പല ജീവികൾക്കും നിറങ്ങളുണ്ട്. ചിത്രശലഭങ്ങൾ, ചില പാമ്പുകൾ, തവളകൾ, മത്സ്യങ്ങൾ, ചില കടൽക്കൊഞ്ചുകൾ, മയിലുകൾ ഒക്കെ വർണവിന്യാസങ്ങളാൽ പ്രശോഭിതങ്ങളാണ്. എന്നാൽ, കണ്ണഞ്ചിക്കുന്ന നിറങ്ങളുമായി കാഴ്ച പിടിച്ചെടുക്കുന്നത് തത്തകൾതന്നെ. ഇണയെ ആകർഷിക്കാനോ പരിതഃസ്ഥിക്ക് അനുയോജ്യമാകാനോ സംവേദനസൂചനകൾ നൽകാനോ ഒക്കെ ഈ നിറങ്ങൾ സഹായിക്കുന്നുണ്ട്‌, പല ജീവികളെയും. പക്ഷികൾ പൊതുവേ തിരിച്ചറിയപ്പെടാതിരിക്കാനോ സമൂഹസംവേദനത്തിനോ ആണ് നിറങ്ങൾ അണിയാറുള്ളത്. തത്തകളാണ് ഏറ്റവും വർണാങ്കിതമാകാറ്. മഞ്ഞയും ഓറഞ്ചും ചുവപ്പും പച്ചയും നീലയുമൊക്കെ സ്വന്തം ദേഹത്ത് വാരിവിതറുകയാണ് അവർ. തൂവലുകളിൽപ്പേറുന്ന വർണവസ്തുക്കളാണ് ഇതിന്‌ ആധാരം.

To advertise here,

ഈ നിറങ്ങൾ നിർമിച്ചെടുക്കുന്ന വർണ വസ്തുക്കളെക്കുറിച്ചും ഈ നിർമാണത്തിന്റെ പ്രയോഗവിധികളെക്കുറിച്ചും അധികം അറിവുകൾ നമുക്കില്ലായിരുന്നു. ഇപ്പോൾ ഈ ചായക്കൂട്ടുകളുടെ രഹസ്യങ്ങളും അവയുടെ തന്മാത്രാശാസ്ത്രവും കൂടുതൽ വിദിതമായിക്കൊണ്ടിരിക്കയാണ്. തത്തകളിൽ എല്ലാ നിറങ്ങളും തൂവലുകളിൽ ഉള്ള ‘സിറ്റാക്കോഫൽവിൻ’ (psittacofulvin) എന്ന രാസവസ്തു ചില മായാവിദ്യകളാൽ നിർമിച്ചെടുക്കുന്നവയാണ്. ഈ ഒരു രാസവസ്തുമാത്രമാണ് പല നിറങ്ങൾ നിർമിച്ചെടുക്കുന്നതിന്റെയും പിന്നിൽ എന്നത് കൗതുകകരം തന്നെ. മറ്റ് പക്ഷികൾ അവയുടെ ആഹാരത്തിൽനിന്ന് ലഭിക്കുന്ന വസ്തുക്കൾകൊണ്ട് നിറങ്ങൾ നിർമിച്ചെടുക്കുമ്പോൾ തത്തകൾ മാത്രമാണ് ഇങ്ങനെ ഒരേയൊരു തന്മാത്രകൊണ്ട് നിറസങ്കലന മായാവിദ്യ സാധിച്ചെടുക്കുന്നത്. ചുവന്നനിറമുള്ള പക്ഷികൾ അവരുടെ ആഹാരത്തിൽ കരോട്ടിൻ എന്ന വർണവസ്തു ഉണ്ടെന്ന് നിജപ്പെടുത്തുന്നവരാണ്. ഫ്ളെമിംഗോകൾക്ക് പിങ്ക് നിറം ലഭിക്കുന്നത് ആ നിറമുള്ള കൊഞ്ചുകളെ തിന്നിട്ടാണ്. എന്നാൽ, തത്തകൾ സ്വതവേ ശരീരത്തിലുള്ള സിറ്റാക്കോഫൽവിൻകൊണ്ട് ആവശ്യാനുസരണം നിറങ്ങൾ സൃഷ്ടിക്കുന്നു. എന്നാൽ, ചുവപ്പും മഞ്ഞയും അവയുടെ പല ഷേഡുകളും കണ്ണഞ്ചിപ്പിക്കുന്ന ഓറഞ്ച് നിറവും ഈ സിറ്റാക്കോഫൽവിൻതന്നെ ഉളവാക്കുന്നതിന്റെ രഹസ്യങ്ങൾ ഈയിടെവരെ അറിഞ്ഞിരുന്നില്ല.

പച്ചത്തത്തകൾ പച്ചയല്ല

നീലനിറം പക്ഷികൾ നിർമിച്ചെടുക്കുന്നില്ല എന്നത് അതികൗതുകകരമാണ്. തൂവലുകൾക്കിടയിൽ സമർഥമായി നിർമിച്ചെടുക്കുന്ന വളരെ സൂക്ഷ്മമായ പ്രോട്ടീൻ കൂടുകൾ(നാനോ കണങ്ങൾ ആണിവ)ക്കിടയിൽ വായു നിറഞ്ഞ ചെറിയ പോക്കറ്റുകൾ ഉണ്ട്. അവയിൽ സൂര്യപ്രകാശം പതിക്കുമ്പോൾ ഏഴു നിറങ്ങൾ മിക്കതും ആഗിരണംചെയ്ത് നീലവർണത്തെമാത്രം പുറത്തേക്കു പ്രതിഫലിപ്പിക്കുകയാണ്, ആ ഭാഗം നീലയാണെന്ന് നമുക്ക് തോന്നുകയാണ്. ഒപ്റ്റിക്കൽ ഇല്യൂഷൻതന്നെ. വാസ്തവത്തിൽ ആ ഭാഗം വെറും ചാരനിറത്തിലാണ്. മഞ്ഞയും നീലയും കലർന്നാൽ പച്ചനിറം ഉളവാകും എന്ന് നമുക്കെല്ലാം അറിയാം. മഞ്ഞനിറം ഉളവാക്കുന്ന സിറ്റാക്കോഫൽവിൻ നീലനിറം തോന്നിപ്പിക്കുന്ന തൂവലുകളിൽ ധാരാളം സൃഷ്ടിക്കപ്പെടുമ്പോൾ പച്ചനിറമായിട്ട് നമുക്ക് തോന്നുന്നു. എന്നുവെച്ചാൽ പച്ചത്തത്തകൾക്ക് ശരിക്കും പച്ചനിറമില്ല. വെറും മായാദർശനംമാത്രം!

രാസമാറ്റങ്ങൾ നിറങ്ങൾ സൃഷ്ടിക്കുന്നു

ഒരേയൊരു രാസവസ്തു എങ്ങനെയാണ് പല നിറങ്ങൾ സൃഷ്ടിക്കുന്നത്? എന്തു മായാജാലമാണ് ഈ തത്തകളുടെ കൈവശമുള്ളത്? അന്വേഷണം തുടർന്നു, ഈയിടെ. ഇണക്കപ്പെട്ട തത്തകളെയും കാടുകളിലെ തത്തകളെയും സൂക്ഷ്മമായി പരിശോധനയ്ക്കു വിധേയമാക്കുകയും അവയുടെ തൂവൽ കോശങ്ങളെ പഠനങ്ങൾക്കു വിധേയമാക്കുകയും ചെയ്തു, രഹസ്യങ്ങളുടെ മൂടിതുറക്കാൻ. ആയിരക്കണക്കിനു തൂവലുകളാണ് ചെക്കോസ്ളോവാക്യയിലെ ചാൾസ് യൂണിവേഴ്‌സിറ്റിയിലെയും ഹോങ് കോങ്, പോർച്ചു ഗൽ എന്നിവിടങ്ങളിലെയും ശാസ്ത്രജ്ഞർ പരിശോധിച്ചത്. പല ആധുനികസാങ്കേതികവിദ്യകൾ പ്രയോഗിച്ചാണ് ഇത് സാധിച്ചെടുത്തത്. ഇതിൽ സ്പെക്‌ട്രോമെട്രിയും സ്പെക്‌ട്രോസ്കോപ്പിയും ജനിറ്റിക് പരിശോധനകളും മ്യൂട്ടേഷൻ വിശകലനങ്ങളും ഒക്കെ ഉൾപ്പെട്ടിരുന്നു.

സിറ്റാക്കോഫൽവിൻ എന്ന രാസവസ്തു തന്മാത്രയുടെ ഒരു അഗ്രത്തുള്ള കെമിക്കൽ ഗ്രൂപ്പ് മാറിപ്പോയാൽ മഞ്ഞനിറം ഉളവാക്കുന്നതിനുപകരം ചുവപ്പുനിറം ഉളവാക്കും. കാർബോക്സിൽ എന്ന ഗ്രൂപ്പ് ആൽഡിഹൈഡ് ആയി മാറുന്നതാണ് ഉദാഹരണം. ചുവപ്പ് തൂവലിലെ സിറ്റാക്കോഫൽവിനിൽ ആൽഡിഹൈഡ് ധാരാളമായിട്ടുണ്ടത്രേ. ഈ പഠനം മഞ്ഞ കൂടുതലായിട്ടും ചുവപ്പ് കൂടുതലായിട്ടും ഉള്ള രണ്ടുതരം തത്തകളിലേക്ക് വ്യാപിപ്പിച്ചു, അവയുടെ ഡി.എൻ.എ. പഠനങ്ങൾ വിശദമായി നടത്തപ്പെട്ടു. അപ്പോൾ തെളിഞ്ഞത് മുകളിൽ പറഞ്ഞ രാസമാറ്റം സംഭവിപ്പിക്കുന്ന രാസാഗ്നി (എൻസൈം) യുടെ ജീനിൽ വരുന്ന മാറ്റങ്ങളാണ്. ALDH3A2 എന്ന എൻസൈം ആണിത്. (ഇതേ എൻസൈം ആണ് നമ്മുടെ ലിവറിൽനിന്ന് ആൽക്കഹോൾ ഒഴിപ്പിച്ചുകളയുന്നത് എന്ന് ഓർക്കുക. തത്തകൾ ഈ ജീൻ കടമെടുത്ത് മനോഹാരിത ഉളവാക്കാൻ ഉപയോഗിക്കുന്നു). ഈ ജീൻ നിർമിക്കുന്ന എൻസൈം ആണ് തീരുമാനിക്കുന്നത് സിറ്റാക്കോഫൽവിൻ തന്മാത്രകൾ മഞ്ഞനിറം ഉണ്ടാക്കുന്നവയാകണോ ചുവപ്പുനിറം ഉണ്ടാക്കുന്നവയാകണോ എന്ന്.

ഈ തത്തകളുടെ തൂവലുകൾ മാറ്റിയാൽ രണ്ടാമത് അവ മുളച്ചുവരും. ഇങ്ങനെ പുതിയ തൂവലുകൾ ഉണ്ടായിവരുമ്പോൾ നിറങ്ങൾ നിർമിക്കുന്ന കോശങ്ങളിൽ ALDH3A2 ജീൻ പ്രവർത്തനത്തിന്റെ അളവ് ക്രമാതീതമായി കൂടുന്നതായി പിന്നീട് തെളിഞ്ഞു. ഈ എൻസൈം നിറങ്ങൾ തീരുമാനിക്കുന്നു എന്ന് സാരം. മേൽപ്പറഞ്ഞ ALDH3A2 എൻസൈം നിർമിക്കുന്ന ജീനിനു മ്യൂട്ടേഷൻ (ഡി.എൻ.എ. യിൽ വരുന്ന ചെറിയ മാറ്റം) സംഭവിക്കുകയാണെങ്കിൽ ഈ എൻസൈമിന്റെ പ്രവർത്തനവും മാറപ്പെടും. മഞ്ഞയോ ചുവപ്പോ എന്ന തീരുമാനങ്ങളും മാറപ്പെടും. ഈ ജീൻ പ്രവർത്തനം ഏറ്റവും കൂടുതലാണെങ്കിൽ മഞ്ഞനിറം ഉളവാകും ഏറ്റവും കുറവാണെങ്കിൽ ചുവപ്പുനിറം എന്നതാണ് രീതി. ഇതിനിടയ്ക്ക് ആണെങ്കിൽ മഞ്ഞയ്ക്കും ചുവപ്പിനും ഇടയ്ക്കുള്ള ഷെയ്ഡുകളായിരിക്കും തത്തയ്ക്ക് കിട്ടുന്നത്. പലപ്പോഴും മിന്നിത്തിളങ്ങുന്ന ഓറഞ്ച് നിറം ഉളവാക്കുന്നത് രണ്ടു തരം കെമിക്കൽ ഗ്രൂപ്പുള്ള സിറ്റാക്കോഫൽവിനുകളും ഒരുമിച്ച് നിർമിച്ച് ഇടകലർത്തുമ്പോഴാണ്. മഞ്ഞനിറം ഉളവാക്കുന്ന സിറ്റാക്കോഫൽവിൻ നീലത്തൂവലുകളോടുചേരുമ്പോൾ പച്ചനിറം നമ്മൾ കാണുന്നു. ഇങ്ങനെ ഒരേ രാസവസ്തുകൊണ്ട് നിറങ്ങൾ തൻ നൃത്തം ചെയ്യുന്ന തത്തകൾ സാമർഥ്യക്കാർതന്നെ.

പരിണാമത്തിലെ നിർണായകമായ ചില ഏടുകളിലെ രഹസ്യങ്ങളാണ് ഇങ്ങനെ വെളിവായിക്കൊണ്ടിരിക്കുന്നത്. തൂവലുകൾ മുളയ്ക്കുമ്പോൾ ഏത് കോശങ്ങളാണ് മഞ്ഞ നിർമിക്കുന്നത്, അല്ലെങ്കിൽ ചുവപ്പ് നിർമിക്കുന്നത്, ഇതിന്റെ നിയന്ത്രണം എങ്ങനെ എന്നതൊക്കെ ഇനിയും അറിയാനുണ്ട്. പഞ്ചവർണത്തത്തകളാണ് ഇനി മോളിക്യുലർ ഇവലൂഷൻ പഠനങ്ങൾ മുന്നോട്ടുനയിക്കുന്നത്.

(യൂണിവേഴ്‌സിറ്റി ഓഫ്‌ ഷിക്കാഗോയിലെ മുൻ സീനിയർ സയന്റിസ്റ്റായ ലേഖകൻ ഷിക്കാഗോയിലെ ട്രൈറ്റൺ കോളേജിലെ  പ്രൊഫസറാണ്)