ലപ്പുഴ ജില്ലയിലെ കിടങ്ങറ സ്വദേശിയാണ്, യു.എസിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിലെ (എൻഐഎച്ച്) കാൻസർ ഗവേഷകനായ ഡോ. സുരേഷ് കുമാർ. ‘അഡ്രീനോകോർട്ടിക്കൽ കാർസിനോമ’ (എസിസി) എന്ന അപൂർവ അർബുദത്തിന് ചികിത്സ കണ്ടെത്താൻ സുരേഷ് കുമാറും സംഘവും നടത്തുന്ന മുന്നേറ്റത്തിന്റെ വിവരം പുറത്തുവന്ന വേളയിലാണ്, കാൻസർ രംഗത്ത് മെല്ലെയെങ്കിലും മെഡിക്കൽ സയൻസ് നേടുന്ന വിജയങ്ങളുടെ കഥ ‘ദി ഇക്കോണോമിസ്റ്റ്’ വാരിക കവർസ്റ്റോറിയാക്കിയത്.

To advertise here,

കയ്‌പ്പുനീരണിഞ്ഞ പോരാട്ടം

പരാജയപ്പെടാൻ വിധിക്കപ്പെട്ട ചില യുദ്ധങ്ങളുണ്ട്. മനുഷ്യനെ ചന്ദ്രനിലിറക്കി രണ്ടുവർഷം കഴിഞ്ഞ്, 1971-ൽ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ പ്രഖ്യാപിച്ച ‘കാൻസറിനോടുള്ള യുദ്ധം’ അത്തരത്തിലൊന്നായിരുന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഇക്കോണോമിസ്റ്റിന്റെ (ജൂലായ് 19, 2025) കവർസ്റ്റോറി തുടങ്ങുന്നത്. വലിയ പ്രതീക്ഷയിലായിരുന്നു അന്ന് മിക്കവരും. ഏതാനും വർഷത്തിനകം അർബുദം കീഴടങ്ങുമെന്ന് പല വിദഗ്ധരും ആത്മാർഥമായി വിശ്വസിച്ചു. അതൊക്കെ പക്ഷേ, വെറുതേയായിരുന്നു!

നിക്സന്റെ പ്രഖ്യാപനം നടന്നിട്ട് ഇപ്പോൾ അരനൂറ്റാണ്ട് കഴിയുന്നു. സമ്പന്നരാജ്യങ്ങളിലെ പുരുഷന്മാരിൽ പകുതിയും സ്ത്രീകളിൽ മൂന്നിലൊന്നുപേരും ജീവിതത്തിലേതെങ്കിലും ഘട്ടത്തിൽ അർബുദം ബാധിക്കാൻ വിധിക്കപ്പെട്ടവരാണ്. നിക്സന്റെ പ്രഖ്യാപനം നടന്ന അമേരിക്കയിൽ, വർഷംതോറും ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവുമധികം പേർ (ഏതാണ്ട് ആറുലക്ഷം പേർ) മരിക്കുന്നത് അർബുദം ബാധിച്ചാണ്. ലോകത്താകമാനം നോക്കിയാൽ, ഓരോ ആറിലൊന്ന്‌ മരണത്തിനും കാരണം അർബുദമാണെന്ന് കാണാം.

ഈ ഇരുണ്ടചിത്രത്തിൽ, മോഡേൺ മെഡിക്കൽ സയൻസ് പുത്തൻ പ്രതീക്ഷകളുടെ വെളിച്ചം തെളിയിക്കുന്നതെങ്ങനെ എന്നാണ്, കണക്കുകളും മറ്റ് ഡേറ്റയുംവെച്ച് ഇക്കോണോമിസ്റ്റിന്റെ റിപ്പോർട്ട് വിവരിക്കുന്നത്. ആരും യുദ്ധം പ്രഖ്യാപിച്ചില്ലെങ്കിലും, അർബുദത്തിനുമേൽ വൈദ്യശാസ്ത്രം വിജയം നേടുകതന്നെയാണിപ്പോൾ. വർഷംതോറും ക്രമാനുഗതമായി അർബുദമരണനിരക്ക് കുറയുന്നു. 1990-കളെ അപേക്ഷിച്ച്, യു.എസിൽ മരണനിരക്ക് മൂന്നിലൊന്നായി കുറഞ്ഞു. വികസിതരാഷ്ട്രങ്ങളിലെല്ലാം ട്രെൻഡ് ഇതുതന്നെയാണ്.

ഒരൊറ്റ രോഗമല്ല അർബുദം. ഒരു വലിയ വിഭാഗം പ്രശ്നങ്ങളുടെ സഞ്ചയമാണ്. അതിനാൽ, അർബുദത്തിനെതിരേ വൈദ്യശാസ്ത്രം നേടുന്ന വിജയം, ഏതെങ്കിലും വമ്പൻ ബ്രേക്ക്ത്രൂ വഴി സംഭവിച്ചതല്ല. ആയിരക്കണക്കിന് ചെറുമുന്നേറ്റങ്ങളുടെ ഫലമാണത്. സ്‌ക്രീനിങ്, സർജറി, പുത്തൻ ഔഷധങ്ങളുടെ കണ്ടെത്തൽ -ഈ മൂന്ന് മേഖലയിലാണ് ആ ചെറുമുന്നേറ്റങ്ങളിലേറെയും അരങ്ങേറുന്നത്. ചെറിയ വിജയങ്ങളുടെ വലിയ പരമ്പര-അർബുദത്തോടുള്ള പോരാട്ടത്തെ ഇങ്ങനെ സംഗ്രഹിക്കാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ഈ പശ്ചാത്തലത്തിൽ, ഡോ. സുരേഷ് കുമാറും സംഘവും ‘നേച്ചർ കമ്യൂണിക്കേഷൻ’ ജേണലിൽ (ജൂലായ് 1, 2025) പ്രസിദ്ധീകരിച്ച പഠനത്തിന്റെ പ്രസക്തിയേറുന്നു. ഉഗ്രതീവ്രതയോടെ അഡ്രീനൽ ഗ്രന്ഥിയെ ബാധിക്കുന്ന ‘അഡ്രീനോകോർട്ടിക്കൽ കാർസിനോമ’ (എസിസി) എന്ന അപൂർവ അർബുദത്തിന് ചികിത്സ കണ്ടെത്താൻ നടക്കുന്ന ശ്രമം വിജയത്തോടടുക്കുന്നതിനെക്കുറിച്ചാണ് പഠനം. കാൻസർ പോരാട്ടത്തിലെ ചെറിയ വിജയങ്ങളുടെ വലിയ ചരിത്രത്തിന്റെ ഭാഗമാകാൻ യോഗ്യതയുള്ള മുന്നേറ്റം.

സ്ത്രീകളെ കൂടുതലായി ബാധിക്കുന്ന അർബുദമാണ് എസിസി. മിക്ക കേസിലും, ട്യൂമറിൽനിന്ന് അമിതസ്രാവം ഉണ്ടാകുന്നതിനാൽ ഹോർമോൺ സന്തുലനം താറുമാറാകുന്നു. ഇത് രോഗബാധ രൂക്ഷമാക്കുന്നു. സമീപവർഷങ്ങളിൽ രണ്ട് ഗവേഷകക്കൂട്ടായ്മകൾ എസിസിയുടെ താന്മാത്രാഭൂമിക മാപ്പ് ചെയ്തിട്ടുണ്ട്. അർബുദബാധയെപ്പറ്റി പ്രധാനപ്പെട്ട ഉൾക്കാഴ്ചകൾ ആ മാപ്പിങ് പ്രവർത്തനംവഴി ലഭിച്ചു.

എസിസി ചികിത്സയിലെ മുഖ്യവെല്ലുവിളി, രോഗബാധ കണ്ടെത്തുമ്പോഴേക്കും വൈകിയിരിക്കും എന്നതാണ്. മാത്രമല്ല, ചികിത്സയ്ക്ക് വഴികളും പരിമിതമാണ്. ശസ്ത്രക്രിയയും തുടർചികിത്സയുമാണ് പ്രധാനം. രോഗം ഏറെ വൈകി കണ്ടെത്തുന്നതുകൊണ്ട് അതിന് പ്രതീക്ഷിച്ച ഫലം ലഭിക്കാറില്ല. യുഎസ് ഫുഡ് ആൻഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ (എഫ്ഡിഎ) അംഗീകരിച്ച ഒരു മരുന്നുണ്ട്-‘മൈറ്റോറ്റെയ്ൻ’(Mitotane). രൂക്ഷമായ പാർശ്വഫലങ്ങളുള്ളതാണത്; ഫലപ്രാപ്തിയും കുറവ്. ചുരുക്കിപ്പറഞ്ഞാൽ, കഠിനമായ ഈ അപൂർവ കാൻസറിന് ഫലപ്രദമായ ചികിത്സയില്ല.

എസിസി ചികിത്സയിൽ പ്രതീക്ഷ

എസിസി ചികിത്സയുടെ കാര്യത്തിൽ ഏതാണ്ട് തികഞ്ഞ നിസ്സഹായാവസ്ഥയിലാണ് ആധുനിക വൈദ്യശാസ്ത്രം. ആ ഗതികേടിൽനിന്ന് കരകയറാൻ കഴിഞ്ഞേക്കുമെന്ന് പ്രതീക്ഷയുണർന്നത്, നിതിൻ റോപെർ, നായ്-യുൻ എന്നീ ഗവേഷകർ സമീപകാലത്ത് നടത്തിയ കണ്ടെത്തലാണ്. ‘ഡിഎൽകെ1’ (DLK1) എന്ന സർഫേസ് മാർക്കറിന്റെ കണ്ടെത്തലായിരുന്നു അത്.

കോശപ്രതലങ്ങളിൽ കാണപ്പെടുന്ന പല പ്രോട്ടീനുകൾക്കും അർബുദചികിത്സയിൽ വലിയ പങ്കുണ്ട്. അത്തരമൊരു പ്രോട്ടീനാണ് ഡിഎൽകെ1. ‘നോട്ച്1’ (Notch1) എന്ന ജീനുമായി ഇഴുകിച്ചേർന്നിരിക്കുന്ന (ബൈൻഡ് ചെയ്തിരിക്കുന്ന) ഈ സർഫേസ് മാർക്കർ, സാധാരണ കോശകലകളിൽ അധികം പ്രകടമാകാറില്ല. അർബുദകോശങ്ങളിൽ പക്ഷേ, നിയന്ത്രണം വിട്ടപോലെ പ്രത്യക്ഷപ്പെടുന്ന ഈ മാർക്കർ, എസിസിയുടെ കാര്യത്തിൽ ഫലപ്രദമായ ഔഷധലക്ഷ്യമായേക്കാം. അങ്ങനെയാണ്, ഡിഎൽകെ1-ന്റെ പ്രകടനം തടസ്സപ്പെടുത്തുന്ന ‘എഡിസിടി-701’ (ADCT-701) എന്ന പരീക്ഷണ ഔഷധക്കൂട്ട് ഗവേഷകർ രൂപകല്പന ചെയ്യുന്നത്.

ഓർഗനോയിഡുകൾ

കഥ ഇത്രയുംകൊണ്ട് തീരുന്നില്ല. ഔഷധം രൂപകല്പനചെയ്താൽ പോരാ, അതിന്റെ ഫലപ്രാപ്തി പരീക്ഷിച്ചറിയണം. അപൂർവ കാൻസറായതിനാൽ, എസിസി ബാധിച്ച ട്യൂമർ കോശപാളികളുടെ ലഭ്യത പരിമിതമാണ്. അവിടെയാണ്, ഡോ. സുരേഷ്‌കുമാറിന്റെയും സംഘത്തിന്റെയും രംഗപ്രവേശം. ബയോമെഡിക്കൽ രംഗത്തെ അടുത്ത തലമുറ ടെസ്റ്റിങ് പ്ലാറ്റ്‌ഫോമുകളെന്ന് വിലയിരുത്തപ്പെടുന്ന ഓർഗനോയിഡുകളും സെനോഗ്രാഫ്റ്റു കളും എഡിസിറ്റി-701ന്റെ പരീക്ഷണത്തിനായി രൂപപ്പെടുത്തുകയാണ് സുരേഷ് കുമാർ ചെയ്തത്.

രക്തത്തിൽനിന്നുള്ള വിത്തുകോശങ്ങളുടെ (സ്റ്റെം കോശങ്ങളുടെ) സഹായത്തോടെ ലാബിൽ രൂപപ്പെടുത്തുന്ന ട്യൂമറുകളുടെ സങ്കീർണ ത്രിമാന സെല്ലുലാർഘടനയാണ് ഓർഗനോയ്ഡുകൾ. ഔഷധഗവേഷണത്തിലെ വലിയൊരു വെല്ലുവിളി ഫലപ്രദമായി നേരിടാൻ ഓർഗനോയ്ഡുകൾ സഹായിക്കുന്നു. പരമ്പരാഗത രീതിയിലാണെങ്കിൽ, ഔഷധങ്ങൾ ആദ്യം ടെസ്റ്റ് ചെയ്യുക എലികളോ മുയലുകളോ പോലുള്ള ജീവികളിലാണ്. ഇത്തരം ജീവികളും മനുഷ്യരും തമ്മിൽ വലിയ വ്യത്യാസമുണ്ട്. അതിനാൽ, ജന്തുക്കളിലെ പരീക്ഷണം കഴിഞ്ഞെത്തുന്ന മരുന്നുകൾ മനുഷ്യരിൽ പരാജയപ്പെടാം. പണവും സമയവും വലിയ തോതിൽ നഷ്ടപ്പെടുത്തുന്ന ഏർപ്പാടാണിത്. ഈ കടമ്പ ഒഴിവാക്കാനുള്ള പുതിയ സാധ്യതയാണ് ഓർഗനോയിഡുകൾ. മനുഷ്യന്റെതന്നെ അവയവങ്ങളുടെ ലാബിൽ രൂപപ്പെടുത്തുന്ന ചെറുമാതൃകകൾ-‘മിനി അവയവങ്ങൾ’-ആണ് ഓർഗനോയിഡുകൾ എന്ന് പറയാം. അവയിൽ മരുന്ന് പരീക്ഷിക്കുക എന്ന സാധ്യതയാണ്, സുരേഷ്‌കുമാറും സംഘവും പുതിയ അർബുദ ഔഷധത്തിന്റെ കാര്യത്തിൽ ഉപയോഗിച്ചത്.

ഒപ്പം, രോഗിയുടെ ട്യൂമർ കോശപാളികൾ എലികളിൽ ‘നട്ടുവളർത്തി’യുണ്ടാക്കിയ സെനോഗ്രാഫ്റ്റ് (xenograft) മാതൃകകളും എസിസി ഔഷധത്തിന്റെ ഫലപ്രാപ്തി പരിശോധിക്കാൻ ഗവേഷകസംഘം പ്രയോജനപ്പെടുത്തി.

ഇത്തരം നൂതനവിദ്യകളുടെ സഹായത്തോടെ സുരേഷ് കുമാറും സംഘവും നടത്തിയ പഠനത്തിൽ തെളിഞ്ഞ കാര്യം ഇതാണ്: ട്യൂമറിന്റെ സ്ഥിരത, ഔഷധപ്രതിരോധശേഷി എന്നിവയെ നിയന്ത്രിക്കുന്ന നിർണായകഘടകമാണ് ഡിഎൽകെ1 സർഫേസ് മാർക്കർ! അതിനാൽ, അതൊരു മികച്ച ഔഷധലക്ഷ്യമാണെന്ന മുൻനിഗമനം ശരിയാണ്. ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള അപൂർവ കാൻസറുകൾക്ക് ഫലപ്രദമായ ചികിത്സ കണ്ടെത്താനുള്ള ശ്രമങ്ങളിൽ വലിയ മുന്നേറ്റമായി ഈ പഠനം വിലയിരുത്തപ്പെടുന്നു.

ഇതിന്റെ വെളിച്ചത്തിൽ, ആ അപൂർവ അർബുദം ബാധിച്ചവരിൽ എഡിസിടി-701 ഔഷധക്കൂട്ടിന്റെ ഒന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണം ആരംഭിക്കുകയാണ്. എൻഐഎച്ചിന്റെ കീഴിൽ പ്രവർത്തിക്കുന്ന ‘നാഷണൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടി’ (എൻ.സി.ഐ)ലെ ഡോ. ജെയ്ദി ഡെൽ റിവെറോയുടെ നേതൃത്വത്തിലാണ് ക്ലിനിക്കൽ പരീക്ഷണം നടക്കുക.

കാൻസർ പോരാട്ടത്തിലെ ചെറിയ വിജയങ്ങളുടെ വലിയ ചരിത്രത്തിലൊന്നാകാൻ യോഗ്യമാണ്, മലയാളി ഗവേഷകൻ ഡോ. സുരേഷ് കുമാറും സംഘവും ഒരിനം അപൂർവ അർബുദത്തിന് ചികിത്സ കണ്ടെത്താൻ നടത്തുന്ന ശ്രമം. ബയോമെഡിക്കൽ ഗവേഷണത്തിലെ പുത്തൻ താരങ്ങളായ ഓർഗനോയിഡുകൾ, സെനോഗ്രാഫ്റ്റുകൾ എന്നിവയുടെ സഹായത്തോടെ അവർ വിജയത്തോടടുക്കുകയാണ്.

എൻസിഐയിലെ ഗവേഷകനായ ഡോ. സുരേഷ് കുമാർ, കിടങ്ങറ ദേവകി സദനത്തിൽ എം.കെ. കുട്ടി (സർ)-ദേവകി അമ്മ ദമ്പതിമാരുടെ മകനാണ്. കൊച്ചിൻ ശാസ്ത്രസാങ്കേതിക യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോടെക്‌നോളജിയിൽ എംഎസ്‌സിയും പിഎച്ച്ഡിയുമെടുത്ത സുരേഷ് കുമാർ, യുഎസിലെ ഇന്ത്യാന യൂണിവേഴ്‌സിറ്റി, പെൻസിൽവാനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പോസ്റ്റ് ഡോക്ടറൽ ഗവേഷണം നടത്തിയ ശേഷമാണ് എൻസിഐയിൽ ഗവേഷകനായി ചേർന്നത്. അനിതയാണ് ഭാര്യ. ദേവിക, ദേവാനന്ദ് എന്നിവർ മക്കളും.