വെങ്കിടേഷ് രാമകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'വഴിവിട്ട യാത്രകള്‍' എന്ന പുസ്തകത്തെ കുറിച്ച് അന്‍വര്‍ ഹുസൈന്‍ എഴുതിയ കുറിപ്പ് വായിക്കാം...

To advertise here,

ഇന്ത്യയുടെ തെക്കേയറ്റത്ത് കന്യാകുമാരി ക്ഷിതിയാദിയായ് ഗോകര്‍ണാന്തമായ് തെക്കുവടക്കു നീളെ അംബാശിവരുടെ കാവലില്‍ കേരളത്തിന്റെ പച്ചപ്പില്‍ നാമിരിക്കുമ്പോള്‍ അകലെ തിളങ്ങുന്ന ഭാരതത്തില്‍ ചുണ്ണാമ്പ് തിന്ന് വിശപ്പു മാറ്റുന്ന ആദിവാസിയെ നമ്മള്‍ എങ്ങനെ അറിയാനാണ്. നേതാവിന്റെ യാത്രാവാഹനത്തില്‍ നിന്നും വലിച്ചെറിഞ്ഞ ഉച്ചിഷ്ടങ്ങള്‍ അടങ്ങിയ പൊതികള്‍ക്കായി കടിപിടി കൂട്ടുന്ന രാഹുലിനെയും രോഹിത്തിനെയും നമ്മള്‍ കണ്ടിട്ടില്ലല്ലോ. മകനെ സ്‌കൂളില്‍ വിട്ട മഹാപാതകം ചെയ്തതിന്  ഉകുജാകള്‍ കൊന്നുതള്ളിയ അച്ഛന്‍ ഇന്ത്യയിലാണ്. വളര്‍ന്നു വന്നാല്‍ എല്ലാ ഹിന്ദുക്കളെയും കൊല്ലാനാഗ്രഹിക്കുന്ന ഇജാസെന്ന കൊച്ചുകുട്ടിയുടെ നരേദോപാട്യ ഇന്ത്യയിലാണ്. ആദ്യരാത്രിയില്‍ തന്റെ ഇണയെ ജന്മിക്കു കാഴ്ചവെക്കുന്ന നിര്‍ഭാഗ്യരായ ദമ്പതികള്‍ ഈ ആര്‍ഷ ഭാരതത്തിലാണ്. 

നെഹ്‌റു-ഗാന്ധി പരിവാറും ഇപ്പോള്‍ ഹിന്ദുത്വ പരിവാറും ഇടയ്ക്കല്‍പ്പനേരം ഭരണത്തിലിരുന്ന പരസ്പര പാര പരിവാറുകളും ചേര്‍ന്ന് മുക്കാല്‍ നൂറ്റാണ്ടിന്റെ ആയുസ്സ് കഴിഞ്ഞ ഇന്ത്യയെ അനുദിനം തിളക്കിയത് പത്രത്താളിലും ടെലിവിഷനിലും മാത്രമാണ് നമ്മള്‍ കണ്ടത്. പലപ്പോഴും നേര്‍ക്കു നേര്‍ നാം അനുഭവിച്ചില്ല. അടിയന്തരാവസ്ഥക്കു ശേഷം കക്കയവും ആന്തലോടെ വഴിക്കണ്ണുകള്‍ മകനെ നിരന്തരമന്വേഷിച്ച അച്ഛനെയും മറന്ന് നല്ല തേവിക്ക് കുത്തിക്കൊടുത്ത ജനാധിപത്യം നമ്മുടേതാണ്.

വായിച്ചിരിക്കേ ഞെട്ടിത്തരിച്ച നിമിഷങ്ങളാണ് ഈ പത്രപ്രവര്‍ത്തകന്റെ പുസ്തകം പകര്‍ന്നത്. നാലു പതിറ്റാണ്ട് ദേശാഭിമാനി മുതല്‍ ഫ്രണ്ട്‌ലൈന്‍ വരെ നീണ്ട പത്രപ്രവര്‍ത്തനത്തിന്റെ രാജപാതകള്‍ വിട്ട് കല്ലും മുള്ളും ചവിട്ടിയ വെങ്കിടേഷ് രാമകൃഷ്ണന്‍ നടത്തിയ ചരിത്രം നിര്‍മിച്ച വഴികളിലൂടെയുള്ള 'വഴിവിട്ട യാത്രകളുടെ' ചൂടും ചൂരും നമ്മിലേക്ക് പകരുന്നു. മന്നവേന്ദ്രരുടെ വിളങ്ങുന്ന ചന്ദ്രശോഭയല്ല ചേരികളുടെ കണ്ണീരാണ് ഈ പത്രക്കാരന്‍ കണ്ടതും പകരുന്നതും. 

ഇന്ത്യയുടെ ബഹുസ്വരത നമ്മള്‍ പ്രതീക്ഷിക്കുന്നതിലുമപ്പുറമാണ്. ഒരു വിചിത്ര ബഹുസ്വര ഭക്ഷണം നോക്കൂ.

ഒരു പിടി ചോറ് കുങ്കുമം അടങ്ങുന്ന മസാലക്കൂട്ട് ചേര്‍ത്ത് ഫ്രെഡ് റൈസാക്കി എലിയുടെ ആമാശയത്തില്‍ നിക്ഷേപിക്കുന്നു. തുടര്‍ന്ന് ഇതൊരു കോഴിയുടെ ആമാശയത്തില്‍ നിക്ഷേപിക്കുന്നു. ഇത് പിന്നെ പട്ടിയുടെ ആമാശയത്തില്‍. ഇതെല്ലാം ചേര്‍ത്ത് കാളയുടെയും ആടിന്റെയും ആമാശയത്തില്‍. തുടര്‍ന്ന് തവ ഫ്രൈ ആക്കി വിളമ്പുന്നു. എങ്ങനെയുണ്ട് ഈ ബഹുസ്വര വിഭവം? 

ഫൈസബാദില്‍, മഞ്ഞുരുകുന്ന കാഷ്മീരില്‍, 25% പോള്‍ ചെയ്ത മഹാജനാധിപത്യ രാഷ്ട്രത്തിലെ പത്ത് വയസുകാരന്‍ വോട്ട് പെട്ടിയിലിടുന്നതു കണ്ടു പകച്ച് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രത്തിലെ ഫോര്‍ത്ത് എസ്റ്റേറ്റിന്റെ പ്രതിനിധി. ദേവ്ബന്ദ് എന്ന മത സര്‍വകലാശാലയുടെ, അകത്തളത്തില്‍ ശാന്തതയോടെ നടന്നുനീങ്ങി ഈ യാത്രികന്‍. ആനന്ദ്പൂര്‍ സാഹിബില്‍ ജീവിതത്തെ കണ്ടു. 

ബാബറിപ്പള്ളിക്ക് തൊട്ടടുത്ത ലക്ഷ്മണനെ ഉപാസിക്കുന്ന ക്ഷേത്രനടയില്‍, രാജ്യത്തെ രക്ഷിക്കാന്‍ ഭൗതികശാസ്ത്ര പ്രൊഫസര്‍ മുരളീ മനോഹര്‍ ജോഷി നല്‍കിയ ചരിത്ര പാഠങ്ങള്‍ കേട്ട് അമ്പരന്ന്, അദ്ദേഹത്തിന് പുറമേ ഓടിയ പൂജാരിയുടെ വാക്കുകള്‍ കേട്ടപ്പോള്‍ ഈ ജേര്‍ണലിസ്റ്റിന് മനസിലായി 'തര്‍ക്ക മന്ദിരം' മാത്രമല്ല തകരാന്‍ പോവുന്നതെന്ന്. ദണ്ഡകാരണ്യത്തിലെ രാമരാജ്യങ്ങള്‍ പിന്നിട്ട്, സഞ്ജന്‍ പൂരിലെ കുട്ടികള്‍ക്കൊപ്പം ആ പത്രക്കാരന്‍ നിര്‍ഭയം നടക്കുകയാണ്. ഗുരുദേവിന്റെ പ്രാര്‍ഥനപോലെ Where the mind is without fear and the head is held high..

പലപ്പോഴും തോക്കുകളുടെ മുള്‍മുനയില്‍, വെടിയുടെയും പുകയുടെയും ഇടയിലൂടെ ഐഡിയല്‍ ജേര്‍ണലിസത്തിന്റെ ആ വണ്ടി മെല്ലെ നീങ്ങുന്നു. തികച്ചും പ്രായോഗിക രാഷ്ട്രീയത്തോട് ചേരുന്ന, സമരസപ്പെടുന്ന പ്രാക്ടിക്കല്‍ ജേര്‍ണലിസ്റ്റുകള്‍ ആ സമയം ഹോളിവുഡില്‍ സെന്‍സേഷനല്‍ ന്യൂസുകള്‍ക്കു പിന്നില്‍ പായുകയായിരിക്കാം.

ഭാരതീയ യാത്രിയോം, കൃപയാ ധ്യാന്‍ ദേ... മേരീ പ്യാരീ ദേശ് വാസീ.. മേരാ ഭാരത് മഹാന്‍! ഈ വഴിയിലൂടെ ഒന്നു സഞ്ചരിക്കാമോ? എല്ലാ ഭാരതീയ ഭാഷകളിലും മൊഴി മാറ്റേണ്ട ഒരു പാന്‍ ഇന്ത്യന്‍ കൃതി. ഇത് ഗോദ്രയിലും നരേദോപാട്യയിലും ശ്രീനഗറിലും ദില്ലിയിലും വംഗ ദേശത്തുമൊക്കെ വായിക്കപ്പെടണം.

നവഖാലിയെ ഓര്‍ക്കാന്‍, ഭീമറാവു എന്ന കുട്ടിയിരുന്ന കീറ ചാക്കിനെ മറക്കാതിരിക്കാന്‍ ഇത്തരം പുസ്തകങ്ങള്‍ ഇനിയും വരട്ടെ. സംവരണവിരുദ്ധ ശില്‍പശാലകള്‍ നടക്കുന്ന പഞ്ചനക്ഷത്ര ഹോട്ടലുകളുടെ മുന്നില്‍ ഇത് വില്‍പനക്കു വെക്കട്ടെ!