''അച്ഛനും അമ്മയും എന്നെ വഞ്ചിച്ചു...എന്നോട് ലൈംഗികാതിക്രമം നടത്തിയയാള്‍ വരുന്ന സദസ്സില്‍ സ്വാഭാവികമായി പെരുമാറി, പങ്കെടുത്തു...'' കടുത്തനിരാശയോടെ ഇരുപതുകാരിയായ പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രിസ്റ്റായ ഡോ. ടോം വര്‍ഗീസിനോട് തന്റെ മാനസികാഘാതം പങ്കുവെച്ചതിങ്ങനെയാണ്. തീവ്രമായ വിഷാദരോഗലക്ഷണങ്ങളോടെയും ആത്മഹത്യാപ്രവണതയോടെയുമാണ് പെണ്‍കുട്ടി എത്തിയത്. തുറന്നുസംസാരിച്ചപ്പോഴാണ് ചെറുപ്പത്തില്‍ നേരിട്ട ലൈംഗികാതിക്രമത്തെക്കുറിച്ച് പറഞ്ഞത്. ഏറ്റവും അടുത്ത ബന്ധുതന്നെയായിരുന്നു വേട്ടക്കാരന്‍. 

To advertise here,

വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അവരും പെണ്‍കുട്ടിക്കനുകൂലമായി നില്‍ക്കുകയാണുണ്ടായത്. ഇനി അയാളുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നും വീട്ടിലേക്ക് വിളിക്കില്ലെന്നുമൊക്കെ കുട്ടിക്ക് ഉറപ്പുകൊടുത്തു. വളരെ അടുത്തബന്ധുവായതിനാല്‍ നിയമപരമായി മുന്നോട്ടുപോയില്ല. പക്ഷേ, പിന്നീടങ്ങോട്ട് കുടുംബത്തിലെ ചടങ്ങുകളിലെല്ലാം ഈ കക്ഷിയെ കാണുന്ന സാഹചര്യമുണ്ടായി. കുടുംബസദസ്സുകളിലൊക്കെ മാതാപിതാക്കള്‍ വളരെ സ്വാഭാവികമായി പോകുന്നതും പെരുമാറുന്നതുമൊക്കെ കുട്ടിയെ അസ്വസ്ഥപ്പെടുത്തി. താന്‍ വഞ്ചിക്കപ്പെട്ടതുപോലെയാണ് അവള്‍ക്കുതോന്നിയത്.

placeholder
ഡോ. ടോം വര്‍ഗീസ്

മിക്കകേസുകളിലും എന്തുകൊണ്ട് അതിക്രമങ്ങള്‍ പുറത്തുവരുന്നില്ല എന്നതിന്റെ പ്രധാന ഉത്തരം മേല്‍പ്പറഞ്ഞ സംഭവത്തിലുണ്ട്. പ്രശ്‌നം പുറത്തറിഞ്ഞാലുള്ള 'നാണക്കേടും' നാളെയും കാണേണ്ടവരാണെന്ന അനാവശ്യ പൊതുബോധവുമൊക്കെയാണ് അതിക്രമങ്ങള്‍ പുറംലോകമറിയാതെ കുഴിച്ചുമൂടപ്പെടുന്നതിനുപിന്നില്‍. ഫലമോ, ഒരായുസ്സുമുഴുവന്‍ മാനസിക, ശാരീരിക പ്രത്യാഘാതങ്ങളുമായി ജീവിക്കേണ്ടിവരുന്നു.

ഒരു വ്യക്തി മുതിര്‍ന്നാലും കുട്ടിക്കാലത്തു നേരിട്ട ലൈംഗികാതിക്രമത്തിന്റെ അനന്തരഫലങ്ങള്‍ വിടാതെ പിന്തുടരുമെന്നാണ് ഫ്രോണ്ടിയേഴ്സ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. അമിത ഉത്കണ്ഠ, വിഷാദം, പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോര്‍ഡര്‍, സ്‌കിസോഫ്രീനിയ, ബോര്‍ഡര്‍ലൈന്‍ പേഴ്സണാലിറ്റി ഡിസോര്‍ഡര്‍, ഈറ്റിങ് ഡിസോര്‍ഡര്‍ എന്നിവയിലേക്കും ലഹരിയുപയോഗത്തിലേക്കും ആത്മഹത്യാപ്രവണതയിലേക്കും നയിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍ അക്രമപ്രവണതയുള്ളവരാവാനും ലൈംഗികാതിക്രമംതന്നെ നടത്തുന്നവരാവാനുമുള്ള സാധ്യതയും കൂടുതലാണെന്ന് ഫ്രോണ്ടിയേഴ്സ് ലേഖനം പറയുന്നു.

ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം

placeholder
ഡോ. വർഷ വിദ്യാധരൻ



ലൈംഗികാതിക്രമത്തിന് വിധേയരായ കുട്ടികളെ എങ്ങനെ തിരിച്ചറിയാം? പലപ്പോഴും വീട്ടകങ്ങളിൽ ഒന്നിച്ച് ഉണ്ണുകയും ഉറങ്ങുകയുമൊക്കെ ചെയ്യുന്ന മാതാപിതാക്കൾക്കോ, കൂടപ്പിറപ്പുകൾക്കോ പോലും കുട്ടി അതിക്രമത്തിനിരയായ വിവരം തിരിച്ചറിയാനാവാറില്ല. തുറന്നുപറയാത്ത കുടുംബാന്തരീക്ഷവും പറഞ്ഞാലുള്ള പ്രത്യാഘാതങ്ങളോർത്തുള്ള ഭയവുമൊക്കെ കുട്ടികളെ വിവരം തുറന്നുപറയുന്നതിൽ നിന്ന് പിന്നോട്ടുവലിക്കും. എങ്കിലും കുട്ടികളിൽ പ്രകടമാകുന്ന ചില ലക്ഷണങ്ങൾ നിരീക്ഷിക്കുന്നത് ഒരുപരിധിവരെ സഹായകമാവുമെന്ന് പറയുകയാണ് കോഴിക്കോട് മെഡിക്കൽ കോളേജിലെ സൈക്യാട്രിസ്റ്റായ ഡോ. വർഷ വിദ്യാധരൻ. ലൈംഗികാതിക്രമത്തിനു വിധേയരായ കുട്ടികളിൽ പെരുമാറ്റപരവും മാനസികവും ശാരീരികവുമായ ലക്ഷണങ്ങൾ പ്രകടമാകാറുണ്ട്.

ശാരീരികം

  • ശരീരഭാഗങ്ങളിൽ വേദന
  • ചൊറിച്ചിൽ
  • രക്തസ്രാവം
  • സ്വകാര്യഭാഗത്ത് അടിക്കടിവരുന്ന അണുബാധ
  • വജൈനൽ ഡിസ്ചാർജ്
  • നടക്കാനും ഇരിക്കാനും ബുദ്ധിമുട്ട്
  • ലൈംഗിക രോഗങ്ങൾ
  • സ്വകാര്യഭാഗങ്ങളിൽ മുറിവും ചതവും
  • അടിവസ്ത്രങ്ങളിൽ രക്തക്കറ
  • വസ്ത്രങ്ങൾ പിഞ്ഞുക

പെരുമാറ്റപരം
  • മുതിർന്നവരുടേതുപോലുള്ള ലൈംഗിക ചേഷ്ടകൾ
  • സ്വകാര്യഭാഗങ്ങളിലേക്ക് വസ്തുക്കൾ കൊണ്ടുപോവുക
  • പെട്ടെന്ന് ഇരുട്ടിനെ പേടി
  • ഒറ്റയ്ക്കിരിക്കാൻ ഭയം
  • പെട്ടെന്നുള്ള അന്തർമുഖത്വം
  • ഹൈപ്പർ ആക്റ്റിവിറ്റി
  • ലൈംഗികവിഷയങ്ങളെ അറിയാനുള്ള ആസക്തി
  • ലഹരി ഉപയോഗം

മാനസികം
  • പേടി
  • ഉത്കണ്ഠ
  • ഉറക്കം അസ്വസ്ഥമാവുക
  • വിഷാദം, ആൾക്കാർ തൊടുമ്പോഴും വസ്ത്രം മാറുമ്പോഴുമൊക്കെ ഭയം
  • കുറ്റബോധം
  • ആത്മഹത്യാപ്രവണത
  • സ്വയം ഉപദ്രവിക്കൽ
  • പഠിത്തം പുറകോട്ടുപോവുക
  • ബന്ധങ്ങൾ മോശമാവുക

ഈ ലക്ഷണങ്ങൾ ലൈംഗികാതിക്രമത്തിൽ നിന്നുളവായത് തന്നെയാകണമെന്നില്ല. പക്ഷേ  ഇവയിൽ നിരവധി ലക്ഷണങ്ങൾ ഒരേസമയം പ്രകടമായാൽ ലൈംഗികാതിക്രമ സാധ്യത സംശയിച്ച് വിദഗ്ധഅഭിപ്രായം തേടേണ്ടത് പ്രധാനമാണ്.
 

മാതാപിതാക്കള്‍ ചെയ്യേണ്ടത്

പ്രശ്‌നങ്ങള്‍ ഉണ്ടെന്നുതോന്നിയാല്‍ മുന്‍വിധിയോടെ സമീപിക്കാതെ അവരെ പൂര്‍ണമായി വിശ്വസിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭയപ്പെടുത്താതെ കാര്യങ്ങള്‍ മുഴുവന്‍ പറയാനുള്ള പിന്തുണനല്‍കുക. മാനസികാരോഗ്യവിദഗ്ധന്റെ പിന്തുണതേടാനും ഒന്നിച്ച് നിയമസഹായം തേടാനുമുള്ള ധൈര്യം പകരണം. ചെറുതാക്കിക്കാണിക്കുന്നതോ, ന്യായീകരിക്കുന്നതോ, കുഴപ്പമില്ല എന്നുപറഞ്ഞ് നിസ്സാരമാക്കുന്നതോ ഒക്കെ ഭാവിയില്‍ ദോഷംചെയ്യും.

സൈക്കോളജിക്കല്‍ ബുള്ളറ്റിന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനപ്രകാരം ലൈംഗികാതിക്രമം നേരിട്ട 51 ശതമാനംമുതല്‍ 79 ശതമാനംവരെയുള്ളവരും പില്‍ക്കാലത്ത് മാനസികപ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പറയുന്നത്. പലപ്പോഴും വേട്ടക്കാരാകുന്നവരുടെ ബാല്യകാലവും ഇത്തരത്തില്‍ അതിക്രമങ്ങള്‍ക്ക് വിധേയരായിട്ടുള്ളതാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. അധികാരവും ശക്തിയും കുറഞ്ഞവരില്‍ അതടിച്ചേല്‍പ്പിക്കാനുള്ള മാനസികനിലയാണ് ഇക്കൂട്ടരിലുണ്ടാവുക. ഒപ്പം പീഡോഫീലിയ, പാരാഫീലിക് പോലുള്ള ഹൈപ്പര്‍ സെക്ഷ്വാലിറ്റി പ്രശ്‌നങ്ങളുമുണ്ടാവും.

അതിക്രമം തിരിച്ചറിയാനാവാത്ത കുട്ടികള്‍

'സംസ്ഥാന ബാലാവകാശ കമ്മിഷന്‍ വാര്‍ഷിക റിപ്പോര്‍ട്ടില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍, വീടുകളിലാണ് ഇത്തരം സംഭവങ്ങള്‍ ഏറ്റവുമധികം നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ബന്ധുക്കള്‍, രക്ഷിതാക്കളുടെ അടുത്തപരിചയക്കാര്‍, വീടുകളുമായി അടുത്തബന്ധമുള്ളവര്‍ എന്നിവരാണ് കുട്ടികളെ ലൈംഗികമായി ഉപദ്രവിക്കുന്നത്. ചെറിയകുട്ടികള്‍ പലപ്പോഴും എതിര്‍പ്പു പ്രകടിപ്പിക്കാതിരിക്കുകയും ഭയംകൊണ്ട് പുറത്തുപറയാതിരിക്കുകയും ചെയ്യും. ചില കുട്ടികള്‍ക്കാകട്ടെ തങ്ങള്‍ അതിക്രമിക്കപ്പെടുകയാണ് എന്നുപോലും തിരിച്ചറിയാന്‍ കഴിയാതാവും.'
-കെ.വി. മനോജ് കുമാര്‍, സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍മാന്‍

പുറത്ത് പറയാന്‍ മടിക്കുന്ന എത്ര കാര്യങ്ങള്‍!

placeholder
ഡോ. മനോജ് വെള്ളനാട്

'താന്‍ അതിക്രമത്തിനിരയാവുകയാണ് എന്ന് തിരിച്ചറിയാതെ കുഞ്ഞുനാള്‍മുതല്‍ വളരെ വേണ്ടപ്പെട്ടവരാല്‍ പീഡിപ്പിക്കപ്പെടുകയും പിന്നീടത് തിരിച്ചറിയുമ്പോള്‍ ട്രോമയില്‍ നരകതുല്യമായ ജീവിതം നയിക്കേണ്ടിവരുകയും ചെയ്യുന്ന ഒട്ടേറെയാളുകളെ അറിയാം. ഒരു സുഹൃത്തിന്റെ ഭാര്യ കല്യാണംകഴിഞ്ഞ് രണ്ടുവര്‍ഷം കഴിഞ്ഞാണ് തന്നെ പണ്ട് സ്വന്തം കസിന്‍ പീഡിപ്പിച്ചവിവരവും അതുകാരണം ഇപ്പോഴും തുടരുന്ന മാനസിക, ശാരീരിക ബുദ്ധിമുട്ടുകളും ആദ്യമായി ഒരാളോട് തുറന്നുപറയുന്നത്. ഇക്കാര്യം അവളുടെ അനിയത്തി അറിഞ്ഞപ്പോഴാണ് അടുത്തഞെട്ടല്‍. അനിയത്തിയെയും ഇതിലും ക്രൂരമായി അയാള്‍ പീഡിപ്പിച്ചിട്ടുണ്ട്, അതേകാലത്തുതന്നെ. രണ്ടാള്‍ക്കും അന്ന് ഇക്കാര്യം വീട്ടുകാരോടുപോലും പറയാന്‍പറ്റുന്ന സാഹചര്യമില്ലായിരുന്നു. 90 ശതമാനത്തിലധികം ചൈല്‍ഡ് അബ്യൂസ് കേസുകളും പുറംലോകം അറിയുന്നില്ല എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.' - ഡോ. മനോജ് വെള്ളനാട്, കണ്‍സള്‍ട്ടന്റ് ന്യൂറോസര്‍ജന്‍, പട്ടം എസ്.യു.ടി. ഹോസ്പിറ്റല്‍

(തുടരും)

വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തി,പരിശോധനയിൽ ​ഗർഭിണി;വേട്ടക്കാരൻ വീട്ടിൽത്തന്നെ|ആര് കാക്കും ഞങ്ങളെ?- PART-1