സ്‌കൂള്‍കുട്ടികള്‍ അക്രമങ്ങളിലേര്‍പ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടി വരികയാണ്. കൊച്ചിയില്‍ മിഹിര്‍ അഹമ്മദ് എന്ന പതിനഞ്ചുകാരന്‍ ഫ്ലാറ്റില്‍ നിന്നും ചാടി മരിച്ച സംഭവത്തെക്കുറിച്ചുള്ള ആരോപണങ്ങള്‍ അവയിലൊന്നു മാത്രം. ദിവസങ്ങള്‍ക്കു മുമ്പാണ് തിരുവനന്തപുരത്ത് സ്‌കൂള്‍ ബസില്‍ തൊട്ടടുത്ത സീറ്റിലിരുന്ന 14-കാരനെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുത്തി പരിക്കേല്‍പ്പിച്ചത്. എന്തുകൊണ്ടാണ് നമ്മുടെ കുട്ടികളില്‍ അക്രമവാസന ഇങ്ങനെ കൂടുന്നത്? മനോരോഗ വിദഗ്ധര്‍ സംസാരിക്കുന്നു.
ആക്രമിച്ച് കാര്യം നേടുന്ന രീതി വര്‍ധിച്ചുവരുന്നു, പ്രധാന കാരണം വീഡിയോ ഗെയിമും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവും
പണ്ട് പ്രൊഫഷണല്‍ കോളേജുകളിലായിരുന്നു റാഗിങ്. ഇപ്പോള്‍ അത് ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലേക്കും അവിടെ നിന്നും മറ്റു സ്‌കൂളുകളിലേക്കും വ്യാപിച്ചിരിക്കുന്നു. ഇതൊരു പുതിയ പ്രശ്‌നമല്ല. പന്ത്രണ്ടാം ക്ലാസുകാരന്‍ പതിനൊന്നാം ക്ലാസുകാരനെ റാഗ് ചെയ്യുന്ന കേസുകള്‍ 15, 20 വര്‍ഷംമുമ്പ് കണ്ടിട്ടുണ്ട്. ചെറിയ ക്ലാസുകളില്‍ പോലും റാഗിങ്ങിന്റെ മിനിയേച്ചര്‍ രൂപങ്ങള്‍ കാണാം. റാഗിങ്ങിന്റെ ഒരു പ്രത്യേകത, മുമ്പ് അതിനിരയായവരാണ് പിന്നീട് അതിനു നേതൃത്വം കൊടുക്കുക. മേധാവിത്വം ഉറപ്പിക്കാനും അത് മറ്റുള്ളവരെക്കൊണ്ട് അംഗീകരിപ്പിക്കാനുമുള്ള മാനസികാവസ്ഥയില്‍ നിന്നാണ് റാഗിങ് പോലുള്ള ചിന്തകളും പ്രവര്‍ത്തനങ്ങളും ഉണ്ടാകുന്നത്. ആധിപത്യത്തിന്റെ മാത്രമല്ല, കുറ്റവാസനയുടെ ഒരു സ്വഭാവവും റാഗിങ്ങിന് ഉണ്ട്.
സമൂഹത്തില്‍ അക്രമം ഗണ്യമായി വര്‍ധിച്ചുവരുന്നതു മാത്രമല്ല കുട്ടികളിലെ അക്രമവാസനയ്ക്കു കാരണം. എതിരാളികളെ കൊന്നും നശിപ്പിച്ചും മുന്നേറുന്ന വീഡിയോ ഗെയിം കളിച്ച് ശീലിച്ച കുട്ടികള്‍ക്ക് അക്രമത്തിലൂടെ വിജയം നേടാനുള്ള പ്രവണത ഉണ്ടാകാം. അമിതമായി വീഡിയോ ഗെയിം കളിക്കുന്ന കുട്ടികള്‍ക്ക് ഒരു കാര്യം പറഞ്ഞു മറ്റുള്ളവരെ ബോധ്യപ്പെടുത്താന്‍ ബുദ്ധിമുട്ടായിരിക്കും. അതിനുള്ള ആശയവിനിമയ സിദ്ധികള്‍ കുറവായിരിക്കും. സംസാരിച്ച് സമ്മതിപ്പിക്കുന്നതിന് പകരം ആക്രമിച്ചു കാര്യം നേടുന്ന രീതി വര്‍ധിച്ചുവരുന്നതിന്റെ ഒരു പ്രധാന കാരണം വീഡിയോ ഗെയിം പോലുള്ള സാധനങ്ങളും കുട്ടിക്കാലം മുതലേ ഉള്ള സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനവുമാണ്. കുടുംബത്തിനകത്തെ അക്രമവും പ്രധാന കാരണമാണ്.
കഴിഞ്ഞ ഏതാണ്ടു മുപ്പതുവര്‍ഷത്തിനിടെ സമൂഹത്തില്‍ ഉണ്ടായ വലിയ മാറ്റങ്ങളും ഈ അക്രമവാസനയുടെ സൃഷ്ടിയില്‍ പ്രധാന ഘടകമാണ്. ആഗോളവത്കരണവും കമ്പോളവത്കരണവും മത്സരാധിഷ്ഠിത സമൂഹവും രക്ഷിതാക്കളെ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാക്കിയിരിക്കുന്നു. കുട്ടികളെ വളര്‍ത്തുന്നതിനു സമയമില്ലാത്തതിനാല്‍ ടാബും വീഡിയോ ഗെയിമും വാങ്ങിക്കൊടുക്കുന്നു. ഏതാണ്ട് എല്ലാ വീഡിയോ ഗെയിമുകളുടെയും ഉള്ളടക്കം ഹിംസയാണ്. ഇങ്ങനെ വളര്‍ന്നുവന്ന തലമുറയാണ് ഇപ്പോള്‍ കൗമാരക്കാരും യുവാക്കളും ആയിട്ടുള്ളത്. അതിന്റെ വിളവെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
പരിഹാരത്തെക്കുറിച്ച് ആലോചിക്കുമ്പോള്‍ പേരന്റിങ്ങിന് വലിയ പങ്കുണ്ട്. അതില്‍ കാതലായ മാറ്റം വരണം. അമിതലാളനയില്‍ പുരുഷാധിപത്യ മനോഭാവത്തില്‍ കുട്ടികള്‍ വളര്‍ത്തപ്പെടുന്ന കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. അച്ഛനമ്മമാര്‍ വഴിയാണ് തലമുറകളിലൂടെ പുരുഷാധിപത്യ പ്രവണതകള്‍ മുന്നോട്ടുപോകുന്നത്. ആണ്‍കുട്ടിക്ക് വീട്ടില്‍ മുന്‍തൂക്കം കൊടുക്കുന്നതിന് വഴിവെക്കുന്നത് അവരാണ്. അത്തരം കുട്ടികള്‍ മെല്ലെ 'ഞാന്‍ ആണ്‍കുട്ടിയാണ്, എല്ലാം എനിക്ക് ആദ്യം കിട്ടേണ്ടതാണ്, ക്ഷമയോടെ കാത്തിരിക്കേണ്ട ആവശ്യമില്ല' എന്ന മാനസികാവസ്ഥയില്‍ എത്തിച്ചേരുന്നു. അത്തരം കുട്ടികള്‍ക്ക് തിരസ്‌കാരം സഹിക്കാന്‍ പറ്റില്ല. അങ്ങനെ വളര്‍ന്നു വരുന്ന കുട്ടി തിരസ്‌കരിക്കപ്പെട്ടാല്‍ പെണ്‍കുട്ടിയുടെ ദേഹത്ത് ആസിഡ് ഒഴിച്ചേക്കും.
കൗമാരക്കാരായ കുട്ടികളുടെ മനശാസ്ത്രവും അവരോട് എങ്ങനെ പെരുമാറണമെന്നും അവരെ എങ്ങനെ വരുതിയില്‍ കൊണ്ടുവരണമെന്നും അധ്യാപകരുടെ പരിശീലന കോഴ്‌സുകളില്‍, കരിക്കുലങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. അധ്യാപകര്‍ തന്നെ പറയാറുണ്ട്, ഇത്തരത്തിലുള്ള ഒരു പരിശീലനവും കിട്ടിയിട്ടില്ലെന്ന്. സ്‌കൂള്‍തലത്തിലും കുടുംബതലത്തിലും സര്‍ക്കാര്‍തലത്തിലും ഇടപെടലുകള്‍ ആവശ്യമാണ്. മള്‍ട്ടി ഡിസിപ്ലിനറി ആയിട്ടുള്ള ഇടപെടലുകള്‍ കൊണ്ടുമാത്രമേ ഈ വിഷയത്തെ കൈകാര്യം ചെയ്യാന്‍ കഴിയൂ. ഒറ്റയടിക്ക് ഇതിനെ മാറ്റിയെടുക്കാന്‍ ആവില്ല. (ഡോ. ആര്‍. ജയപ്രകാശ് പീഡിയാട്രിക്‌സ് പ്രൊഫസറും ചൈല്‍ഡ് സൈക്കാട്രിസ്റ്റും ബിഹേവിയറല്‍ പീഡിയാട്രിക്‌സ് യൂണിറ്റ് മേധാവി തിരുവനന്തപുരം മെഡിക്കല്‍ കോളജ്)
കുട്ടികള്‍ ഒന്നു ചോദിച്ചാല്‍ പത്തു വാങ്ങിക്കൊടുക്കും, അമിതലാളനയും; പാരന്റിങ്ങിൽ പ്രശ്‌നങ്ങളുണ്ട്
വിദ്യാര്‍ഥികളുടെ ഇടയില്‍ അക്രമോത്സുകത വളരെ കൂടുതലാണ്. ലഹരി ഉപയോഗം വര്‍ദ്ധിക്കുന്നതാണ് ഒരു കാരണം. പ്രത്യേകിച്ച് രാസലഹരി. രണ്ടാമതായി കുട്ടികള്‍ക്ക് മുമ്പത്തെക്കാളും സ്വാതന്ത്ര്യം വളരെ കൂടുതലാണ്. പണ്ടൊക്കെ വൈകിട്ട് ഏഴുമണിക്ക് വീട്ടില്‍ കയറണം എന്ന് പറഞ്ഞാല്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും അനുസരിക്കുമായിരുന്നു. ഇന്ന്കൂടുതല്‍ സ്വാതന്ത്ര്യമുണ്ട്. നല്ല രീതിയില്‍ ഉപയോഗിക്കുകയാണെങ്കില്‍ സ്വാതന്ത്ര്യവും തുല്യതയും ഒക്കെ നല്ലതാണ്, അല്ലെങ്കില്‍ അപകടകരവും. മൂന്നാമത് കുട്ടികള്‍ക്ക് പണം സുലഭമായ സാഹചര്യമുണ്ട്. സ്മാര്‍ട്ട്‌ഫോണും മറ്റുമൊക്കെ ഭൂരിഭാഗം കുട്ടികള്‍ക്കും ലഭ്യമാണ്. ഇതെല്ലാം കുട്ടികളുടെ സ്വഭാവരൂപീകരണത്തില്‍ നെഗറ്റീവ് ആയ സ്വാധീനം ചെലുത്തുന്നു.
പാരന്റിങ്ങിൽ പ്രശ്‌നങ്ങളുണ്ട്. കുട്ടികള്‍ ഒന്നു ചോദിച്ചാല്‍ പത്തു വാങ്ങിക്കൊടുക്കും. കുട്ടികള്‍ക്ക് അമിതലാളന കൊടുക്കുന്നു. പരിധികള്‍ നിശ്ചയിക്കാതെയുള്ള പാരന്റിങ് ആണ്. ശാസനയും ശിക്ഷണവും ഇല്ല. തിരക്കുള്ള രക്ഷിതാക്കള്‍ക്ക് കുട്ടികളുമായി സമയം ചെലവഴിക്കാനാവുന്നില്ല. അവരുടെ വിഷമങ്ങള്‍ കേള്‍ക്കാന്‍ സമയമില്ല, അവരുടെ വൈകാരികവളര്‍ച്ചയില്‍ ക്രിയാത്മകമായ പങ്കു വഹിക്കാനാവുന്നില്ല. അങ്ങനെ വരുമ്പോള്‍ കുട്ടികള്‍ക്ക് പെരുമാറ്റ പ്രശ്‌നങ്ങളുണ്ടാകാം. എന്നുവച്ച് ചാക്കോ മാഷിന്റെ സ്‌റ്റൈലില്‍ നിര്‍ദയമായി തല്ലി പഠിപ്പിക്കുന്നതും ശരിയല്ല. അത്തരം കുട്ടികളും വളരെ അഗ്രസീവായി പെരുമാറാനിടയുണ്ട്.
കോണ്‍ഡക്ട് ഡിസോഡര്‍ അഥവാ പെരുമാറ്റവൈകല്യമുള്ള ചെറിയൊരു ശതമാനം കുട്ടികളുണ്ട്. പിരുപിരുപ്പ് അക്രമസ്വഭാവം, പെരുമാറ്റ വൈകല്യങ്ങള്‍, സ്വഭാവദൂഷ്യങ്ങള്‍ ഉള്ളവര്‍, അല്ലെങ്കില്‍ ശ്രദ്ധക്കുറവ് പ്രശ്‌നമുള്ള (എ.ഡി.എച്ച്.ഡി) കുട്ടികള്‍. അവര്‍ക്ക് ഇത്തരം പേരന്റിങ്ങും സ്വാതന്ത്ര്യവും ഒന്നുമല്ല പ്രശ്‌നം, ജനിതകമായ കാരണങ്ങളാണ് കൂടുതല്‍. അതിന് ശാസ്ത്രീയചികിത്സയാണ് ആവശ്യം. മൂല്യങ്ങളില്‍ അധിഷ്ഠിതമായി കുട്ടികളെ വളര്‍ത്തിയെടുത്താല്‍ മാത്രമേ നമ്മുടെ ഒപ്പമുള്ളവരെ സമസൃഷ്ടിയായി കണക്കാക്കാനും ഒരേ രീതിയില്‍ സ്‌നേഹിക്കാനും കരുതാനും പഠിച്ചെടുക്കാന്‍ അവര്‍ക്ക് കഴിയൂ. നിര്‍ഭാഗ്യവശാല്‍ ഇന്നത്തെ കുട്ടികളെ വളര്‍ത്തിയെടുക്കുന്നത് അങ്ങനെയല്ല.(ഡോ. എല്‍സി ഉമ്മന്‍ കണ്‍സള്‍ട്ടന്റ് സൈക്കാട്രിസ്റ്റ് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി, കൊച്ചി)
അപ്പുറത്ത് നില്‍ക്കുന്നത് ഒരു മനുഷ്യജീവനാണ് എന്ന ചിന്ത പലപ്പോഴും കുട്ടികള്‍ക്കില്ല
കുട്ടികള്‍ക്ക് കാണുന്നതും കേള്‍ക്കുന്നതും അനുകരിക്കാനുള്ള പ്രവണതയുണ്ട്. ടെലിവിഷനില്‍ നിന്നും സോഷ്യല്‍ മീഡിയയിലേക്ക് വന്നപ്പോള്‍ അവര്‍ വിശദാംശങ്ങളിലേക്ക് വരാന്‍ തുടങ്ങി. ഒരു കൊലപാതകമോ മരണമോ ആത്മഹത്യയോ നടക്കുമ്പോള്‍ അതിന്റെ വിശദമായ വിവരങ്ങളും ദൃശ്യങ്ങളും ലഭ്യമാവുന്നു. എങ്ങനെയൊക്കെ, ഏതൊക്കെ തരത്തില്‍ ക്രൂരത കാട്ടാം എന്നതിന്റെ വിശദാംശങ്ങള്‍ മനസ്സില്‍ പതിയുകയും കുട്ടികളുടെ ചിന്താപ്രക്രിയകളെ സ്വാധീനിക്കുകയും ചെയ്യുന്നു. നമ്മുടെ സമൂഹത്തിലും ചുറ്റുപാടും ക്രൂരത അധികമുള്ള സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. ജനപ്രിയ സിനിമകളില്‍ വില്ലനും നായകനും തമ്മിലുള്ള വിടവ് ഇല്ലാതായി വരുന്നു. ഹിംസയുടെ ആഘോഷമാണ് പല പുതിയ സിനിമകളും. അതിനാല്‍ അപ്പുറത്ത് നില്‍ക്കുന്നത് ഒരു മനുഷ്യജീവനാണ് എന്ന ചിന്ത പലപ്പോഴും കുട്ടികള്‍ക്ക് ഉണ്ടാകാതെ പോകുന്നു. സര്‍ഗാത്മകമായി എങ്ങനെ കൊല്ലാം, കൂടുതല്‍ വേദനിപ്പിക്കാം, ഇരയുടെ വേദനയില്‍ എങ്ങനെ കൂടുതല്‍ സന്തോഷിക്കാം, അവരുടെ മരണം എങ്ങനെ ആഘോഷിക്കാം എന്ന രീതിയിലുള്ള പലതരം കണ്ടെന്റുകള്‍ മനസ്സ് പൂര്‍ണമായും വികസിച്ചിട്ടില്ലാത്ത ഈ കുട്ടികളുടെ അടുത്തെത്തുന്നു, അവരത് പ്രയോഗിച്ചു നോക്കുന്നു.
സിനിമയ്ക്ക് 'എ' സര്‍ട്ടിഫിക്കറ്റ് വയ്ക്കുന്നത് അതു കാണുന്ന 18 വയസ്സിന് താഴെയുള്ളവരുടെ തലച്ചോറ് ആ വിവരം വളരെ തെറ്റായ രീതിയിലായിരിക്കും പ്രോസസ് ചെയ്യുക എന്നതുകൊണ്ടാണ്. ഒരു സിനിമ മാത്രമായി അതിനെ കാണാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അത് അവരുടെ മനസിന് കേടുവരുത്തും. പക്ഷേ ഇത്തരം എല്ലാ സിനിമകളും ഓ.ടി.ടിയില്‍ ലഭ്യമാണ്. അല്ലെങ്കില്‍ ടെലഗ്രാം വഴി ഡൗണ്‍ലോഡ് ചെയ്യും. ക്രൂരത നോര്‍മലൈസ് ചെയ്യപ്പെടുന്ന ഒരു അവസ്ഥയാണ് ഇപ്പോഴുള്ളത്. മറ്റൊരാളുടെ വേദനയില്‍ അവര്‍ക്ക് സഹതാപം തോന്നാത്തത് കാണരുതാത്ത പ്രായത്തില്‍ കാണരുതാത്ത ഉള്ളടക്കം കാണുകയും തലച്ചോറ് ആ തലത്തില്‍ തെറ്റായി രൂപപ്പെടുകയും ചെയ്യുന്നതു കൊണ്ടാണ്. കുട്ടികളെ മരണത്തിലേക്ക് നയിക്കുന്ന മത്സരങ്ങളുള്ള നിരവധി ആപ്പുകളും നിലവിലുണ്ട്. ഇക്കാര്യം തിരിച്ചറിയുന്നതില്‍ നമ്മുടെ സമൂഹം വൈകുന്നുണ്ട്.
കുട്ടിക്കുറ്റവാളികളെ കൈകാര്യം ചെയ്യുന്ന നമ്മുടെ നിയമങ്ങളില്‍ ചില പഴുതുകള്‍ ഉണ്ട്. തങ്ങള്‍ക്ക് എന്തുമാകാം എന്ന് കരുതുന്ന കുട്ടികളും ഉണ്ട്. സ്‌കൂള്‍തലം മുതലേ കുറ്റം ചെയ്യുന്നവരെ ശിക്ഷിക്കാനും ശാസിക്കാനും ഉള്ള കാര്യങ്ങളൊക്കെ എടുത്തു കളഞ്ഞു. വിദേശങ്ങളിലെ ചില രീതികളൊക്കെ അതുപോലെ നമ്മുടെ നാട്ടില്‍ നടപ്പാക്കിയതിന്റെ പ്രശ്‌നമാണത്. ഇന്ന് അധ്യാപകര്‍ സ്‌കൂളില്‍ പോകാന്‍ പേടിക്കുന്ന അവസ്ഥയാണ്. വടി എടുത്തു തുടങ്ങേണ്ടിയിരിക്കുന്നു എന്ന് പറയാന്‍ പറ്റില്ലെങ്കിലും ചെറുപ്പം മുതല്‍ കുട്ടികളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും കുട്ടികള്‍ എന്തു കാണണം, കേള്‍ക്കണം എന്നതിലും വ്യക്തിത്വ വികസനത്തിലും സ്വഭാവ വ്യതിയാനങ്ങള്‍ കാണുമ്പോള്‍ തന്നെ ഇടപെടാന്‍ അവസരം ഉണ്ടാവണം. നല്ല പാരന്റിങ്ങും പ്രധാനമാണ്. രക്ഷിതാക്കള്‍ക്കും പുനഃര്‍വിദ്യാഭ്യാസം വേണ്ടിവരും.
നന്നായി പെരുമാറാനുള്ള വിദ്യാഭ്യാസവും റാഗിങ് പോലുള്ള ദുരനുഭവങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ ധൈര്യപൂര്‍വം റിപ്പോര്‍ട്ട് ചെയ്യാനും അതിനെ അതിജീവിച്ച് മുന്നോട്ട് പോകാനുള്ള മാനസിക കരുത്തു നേടുന്നതും പാഠ്യപദ്ധതിയുടെ ഭാഗമാക്കണം. അല്ലെങ്കില്‍ ബ്രോയിലര്‍ ചിക്കന്‍ പോലെ വളര്‍ന്നുവരുന്ന കുട്ടികള്‍ അവരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ചെറുതും വലുതുമായ മാനസികാഘാതങ്ങളെ അതിജീവിക്കാന്‍ പറ്റാതെ കടുത്ത ചില നടപടികള്‍ എടുത്തേക്കും. അവരുടെ മനസ്സിനെ പരിശീലിപ്പിക്കാനുള്ള നടപടികള്‍ എടുത്തില്ലെങ്കില്‍ ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാം. (ഡോ. വിപിന്‍ റോള്‍ഡന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്, റോള്‍ഡന്റ് റിജൂവനേഷന്‍, കൊച്ചി)
Content Highlights: child behaviour crime and parenting problems
Published: 01 Feb 2025, 07:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented