
ചെറുതുരുത്തി (തൃശ്ശൂര്‍) : കേരള കലാമണ്ഡലത്തില്‍ അടുത്ത അധ്യയന വര്‍ഷം മുതല്‍ എല്ലാ വിഭാഗം കോഴ്‌സുകളിലേക്കും ആണ്‍കുട്ടികള്‍ പെണ്‍കുട്ടികള്‍ എന്ന വേര്‍തിരിവില്ലാതെ അഡ്മിഷന്‍ നല്‍കുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. ബി. അനന്തകൃഷ്ണന്‍ അറിയിച്ചു. ഇന്നു കൂടിയ ഭരണ സമിതി അംഗങ്ങളുടെ തീരുമാനപ്രകാരമാണ് പുതിയ നടപടി. രാവിലെ ഡോ. കലാമണ്ഡലം നീന പ്രസാദ്, പത്മശ്രീ കലാമണ്ഡലം ശിവന്‍ നമ്പൂതിരി, ഡോ. കലാമണ്ഡലം ലത എടവലത്ത്,എ വി സതീഷ് എന്നിവരാണ് പുതിയ ഭരണസമിതി അംഗങ്ങള്‍ ആയി ചുമതലേറ്റത്. തുടര്‍ന്ന് നടന്ന യോഗത്തില്‍ കലാമണ്ഡലം രജിസ്റ്റര്‍ ഡോ. വി . രാജേഷ് കുമാര്‍, പത്മശ്രീ കലാമണ്ഡലം ഗോപി, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. രാജാനന്ത്, വി വേണുഗോപാലന്‍ എന്നിവര്‍ തുടര്‍ന്നുള്ള യോഗത്തില്‍ പങ്കെടുത്തു.
"മോഹിനിയാട്ടം പുരുഷൻ പഠിച്ചാലെന്താ" എന്ന ടാഗ്ലൈനിൽ കലാമണ്ഡലത്തിൽ ആൺകുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തതിനെതിരേ മാതൃഭൂമി ഡോട്ട്കോം കാമ്പയിനും ചർച്ചയും കൊണ്ടുവന്നിരുന്നു. തുടർന്ന് മാതഭൂമി പത്രവും ചാനലും വാർത്തകൾ കൊണ്ടുവന്നിരുന്നു.
കാമ്പയിന്റെ ഭാഗമായി കലാമണ്ഡലം ഭരണസമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ കലാമണ്ഡലം ക്ഷേമാവതിയും കലാമണ്ഡലം സുഗന്ധിയുമെല്ലാം ആൺകുട്ടികൾക്ക് മോഹിനിയാട്ടം പഠനത്തിനവസരം ഒരുക്കണമെന്ന് പ്രതികരിച്ചിരുന്നു.
ഒരു കലാരൂപം അഭ്യസിക്കുന്നതില്‍ പ്രത്യേക നിബന്ധനകളുടെ ആവശ്യമില്ലെന്നും കാലടി സര്‍വകലാശാലയില്‍വരെ അവസരമുണ്ടായിരിക്കേ കലാമണ്ഡലത്തിലും മോഹിനിയാട്ടത്തിന് ആണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കാവുന്നതാണെന്നും ഭരണസമിതി അംഗം കൂടിയായ കലാമണ്ഡലം ക്ഷേമാവതി ടീച്ചറുടെ നിലപാട്. കലാമണ്ഡലം പോലൊരു സ്ഥാപനം അഭ്യസനത്തിനുള്ള അവസരമൊരുക്കുമ്പോള്‍ കൂടുതല്‍ ആണ്‍കുട്ടികള്‍ കടന്നുവരുമെന്നും ക്ഷേമാവതി ടീച്ചർ പറഞ്ഞിരുന്നു.
കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തതില്‍ തനിക്ക് പ്രതിഷേധമുണ്ടെന്ന് മോഹിനിയാട്ടം നര്‍ത്തകനും വിധികര്‍ത്താവുമായ പ്രമോദ് ദാസ് കാമ്പയിന്റെ ഭാഗമായി പ്രതികരിച്ചിരുന്നു. കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിപ്പിക്കാത്തതുകൊണ്ടാണ് ബെംഗളൂരുവില്‍ പോയി തനിക്ക് മോഹിനിയാട്ടം പഠിക്കേണ്ടി വന്നത്. യുവജനോത്സവത്തില്‍ ആണ്‍കുട്ടികള്‍ക്ക് മോഹിനിയാട്ടം മത്സരമില്ലാത്തതും കലാമണ്ഡലത്തില്‍ ആണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിക്കാത്തതുമെല്ലാം ചില പൊതുബോധ നിര്‍മ്മിതിക്ക് കാരണമാവുന്നുണ്ടെന്നും കലാണ്ഡലം മോഹിനിയാട്ടം വിഭാഗത്തിൽ പുരുഷൻമാർക്ക് കൂടി അഡ്മിഷൻ നൽകുകയാണെങ്കിൽ ആ പൊതുബോധം മാറുന്നതിനു കാരണമാവുമെന്നും പ്രമോദ് ദാസ് അഭിപ്രായപ്പെട്ടിരുന്നു.
കലാമണ്ഡലം എക്സിക്യുട്ടീവ് അംഗമായ കലാമണ്ഡലം സുഗന്ധിയും സമാനമായ അഭിപ്രായമാണ് മുന്നോട്ടുവെച്ചത്. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാന്‍ പുരുഷനാണ് എന്ന ചരിത്ര വസ്തുത മുന്‍നിർത്തിയാണ് സുഗന്ധി ഈ ചോദ്യം ചോദിക്കുന്നത്. "നാട്യദേവനായ ശിവന്‍ പുരുഷനാണ്. നാട്യശാസ്ത്രം ഉണ്ടാക്കിയ ഭരതമുനിയും ശിഷ്യന്‍മാരുമെല്ലാം പുരുഷന്‍മാരാണ്. കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ട ഗുരു അപ്പുരയിടത്ത് കൃഷ്ണപ്പണിക്കരാശാന്‍ പുരുഷനാണ്. അങ്ങനെയെത്രയെത്ര പുരുഷന്‍മാരായ നര്‍ത്തകരാണ് നമുക്കുള്ളത് എന്നായിരുന്നു കലാമണ്ഡലം സുഗന്ധിയുടെ പ്രതികരണം.
കാമ്പയിന്റെ ഭാഗമായ വാർത്തകൾ വായിക്കാം
'കലാമണ്ഡലം അവസരമൊരുക്കിയാല്‍ മോഹിനിയാട്ടത്തിലേക്ക് കൂടുതൽ ആണ്‍കുട്ടികള്‍ വരും'......
കലാമണ്ഡലത്തില്‍ പുരുഷന്‍മാരെ മോഹിനിയാട്ടം പഠിപ്പിക്കാത്തത് പ്രതിഷേധാര്‍ഹം......
"കലാമണ്ഡലത്തിലെ ആദ്യ മോഹിനിയാട്ടം ഗുരു ഒരു പുരുഷന്‍" | discussion......
സൗന്ദര്യം വിഷയമല്ലെങ്കിൽ നൃത്ത മത്സരങ്ങളിൽ ആകാര സുഷമയ്ക്ക് എന്തിനാണ് മാർക്ക്?| Discussion......
Content Highlights: mohiniyattam purushan padichalentha campaign impact boys also can learn mohiniyatam from kalamandala
Published: 27 Mar 2024, 02:44 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented