
കല്പറ്റ: തേയിലത്തോട്ടങ്ങളെ ചുറ്റി വളഞ്ഞുപുളഞ്ഞൊഴുകുന്ന പുഴ, അതിനു ചുറ്റുമായുള്ള ഗ്രാമങ്ങൾ... ചൂരൽമലയുടെ ഗതകാലഭംഗിയോട് ദുരന്തത്തിനു പിന്നാലെ തേയിലത്തോട്ടങ്ങളും വിടപറയുന്നു. ഇനി ഈ നാടിനെ കാപ്പിമണക്കും. ദുരന്തത്തിനു പിന്നാലെ ആളൊഴിഞ്ഞതോടെ തൊഴിലാളിക്ഷാമവും കനത്ത മഴയെത്തുടർന്നുള്ള പാരിസ്ഥിതിക നിയന്ത്രണങ്ങളും കാരണം തേയിലത്തോട്ടം പരിപാലനം പ്രതിസന്ധിയിലായതോടെയാണ് കാപ്പി നടാൻ ഹാരിസൺ മലയാളം പ്ലാന്റേഷൻ അനുമതിതേടിയത്.
ചൂരൽമലയിലെ ബെയ്ലി പാലത്തിന് അപ്പുറം ദുരന്തഭൂമി കടന്നുപോവേണ്ട സെന്റിനൽ റോക്ക് എസ്റ്റേറ്റ് ഡിവിഷന്റെ പകുതിഭാഗം കാപ്പിയാക്കാനാണ് പദ്ധതി. മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലായി 400 ഹെക്ടറോളം വരുന്ന എസ്റ്റേറ്റു ഭൂമിയിൽ 230 ഹെക്ടർ ഭൂമിയിൽ കാപ്പി നടാൻ അനുമതിതേടി കളക്ടർക്ക് അപേക്ഷനൽകി. നിലവിൽ ലാൻഡ് റവന്യൂ ബോർഡിന്റെ പരിഗണനയിലാണ് അപേക്ഷ.
ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന് പിന്നാലെ ഈ പ്രദേശങ്ങളിലൊന്നാകെയുള്ളവരെയാണ് മാറ്റിപ്പാർപ്പിച്ചത്. കല്പറ്റയിലെ ടൗൺഷിപ്പിലും സന്നദ്ധസംഘടനകൾ ജില്ലയുടെ പലഭാഗങ്ങളിലുമായി നൽകിയ വീടുകളിലുമായി ദുരന്തബാധിതർ താമസം തുടങ്ങിയതോടെ കടുത്ത തൊഴിലാളിക്ഷാമമാണ് ചൂരൽമലയിൽ. മറ്റു ഡിവിഷനുകളിൽനിന്ന് തൊഴിലാളികളെ എത്തിക്കാൻ ശ്രമിച്ചെങ്കിലും ചൂരൽമലയിലേക്കാണെങ്കിൽ വരാൻ തയ്യാറാവുന്നില്ല. ഹാരിസൺ മലയാളം പ്ലാന്റേഷന്റെ ചുരുക്കം സ്ഥിരംജീവനക്കാരും അതിഥിത്തൊഴിലാളികളും മാത്രമാണ് ഇപ്പോഴും ബെയ്ലി പാലത്തിനപ്പുറം താമസിക്കുന്നത്. കള്ളാടിയിലും നീലിക്കാപ്പിലുമുള്ളവർപോലും പാലത്തിന് അപ്പുറം തൊഴിലെടുക്കാൻ ഭയക്കുകയാണ്.
തേയിലക്കൊളുന്തു നുള്ളുന്നതും കവാത്തും വളപ്രയോഗവുമായി വർഷത്തിൽ എല്ലാ ദിവസവും തേയിലത്തോട്ടങ്ങളിൽ പണിയുണ്ടാകും. കാപ്പിയാണെങ്കിൽ നവംബർ അവസാനം തുടങ്ങി ജനുവരിയിൽ അവസാനിക്കുന്ന വിളവെടുപ്പുകാലത്താണ് പ്രധാന പണിയുണ്ടാവുക.
ഇടയ്ക്ക് വളംചെയ്യാനും പൂക്കുന്നസമയത്തും മാത്രം കുറച്ചുദിവസം തൊഴിലാളികളുണ്ടായാൽ മതിയാകും. തൊഴിലാളികളുടെ എണ്ണവും തേയിലയെ അപേക്ഷിച്ച് കാപ്പിക്ക് കുറച്ചു മതി. തേയിലയ്ക്ക് ഒരേക്കർ സ്ഥലത്തിന് ഒരു തൊഴിലാളി എന്ന അനുപാതം വേണമെങ്കിൽ കാപ്പിക്ക് അഞ്ചേക്കർ സ്ഥലത്തിന് ഒരു തൊഴിലാളി മതിയാകും. നിലവിലെ തൊഴിലാളിക്ഷാമം പരിഹരിക്കാനാകുമെന്നതും പാരിസ്ഥിതിക പ്രയാസങ്ങളെ മറികടക്കാമെന്നതുമാണ് കാപ്പിയെക്കുറിച്ച് ആലോചിക്കുന്നതിലേക്ക് എത്തിച്ചത്.
വേനൽമഴ തുടങ്ങി സെപ്റ്റംബർവരെ നീളുന്ന വയനാട്ടിലെ മഴക്കാലത്ത് ഓറഞ്ച് ജാഗ്രത വരുന്ന ദിവസങ്ങളിലെല്ലാം ബെയ്ലി പാലത്തിനപ്പുറത്തേക്ക് പ്രവേശനമില്ല. മഴജാഗ്രത ഇല്ലെങ്കിൽപ്പോലും ഈ പ്രദേശങ്ങളിൽ അതിതീവ്രമഴയാണ് പലപ്പോഴും പെയ്യുക. തേയില നുള്ളുന്നതിനിടെ മഴ കനത്ത് പെട്ടെന്ന് പണി നിർത്തേണ്ട സാഹചര്യവുമുണ്ടായി. കാപ്പിയാണെങ്കിൽ മഴക്കാലത്ത് വലിയ പരിചരണമൊന്നും ആവശ്യമില്ല.
കാപ്പിത്തോട്ടങ്ങൾക്കിടയിൽ തണലായി മരങ്ങൾ നടണം. ഇതും മണ്ണൊലിപ്പ് തടയുന്നതിന് സഹായമാകും. ദുരന്തത്തെത്തുടർന്ന് പാരിസ്ഥിതികമായി ദുർബലമായ ഈ പ്രദേശത്ത് കാപ്പിയായിരിക്കും കുറച്ചുകൂടി അനുയോജ്യം എന്ന വിദഗ്ധോപദേശവുംകൂടി പരിഗണിച്ചാണ് എസ്റ്റേറ്റുകാർ പ്രായോഗികമായ മാറ്റത്തിന് തയ്യാറെടുക്കുന്നത്. പത്തുദിവസത്തിനകം മന്ത്രിതലത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ.
Content Highlights: Harrison Malayalam Plantation seeks permission to plant coffee on 230 hectares in Chooralmala., Labor shortage following the 2024 disaster makes tea cultivation unsustainable., Coffee requires significantly fewer laborers compared to tea (1 worker per 5 acres vs 1 per acre)., Environmental experts suggest coffee is more suitable for the ecologically fragile region., The project aims for implementation in 2026, pending ministerial approval.
Published: 30 Jul 2026, 09:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented