പശ്ചാത്തലത്തിൽ അംബേദ്കറിന്റെ അഭിപ്രായത്തെ എങ്ങനെ വിലയിരുത്തുന്നു?

To advertise here,

ജനാധിപത്യത്തിൽ വ്യക്തികൾക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് ഓർമ്മിപ്പിക്കുന്നതായിരുന്നു അംബേദ്കറുടെ വാക്കുകൾ. നിയമസഭ പാസാക്കുന്ന ബില്ലുകൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഗവർണർ ഒപ്പിട്ടില്ലെങ്കിൽ അനുമതി നൽകിയതായി കണക്കാക്കാം (ഡീംഡ് അസന്റ്) എന്നായിരുന്നില്ല ജസ്റ്റിസ് ജെ.ബി. പർദിവാല അധ്യക്ഷനായ രണ്ടംഗബെഞ്ചിന്റെ വിധി. അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയാൽ ജുഡീഷ്യൽ റിവ്യൂവിന് കാരണമായി മാറാമെന്നാണ് പറഞ്ഞത്. സമയപരിധി കഴിഞ്ഞാൽ കോടതിയെ സമീപിക്കാം എന്നേ അർഥമുണ്ടായിരുന്നുള്ളൂ. രാഷ്ട്രപതിയുടെ റഫറൻസിൽ സമയപരിധി നിശ്ചയിക്കാനാകില്ലെന്ന് ഭരണഘടനാബെഞ്ച് വ്യക്തമാക്കി. ന്യായമായ സമയപരിധി കഴിഞ്ഞിട്ടും ഗവർണർ തീരുമാനമെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്നും കോടതിക്ക്‌ പരിമിതമായി ഇടപെടാമെന്നും ഭരണഘടനാബെഞ്ചും പറയുന്നുണ്ട്.

ഭരണഘടനയോടുള്ള പ്രതിബദ്ധതയും അറിവുമായിരിക്കണം ഗവർണറുടെ തീരുമാനത്തിന്റെ അടിസ്ഥാനം. രാഷ്ട്രീയതാത്‌പര്യത്തോടെ തീരുമാനങ്ങളെടുക്കുകയോ എടുക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് പ്രശ്നങ്ങൾ ഉണ്ടാകുന്നത്. കാലതാമസമൊക്കെയുണ്ടാകാം. നിയമവിദഗ്ധരുടെ അഭിപ്രായവും തേടാം. അതുകൊണ്ടാണ് മൂന്നുമാസത്തിനകം തീരുമാനമെടുക്കാൻ സുപ്രീംകോടതി ആദ്യം ഉത്തരവിട്ടത്.

തിരഞ്ഞെടുപ്പുകാലത്തെ വാഗ്ദാനങ്ങളുടെയൊക്കെ തുടർച്ചയായിട്ടായിരിക്കും നിയമസഭ നിയമം പാസാക്കുന്നത്. പിന്നീട് ഗവർണറുടെ അംഗീകാരത്തിനും ഏറെ കാലതാമസമുണ്ടാകുന്നത് ഗുണകരമല്ല.

1983-ലെ സർക്കാരിയ കമ്മിഷൻ റിപ്പോർട്ടിൽത്തന്നെ ഗവർണർമാർക്കെതിരേ പരാമർശങ്ങളുണ്ടായിരുന്നു. ഗവർണറുടെ നിയമനം, തിരഞ്ഞെടുപ്പ്, ഏതുതരത്തിലുള്ള വ്യക്തികളെയായിരിക്കണം ഗവർണറായി നിയമിക്കേണ്ടത് എന്നതൊക്കെ അതിൽ വിഷയമായിരുന്നു. പിന്നീട് നിയമിക്കപ്പെട്ട കമ്മിഷനുകളും വിഷയം പരിശോധിച്ചിട്ടുണ്ട്.

ഭരണഘടനയോട് പ്രതിബദ്ധതയുള്ളവരാണോ ഗവർണറായി നിയമിക്കപ്പെടുന്നത് എന്നതായിരുന്നു ഇതിലൊക്കെ പ്രതിഫലിച്ചത്. ഗവർണർ കേന്ദ്രസർക്കാരിന്റെ ജീവനക്കാരനോ ഏജന്റോ ഒന്നുമല്ല. അതാണ് സുപ്രീംകോടതിയുടെ ഉത്തരവുകളിലടക്കം പ്രതിഫലിക്കുന്നത്.

ഭരണഘടനയോടുള്ള വലിയ ഉത്തരവാദിത്വമാണ് അവർ നിർവഹിക്കേണ്ടത്. തിരഞ്ഞെടുക്കപ്പെട്ടയാളുകളാണ് ഭരണം നടത്തുന്നത്. നിയമനിർമാണമാണ് അവരുടെ പ്രധാന ജോലി. അതിൽ ഇടപെടാനുള്ള പരിമിതി മനസ്സിലാക്കി പ്രവർത്തിച്ചാൽ ഒരു പ്രശ്നവുമില്ല. രാഷ്ട്രീയവത്‌കരണത്തിന് അവസരമുണ്ടാക്കാത്ത രീതിയിൽ ഗവർണർമാർ പെരുമാറുകയും നിയമസഭ അവരുടെ പരിമിതിക്കുള്ളിൽനിന്ന് നിയമമുണ്ടാക്കുകയും വേണം.

ഭരണഘടനാസ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിഷ്പക്ഷത ചോദ്യംചെയ്യപ്പെടുന്നുണ്ട്‌ ഇപ്പോൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികൾ തിരഞ്ഞെടുപ്പുപ്രചാരണത്തിനുപോലും വിഷയമാകുന്നു. ഭരണഘടനാസ്ഥാപനങ്ങളെ സ്വതന്ത്രമായി നിലനിർത്തേണ്ടത് അനിവാര്യമല്ലേ?

ഭരണഘടനയുടെ അനുച്ഛേദം 324 വിപുലമായ അധികാരമാണ് തിരഞ്ഞെടുപ്പ് കമ്മിഷന് നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പുകമ്മിഷണറായി നിയമിതരാവുന്നവർ നിഷ്പക്ഷരും സത്യസന്ധരുമായിരിക്കണം.

ആരോടും അവർക്ക് പ്രതിബദ്ധതയും ഉണ്ടാകരുത്. ഭരണഘടനയോടുമാത്രമായിരിക്കണം പ്രതിബദ്ധത. നിയമമായിരിക്കണം അവരുടെ ആയുധം. ഇപ്പോൾ മനസ്സിൽ ഓടിയെത്തുന്ന പേര് ടി.എൻ. ശേഷന്റേതാണ്. ഭരിക്കുന്ന പാർട്ടിയോടും പ്രതിപക്ഷത്തോടും കൂറുണ്ടാകരുത്. അത്തരക്കാരെ എങ്ങനെ കണ്ടെത്തും എന്നൊന്നും ആർക്കും പറഞ്ഞുനൽകാനാകില്ല. കാരക്ടർ ഇല്ലാത്ത രാജ്യമായി മാറിയാൽ പിന്നെ എവിടെനിന്ന് ഒപ്പിയെടുക്കും എന്ന ചോദ്യം അവശേഷിക്കുന്നുണ്ട്.

ജനാധിപത്യത്തിന്റെ നാല്‌ തൂണുകളാണല്ലോ നിയമനിർമാണസഭയും എക്സിക്യുട്ടീവും ജുഡീഷ്യറിയും മാധ്യമങ്ങളും. ഇവയിൽ മാധ്യമസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്നു എന്ന സന്ദേഹത്തിന് അർഥമുണ്ടോ?

ദേശീയ ഇംഗ്ലീഷ് ദൃശ്യ‌മാധ്യമങ്ങളിൽ ഭൂരിഭാഗങ്ങളും പ്രധാന കർത്തവ്യങ്ങൾ മറന്ന് പ്രവർത്തിക്കുന്നുണ്ട്. ഭരിക്കുന്ന സർക്കാരിന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ അവർ മടിക്കുന്നു. പ്രതിപക്ഷപാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ കാര്യങ്ങളാണ് അവർ ഉയർത്തിക്കാട്ടുന്നത്. കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന മറ്റുസംസ്ഥാനങ്ങളിലെ വിഷയങ്ങൾ അവർ പറയില്ല.

ഭരണഘടനയെക്കുറിച്ച് പറയുമ്പോൾ അതിനെക്കുറിച്ചും നമ്മൾ ആലോചിക്കേണ്ടതുണ്ട്. ജനാധിപത്യരാഷ്ട്രമാണെന്നാണല്ലോ സങ്കല്പം. അവിടെ മാധ്യമങ്ങൾക്ക് വലിയ പങ്കുണ്ട്. പ്രതിപക്ഷത്തെ ഇല്ലാതാക്കുകയല്ല അവരുടെ റോൾ. ഇതിനൊരു മാറ്റംവേണം. ചാനൽ ചർച്ചകളിൽ എല്ലാവർക്കും തുല്യാവസരം നൽകണം. അതല്ലെങ്കിൽ ഭരണഘടനയ്ക്ക് വിപത്താണ്, ജനാധിപത്യത്തിന് ഭീഷണിയും.

എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കും സംവിധാനത്തെയാകെ നിയന്ത്രിക്കാൻ താത്‌പര്യമുണ്ടാകും. ഭൂരിപക്ഷം കൂടുന്നതനുസരിച്ച് ഈ താത്‌പര്യവും ശേഷിയും കൂടും. സ്വതന്ത്രമാധ്യമങ്ങളുണ്ടെങ്കിലേ എന്താണ് നടക്കുന്നതെന്ന് മനസ്സിലാകൂ.

അമേരിക്കൻ ഭരണഘടനയിലെപ്പോലെ മാധ്യമസ്വാതന്ത്ര്യമെന്നത് ഇന്ത്യൻ ഭരണഘടനയിൽ എടുത്തുപറയുന്നില്ല. എന്നാൽ, ഭരണഘടനാ അനുച്ഛേദം 19(1) എ ഉറപ്പുനൽകുന്ന അഭിപ്രായസ്വാതന്ത്ര്യം മാധ്യമസ്വാതന്ത്ര്യം ഉറപ്പുനൽകുന്നുണ്ട്. മാധ്യമസ്വാതന്ത്ര്യമെന്നത് വായനക്കാരന്റെയും ശ്രോതാവിന്റെയും പ്രേക്ഷകന്റെയും സ്വാതന്ത്ര്യമാണ്. യഥാർഥത്തിൽ അത് പൗരന്റെ സ്വാതന്ത്ര്യമാണ്. അതുണ്ടെങ്കിലേ ജനങ്ങൾക്ക് ജനാധിപത്യത്തിൽ പങ്കാളിയാകാനാകൂ.

കൊളീജിയം സിസ്റ്റം കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നുണ്ടോ ഇപ്പോൾ. ന്യായാധിപരുടെ നിയമനത്തിൽ മുൻപൊന്നുമില്ലാത്തവിധം ഭരണകൂട ഇടപെടലുണ്ടാകുന്നുണ്ടോ?

കൊളീജിയം സംവിധാനത്തിലും മനുഷ്യരാണ്. അതിനാൽത്തന്നെ വ്യക്തി എന്നത് പ്രധാനമാണ്. ഭരണകൂട ഇടപെടൽ ഉണ്ടാകാതിരിക്കുന്നതിനാണ് കൊളീജിയം സംവിധാനം വന്നത്. അതിനെ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ എപ്പോഴും ഉണ്ടാകണം. കൊളീജിയത്തിലെ അംഗങ്ങളും ജഡ്ജിമാരും അതിനായി ശ്രമിക്കണം. വ്യക്തിപരമായ മഹിമയാണ് ഇവിടെയൊക്കെ നിർണായകമാകുന്നത്. ഭരണഘടനയോടുമാത്രം പ്രതിബദ്ധത പാലിക്കണം മറ്റൊന്നും അവിടെ പരിഗണനാവിഷയമാകരുത്.

സ്വാതന്ത്ര്യം ഏഴുപതിറ്റാണ്ട് പിന്നിട്ടിട്ടും പൗരാവകാശങ്ങൾ ഇപ്പോഴും ലംഘിക്കപ്പെടുന്നു. പോലീസ് അതിക്രമങ്ങളൊക്കെ തുടരുന്നു. എന്താണ് പരിഹാരം?

പോലീസ് അതിക്രമമടക്കം തടയുന്ന നിയമം ഇതുവരെ രാജ്യത്തുണ്ടായിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ, പീഡനത്തിനെതിരായ കൺവെൻഷൻ രാജ്യം ഇതുവരെ സാധൂകരിച്ചിട്ടില്ല. അങ്ങനെയുണ്ടായിരുന്നെങ്കിൽ പോലീസ് അതിക്രമം തടയുന്ന പ്രത്യേക നിയമം ഉണ്ടാക്കേണ്ടിവരുമായിരുന്നു. പ്രിവൻഷൻ ഓഫ് ടോർച്ചർ ബിൽ 2010-ലും 2017-ലും 2019-ലും 2023-ലും പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. എന്നാൽ, അതിനപ്പുറം ആ ബില്ലുകളുടെ സ്ഥിതി എന്തായി എന്ന് അറിയില്ല. 2017-ലോ കമ്മിഷനും ടോർച്ചർവിരുദ്ധനിയമം വേണമെന്ന് നിർദേശിച്ചിരുന്നു.

ഭരണഘടനയും ജനാധിപത്യമൂല്യങ്ങളും സംരക്ഷിക്കുന്നതിൽ യുവതലമുറയുടെ പങ്ക് എന്താണ്?

ഏറ്റവുമധികം ചെറുപ്പക്കാരുള്ള നാടാണിത്. സാങ്കേതികവളർച്ചയിൽ ഒാരോ മണിക്കൂറിലും കാര്യങ്ങൾ മാറിമറിയുന്നു. നിലവിലെ അറിവും ജീവിതവീക്ഷണവുമൊക്കെ അടിക്കടി മാറ്റേണ്ട സാഹചര്യമാണിപ്പോൾ. ഇതിനിടയിലും ഭരണഘടനാമൂല്യങ്ങൾ ഉൾക്കൊള്ളാൻ യുവതലമുറ തയ്യാറാകണം. ഒാരോ പൗരനും ഭരണഘടനാതത്ത്വങ്ങൾ പാലിക്കണമെന്ന് ഭരണഘടനയിൽത്തന്നെ പറയുന്നുണ്ട്. മനുഷ്യാവകാശം എന്നത് ഭരണഘടനയിൽത്തന്നെ ഉൾക്കൊള്ളിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യത്തിന്റെ ഏഴുപതിറ്റാണ്ടുകൾ പിന്നിട്ടത് ഈ വ്യവസ്ഥിതിയുടെമാത്രം മിടുക്കല്ല. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന സാധാരണ പൗരരുടെ പങ്കാളിത്തത്തിന്റെ ഫലമാണ്. അവരൊക്കെ രാഷ്ട്രീയപ്പാർട്ടികളുടെ പ്രവർത്തനങ്ങളിൽ പങ്കാളിയായി എന്നല്ല അതിനർഥം. മറിച്ച്, നിഷ്ക്രിയരായി ഇരിക്കാതെ അവരൊക്കെ ജനാധിപത്യത്തിന്റെ സംഘർഷങ്ങളിൽ പങ്കാളിയായി. അതിനാൽ ഏതുമേഖലയിലാണെങ്കിലും യുവതലമുറ ജനാധിപത്യപരമായ സമീപനം സ്വീകരിക്കണം.