ണിമലക്കാട്ടിലെ പൂമണിത്തത്തയും കിങ്ങിണിത്തത്തയും ഉറ്റ ചങ്ങാതിമാരായിരുന്നു. വരിക്കപ്ലാവിന്റെ കൊമ്പിലെ പൊത്തിലായിരുന്നു അവർ താമസിച്ചിരുന്നത്. ഒരു ദിവസം പൂമണി കിങ്ങിണിയോടു പറഞ്ഞു: ''കിങ്ങിണീ, നമ്മൾ രണ്ടുപേരും എത്ര നാളായി ഈ വരിക്കപ്ലാവിന്റെ കൊമ്പിലെ പൊത്തിൽ താമസിക്കുന്നു? പക്ഷേ, പഴുത്ത ഒരു ചക്ക ഇന്നുവരെ നമുക്കു തിന്നാൻ പറ്റിയിട്ടില്ലല്ലോ?''

To advertise here,

''ചക്ക പഴുത്താൽ പറിച്ചുതിന്നാൻ

ഓടിവരും കുരങ്ങച്ചൻ

താഴെവീഴും ചക്കയെല്ലാം

തിന്നുതീർക്കും മുയലച്ചൻ!''

''പൂമണി വിഷമിക്കണ്ട. ഞാനൊരു വഴി കണ്ടെത്താം!'' കിങ്ങിണി തന്റെ പച്ചനിറത്തിലുള്ള മനോഹരമായ ചിറകുകൾ വീശി പറന്ന് അകലേക്ക് പോയി. പോകുന്നവഴി മരംകൊത്തിയണ്ണനെ അവൾ കണ്ടു. കിങ്ങിണി വേഗം താഴെയിറങ്ങി. ''ഇതാര് കിങ്ങിണിത്തത്തയോ? എത്രനാളായി കണ്ടിട്ട്? കിങ്ങിണിയുടെ വരിക്കപ്ലാവ്വീട്ടിലെ ചക്കകളൊക്കെ വിളഞ്ഞു പഴുത്തോ?'' മരംകൊത്തി ചോദിച്ചു.

''മരംകൊത്തിയണ്ണാ, അതിനു തന്നെയാ ഞാനിവിടെ വന്നത്. ചക്ക പഴുത്തു. പക്ഷേ, ഞങ്ങളുടെ കുഞ്ഞിക്കൊക്കു കൊണ്ട് ചക്ക മുറിച്ച് ചക്കച്ചുള തിന്നാൻ പറ്റുന്നില്ല. ഞങ്ങളെയൊന്നു സഹായിക്കണം!'' കിങ്ങിണി പറഞ്ഞു. അപ്പോൾ മരംകൊത്തി പറഞ്ഞു:

''കിങ്ങിണി മണി നീ പാറിക്കോ

ചക്ക തുളച്ചു തരാമല്ലോ

ചക്കച്ചുള നീ തിന്നുമ്പോൾ

നട്ടു നനയ്ക്കൂ കുരുവെല്ലാം!''

വൈകാതെ മരംകൊത്തിയണ്ണൻ പറന്നുവന്ന് ചക്കയിൽ നാലു കൊത്ത് 'ടക്! ടക്! ടക്! ടക്! അതോടെ ചക്ക മുറിഞ്ഞ് 'പ്ധിം' എന്ന് താഴെ വീണു. കിങ്ങിണിത്തത്തയും പൂമണിത്തത്തയും മരംകൊത്തിയണ്ണനും കൂടി മതിവരുവോളം ചക്ക ശാപ്പിട്ടു. തന്നെയുമല്ല ചക്കക്കുരുവെല്ലാം അവർ കാട്ടിൽ അവിടവിടെയായി കുഴിച്ചിടുകയും ചെയ്തു. അടുത്ത വർഷം ചക്കക്കാലമായപ്പോൾ എല്ലാ ദിക്കിലും നല്ല വരിക്കപ്ലാവിന്റെ തൈകൾ മുളച്ചു പൊന്തി.