
ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ നിന്ന് അധികം ദൂരമില്ല മേപ്പാടിയിലെ എസ്റ്റേറ്റ് പാടികളിലേക്ക്. അന്നാർത്തലച്ചുവന്ന ഉരുൾ തുടച്ചുനീക്കിയവരുടെ അതേ അവസ്ഥയുണ്ടാകുമെന്ന ഭയപ്പാടിലാണ് അവിടെയുള്ള തൊഴിലാളികൾ. താമസിക്കുന്ന ഇടത്തിന് കെട്ടുറപ്പില്ലാത്തതും എസ്റ്റേറ്റ് കമ്പനി തിരിഞ്ഞു നോക്കാത്തതിന്റെയും നിസ്സാഹായത അവരുടെ കണ്ണുകളിലുണ്ട്. ദുരിതപര്‍വമത്രയും പരാതികളായും കണ്ണീരായും പലകുറി മുതലാളിമാര്‍ക്ക് മുന്നിലെത്തിയെങ്കിലും കഷ്ടതകള്‍ക്ക് മാത്രം ഇന്നും പഞ്ഞമില്ല. ദുരന്തം നിഴലുപോലെ കൂടെയുണ്ടെന്ന ഭീതിയിലാണ് അവർ.
മുണ്ടക്കൈ ഉരുളെടുത്ത ഏതാനും ദിവസങ്ങൾക്കു ശേഷം തോട്ടം തൊഴിലാളികളുടെ ജീവിതം അറിയാൻ ഞങ്ങൾ എത്തിയപ്പോൾ ദുരിതങ്ങൾ ഓരോന്നായ് അവർ പറഞ്ഞുതീർത്തു. ചിലർ കരഞ്ഞുതീർത്തു. വിഷമങ്ങൾ മാത്രമല്ല, ഉള്ളിലെ അമർഷവും മടുപ്പും അവരുടെ കണ്ണുകളിൽ കാണാമായിരുന്നു. ഉറച്ച ശബ്ദവും നോവേറുന്ന വാക്കുകളും ആ തേയിലത്തോട്ടങ്ങളിൽ അലയടിച്ചു. വിനോദ സഞ്ചാരികൾക്ക് പ്രിയമേറിയ തേയിലത്തോട്ടങ്ങളുടെ മനോഹാരിതയ്ക്ക് പിന്നിലെ വിള്ളലേറ്റ ജീവിതങ്ങൾ ലോകത്തിന് മുന്നിൽ ഉറക്കെ വിളിച്ചുപറയാൻ കാത്തിരിക്കുകയായിരുന്നു അവർ.
''ഉരുൾപൊട്ടലുണ്ടായ ദിവസം നെഞ്ച് പൊട്ടിയാണ് പണിയെടുത്തത്. ഒന്ന് ആശ്വസിപ്പിക്കാനോ സമാധാനിപ്പിക്കാനോ ആരും വന്നില്ല. വീടിന് ചുറ്റും കാടാണ്. ആനയും പുലിയും വരുന്ന കാട്. വീടിന്റെ പുറകുവശത്താണെങ്കിൽ ഉറവകളും ഉണ്ട്. നാല് ഭാഗത്തുമുള്ള വലിയ മരങ്ങൾ ഒന്ന് വെട്ടിത്തരാൻ പോലും കമ്പനി തുനിയുന്നില്ല. ഒരു ചെറിയ മഴ പെയ്യുമ്പോഴേക്ക് മറ്റ് വീടുകളിൽ പോയി താമസിക്കേണ്ട അവസ്ഥയാണ്. മലയിടിഞ്ഞ് വരുമെന്ന പേടിയിലാണ് ജീവിക്കുന്നത്. പ്രശ്നമുണ്ടെന്ന് പറയുമ്പോൾ മുതലാളിമാർ വന്ന് ദൂരത്ത് നിന്ന് നോക്കിയിട്ട് പോകും''
തോട്ടം തൊഴിലാളിയായ ശോഭയുടെ വാക്കുകളാണിത്. ശോഭയുടെ മാത്രം വിഷമമല്ല ഇത് .
വയനാട്ടിലെ മഹാദുരന്തം ബാക്കിവെയ്ക്കുന്നത് ഇതുപോലുള്ള തോട്ടം തൊഴിലാളികളുടെ കണ്ണീരു കൂടിയാണ്. അന്നന്നേരത്തെ വിശപ്പടക്കാൻ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നവരാണ് ദുരന്തമുണ്ടായ മുണ്ടക്കൈയിലും ചൂരൽമലയിലും മേപ്പാടി ഭാഗങ്ങളിലുമുള്ളവർ. അടച്ചുറപ്പില്ലാത്ത കൂരയ്ക്കുള്ളിൽ പതിഞ്ഞിരിക്കുന്ന അപകടം ഊണിലും ഉറക്കത്തിലും അവരെ ഭീതിപ്പെടുത്തുകയാണ്. തുച്ഛമായ കൂലിക്ക് പണിയെടുത്തിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ഏത് നിമിഷവും തകർന്നു വീഴാവുന്ന പാടികളിൽ ഇല്ലായ്മകളുടെ കനവും പേറിയാണ് ഓരോ തോട്ടം തൊഴിലാളിയും കഴിയുന്നത്.
''വിഷമങ്ങൾ പറയുമ്പോൾ ഉദ്യോഗസ്ഥർക്ക് തമാശയാണ്. ബംഗ്ലാവിൽ നിൽക്കുന്നവർക്ക് പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകൾ അറിയില്ല. അറിയാൻ അവർ ശ്രമിക്കില്ല. പൊട്ടിപ്പൊളിഞ്ഞ പാടി നന്നാക്കിത്തരാൻ ഫീൽഡ് ഓഫീസർമാരോട് നിരന്തരം അപേക്ഷിച്ചപ്പോൾ പഴകിയ ഷീറ്റുകൾ വെച്ച് താത്കാലികമായി കെട്ടിത്തന്നു. ചോർന്നൊലിക്കുമ്പോൾ പാത്രങ്ങൾവെച്ചാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. പാടിയുടെ മുകളിൽ പാറകൾ ഉള്ളതുകൊണ്ട് ചുറ്റും ഉറവകളാണ്. ഭയപ്പാടോടെയല്ലാതെ ജീവിക്കാൻ കഴിയുന്നില്ല. ആരെക്കണ്ടാലും വിഷമം പറയുന്ന അവസ്ഥയാണ്'' തോട്ടം തൊഴിലാളിയായ ഫാത്തിമയുടെ ശബ്ദത്തിൽ വിഷമം മാത്രമല്ല, കമ്പനിയോടുള്ള അരിശവും കേൾക്കാം.

തോട്ടം തൊഴിലാളികൾക്കായുള്ള പാടികൾ ഏറെയും കാലപ്പഴക്കമുള്ളവയാണ്. പലതും പൊട്ടിപ്പൊളിഞ്ഞ് വീഴാറായവ. തൊട്ടടുത്തുക്കൂടെ ദുരന്തം അലയടിച്ചിട്ടും തൊഴിലാളികളുടെ ദുരിതപ്പാടുകൾക്ക് വിലകൽപ്പിക്കാതെ നടക്കുകയാണ് എസ്റ്റേറ്റ് മുതലാളിമാർ.
''ദുരന്തം മുന്നിൽ നിൽക്കുമ്പോഴും പണിയെടുപ്പിക്കുക എന്ന ഒറ്റ ഉദ്ദേശമേ കമ്പനിക്കുള്ളൂ. മഴയല്ലേ സാറേ, ഒരു വാഹനം പോലും മേപ്പാടി ടൗണിലേക്ക് വരുന്നില്ല. പണിക്ക് വരണോ എന്ന് ചോദിക്കുമ്പോൾ നിങ്ങൾ പണിക്ക് വരണമെന്ന് ഞങ്ങൾക്ക് വലിയ നിർബന്ധമൊന്നുമില്ല, ഇതര സംസ്ഥാന തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചോളും എന്നായിരുന്നു മറുപടി. ഇതര സംസ്ഥാന തൊഴിലാളികളുടെ പാടികൾക്ക് എന്തെങ്കിലും കേടുപാട് സംഭവിച്ചാൽ വേഗം നന്നാക്കിക്കൊടുക്കും. ചെയ്ത് കൊടുത്തോട്ടെ, പക്ഷേ കാലങ്ങളായി പണിയെടുക്കുന്ന ഞങ്ങളുടെ കൂരയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ തിരിഞ്ഞുപോലും നോക്കില്ല'' വിതുമ്പിക്കൊണ്ടാണ് സരസു ഇത് പറയുന്നത്.
പാടിയുടെ ചുറ്റും കാട് മൂടുമ്പോൾ പോലും എസ്റ്റേറ്റ് മുതലാളിമാർ തിരിഞ്ഞുനോക്കില്ല. വന്യമൃഗശല്യം വേറേയും. കാട്ടാനകൾ വഴി നശിപ്പിച്ചതോടെ യാത്രാദുരിതവും കഠിനമാണ്. രാവിലെ എട്ടരയ്ക്ക് പണിക്ക് കയറണം. വഴി മോശമായതുകൊണ്ട് തോട്ടത്തിലെത്താൻ നേരം വൈകിയാൽ അവസ്ഥ മനസിലാക്കാതെ മുതലാളിമാർ ശകാരിക്കും. കൃത്യസമയത്ത് എത്തിയില്ലെങ്കിൽ പണിയുണ്ടാകില്ലെന്ന് ഭീഷണിപ്പെടുത്തും. ബംഗാളികളും അസാമുകാരും പണിയെടുക്കാനുണ്ടെന്ന ബലത്തിലാണ് അവരുടെ പെരുമാറ്റം. വർഷങ്ങളായിട്ടും അറ്റകുറ്റപ്പണിയൊന്നും നടത്താത്തതിനാൽ പാടികളിൽ പുഴുവരിക്കുകയാണ്. വീടിന് മുകളിലെ ഷീറ്റ് ഇടിഞ്ഞുവീണാൽ പോലും നന്നാക്കിക്കൊടുക്കില്ല. ശക്തമായ കാറ്റടിച്ചാൽ ഇടിഞ്ഞുപൊളിഞ്ഞ് വീഴുമെന്ന അവസ്ഥയിലാണ് ഓരോ പാടിയും.

ഓരോരുത്തരും വിഷമങ്ങൾ പറഞ്ഞുതീർക്കുമ്പോൾ കണ്ണീരടക്കിപ്പിടിച്ച് നിൽക്കുകയാണ് ഗുരുവമ്മ. അവിടെയുണ്ടായിരുന്ന തൊഴിലാളികളിൽ ഏറ്റവും മുതിർന്നയാൾ. പ്രായത്തിന്റെ ചുളിവും തളർച്ചയുമൊക്കെ പ്രത്യക്ഷമാണ്. എന്നിട്ടും തേയില നുള്ളാൻ വരുന്നത് ഒരു നേരത്തെയെങ്കിലും വിശപ്പകറ്റാനാണ്. മദ്യപാനം മനോനില തെറ്റിച്ച മകൻ മാത്രമേ കൂടെയുള്ളൂ.
''പണിയെടുത്താൽ കിട്ടുന്ന കൂലി മുഴുവൻ മരുന്ന് വാങ്ങാനേ തികയുള്ളൂ. വീടാണെങ്കിൽ ചോർന്നൊലിക്കുകയാണ്. എസ്റ്റേറ്റ് കമ്പനി തിരിഞ്ഞുപോലും നോക്കാറില്ല. ആരോട് വിഷമം പറയുമെന്നറിയില്ല. വാർധക്യത്തെ വകവെയ്ക്കാതെ ഗുരുവമ്മ തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നത് ദാരിദ്ര്യത്തിൽ നിന്ന് മുക്തി നേടാനാണ്'' പ്രായാധിക്യം ബാധിച്ചിട്ടും ഗുരുവമ്മ തുച്ഛമായ കൂലിക്ക് തോട്ടങ്ങളിൽ പണിയെടുക്കുന്നത് മകനെ നോക്കാൻ മാത്രമാണ്.

തേയില ഉത്പാദനത്തിന്റെ പ്രധാന കേന്ദ്രമാണ് വയനാട്. നൂറ്റാണ്ടുകൾ പഴക്കമുണ്ട് വയനാട്ടിലെ തേയില തോട്ടങ്ങൾക്ക്. അതുകൊണ്ടുതന്നെ പാടികളും ജീർണിച്ചു തുടങ്ങി. വർഷങ്ങൾ പാരമ്പര്യമുള്ള തേയില ഉത്പാദനത്തിന് വയനാട്ടുകാർ നൽകിയ വിശ്വാസത്തിന് വിള്ളലേൽപ്പിക്കുന്ന തരത്തിലാണ് എസ്റ്റേറ്റ് ഉടമസ്ഥരുടെ പെരുമാറ്റം. വർഷങ്ങളായി തേയിലത്തോട്ടങ്ങളിൽ പണിയെടുക്കുന്നവർക്ക് മറ്റൊരു ജീവിതമാർഗത്തിലേക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുണ്ടാകും. ഇതര സംസ്ഥാന തൊഴിലാളികളെ വെച്ച് പണിയെടുപ്പിക്കുമ്പോൾ അന്നന്നേരത്തെ വിശപ്പടക്കാൻ വേണ്ടി പണിക്കിറങ്ങുന്ന വയനാട്ടുകാർ ഒറ്റപ്പെട്ടുപോവുകയാണ്. മഴയും വെയിലും വകവെയ്ക്കാതെ പണിയെടുക്കാൻ തയ്യാറാകുന്ന തോട്ടം തൊഴിലാളികളുടെ അടിസ്ഥാന ആവശ്യങ്ങളെങ്കിലും നിറവേറ്റിക്കൊടുക്കാൻ എസ്റ്റേറ്റ് മുതലാളിമാർ തയ്യാറാകണം. പ്രകൃതിയുടെ അപ്രതീക്ഷിത ചലനങ്ങൾ നിഴലുപോലെ പിന്തുടരുമ്പോൾ ആശ്വാസമായി കൂടെ നിൽക്കുന്നതും തൊഴിലിന്റെ വിശ്വാസ്യതയ്ക്ക് മാറ്റുറപ്പിക്കുന്ന ഘടകമാണ്.
Content Highlights: struggles of tea plantation laboures in wayanad
Published: 19 Aug 2024, 12:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented