കോടതിമുറിയിൽ ഇന്ന് പതിവിലുമധികം തിരക്കുണ്ട്. കടകടാ ഒച്ചയുണ്ടാക്കിക്കൊണ്ട് ഒരു ഫാൻ കറങ്ങുന്നുണ്ടെങ്കിലും ചൂടിനു ശമനമൊന്നുമില്ല. ഒലിച്ചിറങ്ങുന്ന വിയർപ്പ് തൂവാല കൊണ്ട് തുടച്ച് ജഡ്ജി വിസ്താരം തുടർന്നു. പ്രമാദമായ ചില കേസുകൾ ഇന്ന് തീർപ്പാക്കാനുണ്ട്. വാദപ്രതിവാദം മുറുകുന്നതിനിടെയാണ് ഒരു ശബ്ദം കേട്ടത്. 'എനിക്ക് വിവാഹമോചനം വേണം'. എല്ലാവരും ഒരു പോലെ തിരിഞ്ഞുനോക്കി. വാതിൽക്കൽ മെലിഞ്ഞു കൊലുന്നനെ ഒരു പെൺകുട്ടി. കാഴ്ചയിൽ പത്തുവയസ്സു പോലും പ്രായം തോന്നില്ല. ഒരു നിമിഷം നിശബ്ദനായ ജഡ്ജി അബു ഗൗരവം തിരിച്ചെടുത്ത് ചോദിച്ചു. എന്താ പറഞ്ഞത്. പ്രായത്തിലും കവിഞ്ഞ പക്വതയോടെ ഉറച്ച ശബ്ദത്തിൽ അവൾ പറഞ്ഞു, എനിക്ക് വിവാഹമോചനം വേണം. നിനക്കെത്ര വയസ്സുണ്ട്, വിശ്വസിക്കാനാവത്ത വിധം അദ്ദേഹം ചോദിച്ചു. 'പത്ത്!' വിവാഹമോചനം ആവശ്യപ്പെടാനുള്ള കാരണമെന്താണ്? എന്റെ ഭർത്താവ് എന്നെ പൊതിരെ തല്ലും. ചെറിയൊരു നടുക്കത്തോടെ ജഡ്ജി അടുത്ത ചോദ്യം ചോദിച്ചു. നീ കന്യകയാണോ? അല്ല, രക്തമൊലിക്കുകയുണ്ടായി. അവളുടെ മറുപടി തീർത്ത പ്രകമ്പനത്തിൽ നീതിദേവതയുടെ കണ്ണുകളിലെ കെട്ട് ഒന്ന് കൂടി മുറുകി. 

To advertise here,

ഒൻപതാം വയസ്സിൽ തന്റെ മൂന്നിരട്ടി പ്രായമുള്ള ആളെ വിവാഹം കഴിക്കേണ്ടി വന്ന നുജൂദ് അലി എന്ന പെൺകുട്ടി. ഒരു ബാലികയ്ക്ക് താങ്ങാൻ ആവുന്നതിനപ്പുറമുള്ള ക്രൂരതകൾ ആ വിവാഹജീവിതം ആ കൊച്ചുപെൺകുട്ടിക്ക് സമ്മാനിച്ചു. വിധിയെ പഴിച്ച് എല്ലാം സഹിച്ച് കഴിയാതെ അവൾ അതിജീവിക്കാൻ ശ്രമിച്ചു. കരുത്തോടെ പോരാടി. വിജയം നേടിയെടുത്തു. അങ്ങനെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിവാഹമോചിതയായി. ഡെല്‍ഫിന്‍ മിനോയ്ക്കൊപ്പം ചേര്‍ന്ന് നുജൂദ് അലി ഞാൻ നുജൂദ്, വയസ്സ് 10, വിവാഹമോചിത എന്ന പുസ്തകത്തിലൂടെ അവൾ തൻ്റെ കഥ ലോകത്തോട് പറഞ്ഞു

യെമെനിലെ ബാലവധുക്കളുടെ ദുർഗതി പുറംലോകത്തെത്തിച്ചതിൽ ആ പത്തുവയസ്സുകാരിയുടെ പങ്ക് വലുതാണ്. യാഥാസ്ഥിതികയുടെയും ആണധികാരത്തിന്റെയും ബന്ധനങ്ങൾക്കെതിരേ ചർച്ചകളും പ്രതിഷേധങ്ങളുമുയരാൻ കാരണമായതും  ആ പെൺകുട്ടി തന്നെ. 

2021-ൽ യു.എൻ. പുറത്തുവിട്ട കണക്കുകൾ പ്രകാരം 40 ലക്ഷം ബാലവധുക്കളാണ് യെമെനിലുള്ളത്. ഇവരിൽ 14 ലക്ഷം പെൺകുട്ടികളും 15 വയസ്സു തികയുന്നതിന് മുമ്പ് വിവാഹിതരായതാണ്. 2014 ഒടുക്കത്തോടെ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ആഭ്യന്തരയുദ്ധം ബാലവിവാഹങ്ങളുടെ ആക്കം കൂട്ടുകയും ചെയ്തു. 

'ഒരു വായ കുറഞ്ഞാൽ അത്രയും നല്ലതല്ലേ' അബ്ബയുടെ വാക്കുകൾ അവളുടെ കാതിൽ മുഴങ്ങി

നുജൂദ്, മൊഹമ്മദ് അൽ അഹ്ദലിന്റെയും ഷോയയുടെയും മകൾ. അവളുടെ ഉമ്മ തന്റെ പതിനാറാം വയസ്സിലാണ് അഹ്ദലിനെ വിവാഹം കഴിക്കുന്നത്. അവരുടെ വിവാഹം കഴിഞ്ഞ് നാലു വർഷം കഴിഞ്ഞപ്പോൾ രണ്ടാമതൊരു വിവാഹം കൂടി കഴിക്കാൻ തീരുമാനിച്ചു. ഷോയ എതിർപ്പൊന്നും പറഞ്ഞില്ല. ഷോയ പതിനാറു കുഞ്ഞുങ്ങളെ പ്രസവിച്ചു. മൂന്നു കുഞ്ഞുങ്ങൾ ഗർഭത്തിലിരിക്കെ തന്നെ മരിച്ചു. ഒരു കുഞ്ഞ് പ്രസവത്തിൽ മരിച്ചു. നാലു കുഞ്ഞുങ്ങൾ അസുഖം ബാധിച്ചു മരിച്ചുപോയി. മതിയായ ചികിത്സ നൽകാനുള്ള സാമ്പത്തികശേഷി ഷോയയ്ക്കുണ്ടായിരുന്നില്ല, മാത്രമല്ല അവരുടെ ഗ്രാമത്തിൽ ആശുപത്രിയുമുണ്ടായിരുന്നില്ല. ആകെ അഞ്ചു വീടുകൾ മാത്രമുള്ള ഗ്രാമം, പേരിന് പോലും ഒരു പലചരക്കു കടയോ പള്ളിയോ പോലും ആ ഗ്രാമത്തിൽ ഇല്ലായിരുന്നു എന്ന് നുജൂദ് പുസ്തകത്തിൽ കുറിക്കുന്നു. 

placeholder
നുജൂദ് അലി

അഹ്ദലിന്റെയും ഷോയയുടെയും അഞ്ചാമത്തെ സന്തതിയായിരുന്നു നുജൂദ്. അവൾക്ക് പത്തു വയസ്സുണ്ടെന്നാണ് അവളുടെ ഉമ്മ പറയുന്നത്. എന്നാൽ ഏത് മാസമാണ് താൻ ജനിച്ചത് എന്ന് ഉമ്മയോട് ചോദിച്ചാൽ അവർ ദേഷ്യപ്പെടും. ഇത്രയും കുഞ്ഞുങ്ങളെ പ്രസവിച്ചു കൂട്ടിയ ഉമ്മ അത് എങ്ങനെ ഓർത്തുവെയ്ക്കാനാണ് എന്ന് നുജൂദ് ചോദിക്കുന്നു. അവളുടെ കണക്കിൽ അവൾക്ക് പത്തുവയസ്സുകാണാനിടയില്ല, എട്ടോ ഒൻപതോ വയസ്സേ കാണൂ. 

തന്റെ ആൺമക്കളെ അഹ്ദൽ അടുത്ത ഗ്രാമത്തിലെ സ്‌കൂളിൽ അയച്ചിരുന്നു. രണ്ട് മണിക്കൂറോളം നടന്നുവേണം സ്‌കൂളിലെത്താൻ. പെൺകുട്ടികളെ അയാൾ സ്‌കൂളിലയച്ചിരുന്നില്ല. ഓരോ മൂലയിലും അപകടം പതിയിരിക്കുന്നുണ്ടെന്നും വിജനമായ വഴിയിലൂടെയുള്ള യാത്ര സുരക്ഷിതമായിരിക്കില്ല എന്നുമായിരുന്നു സ്‌കൂളിലയക്കാതിരിക്കാൻ അയാൾ അവരോടുപറഞ്ഞ കാരണങ്ങൾ. ഉമ്മ വീട്ടുജോലിയെടുക്കുന്നത് കണ്ടാണ് നുജൂദ് വളർന്നത്. ഗ്രാമത്തിലുണ്ടായ ഒരു പ്രശ്നം കാരണം നുജൂദിൻ്റെ കുടുംബത്തിന് വീടുപേക്ഷിച്ച് അടുത്ത ഗ്രാമത്തിലേക്ക് കടക്കേണ്ടിവന്നു. അവിടെ അവരുടെ ജീവിതം ദുസ്സഹമായി. അവളുടെ അബ്ബയ്ക്ക് അവിടെ ജോലി ഒന്നും ലഭിച്ചില്ല. പഴയതു പോലെ കൃഷി ചെയ്യാനുള്ള സാഹചര്യവുമില്ലായിരുന്നു. ദാരിദ്ര്യം അവരെ വീർപ്പുമുട്ടിച്ചു. എന്നാൽ സ്കൂൾ തൊട്ടടുത്ത് ഉള്ളതു കൊണ്ടു തന്നെ നുജൂദിനെ അബ്ബ സ്കൂളിലയച്ചു. 

2008 ഫെബ്രുവരിയിലെ ഒരു വൈകുന്നേരം. ഉമ്മയോടൊപ്പം അടുക്കളയിലായിരുന്നു നുജൂദ്. അവൾക്കൊരു സന്തോഷവാർത്തയുണ്ടെന്ന് പറഞ്ഞാണ് അബ്ബ വീട്ടിലേക്ക് വന്നുകയറിയത്. നുജൂദിൻ്റെ വിവാഹം നിശ്ചയിച്ചു. വിവാഹം എന്താണെന്നോ വിവാഹ ശേഷം എന്താണ് സംഭവിക്കുകയെന്നോ നുജൂദിന് അറിയില്ലായിരുന്നു. ധാരാളം മധുരപലഹാരങ്ങൾ കഴിക്കാൻ അവസരം കിട്ടുന്ന, സമ്മാനങ്ങൾ കിട്ടുന്ന, ആഭരണങ്ങളണിയാൻ സാധിക്കുന്ന ഒരാഘോഷം, അതായിരുന്നു നുജുദീനെ സംബന്ധിച്ചിടത്തോളം വിവാഹം. വിവാഹത്തിനു ശേഷം അവളുടെ ഉമ്മയോ ഭർത്താവ് ഉപേക്ഷിച്ച അവളുടെ പതിമൂന്നുകാരിയായ മൂത്ത സഹോദരി മോനയോ അനുഭവിച്ചതൊന്നും നുജൂദിന് അറിയില്ലായിരുന്നു. വിവാഹത്തിന് ശേഷം പുതിയ വീട്ടിലേക്ക് താൻ പോകണം എന്ന് മാത്രം അവൾക്കറിയാമായിരുന്നു. ഫായിസ് അലി താമർ എന്നായിരുന്നു അവളുടെ ഭാവിവരന്റെ പേര്. ഒരു ഡെലിവറി സർവീസിലായിരുന്നു അയാളുടെ ജോലി.

വിവാഹം ഉറപ്പിച്ച അന്ന് രാത്രി മോനയും അബ്ബയും തമ്മിലുള്ള ഒരു സംഭാഷണം നുജൂദ് കേൾക്കാനിടയായി. 'നൂജൂദിന് വിവാഹം കഴിക്കാനുള്ള പ്രായം ആയില്ല, അവൾ കുഞ്ഞല്ലേ' , മോന ചോദിക്കുന്നു. 'കുഞ്ഞോ, പണ്ട് എട്ടു വയസ്സിലും ഒൻപത് വയസ്സിലുമാണ് പെൺകുട്ടികൾ വിവാഹം കഴിച്ചിരുന്നത്'. 'അത് പഴയ കാലമല്ലേ ഇപ്പോൾ സ്ഥിതി അതല്ല. മോന ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്ക്, നുജൂദിനെ സുരക്ഷിതയാക്കാനാണ് ഞാൻ അവളുടെ വിവാഹം തീരുമാനിച്ചത്. അവളെ ഇനി അന്യപുരുഷന്മാർ ഉപദ്രവിക്കുമെന്ന് പേടിക്കണ്ട, ഫായിസ് അവളെ സംരക്ഷിച്ചുകൊള്ളും. വിശ്വസിക്കാൻ കൊള്ളാവുന്നവനാണ് ഫായിസ്. ഒന്നുമില്ലെങ്കിലും നമ്മുടെ നാട്ടുകാരനല്ലേ'. 'എന്നാലും അബ്ബാ ഞാൻ തീരുമാനിച്ചു കഴിഞ്ഞു', നമ്മുടെ മുഴുവൻ കുടുംബത്തിൻ്റെയും വിശപ്പകറ്റാൻ ആവശ്യമായ പണം നമുക്കില്ലെന്ന് നിനക്കറിയാമല്ലോ, ഒരു വായ കുറഞ്ഞാൽ അത്രയും നല്ലത്.

 അവളുടെ അബ്ബയുടെ ആ വാക്കുകൾ അവളുടെ കാതിലായിരുന്നില്ല, നെഞ്ചിലായിരുന്നു തറച്ചത് എന്ന് നുജുദ് പറയുന്നു. അബ്ബയ്ക്ക് തന്നെ വിവാഹം കഴിപ്പിക്കുന്നതിലൂടെ ഒരു ഭാരമൊഴിവാക്കുകയാണെന്ന ചിന്ത അവളെ അലട്ടി. അബ്ബ ആഗ്രഹിക്കുന്നത് പോലെയൊരു മകളാവാൻ എനിക്ക് കഴിഞ്ഞിരിക്കണമെന്നില്ല, ഞാൻ ചിലപ്പോൾ കുസൃതി കാണിച്ചിട്ടുണ്ടാകും. പക്ഷേ, കുസൃതി ബാല്യത്തിൻ്റെ ഒരു ഭാഗം തന്നെയല്ലേ. മനംമടുപ്പിക്കുന്ന മുറുക്കാൻ്റെ ഗന്ധം ഉണ്ടായിട്ടും, ചില സമയങ്ങളിൽ തെരുവിലിറങ്ങി ബ്രെഡിന്റെ കഷ്ണങ്ങൾ യാചിക്കാനും നിർബന്ധിച്ചിട്ടും എനിക്ക് ആ മനുഷ്യനെ ഏറെ ഇഷ്ടമായിരുന്നു, നുജൂദ് പറയുന്നു.

വിവാഹത്തിന് ഒരു മാസം മുൻപെങ്കിലും അവൾ സ്കൂളിൽ പോകുന്നത് നിർത്തണമെന്ന് അവളുടെ ഭാവിഭർത്താവിൻ്റെ വീട്ടുകാർ തീർത്തു പറഞ്ഞിരുന്നു. അത് കുഞ്ഞുനുജൂദിനെ ചില്ലറയൊന്നുമല്ല വേദനിപ്പിച്ചത്. അവളെ പേരെഴുതാൻ പഠിപ്പിച്ച  അവളുടെ പ്രിയപ്പെട്ട അധ്യാപികമാർ, സൈമയും സമീറയും അവളേറെ ഇഷ്ടപ്പെടുന്ന അവളുടെ കൂട്ടുകാരി മലാക്, ഇവരെയൊന്നും ഇനി കാണാൻ കഴിയില്ലെന്നത്  അവൾക്ക് താങ്ങാവുന്നതിലും അധികം സങ്കടമായിരുന്നു. താൻ തിരിച്ചുവരുമെന്ന് ഉറപ്പ് കൊടുത്താണ് മലാകിനോട് അവൾ യാത്ര പറഞ്ഞത്. 

അങ്ങനെ നുജൂദിൻ്റെ വിവാഹദിവസം വന്നെത്തി. 150000 റിയാലായിരുന്നു നുജൂദിന് നൽകിയ സ്ത്രീധനം. വീട്ടിൽ നിന്ന് അവൾ ഇറങ്ങുന്നത് ഉമ്മയുടെ കാതിൽ അബ്ബ പിറുപിറുക്കുന്നത് കേട്ടായിരുന്നു, പേടിക്കണ്ട, നുജൂദ് ഋതുമതിയാകുന്നത് വരെ അവളെ തൊടില്ലെന്ന് ഫായിസ് ഉറപ്പ് പറഞ്ഞിട്ടുണ്ട്. ഉമ്മ അവളുടെ  വിവാഹത്തിന്  എതിർപ്പൊന്നും പറഞ്ഞിരുന്നില്ല. എന്നാൽ വിവാഹം ഉറപ്പിച്ചത് മുതൽ അമ്മയുടെ മുഖത്ത് സദാ നിഴലിച്ചിരുന്ന ദുഃഖം നുജൂദ് ശ്രദ്ധിച്ചിരുന്നു. ഉമ്മയ്ക്ക് എതിർപ്പുണ്ടെങ്കിൽ പോലും മറുത്ത് പറയാൻ അനുവാദമില്ലല്ലോ എന്ന് നുജൂദ് മനസ്സിലാലോചിച്ചു.

വിവാഹാഘോഷങ്ങളൊക്കെ പെട്ടെന്ന് തന്നെ കഴിഞ്ഞു. അവൾ കൊതിച്ചത് പോലെ അവളുടെ കൈയിൽ ആരും മൈലാഞ്ചിയിട്ടില്ല. അവൾ കാത്തിരുന്ന അവളുടെ പ്രിയപ്പെട്ട മധുരപലഹാരങ്ങളും കിട്ടിയില്ല. കുടുംബത്തെ വിട്ടുപോകണമെന്ന വിഷമം അവളെ അലട്ടി. കരഞ്ഞു കരഞ്ഞ് അവൾ നേരം വെളുപ്പിച്ചു. പിറ്റേന്ന് രാവിലെ ആറു മണിക്ക് തന്നെ ഉമ്മ അവളെ വന്നു വിളിച്ചു. അധികം വൈകാതെ ഭർത്താവിനൊപ്പം അദ്ദേഹത്തിൻ്റെ വീട്ടിലേക്ക് പോകണം. വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനത്തിനടുത്ത് കുറിയ പരുക്കനായ ഒരു മനുഷ്യൻ നിൽക്കുന്നുണ്ടായിരുന്നു, അബ്ബയെ പോലെ കട്ടിമീശയുണ്ട് അയാളുടെ മുഖത്ത്, കൈകളിലാകെ ഗ്രീസ് പറ്റിയിരിക്കുന്നു. ഇതാണ് തൻ്റെ ഭർത്താവ് നുജൂദ് മനസ്സിലോർത്തു. 

ഭർത്താവിൻ്റെ വീട്ടിലെത്തിയ നുജൂദിനെ അമ്മായിയമ്മയും മറ്റ് സ്ത്രീകളും ചേർന്ന് സ്വീകരിച്ചു. നാളെ മുതൽ ഇവളെ വീട്ടുജോലിയൊക്കെ പഠിപ്പിക്കണം. കുട്ടിത്തം ഒക്കെ വിട്ട് ഒരു യഥാർഥ സ്ത്രീയായി മാറ്റിയെടുക്കും ഞാൻ. അവർ ചിരിച്ചുകൊണ്ട് മറ്റ് സ്ത്രീകളോട് പറഞ്ഞു. നുജൂദിന് അവർ മുറികാണിച്ചു കൊടുത്തു. യാത്രാക്ഷീണം കാരണം നുജൂദിന് ഉറക്കം വന്നു തുടങ്ങിയിരുന്നു. ഇട്ടിരുന്ന വസ്ത്രം മാറ്റി അവൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന ഉടുപ്പെടുത്തിട്ടു. ഉടുപ്പിൻ്റെ മണം അവളെ അവളുടെ വീട് ഓർമിപ്പിച്ചു. ഉമ്മയുടെ ചിരിക്കുന്ന മുഖം അവളുടെ മനസ്സിലേക്കോടിയെത്തി. അവൾക്ക് കരച്ചിലടക്കാനായില്ല. കരഞ്ഞ് കരഞ്ഞ് എപ്പോഴോ ഉറങ്ങിപ്പോയി. ഉറക്കത്തിനിടെ രോമാവൃതമായ നനഞ്ഞ ഒരു ശരീരം തന്നെ വരിഞ്ഞു മുറുക്കുന്നത് നുജൂദറിഞ്ഞു. കണ്ണ് തുറന്നപ്പോൾ മൊത്തം ഇരുട്ടാണ്, മുറിയിൽ കത്തിച്ചുവെച്ചിരുന്ന വിളക്ക് ആരോ കെടുത്തിയിരിക്കുന്നു. സിഗരറ്റിൻ്റെയും മുറുക്കാൻ്റെയും രൂക്ഷഗന്ധം അവളെ ആകെ തളർത്തി. ദയവു ചെയ്ത് തന്നെ വെറുതെ വിടാൻ അവൾ അയാളോട് കരഞ്ഞു പറഞ്ഞു. നീയെൻ്റെ ഭാര്യയാണ് ഞാനാണ് നീയെന്ത് ചെയ്യണമെന്ന് തീരുമാനിക്കുക. നമ്മൾ ഒന്നിച്ചാണ് ഉറങ്ങേണ്ടത്. അയാളുടെ പിടിയൊന്നയഞ്ഞ ആ നിമിഷം അവൾ മുറിയിൽ നിന്ന് ഇറങ്ങിയോടി. എന്തോ ഭാഗ്യത്തിന് വാതിലടച്ചിരുന്നില്ല. അവൾ ഓടി മുറ്റത്തേക്കിറങ്ങി, പിന്നാലെ അയാളും. ഭയത്തിൽ ആ വീടിനു ചുറ്റുമവളോടി. ഓട്ടത്തിനിടയിൽ അവളുടെ കാലിൽ ഒരു കുപ്പിച്ചില്ല് തറഞ്ഞു. അതെടുത്ത് കളയാൻ വേണ്ടി നിന്ന സമയം തന്നെ അയാൾക്ക് ധാരാളമായിരുന്നു. അവളെ വലിച്ചിഴച്ച് അയാൾ മുറിയിലെത്തിച്ചു. വസ്ത്രങ്ങൾ വലിച്ചുകീറി. വീട്ടിലെ സ്ത്രീകൾ തൻ്റെ രക്ഷയ്ക്ക് എത്തുമെന്ന് ഓർത്ത് അവൾ അവരുടെ പേര് വിളിച്ചു കരഞ്ഞു. ആരും വന്നില്ല. എൻ്റെ അബ്ബയോട് പറഞ്ഞു കൊടുക്കുമെന്ന് അവൾ പറഞ്ഞു. അയാൾ പൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു, നിൻ്റെ അച്ഛൻ വിവാഹക്കരാർ ഒപ്പിട്ടതാണ്, നിന്നെ ഭാര്യയാക്കാൻ അയാൾ എനിക്ക് അനുവാദം നൽകിക്കഴിഞ്ഞു. അയാളുടെ ചിരിയിൽ അവളുടെ സർവ ചെറുത്തുനിൽപ്പും ഉരുകിപ്പോയി. ഇനിയും പ്രതിരോധിക്കാനുള്ള കരുത്ത് അവൾക്കില്ലായിരുന്നു. പിറ്റേന്ന് അവളുടെ അമ്മായിയമ്മയാണ് അവളെ വന്നുണർത്തിയത്. തൊട്ടടുത്ത് നാത്തൂനുമുണ്ട്. കണ്ണ് തുറന്ന നുജൂദ് കണ്ടത് വിരിപ്പിലെ രക്തക്കറയാണ്. ഇരുവരും അവൾക്ക് അഭിനന്ദനങ്ങളറിയിച്ചു. അത് എന്തിനാണെന്ന് നുജൂദിന് മനസ്സിലായില്ല. 

പകൽ അമ്മായിമ്മയുടെ ആജ്ഞകൾ അനുസരിക്കണം, പച്ചക്കറി നുറുക്കണം, കോഴികൾക്ക് തീറ്റ കൊടുക്കണം, പാത്രം കഴുകണം, തറ തുടയ്ക്കണം, വീട്ടിലേതെങ്കിലും അതിഥികൾ വന്നാൽ അവർക്ക് ചായ ഉണ്ടാക്കേണ്ടതും നുജൂദിൻ്റെ ഉത്തരവാദിത്വമാണ്. എത്ര കഴുകിയാലും വെളുക്കാത്ത പാത്രങ്ങൾ വീണ്ടും വീണ്ടും ഉരച്ചുകഴുകാൻ അമ്മായിയമ്മ പറഞ്ഞുകൊണ്ടേയിരിക്കും. അടുത്ത വീട്ടിലെ കുട്ടികൾക്കൊപ്പം അൽപനേരം കളിച്ചോട്ടെ എന്ന് ഒരിക്കൽ ചോദിച്ചതിന് അവരുടെ വായിൽ നിന്ന് അവൾ കേൾക്കാൻ ബാക്കിയൊന്നുമില്ല. വിവാഹിതയായ സ്ത്രീ അന്യരെ കാണുക പോലും ചെയ്യാൻ പാടില്ലെന്ന് അവർ പറഞ്ഞു. 

രാത്രിയായാൽ ഭർത്താവിൻ്റെ ഉപദ്രവം സഹിക്കണം. വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം മുതൽ അവളെ അയാൾ അടിക്കാൻ തുടങ്ങിയതാണ്. അയാളുടെ കാലൊച്ച കേൾക്കുമ്പോൾ തന്നെ അവൾ വിറയ്ക്കാൻ തുടങ്ങും. ക്രൂരതയുടെ യഥാർഥ അർഥം അയാളെ കണ്ടപ്പോഴാണ് താൻ മനസ്സിലാക്കിയതെന്ന് നുജൂദ് പറയുന്നു. തൻ്റെ പ്രശ്നങ്ങളെല്ലാം തൻ്റെ വീട്ടുകാരെ അറിയിക്കണമെന്ന് നുജൂദിനുണ്ടായിരുന്നു. എന്നാൽ, അയാൾ നുജൂദിനെ അയാൾ വീട്ടിലേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഒരു ദിവസം കരഞ്ഞു പറഞ്ഞപ്പോൾ രണ്ടു ദിവസത്തേക്ക് അവളെ വീട്ടിലേക്കയച്ചു. അവിടെയെത്തിയ നുജൂദ് ഭർത്താവിൽ നിന്ന് തന്നെ രക്ഷിക്കണമെന്ന് കരഞ്ഞുപറഞ്ഞു. വിവാഹം കഴിഞ്ഞ സ്ത്രീ ഭർത്താവിനൊപ്പമാണ് നിൽക്കേണ്ടത് എന്ന് തന്നെയായിരുന്നു അവളുടെ അബ്ബയുടെ മറുപടി. മോന നുജൂദിനെ പിന്തുണയ്ക്കാൻ ശ്രമിച്ചെങ്കിലും കാര്യമൊന്നുമുണ്ടായില്ല. വീട്ടിൽ നിന്ന് തനിക്ക് സഹായമൊന്നും ലഭിക്കില്ലെന്ന് മനസ്സിലാക്കിയ നുജൂദ് രണ്ടാനമ്മ ദൗലയെ കാണാൻ തീരുമാനിച്ചു. എന്തെങ്കിലും പ്രതിവിധി അവരുടെ പക്കൽ കാണാതിരിക്കില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. വളരെ ശക്തയായ സ്ത്രീയാണവർ. അബ്ബ അവരെ ഏതാണ്ട് ഉപേക്ഷിച്ച മട്ടാണ്. എങ്കിലും അവർ മക്കളെ നോക്കുന്നു. സ്വന്തമായി ജീവിക്കുന്നു. 

കോടതിയിൽ പോയാൽ വിവാഹമോചനം കിട്ടുമെന്ന് അവൾക്ക് പറഞ്ഞുകൊടുത്തത്  ദൗലയാണ്. പിറ്റേ ദിവസം അവൾ കാത്തിരുന്ന അവസരം പോലെ ബ്രഡ് വാങ്ങിവരാൻ  ഉമ്മ അവൾക്ക് പണം കൊടുത്തുവിട്ടു. നുജൂദ് അത് കൊണ്ട് വീട് വിട്ടു. കിട്ടിയ ബസിൽ ചാടിക്കേറി. കോടതി എവിടെയാണെന്നോ എന്താണ് അവിടെയെത്തിയാൽ ചെയ്യേണ്ടതെന്നോ അവൾക്ക് അറിയില്ലായിരുന്നു. എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ഇറങ്ങിപ്പുറപ്പെട്ടതാണവൾ. ഏതോ സ്ഥലത്ത് ബസ് നിർത്തി. കണ്ടക്ടർ ചോദിച്ച പണം കൊടുത്ത് അവൾ ഇറങ്ങി. ഒരു ടാക്സിക്കാരൻ്റെ അടുത്ത് ചെന്ന് കോടതിയിൽ പോകണം എന്ന് അവൾ പറഞ്ഞു. അയാളവളെ രൂക്ഷമായി ഒന്ന് നോക്കി. എങ്കിലും അയാളവളെ കോടതിയിൽ എത്തിച്ചു. ആരെയാണ് കാണേണ്ടത് എന്നറിയാതെ കോടതിവരാന്തയിൽ അവൾ മണിക്കൂറുകൾ ഇരുന്നു. പിന്നെയാണ് ആരോ ജഡ്ജിനെ കണ്ടാൽ മതിയെന്ന് പറയുന്നതും അവൾ വിസ്താര മുറിയിലേക്ക് എത്തുന്നതും.

നിന്നെ സഹായിക്കുവാൻ ആവുന്നതെല്ലാം ഞാൻ ചെയ്യാം ജഡ്ജി അബ്ദു അവൾക്ക് വാക്കുകൊടുത്തു. എന്നാൽ അവൾ കേസിൽ വിജയിക്കുമെന്ന് ഉറപ്പുനൽകാൻ അബ്ദുവിനാവില്ലായിരുന്നു. ചീഫ് ജഡ്ജി വരുന്നത് വരെ കാത്തിരിക്കാൻ അദ്ദേഹം പറഞ്ഞു. ചീഫ് ജഡ്ജി മൊഹമ്മദ് അൽ-ഗാസിയും അവളുടെ കഥ ശ്രദ്ധിച്ചു കേട്ട് സഹായിക്കുമെന്ന് ഉറപ്പും നൽകി. മറ്റൊരു ജഡ്ജി അബ്ദുൽ വാഹിദ് അവൾക്ക് തൻ്റെ വീട്ടിൽ അഭയവും നൽകി. കേസിന് വേണ്ടി വക്കീലിനെ വേണമെന്ന് ജഡ്ജി അവൾക്ക് പറഞ്ഞുകൊടുത്തു. വക്കീലിനെ എവിടെ കിട്ടുമെന്ന് ആശ്ചര്യപ്പെട്ട് അവൾ നിൽക്കുന്നതിനിടെയാണ് അവളെ അന്വേഷിച്ച് ഒരാൾ അവിടേയ്ക്കെത്തിയത്.

placeholder
നുജൂദും ഷദയും | Photo: Getty Images

ഒടുവിൽ വിവാഹമോചനം

നുജൂദിൻ്റെ കഥ അറിഞ്ഞ ഷദ എന്ന അഭിഭാഷക അവളുടെ കേസ് ഏറ്റെടുക്കാൻ മുന്നോട്ടുവന്നു. സ്ത്രീകളുടെ അവകാശസംരക്ഷണത്തിനായി നിരന്തരം നിലകൊള്ളുന്ന ഷദ യെമെനിലെ ആദ്യ അഭിഭാഷകയാണ്. അങ്ങനെ നുജൂദിൻ്റെ കേസ് കോടതിയിലെത്തി. അവളുടെ അച്ഛനെയും ഭർത്താവിനെയും കോടതിയിൽ ഹാജരാക്കി. ഷദയുടെയും പോലീസിൻ്റെയും സംരക്ഷണയിൽ നിൽക്കുമ്പോൾ പോലും അയാളുടെ കാലൊച്ച അവളെ ഭയപ്പെടുത്തി.

ഓരോ ചോദ്യത്തനും അയാൾ കള്ളങ്ങളുടെ കെട്ടഴിച്ചുകൊണ്ടേയിരുന്നു. അവളെ അടിച്ചിട്ടില്ലെന്നും ലൈംഗികമായി ഉപദ്രവിച്ചിട്ടില്ലെന്നും നുജൂദും അബ്ബയും സമ്മതിച്ചാണ് വിവാഹം നടന്നതെന്നും ഫായിസ് കോടതിയിൽ പറഞ്ഞു. അവളെ ഞെട്ടിച്ചത് അവളുടെ അബ്ബയുടെ വാക്കുകളായിരുന്നു അവൾക്ക് പതിമൂന്ന് വയസ്സായിരുന്നു എന്ന് അവളുടെ സഹോദരിമാരെ ആരോ തട്ടിക്കൊണ്ടുപോയി എന്നും നുജൂദിനും അങ്ങനെ സംഭവിക്കുമെന്ന് പേടിച്ചാണ് താൻ അവളെ വിവാഹം കഴിപ്പിച്ചതെന്നുമായിരുന്നു അയാളുടെ ഭാഷ്യം.

വീണ്ടും കോടതി ഫായിസിനെ വിസ്തരിക്കാൻ ആരംഭിച്ചു. അയാൾ നുണകൾ ആവർത്തിച്ചുകൊണ്ടേയിരുന്നു.  നില തെറ്റിയ ഒരു ഘട്ടം അയാൾ  പറയുന്നത് പച്ചക്കള്ളമാണെന്ന് നുജൂദ് വിളിച്ചു കൂവി. എല്ലാവരും നടുക്കത്തോടെ അവളെ നോക്കി. ഫായിസിന് കോപം അടക്കാൻ കഴിഞ്ഞില്ല. നുജൂദിൻ്റെ അബ്ബ അവളുടെ പ്രായം കൂട്ടി പറഞ്ഞ് തന്നെ കബളിപ്പിച്ചതാണെന്നും അങ്ങനെയാണ് താൻ വിവാഹത്തിന് സമ്മതിച്ചതെന്നും അയാൾ അബ്ബയെ നോക്കി ആക്രോശിച്ചു. അവൾ ഋതുമതിയാകുന്നത് വരെ തൊടില്ല എന്ന് നീ ഉറപ്പു നൽകിയില്ലേ എന്ന് അയാളും തിരിച്ചു ചോദിച്ചു. ഈ സംഭാഷണം തന്നെ കോടതിക്ക് ധാരാളമായിരുന്നു. വിവാഹമോചനം അനുവദിച്ചിരിക്കുന്നു. കോടതി വിധിച്ചു.

നുജൂദിന് ചുറ്റും ക്യാമറകൾ പ്രകാശിച്ചു. പല സ്ത്രീകൾക്കും സാധിക്കാൻ കഴിയാതെ പോയത് ആ പെൺകുട്ടി നേടിയെടുത്തിരിക്കുന്നു. നിനക്ക് എന്താണ് ഇപ്പോൾ തോന്നുന്നത്, ഷദ ചോദിച്ചു. എനിക്ക് കേക്കുകളും ചോക്ലേറ്റും കഴിക്കാൻ തോന്നുന്നുണ്ട്. നിഷ്കളങ്കമായി പുഞ്ചിരിച്ചു കൊണ്ട് നുജൂദ് പറഞ്ഞു.

placeholder
നുജൂദിൻ്റെ പുസ്തകത്തിൻ്റെ
മലയാള പരിഭാഷ

നുജൂദിന് പിന്നീടെന്ത് സംഭവിച്ചു

ഷദയെ പോലെ ഒരു അഭിഭാഷകയാകണമെന്നും ബാലവിവാഹങ്ങൾക്കെതിരേ പോരാടണമെന്നുമായിരുന്നു അന്ന് നുജൂദിൻ്റെ ആഗ്രഹം. പെണ്‍കുട്ടികളുടെ വിവാഹ പ്രായം 18 -ലേക്കോ അല്ലെങ്കില്‍ ഇരുപത്തിലേക്കോ ഇരുപത്തിരണ്ടിലേക്കോ ഒക്കെ  ഉയര്‍ത്തുന്നതിനായി തന്നെ കൊണ്ട് കഴിയുന്നത് ചെയ്യണമെന്നും  അവള്‍ ആഗ്രഹിച്ചു. എന്നാൽ നിർഭാഗ്യവശാൽ നുജൂദിന് പിന്നീട് എന്ത് സംഭവിച്ചു എന്ന് ആർക്കും ധാരണയില്ല. അവളുടെ ആഗ്രഹം പോലെ വിദ്യാഭ്യാസം പൂർത്തിയാക്കി ബാലവിവാഹങ്ങൾക്കെതിരെ ബോധവത്കരണം നടത്തുന്ന സന്നദ്ധപ്രവർത്തകയാണ് നുജൂദ് ഇന്ന് എന്ന് മലാല ഫണ്ടുൾപ്പടെയുള്ള സന്നദ്ധസംഘടനകൾ കുറച്ചുവർഷങ്ങൾക്ക് മുൻപ് സാമൂഹിക മാധ്യമങ്ങളിൽ വ്യക്തമാക്കിയിരുന്നു.

എന്നാൽ നുജൂദിന് താൻ ആഗ്രഹിച്ചതൊന്നും നേടാനായില്ല എന്നും അവൾക്ക് വീണ്ടും വിവാഹിതയാകേണ്ടിവന്നുവെന്നും ചില റിപ്പോർട്ടുകളുണ്ട്. സഹോദരിക്കുവേണ്ടി യെമെനിൽ തന്നെ തുടർന്ന നുജൂദിന് പുസ്തകത്തിൻ്റെ റോയൽറ്റി വഴി ലഭിച്ച തുക അവളുടെ അബ്ബ കൈക്കലാക്കി എന്നും അയാൾ അതുകൊണ്ട് മൂന്നാമതൊരു വിവാഹം കഴിച്ചു എന്നും നുജൂദ് പരാതിപ്പെട്ടതായി ഗാർഡിയൻ ഉൾപ്പടെയുള്ള പത്രങ്ങളും റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് നൂജൂദ് വാർത്തയിൽ പറഞ്ഞ ഒരു വാചകം ശ്രദ്ധേയമാണ്. സ്വപ്നങ്ങൾ പോലെയാവില്ലല്ലോ ജീവിതം. അവളുടെ ജീവിതം അവൾ സ്വപ്നം കണ്ടത് പോലെയായി എന്ന് തന്നെ കരുതാം, അങ്ങനെ പ്രാർഥിക്കാം.