
മണല്പ്പരപ്പിലൊരു തുണിവിരിച്ചിട്ടുണ്ട്. ചുവപ്പും കറുപ്പും നിറത്തിലുള്ള തുണി. കുഞ്ഞുങ്ങളുടെ കളിചിരികളില്‍ തട്ടി മണല്‍ ആ വിരിപ്പിലേയ്ക്ക് പരന്ന് കയറുന്നു. അവിടിരുന്ന് ഇംഗ്ലീഷ് അക്ഷരമാല പഠിക്കാന്‍ ശ്രമിക്കുന്നു അവര്‍. ചൂണ്ടിക്കാണിച്ചും തിരുത്തിയെഴുതിക്കൊടുത്തും അധ്യാപികമാര്‍.
കമ്പിവേലിക്കെട്ടിനടുത്ത് പരസ്പരം പൂഴിവാരി എറിഞ്ഞുകളിച്ച പൈതലുകളിലൊന്നിനെ അധ്യാപിക വാരിയെടുത്ത് അടുത്തുള്ള തറയിലിരുത്തി. നിറയെ പൂക്കളുള്ളൊരുടുപ്പിട്ട പെണ്‍കുട്ടി ആ കുഞ്ഞിനെ ഒക്കത്തിരുത്തി പുസ്തകത്തിലേയ്ക്ക് നോട്ടമിട്ടു. ഇംഗ്ലീഷ് അക്ഷരങ്ങളും ചിരിയും കരച്ചിലും കരച്ചില് തീരുന്ന ഏങ്ങലുമെല്ലാം ഈ ചെറിയ സ്‌കൂളില്‍ നിറയുന്നു. ചിലരുടെ ഇരിപ്പിടത്തിനടുത്ത് ചെറിയ ബാഗുകള്‍ കാണാം. എന്നാല്‍ ചോറ്റുപാത്രം ആരുടേയും കയ്യിലില്ല. സ്‌കൂളില്‍ ഊട്ടുപുരയുമില്ല.
യൂണിഫോമിട്ട്, മുടി ചീകിയൊതുക്കി, വെളുത്ത പൂവ് പതിച്ചൊരു ഹേര്‍ബാന്‍ഡ് വെച്ച് ബാഗും കുടയും ചോറ്റുപാത്രവുമായി ചിരിച്ച് നടന്ന് പോകുന്ന ഒരു നാലു വയസ്സുകാരിയുടെ ചിത്രം മനസ്സില്‍ തെളിയുന്നു. ഓട്ടോ റിക്ഷവരെ അമ്മയുടെ കൈപിടിച്ച് അവള്‍ നടന്ന് പോകും. ആ റിക്ഷയില്‍ സ്‌കൂളിന് മുന്നിലിറങ്ങും. ടൈല് പതിച്ച, ചെറു കസേരകളുള്ള, കളിപ്പാട്ടങ്ങളുള്ള, ചുവര് നിറയെ കാര്‍ട്ടൂണുകളുള്ള ക്ലാസിലിരുന്ന് കളിക്കും, പഠിക്കും. ഇടയ്ക്ക് ആ ചോറ്റു പാത്രം തുറന്ന് അതിലുള്ളത് കഴിക്കും. രാവിലെയും ഉച്ചയ്ക്കുമെല്ലാം സ്‌കൂളില്‍ നിന്നും ഭക്ഷണമുണ്ട്. വൈകീട്ട് അതേ ഓട്ടോയില്‍ കയറി വീട്ടില്‍ വന്ന് സ്‌കൂളിലെ വിശേഷങ്ങള്‍ പങ്കുവെക്കും. പുസ്തകങ്ങള്‍ തുറന്ന് പിറ്റേന്നത്തേയ്ക്കുള്ള ഹോം വര്‍ക്കുകള്‍ ചെയ്യും. ഒരു പക്ഷേ ആ കളര്‍ പുസ്തകം തുറന്ന് അതിലെ പൂമ്പാറ്റകള്‍ക്ക് നിറം കൊടുക്കും. എന്റെ മാളൂട്ടിയുടെ ഒരു സ്‌കൂള്‍ ദിനമാണിത്. ആദ്യം പറഞ്ഞത് നാടും വീടുമില്ലാത്ത ഒരു ജനതയുടെ കുട്ടികളേക്കുറിച്ച്. അഭയാര്‍ത്ഥികളുടെ സ്‌കൂളിനേക്കുറിച്ച്.
രാജസ്ഥാനിലെ ജോദ്പൂരില്‍ നിന്ന് 30 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അങ്കന്‍വ ഗ്രാമത്തിലെത്താം. സംസ്ഥാന പാതയില്‍ നിന്ന് ഒരു മണ്‍പാത താഴേയ്ക്കിറങ്ങും. കുറ്റിക്കാടുകള്‍ നിറഞ്ഞ വിശാലമായ സ്്ഥലത്തിന് നടുവിലൂടെ ഈ റോഡ് മാത്രം. രണ്ട് കിലോമീറ്ററോളം പിന്നിട്ടാല്‍ ഓലക്കീറുകള്‍ വെച്ച് മറച്ച കുറേ വീടുകള്‍ കാണാം. വലതു വശത്ത് ഈ ചെറിയ സ്‌കൂളും. കഴിഞ്ഞ 15 വര്‍ഷത്തിനിടെ പാക്കിസ്താനില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് കുടിയേറിയവര്‍ താമസിക്കുന്ന ഗ്രാമമാണ്. സര്‍ക്കാര്‍ പുറമ്പോക്കില്‍ കുടില് കെട്ടി താമസിക്കുകയാണ് ഇരുന്നൂറ്റി അന്‍പതോളം കുടുംബങ്ങള്‍. തിരഞ്ഞെടുപ്പ് കാലത്ത് പോലും രാഷ്ട്രീയക്കാര്‍ ഈ ഗ്രാമത്തിലേയ്ക്ക് വരുന്നില്ല. ഗ്രാമത്തിലൊരാള്‍ക്കും വോട്ടില്ല എന്നത് തന്നെ പ്രാഥമികമായ കാര്യം. ആറ് കിലോ മീറ്റര്‍ അപ്പുറത്തുള്ള സ്‌കൂളിലാണ് കുട്ടികള്‍ പഠിക്കുന്നത്. ചെറിയ കുഞ്ഞുങ്ങള്‍ക്കായി ട്രസ്റ്റുകളും മറ്റും നല്‍കുന്ന സഹായത്താല്‍ ഗ്രാമത്തില്‍ അഞ്ച് വര്‍ഷം മുന്‍പ് തുടങ്ങിയ സ്‌കൂളാണ് നമ്മളാദ്യം കണ്ടത്.
സാമൂഹിക വിഷയങ്ങൾ, വൈൽഡ് ലൈഫ് പരിസ്ഥിതി, കാലാവസ്ഥാ സംബന്ധമായ വാർത്തകളും വിവരങ്ങളും അറിയാൻ JOIN Whatsapp group
അഞ്ച് വയസ്സിന് താഴെയുള്ള എണ്‍പതോളം കുട്ടികള്‍ രാവിലെ ഒന്‍പത് മുതല്‍ ഇവിടെ പഠിക്കും. കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൂടി നല്‍കാനുള്ള ഫണ്ട് സ്‌കൂളിനില്ല. അതുകൊണ്ട് ഉച്ചയോടെ അമ്മമാരെത്തി അവരെ തിരികെ വീടുകളിലേയ്ക്ക് കൊണ്ടുപോകും. ''യുപി സ്‌കൂളിലും ഹൈസ്‌കൂളിലും പഠിക്കുന്ന കുട്ടികള്‍ക്ക് ഹിന്ദിയും ഇംഗ്ലീഷും കണക്കും വലിയ വശമില്ല. ഈ മൂന്ന് വിഷയങ്ങള്‍ അവര്‍ക്ക് പഠിപ്പിച്ച് നല്‍കാന്‍ വൈകീട്ട് അഞ്ച് മുതല്‍ ഏഴ് വരെ സ്‌കൂളില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.'' സ്‌കൂളിന്റെ ചുമതലക്കാരി കാഞ്ചന്‍ ടീച്ചര്‍ പറഞ്ഞു. തണുപ്പായത് കൊണ്ടാണ് കുട്ടികളെ രാവിലെ പുറത്തിരുത്തി പഠിപ്പിച്ചത്. നമ്മുടെ നാട്ടിലത്തേത് പോലെ സൗകര്യങ്ങള്‍ ഇല്ലായെങ്കിലും സ്‌കൂളിലൊരു ക്ലാസ് മുറിയുണ്ട്. പഠിപ്പിക്കാന്‍ അഞ്ച് അധ്യാപകരും.
കുഞ്ഞുങ്ങളേയും കൂട്ടി അമ്മമാര്‍ പോയ വീടുകളിലേയ്ക്ക് നമുക്കും പോകാം. ഗ്രാമത്തിലെല്ലാവര്‍ക്കും കുടിലുകളാണ്. പനയോലയും മറ്റും ചിട്ടയായി കെട്ടിവെച്ച് പണിത കുടിലുകള്‍. ബന്ധുക്കളായ രണ്ടോ മൂന്നോ കുടുംബങ്ങള്‍ ഒരുമിച്ച് താമസിക്കുന്നു. ചാണകം മെഴുകിയ മുറ്റത്തെ അടുപ്പിനരികിലിരുന്ന് ദീദി ചായ തിളപ്പിച്ചു. വിഭജനത്തിന്റെ മുറിവ് പേറി പതിറ്റാണ്ടുകള്‍ ജീവിച്ച അതിര്‍ത്തി ഗ്രാമങ്ങളിലെ മനുഷ്യര്‍ ബന്ധുക്കളുള്ള നാട്ടിലേയ്ക്ക് വണ്ടി കയറിയിട്ട് 15 വര്‍ഷമാകുന്നു. ''വീടില്ല, റേഷനില്ല, വെള്ളവും വെളിച്ചവുമില്ല, ഞങ്ങള്‍ക്ക് പൗരത്വമില്ല'' മുറ്റത്തെ കയറ്റുകട്ടിലിലിരുന്ന്, കൂട്ടത്തിലെ മുതിര്‍ന്നയാള്‍ ബുരുജി ജീവിതം പറഞ്ഞു തന്നു. രാജസ്ഥാനില്‍ ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഗ്യാസ് സിലിണ്ടറിന് 500 രൂപ കൊടുത്താല്‍ മതി. എന്തെങ്കിലും രോഗം വന്നാല്‍ ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയിലോ, സ്വകാര്യ ആശുപത്രിയിലേ 25 ലക്ഷം രൂപയുടെ വരെ ചികിത്സ സൗജന്യമാണ്. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പാവപ്പെട്ട ജനങ്ങള്‍ക്ക് ലഭിക്കുന്ന വലിയ സര്‍ക്കാര്‍ സഹായങ്ങള്‍ ഈ ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല. കാരണം, അവര്‍ ഇന്ത്യന്‍ പൗരന്‍മാരല്ല.
ജോദ്പൂരില്‍ മാത്രം ഇത്തരം നിരവധി ഗ്രാമങ്ങള്‍ കാണാം. ജയ്‌സാല്‍മീറിലും പരിസരത്തും അവരുണ്ട്. രാജസ്ഥാനിലെ ഇന്ത്യ - പാക് അതിര്‍ത്തി ഗ്രാമങ്ങളില്‍ കുറേയധികം അഭയാര്‍ത്ഥികള്‍ ഇപ്പോഴും പൗരത്വത്തിനായി കാത്ത് നില്‍ക്കുന്നു. അഭയാര്‍ത്ഥികളുടെ ജീവിതം ലോകത്തെവിടേയും ഒന്നുപോലെയാണ്. ഡല്‍ഹിയിലെ മാലിന്യക്കുന്നുകള്‍ക്ക് ചുവട്ടില്‍ ടാര്‍പോളിന്‍ വലിച്ചുകൊട്ടി അതിന് താഴെ ജീവിക്കുന്ന റോഹിംഗ്യന്‍ അഭയാര്‍ത്ഥികളും ഇസ്രയേല്‍ കടന്നു കയറ്റത്തില്‍ വിറങ്ങലിച്ച് നാടുവിട്ട ഗാസയിലെ ജനങ്ങളും സിറിയയിലേയും ഇറാഖിലേയും ശ്രീലങ്കയിലേയുമെല്ലാം ആഭ്യന്തര കലഹങ്ങളില്‍ സമാധാനത്തിന്റെ കരപറ്റാന്‍ ശ്രമിച്ച മനുഷ്യരും ഒരേ വേദന തിന്നുന്നു.
പാക്കിസ്താനില്‍ നിന്ന് രാജസ്ഥാനിലേയ്ക്ക് കുടിയേറിയവരുടെ ജീവിതം മെച്ചപ്പെട്ടതാക്കാന്‍ ജീവിതം സമര്‍പ്പിച്ച ഒര മനുഷ്യനുണ്ട്. ഹിന്ദു സിംഗ് സോഡ. ജോദ്പൂരിലെ വീട്ടിലിരുന്ന് ഹിന്ദു സിംഗ് പറയുന്നു, മനുഷ്യരല്ലേ, ജീവിക്കണ്ടേ? അതിനുള്ള വഴി കാണണ്ടേയെന്ന്. ഹിന്ദു സിംഗിന്റെ പ്രിയ സുഹൃത്താണ് അങ്കന്‍വാ ഗ്രാമത്തിലെ ഹിംജി. അദ്ദേഹം ഗ്രാമം മുഴുവന്‍ ചുറ്റിക്കാണിച്ചു. എല്ലാ കുടിലുകളും ഒരു പോലെ, എല്ലാവരുടേയും കഥകളും ഒരു പോലെ. അഭയാര്‍ത്ഥിയുടെ വേദന, വിശപ്പ്, ദാഹം. എല്ലാം തളം കെട്ടി നില്‍ക്കുന്നു ഗ്രാമത്തില്‍. വേലിക്കെട്ടിലൊരു കടലാസ് പൂവ് വിരിഞ്ഞ് കവാടം തീര്‍ക്കുന്നു. ആ കവാടത്തിലൂടെ ഗ്രാമത്തിലേയ്ക്ക് നല്ല വാര്‍ത്തകള്‍ വരട്ടെ.
Content Highlights: pakistan refugees in rajastan
Published: 29 Nov 2023, 03:02 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented