വിദ്യാഭ്യാസരംഗത്ത് വളരെ പിന്നാക്കമാണ് ബിഹാര്‍. 2011-ലെ സെന്‍സസ് പ്രകാരം 61.8 ശതമാനമാണ് സംസ്ഥാനത്തെ സാക്ഷരത. ഒരു സംസ്ഥാനത്തിന്റെ വികസനവും പുരോഗതിയും വ്യക്തമാക്കുന്ന അടിസ്ഥാന സൂചകമാണ് വിദ്യാഭ്യാസം. രണ്ട് ലക്ഷത്തിലധികം അധ്യാപകരുടെ ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്ന ബിഹാറിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ കാര്യങ്ങളും ശുഭകരമല്ല. പല സര്‍വകലാശാലകളിലെയും വൈസ് ചാന്‍സലര്‍മാര്‍ ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണങ്ങള്‍ നേരിടുന്നവരാണ്. മൂന്ന് വര്‍ഷത്തെ ബിരുദ കോഴ്‌സുകള്‍ മിക്കതും ബിഹാറിലെ വിദ്യാര്‍ഥികള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയുന്നത് അഞ്ച് വര്‍ഷംകൊണ്ടാണ്. സാമ്പത്തികമായി പിന്നാക്കംനില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് പഠിച്ച് ഉയരങ്ങളിലെത്തുക എന്നത് ബിഹാറിലെ സ്ഥിതി വെച്ച് അപ്രാപ്യമാണ്. എന്നാൽ സംസ്ഥാനത്തിന്റെ ഈ പരമദയനീയത മനസ്സിലാക്കി സാധാരണക്കാരുടെ മക്കള്‍ക്ക് സൗജന്യ പരിശീലനവും താമസവും ഭക്ഷണവും പഠനസാമഗ്രികളും നൽകി അവർക്ക് ഐ.ഐ.ടി. പ്രവേശനം ഉറപ്പാക്കിയ ഒരു മനുഷ്യനുണ്ട് ബിഹാറിൽ. ആനന്ദ് കുമാര്‍. പട്ടിണിയും പരിവട്ടവുമായി നടന്ന  പരമദരിദ്രരുടെ മക്കൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകാൻ അവരെ പ്രാപ്തരാക്കുകയായിരുന്നു ആനന്ദ് കുമാർ. അതു മാത്രമായിരുന്നു ദാരിദ്ര്യത്തിൽ നിന്നുള്ള അവരുടെ വിമോചന വഴി. സ്ഥിരവരുമാനമുള്ള ജോലിയുപേക്ഷിച്ച് ബിഹാറിലെ ആയിരക്കണക്കിന് കുട്ടികൾക്ക് വിദ്യാഭ്യാസം നൽകാനായി സൂപ്പർ 30 (ഐ.ഐ.ടി. പോലെയുള്ള ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ അവര്‍ക്ക് പ്രവേശനം ഉറപ്പാക്കുന്ന പദ്ധതി) എന്ന മഹാപ്രസ്ഥാനം സ്ഥാപിച്ച് അതിലൂടെ അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയർത്തിയ ആനന്ദ് കുമാർ ആണ് ഇത്തവണ Their Story യിൽ. 

To advertise here,
placeholder
ആനന്ദ് കുമാര്‍ ക്ലാസ് മുറിയില്‍ | Photo - super30.org

കേംബ്രിജില്‍ പ്രവേശനംകിട്ടി, പക്ഷെ പോകാന്‍ പണമില്ല

പട്‌നയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് ആനന്ദ് കുമാര്‍ പഠിച്ചത്. തപാല്‍ വകുപ്പിലെ ക്ലാര്‍ക്ക് ആയിരുന്നു പിതാവ് രാജേന്ദ്ര പ്രസാദ്. സമ്പന്ന ചുറ്റുപാടിലായിരുന്നില്ല അദ്ദേഹത്തിന്റെ ജീവിതം. അക്കാലത്തുതന്നെ കണക്ക് പഠിക്കുന്നതില്‍ അദ്ദേഹത്തിന് അതിയായ താത്പര്യം തോന്നിത്തുടങ്ങിയിരുന്നു. പട്‌ന ഹൈസ്‌കൂളിലും ബിഹാര്‍ നാഷണല്‍ കോളേജിലുമായിരുന്നു പഠനം. ബിരുദ പഠനകാലത്തുതന്നെ മാത്തമാറ്റിക്കല്‍ സ്‌പെക്ട്രം എന്ന ജേര്‍ണലില്‍ അദ്ദേഹം പ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു.

സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group

ബിരുദപഠനം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹത്തിന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം ലഭിച്ചുവെങ്കിലും പിതാവിന്റെ മരണവും വീട്ടിലെ സാമ്പത്തിക ചുറ്റുപാടുംമൂലം അദ്ദേഹത്തിന് അവിടെ ചേര്‍ന്ന് പഠിക്കാനായില്ല. പട്‌ന യൂണിവേഴ്‌സിറ്റിയില്‍ പഠനം തുടരുന്നതിനിടെ, കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കു വേണ്ട പണം കണ്ടെത്താന്‍ അദ്ദേഹത്തിന് അമ്മയ്‌ക്കൊപ്പം പപ്പടം വില്‍ക്കാന്‍ പോകേണ്ടിവന്നിട്ടുണ്ട്. പകല്‍ പഠനവും വൈകീട്ട് ചെറിയ കടയിലെ പപ്പട വില്‍പ്പനയും ആയിരുന്നു ചെയ്തിരുന്നത്. പട്‌ന യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ അദ്ദേഹത്തിന് ആവശ്യമായ പുസ്തകങ്ങള്‍ അധികം അന്ന് ഉണ്ടായിരുന്നില്ല. അതിനാല്‍ എല്ലാ വാരാന്ത്യത്തിലും ആറ് മണിക്കൂര്‍ യാത്രചെയ്ത് വാരണാസിയിലെത്തി അവിടുത്തെ സെന്‍ട്രല്‍ ലൈബ്രറിയെയാണ് അദ്ദേഹം പുസ്തകങ്ങള്‍ക്കുവേണ്ടി ആശ്രയിച്ചിരുന്നത്. വാരണാസിയില്‍ പഠിച്ചിരുന്ന സഹോദരനൊപ്പം താമസിച്ചാണ് അദ്ദേഹം പുസ്തകങ്ങള്‍ വായിച്ചിരുന്നത്. തൊട്ടടുത്ത് ദിവസം പട്‌നയിലേക്കുതന്നെ തിരിച്ചുപോകും.

ജോലി ഉപേക്ഷിച്ചു, കോച്ചിങ് സെന്റര്‍ തുടങ്ങി

പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹത്തിന് ക്ലാസ് ത്രീ ജോലി ലഭിച്ചുവെങ്കിലും കണക്ക് പഠിപ്പിക്കണമെന്ന അതിയായ ആഗ്രഹംമൂലം അദ്ദേഹം ജോലിയില്‍ തുടര്‍ന്നില്ല. അങ്ങനെയാണ് അദ്ദേഹം രാമാനുജം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്‌സ് (ആര്‍.എസ്.എം.) എന്ന കോച്ചിങ് സെന്ററിന് തുടക്കം കുറിക്കുന്നത്. പ്രതിമാസം 500 രൂപ വാടകയുള്ള ഒറ്റമുറി കെട്ടിടത്തില്‍ രണ്ട് വിദ്യാര്‍ഥികളുമായിട്ടാണ് കോച്ചിങ് സ്ഥാപനം തുടങ്ങിയത്. കുട്ടികള്‍ക്ക് താങ്ങാനാകുന്ന ഫീസ് മാത്രമാണ് വാങ്ങിയിരുന്നത് എന്നാണ് ആനന്ദ് കുമാര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുള്ളത്.  ഒരു വര്‍ഷത്തിനകം സ്ഥാപനത്തിലെ വിദ്യാര്‍ഥികളുടെയെണ്ണം രണ്ടില്‍നിന്ന് 36 ആയും മൂന്ന് വര്‍ഷത്തിനുള്ളില്‍ അത് 500 ആയും വര്‍ധിച്ചു. സ്ഥാപനം വിജയകരമായി മുന്നേറുന്നതിനിടെയാണ് പല കുട്ടികളും അദ്ദേഹത്തെ സമീപിച്ച് ഫീസ് താങ്ങാനാകുന്നില്ലെന്ന് പറയുന്നത്. ഏതാണ്ട് ഇതേസമയത്താണ് സാമ്പത്തിക ബുദ്ധിമുട്ടുള്ള ഒരു കുട്ടി IIT - JEE പരിശീലന ക്ലാസില്‍ തന്നെയും ചേര്‍ക്കണമെന്ന ആവശ്യവുമായി ആനന്ദ് കുമാറിനെ സമീപിക്കുന്നത്. സാമ്പത്തിക പ്രയാസമുള്ളതിനാല്‍ അഡ്മിഷന്‍ഫീസും വാര്‍ഷിക ഫീസുമടക്കം നല്‍കാന്‍ തനിക്ക് നിവൃത്തിയില്ലെന്നും ആ കുട്ടി അദ്ദേഹത്തോട് പറഞ്ഞു. ഈ സംഭവമാണ് പാവപ്പെട്ട കുടുംബങ്ങളിലെയും കുട്ടികള്‍ക്ക് ജീവിതത്തിലെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനുള്ള വഴികാട്ടാനുള്ള ഉത്തരവാദിത്വവും തനിക്കുണ്ടെന്ന ചിന്തയിലേക്ക് അദ്ദേഹത്തെ നയിക്കുന്നത്.

placeholder
സൂപ്പര്‍ 30 പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയവരുടെ തിരക്ക്

പരിശീലനാര്‍ഥികള്‍ താമസിക്കുന്നത് ആനന്ദിന്റെ വീട്ടില്‍, ഭക്ഷണമുണ്ടാക്കുന്നത് അമ്മ

അങ്ങനെയാണ് ലോകം മുഴുവന്‍ ശ്രദ്ധിക്കപ്പെട്ട സൂപ്പര്‍ 30 എന്ന പദ്ധതിക്ക് അദ്ദേഹം 2003-ല്‍ തുടക്കംകുറിക്കുന്നത്. സാമ്പത്തികമായി വളരെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ കുട്ടികളെ ഐ.ഐ.ടി. അടക്കമുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടാന്‍ പ്രാപ്തരാക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വഴിയോരക്കച്ചവടക്കാര്‍, സാമ്പത്തികശേഷിയില്ലാത്ത ഓട്ടോ ഡ്രൈവര്‍മാര്‍, യാചകര്‍ എന്നിവരുടെയടക്കം കുട്ടികളില്‍ സമര്‍ഥരെ കണ്ടെത്തി മികച്ച പരിശീലനം നല്‍കാനാണ് അദ്ദേഹം ലക്ഷ്യമിട്ടത്. പഠനം മാത്രം ഉള്‍പ്പെട്ടതായിരുന്നില്ല പദ്ധതി. സ്വന്തം വീട്ടില്‍ താമസിപ്പിച്ച് ഭക്ഷണവും പുസ്തകങ്ങളും അടക്കമുള്ളവയെല്ലാം സൗജന്യമായി നല്‍കിയാണ് ആനന്ദ് കുമാര്‍ അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുന്നതിനുള്ള ദൗത്യം ഏറ്റെടുത്തത്.

placeholder
പ്രവേശനപരീക്ഷയില്‍ മികച്ച വിജയം നേടിയവര്‍ ആനന്ദ് കുമാറിനൊപ്പം ആഹ്ളാദം പങ്കിടുന്നു

കുട്ടികള്‍ക്ക് ഭക്ഷണം പാകംചെയ്ത് നല്‍കുന്നതിനുള്ള ഉത്തരവാദിത്വം ഏറ്റെടുത്തത് ആനന്ദിന്റെ അമ്മ തന്നെയാണ്. പഠനത്തിന് പുറമെ കുട്ടികള്‍ക്ക് മറ്റ് സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള ഉത്തരവാദിത്വം ആനന്ദിന്റെ സ്വന്തം സഹോദരന്‍തന്നെ ഏറ്റെടുത്തു. രാമാനുജം സ്‌കൂള്‍ ഓഫ് മാത്തമാറ്റിക്സില്‍ ഫീസ് നല്‍കി പഠിക്കാനെത്തുന്ന കുട്ടികള്‍ക്ക് മത്സരപ്പരീക്ഷാ പരിശീലനം മാത്രമാണ്  നല്‍കിയിരുന്നതെങ്കില്‍, സൂപ്പര്‍ 30 പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും പുസ്തകങ്ങളുമെല്ലാം അദ്ദേഹം വര്‍ഷം മുഴുവനും സൗജന്യമായി നല്‍കി. 2003 - മുതല്‍ എല്ലാ വര്‍ഷവും ഓഗസ്റ്റില്‍ സൂപ്പര്‍ 30 ലേക്ക് തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ എഴുതാനെത്തുന്നത് 4000 മുതല്‍ 5000 വരെ കുട്ടികളാണ്. ഇവരില്‍നിന്ന് തിരഞ്ഞെടുക്കുന്ന 30 കുട്ടികള്‍ക്കാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) യില്‍ പ്രവേശനം ലഭിക്കുന്ന തരത്തില്‍ ഒരു വര്‍ഷംനീണ്ട പരിശീലനം നല്‍കുന്നത്. അദ്ദേഹത്തിന്റെ പരിശ്രമം തുടക്കം മുതല്‍തന്നെ വലിയ ചലനമാണ് സമൂഹത്തില്‍ സൃഷ്ടിച്ചത്. 2002 നും 2011 നുമിടെ അദ്ദേഹം പരിശീലനം നല്‍കിയ 270 വിദ്യാര്‍ഥികളില്‍ 236 കുട്ടികള്‍ക്ക് ഐ.ഐ.ടികളില്‍ പ്രവേശനം ലഭിച്ചു. വളരെ പാവപ്പെട്ട ചുറ്റുപാടുകളില്‍നിന്ന് എത്തിയവര്‍ ആയിരുന്നു അവരെല്ലാം. തെരുവ് കച്ചവടക്കാര്‍, കൂലിപപ്പണിക്കാര്‍ എന്നിവര്‍ അടക്കമുള്ള വളരെ സാധാരണക്കാരുടെ മക്കളായിരുന്നു അവര്‍. 2003- 2009 കാലയളവില്‍ അദ്ദേഹം പരിശീലനം നല്‍കിയ 201 വിദ്യാര്‍ഥികളില്‍ 182 പേര്‍ക്കും ഐ.ഐ.ടികളില്‍ പ്രവേശനം ലഭിച്ചു.

placeholder
ആനന്ദ് കുമാറിനൊപ്പം ആനന്ദ് മഹീന്ദ്ര | anadmahindra/twitter

സൂപ്പര്‍ 30-ല്‍ ചേര്‍ന്ന എല്ലാവര്‍ക്കും IIT അഡ്മിഷന്‍, ലോകശ്രദ്ധ

2010- ല്‍ സൂപ്പര്‍ 30 പദ്ധതിയില്‍ പരിശീലനം നേടിയ മുഴുവന്‍ കുട്ടികള്‍ക്കും IIT -JEE പ്രവേശന പരീക്ഷയില്‍ മികച്ച റാങ്കുകള്‍ ലഭിച്ചു. അന്ന് ബിഹാറില്‍ മത്സരപ്പരീക്ഷാ പരിശീലനം നല്‍കിയിരുന്ന സ്ഥാപനങ്ങളില്‍ മൂന്നാം സ്ഥാനത്ത് അതോടെ സൂപ്പര്‍ 30 എത്തി. ഇതോടെ അദ്ദേഹത്തിന് സാമ്പത്തിക പിന്തുണയടക്കം വാഗ്ദാനംചെയ്ത് വിവിധ സ്ഥാപനങ്ങളും വ്യക്തികളുമെത്തി. ബിഹാര്‍ സര്‍ക്കാറും സഹായ വാഗ്ദാനവുമായി രംഗത്തെത്തി. അവരെയെല്ലാം നന്ദി അറിയിച്ച ആനന്ദ് കുമാര്‍ ആരില്‍നിന്നും സഹായം സ്വീകരിക്കാന്‍ തയ്യാറായില്ല. എന്നാല്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് അംഗീകാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തി. ടൈം മാഗസിനില്‍ ആനന്ദിനെക്കുറിച്ചുള്ള ലേഖനം വായിച്ച അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്താന്‍ പ്രത്യേക പ്രതിനിധിയെ ഇന്ത്യയിലേക്ക് അയച്ചു. ബരാക്ക് ഒബാമയും സാമ്പത്തിക പിന്തുണ വാഗ്ദാനം ചെയ്തുവെങ്കിലും സ്വീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാജ്യം പദ്മശ്രീ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഡിസ്‌കവറി ചാനല്‍ സൂപ്പര്‍ 30യെക്കുറിച്ച് ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടി സംപ്രേഷണംചെയ്തു. ലോകത്തെ ഏറ്റവും നവീനമായ നാല് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് സൂപ്പര്‍ 30 എന്നാണ് ന്യൂസ് വീക്ക് മാഗസിന്‍ വിശേഷിപ്പിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ളവയും സൂപ്പര്‍ 30-യെ പ്രകീര്‍ത്തിച്ച് ലേഖനം പ്രസിദ്ധീകരിച്ചു. 2019-ല്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ അസ്പദമാക്കി ഋതിക് റോഷന്‍ നായകനായ സൂപ്പര്‍ 30 എന്ന സിനിമയിറങ്ങി.

placeholder
രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍നിന്ന് ആനന്ദ് കുമാര്‍ പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങുന്നു | Photo: Rashtrapatibhavan/twitter

പഠനത്തിനു ശേഷം പപ്പടം വിറ്റ ആനന്ദ്

കണക്ക് പഠിപ്പിക്കാനുള്ള ആഗ്രഹം മാത്രമായിരുന്നു മത്സരപ്പരീക്ഷാ പരിശീലന സ്ഥാപനം തുടങ്ങാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ആനന്ദ് കുമാര്‍ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. 'താരതമ്യേനെ കുറഞ്ഞ ഫീസാണ് വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയിരുന്നതെങ്കിലും അതുപോലും നല്‍കാനുള്ള സാമ്പത്തിക ചുറ്റുപാടില്ലാത്ത നിരവധി സമര്‍ഥരായ കുട്ടികളുണ്ടെന്ന് തിരിച്ചറിഞ്ഞത് തന്നെ ചിന്തിപ്പിച്ചു. പട്നയിലെ ഇടത്തരം കുടുംബത്തില്‍ ജനിച്ച താന്‍ സാമ്പത്തിക പ്രയാസങ്ങള്‍ അനുഭവിച്ചാണ് വളര്‍ന്നത്. തന്റെ കുട്ടിക്കാലത്തുതന്നെ പിതാവ് മരിച്ചു. അമ്മ വളരെയധികം കഷ്ടപ്പെട്ടാണ് കുടുംബം മുന്നോട്ടു കൊണ്ടുപോയത്. വീടിന് സമീപം അമ്മ തുടങ്ങിയ പപ്പടം വില്‍ക്കുന്ന കടയില്‍ താനും വൈകുന്നേരങ്ങളില്‍ അമ്മയെ സഹായിച്ചിരുന്നു. പകല്‍ സമയം മുഴുവന്‍ ആത്മാര്‍ഥതയോടെ പഠിച്ചശേഷമാണ് വൈകീട്ട് കടയില്‍ അമ്മയെ സഹായിക്കാന്‍ പോയിരുന്നത്.

കണക്ക് പഠിപ്പിക്കാനുള്ള അതിയായ ആഗ്രഹംമൂലമാണ് കിട്ടിയ ചെറിയ ജോലി ഉപേക്ഷിച്ച് കോച്ചിങ് സെന്റര്‍ തുടങ്ങിയത്. എന്നാല്‍ ഐഐടിയും ഐഐഎമ്മും പോലെയുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള കഴിവും സാമര്‍ഥ്യവുമുള്ള നിരവധി കുട്ടികളുണ്ടെങ്കിലും സാമ്പത്തിക പശ്ചാത്തലം അവര്‍ക്ക് ജീവിതത്തില്‍ മുന്നേറുന്നതിന് തടസമാകുന്നുവെന്ന് അക്കാലത്താണ് തിരിച്ചറിഞ്ഞത്. അങ്ങനെയാണ് സൂപ്പര്‍ 30 തുടങ്ങുന്നത്. സര്‍ക്കാര്‍ - സ്വകാര്യ മേഖലകളില്‍നിന്ന് സാമ്പത്തിക പിന്തുണ വാഗ്ദാനംചെയ്ത് നിരവധിപേര്‍ എത്തിയെങ്കിലും അവയെല്ലാം വിനയപൂര്‍വം നിരാകരിച്ചു. സ്വന്തം കോച്ചിങ് സെന്ററില്‍നിന്ന് ലഭിക്കുന്ന തുകയുടെ ഒരുഭാഗം മാറ്റിവെച്ചാണ് സൂപ്പര്‍ 30 പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ആരുടെയും സംഭാവനയോ ഗ്രാന്റോ സ്വീകരിക്കുന്നില്ല. പ്രധാനമന്ത്രി, കോര്‍പ്പറേറ്റുകള്‍, മുകേഷ് അംബാനി, ആനന്ദ് മഹീന്ദ്ര എന്നിവര്‍ അടക്കമുള്ള വ്യവസായികള്‍ എന്നിവരെല്ലാം സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തുട്ടുണ്ട്. എന്നാല്‍ അതെല്ലാം നിരസിച്ചു. വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറയുന്നു.

അടുത്ത ലക്ഷ്യം

ബിഹാറിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കുവേണ്ടി വ്യത്യസ്തമായ ഒരു സ്‌കൂള്‍ ആണ് ആനന്ദ് കുമാറിന്റെ അടുത്ത സ്വപ്നം. കുട്ടികള്‍ പുസ്തകങ്ങളിലുള്ളത് പഠിച്ച് വളരുന്നതിന് പകരം അവരെ നല്ല മനുഷ്യരാക്കി വളര്‍ത്തിയെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. കുട്ടികള്‍ക്ക് പ്രായോഗിക പരിശീലനമാകും സ്‌കൂളില്‍നിന്ന് ലഭിക്കുകയെന്നാണ് അദ്ദേഹം പറയുന്നത്. കൃഷിയില്‍ താത്പര്യമുള്ളവരെ പാടത്ത് ഇറക്കി ആ മേഖലയില്‍ പരിജ്ഞാനം നല്‍കും. മരപ്പണിയിലാണ് താത്പര്യമെങ്കില്‍ ആ രംഗത്ത് വൈദഗ്ധ്യമുള്ളയാളായി കുട്ടിയെ വാര്‍ത്തെടുക്കും. 2025-ഓടെ സ്‌കൂള്‍ യാഥാര്‍ഥ്യമാകും എന്നാണ് ആനന്ദ് കുമാര്‍ പറയുന്നത്.