നുഷ്യചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലുകള്‍ക്കൊന്നിന് അമ്പതാണ്ട് തികയുന്നു. 1974 നവംബര്‍ ഇരുപത്തിനാലിനാണ് എത്യോപ്യയിലെ ആവഷ് നദിയുടെ താഴ്വരയിലെ ഹഡറിലെ പരിവേഷണത്തിനിടയില്‍ ഏകദേശം മൂന്നുദശലക്ഷം വര്‍ഷത്തോളം പഴക്കം ചെന്ന പെണ്‍ മനുഷ്യസമാനജീവിയുടെ (ഹോമിനോയിഡ്) ഫോസില്‍ കണ്ടെത്തിയത്. നൂറിലധികം ചെറിയ അസ്ഥിക്കഷ്ണങ്ങളായി കണ്ടെത്തിയ അവശിഷ്ടങ്ങളെ പരിവേഷണ സംഘാംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തെടുക്കുകയായിരുന്നു. മനുഷ്യ പരിണാമത്തെക്കുറിച്ചും മനുഷ്യരിലെ മസ്തിഷ്‌ക വികാസത്തെക്കുറിച്ചും 'ലൂസി' നല്‍കിയ അറിവുകളാണ് മനുഷ്യ പരിണാമശാസ്ത്ര മേഖലയിലെ ജ്ഞാന സമ്പാദനത്തിന് പിന്നീടിങ്ങോട്ട് ശാസ്ത്രജ്ഞര്‍ക്ക് കരുത്തേകിയത്. 1960 കളില്‍ ലോകമെമ്പാടും പ്രശസ്തമായിരുന്ന ബീറ്റില്‍സിന്റെ 'ലൂസി ഇന്‍ ദി സ്‌കൈ വിത്ത് ഡൈമന്‍ഡ്‌സ്' എന്ന ഗാനത്തിലെ ആദ്യവരിയില്‍നിന്നാണ് ആ ഫോസിലിന് 'ലൂസി'യെന്ന പേരുനല്‍കിയത്. ദിവസം മുഴുവന്‍ നീളുന്ന കഠിനവേലക്കു ശേഷം വിശ്രമിക്കുമ്പോള്‍ പരിവേഷണ ക്യാമ്പിലുള്ളവര്‍ സ്ഥിരമായികേട്ടുകൊണ്ടിരുന്ന ഈ പാട്ടില്‍നിന്നും പെണ്‍ ഫോസിലിന് 'ലൂസി'യെന്ന പേരുനല്‍കിയത് പരിവേഷണ സംഘത്തിലെ അംഗമായിരുന്ന പമേലാ ആല്‍ഡര്‍മാനായിരുന്നു.

To advertise here,

വളരേ ആകസ്മികമായിരുന്നു ആ മുത്തശ്ശി ഫോസലിന്റെ കണ്ടെത്തല്‍. പര്യവേഷണത്തിനായി തെരെഞ്ഞെടുക്കപ്പെട്ട ഒരു പുതിയ സ്ഥലത്തെ പ്രാഥമിക പരിശോധനകള്‍ക്കുശേഷം തങ്ങളുടെ ലാന്‍ഡ് റോവറിലേക്ക് സാധാരണവഴിയില്‍നിന്നും വിട്ടുമാറി ഒരു ചെറിയ മലയിടുക്കിലൂടെ മടങ്ങുകയായിരുന്നു പര്യവേഷണ സംഘത്തലവന്‍ ഡൊണാള്‍ഡ് ജോണ്‍സണും ടോം ഗ്രേ എന്ന അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയും. ആ ചെറിയ മലയിടുക്കിലൂടെയുള്ള നടത്തത്തിനിടയിലാണ് ഡൊണാള്‍ഡിന്റെ കണ്ണുകള്‍ ഒരു കൈത്തണ്ടയുടെ അസ്ഥിയില്‍ ഉടക്കുന്നത്. ശിലാഭൂതകാലനരവംശശാസ്ത്രജ്ഞനെന്ന നിലയില്‍ ഏറെ പരിചയസമ്പന്നനായ ഡൊണാള്‍ഡിന് അതൊരു അതിപുരാതന മനുഷ്യസമാന ജീവിയുടേതാണെന്നു തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. തുടര്‍ന്നുള്ള ദിവസങ്ങളിലെ വിശദമായ പരിശോധനകള്‍ക്കുശേഷം ആ മനുഷ്യസമാന ജീവിയുടെ അസ്ഥികൂടത്തിന്റെ 40 ശതമാനവും വീണ്ടെടുക്കാന്‍ അവര്‍ക്കായി. ഏകദേശം നൂറില്‍പ്പരം അസ്ഥിക്ഷണങ്ങളാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആധുനിക സാങ്കേതിക വിദ്യകളുപയോഗിച്ചുള്ള അസ്ഥികളുടെയും അതിലടങ്ങിയിരുന്ന മറ്റവശിഷ്ടങ്ങളുടെയും പരിശോധനയില്‍ നിന്നും 3.18 ദശലക്ഷവര്‍ഷങ്ങളില്‍ കുറയാത്ത പഴക്കം ലൂസിക്കുണ്ടെന്ന് പരിശോധകര്‍ക്ക് കണ്ടെത്താനായി. അന്ന് കണ്ടെടുത്ത ലൂസി ഫോസില്‍ ആഡിസ് അബാബയിലെ എത്യോപ്യന്‍ ദേശീയ മ്യൂസിയത്തിന്റെ ഭാഗമായ ശിലാഭൂതകാല ചരിത്രപരിശോധനശാലയിലെ പ്രത്യേകം നിര്‍മ്മിച്ച സുരക്ഷിത അറക്കുള്ളിലാണ് സൂക്ഷിച്ചിട്ടുള്ളത്. എന്നാല്‍ ലൂസിയുടെ പകര്‍പ്പുകള്‍ ലോകമെമ്പാടുമുള്ള ശിലാഭൂതകാല ചരിത്രപരിശോധനശാലകളിലെ ഏറ്റവും വിശേഷപ്പെട്ട പ്രദര്‍ശന വസ്തുവാണ്.

placeholder
ഡൊണാള്‍ഡ് ജോണ്‍സൺ.  Photo Courtesy: https:www.cmnh.org

വിശകലനങ്ങളും നിഗമനങ്ങളും

ഭൗതികാവശിഷ്ടങ്ങളുടെ സൂഷ്മപരിശോധനയില്‍ ലഭ്യമായ വിവരങ്ങള്‍ മനുഷ്യപരിണാമത്തെക്കുറിച്ച് ഉണ്ടായിരുന്ന സാമാന്യബോധത്തെ മാറ്റിമറിക്കാന്‍ പോന്നതായിരുന്നു. ഇടുപ്പെല്ലിന്റെ പരിശോധനയില്‍നിന്നും അതൊരു പെണ്‍ ഫോസിലാണെന്നു തിരിച്ചറിയാന്‍ ഒട്ടും ബുദ്ധിമുട്ടുണ്ടായിരുന്നില്ല. തുടര്പരിശോധനകളില്‍ ആ ഫോസില്‍ അസ്ത്രലോപിത്തക്കസ് അഫറന്‍സിസ് എന്ന ജനുസില്‍പ്പെട്ട മനുഷ്യസമാനജീവിയുടേതാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. ആധുനിക മനുഷ്യരുടെ ജനുസ്സായ ഹോമോസാപ്പിയന്‍സിന്റെ പരിണാമത്തിലേക്കെത്തുന്നതിനു മുന്‍പുള്ള ഏറ്റവും നിര്‍ണ്ണായക പരിണാമഘട്ടമായാണ് ഹോമിനോയ്ഡുകള്‍ അഥവാ മനുഷ്യസമാനജീവി ഗണത്തില്‍പ്പെടുന്ന അസ്ത്രലോപിത്തക്കസ് അഫറന്‍സിസ് എന്ന ജനുസില്‍പ്പെട്ട ജീവികളുടെ കാലഘട്ടത്തെ പരിണാമ ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നത്. ലൂസിയുടെ ലഭ്യമായ തുടയെല്ലും കാല്മുട്ടിലെ സന്ധിയും പരിശോധിച്ചതില്‍നിന്നും ഇരുകാലില്‍ നടക്കുമ്പോള്‍ ഉണ്ടാകുന്ന തരത്തിലുള്ള സവിശേഷതകള്‍ പരിണാമശാസ്ത്രജ്ഞര്‍ക്ക് കണ്ടെത്താനായി. ഇരുകാലില്‍ നടക്കുമ്പോള്‍ അധികഭാരം താങ്ങാനും ശരീരഭാരം സന്തുലതമാക്കി ചലിക്കുന്നതിനും ഉതകുന്നവിധത്തില്‍ കാല്മുട്ടുകള്‍ക്കുവന്ന വലിപ്പവ്യത്യാസവും സന്ധിയിലെ ചിരട്ടയെ ഉറപ്പിച്ചുനിര്‍ത്തുന്ന അരികുകളും കാല്‍മുട്ടിനോട് കോണ്‍ചേര്‍ന്നുള്ള തുടയെല്ലിന്റെ സ്ഥാനവുമാണ് ലൂസി ഇരുകാലിയാണെന്ന നിഗമനത്തിലെത്തിച്ചേരാന്‍ ശാസ്ത്രജ്ഞരെ സഹായിച്ചത്.

ഇരുകാല്‍ സഞ്ചാരവും മസ്തിഷ്‌കവികാസവും

മേല്‍ പ്രസ്താവിച്ച വസ്തുതകളുടെ അടിസ്ഥാനത്തില്‍ മനുഷ്യ പരിണാമത്തില്‍ നിര്ണായകസ്വാധീനം ചെലുത്തിയ ഘടകമാണ് ഇരുകാല്‍ സഞ്ചാരത്തിലേക്കുള്ള പരിവര്‍ത്തനമെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഇത്തരം ജൈവാവസ്ഥകളുടെ പരിണാമത്തെ നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം ആ ജൈവാവസ്ഥയും പരിസ്ഥിതിയും തമ്മിലുള്ള അനസ്യൂതമായ ഇടപെടലുകളുടെ ഫലമായി പാരസ്പര്യ പ്രക്രിയയിലൂടെ സാധ്യമാവുന്ന മാറ്റങ്ങളാണ്. അത്തരം തുടര്‍ച്ചയായ മാറ്റങ്ങളാണ് താരതമ്യേന സ്ഥായിയായ ഉള്‍പരിവര്‍ത്തനങ്ങളിലേക്ക് (mutations) ജൈവാവസ്ഥകളെ കൊണ്ടെത്തിക്കുന്നത്. മനുഷ്യര്‍ ഇരുകാലികളായി മാറിയതോടെ ഏറ്റവും വലിയ മാറ്റം സംഭവിച്ചത് മുന്‍കാലുകള്‍ക്കാണ്. ഭാരം താങ്ങുകയെന്ന ദുഷ്‌കരാവസ്ഥയില്‍നിന്നും മോചിതരായ മുന്‍കാലുകളാണ് മനുഷ്യരുടെ തലവര മാറ്റിക്കുറിച്ചത്. ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യരെ ഇന്നുകാണുന്ന ബൗദ്ധികവികാസത്തിലേക്ക് നയിക്കുന്നതില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയത് അവരുടെ കൈകളായിരുന്നു. കൈകള്‍ വ്യത്യസ്തമായ ഒട്ടനവധി ചലന രീതികള്‍ സ്വായത്തമാക്കുകയും വര്‍ധിത വൈദഗ്ദ്ധ്യത്തോടെ പരിസ്ഥിതിയുമായി ഇടപഴകാന്‍ തുടങ്ങുകയും ചെയ്തതോടെ മേല്‍ പ്രസ്താവിച്ചരീതിയിലുള്ള പാരസ്പര്യ പ്രക്രിയയിലൂടെ മസ്തിഷ്‌കവികാസം മുന്‌പെങ്ങുമില്ലാത്തരീതിയില്‍ സാധ്യമാകുകയും ചെയ്തു.

ഇരുകാലിയായി നിവര്‍ന്നുനിന്നതോടെ ഗ്രഹണതലത്തില്‍ വന്ന വ്യത്യാസം പരിസ്ഥിതിയെ ഗ്രഹിക്കുന്നതിലും പരിസ്ഥിതിയിലെ സൂചനകളെയും ഉദ്ധീപനങ്ങളെയും മനസ്സിലാക്കുന്നതിലും ഗുണപരമായ മാറ്റം സാധ്യമാക്കി. അത്തരമൊരു മാറ്റം പരിസ്ഥിതിയില്‍ ഇടപെടുന്നരീതിയിലും മാറ്റമുണ്ടാക്കി. അത്തരം ഇടപെടലുകള്‍ മസ്തിഷ്‌കത്തിലുണ്ടാക്കുന്ന പ്രതിഫലനങ്ങള്‍ മനുഷ്യരുടെ ബൗദ്ധിക വളര്‍ച്ചയില്‍ വലിയ മാറ്റങ്ങള്‍ക്ക് നിദാനമായിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സ്വതന്ത്രമായ കൈകള്‍ സ്വായത്തമാക്കിയ ചലന സ്വാതന്ത്ര്യത്തോടെ മനുഷ്യര്‍ നേടിയെടുത്ത ആദ്യത്തെ ഏറ്റവും പ്രസക്തമായ പ്രയോജക ചലനങ്ങളിലൊന്ന് (manipulative movement) കൈകളും വിരലുകളും ഉപയോഗിച്ചുള്ള പിടുത്തമായിരുന്നു. ബൗദ്ധികവും ചാലകവുമായ മനുഷ്യരുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ ഗതിനിര്‍ണയിക്കുന്നതില്‍ ഈ പിടുത്തത്തിന് നിര്‍ണായക സ്ഥാനമുണ്ട്. ഇന്നും നവജാതശിശുക്കളുടെ മൂലപ്രതികരണങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് കൈത്തലവും വിരലുകള്‍ ഉപയോഗിച്ചുള്ള പിടുത്തമാണ് (Palmar grasp reflex). എതിര്‍ദിശയില്‍ ചലിപ്പിക്കാവുന്ന തള്ളവിരലും കൈത്തണ്ടയുടെ വഴക്കവുമാണ് മനുഷ്യരുടെ കൈത്തഴക്കത്തിന്റെയും കൈകളുടെ ചലനസ്വാതന്ത്ര്യത്തിന്റെയും കാതല്‍. ആ ചലസ്വതന്ത്ര്യമാണ് ശിലകളുപയോഗിച്ച് ആയുധങ്ങളുണ്ടാക്കാനും അവയുപയോഗിച്ച് ഇരകളെകൊല്ലുന്നതിനും ശത്രുക്കളെ നേരിടുക്കുന്നതിനുമൊക്കെ മനുഷ്യരെ ശാക്തീകരിച്ചത്. മനുഷ്യരുടെ അതിജീവനത്തിന്റെ ഗതി നിര്‍ണ്ണയിച്ച ഘടകമാണ് മുന്കാലുകള്‍ക്ക് ലഭിച്ച സ്വാതന്ത്ര്യവും തുടര്‍ന്നുള്ള കൈകളുടെ ചലന വൈദഗ്ദ്ധ്യവും. ഇത്തരത്തില്‍ പ്രവര്‍ത്തനതലത്തിലുള്ള ശാക്തീകരണത്തിനൊപ്പം തന്നെ പാരസ്പര്യ (reciprocal) മസ്തിഷ്‌കവികാസവും സാധ്യമാക്കിയത് മനുഷ്യര്‍ കൈവരിച്ച ചലനസ്വാതന്ത്ര്യവും നിപുണതയും അവയുടെ പ്രയോഗവും തന്നെയാണ്. അനസ്യൂതവും ക്രമേണയുമുള്ള ഉദ്ധീപന-പ്രതികരണ പ്രക്രിയയിലൂടെയുള്ള അവസ്ഥാന്തരം പ്രാപിക്കല്‍ മറ്റു ജീവികള്‍ക്കൊന്നുമില്ലാത്തരീതിയില്‍ മനുഷ്യരുടെ അറിയാനും അറിയുന്നതിനെ മനനം ചെയ്യാനുമുള്ള കഴിവില്‍ വലിയ കുതിച്ചുകയറ്റുമുണ്ടാക്കി.

അതുനയിച്ചതോ അറിവിന്റെയും ബോധോദയത്തിന്റെയും വിപ്ലവത്തിലേക്കും (cognitive revolution)  മനുഷ്യരുടെ സാംസ്‌കാരികവും സാമൂഹികവുമായ കുതിച്ചുചാട്ടത്തിനും ആഫ്രിക്കക്കുപുറത്തേക്കുള്ള കുടിയേറ്റത്തിനും മുന്‌പെങ്ങുമില്ലാത്തരീതിയില്‍ മനുഷ്യരുടെ ജീവിതക്രമത്തില്‍ മാറ്റം കൊണ്ടുവന്ന കാര്‍ഷിക വൃത്തിക്കും ഹേതുവായത് ഈ 'കോഗ്‌നേറ്റീവ് റെവൊല്യൂഷനാ'ണ്  അനുകരണവും ഭാഷയും മനുഷ്യരെ വ്യത്യസ്തരാക്കിയ മറ്റുരണ്ടു ഘടകങ്ങള്‍ അനുകരിക്കാനുള്ള കഴിവും ഭാഷയുമാണ്. മസ്തിഷ്‌കത്തിന്റെ  മുന്‍ ഭാഗത്തുള്ള 'ബ്രോകാസ് ഏരിയ'യും 'വെര്‍നിക്കസ് ഏരിയ'യുമാണ് മനുഷ്യരുടെ ഭാഷാപ്രാവീണ്യത്തെ നിയന്ത്രിക്കുന്നത്. എന്നാല്‍ അനുകരണങ്ങളെ സാധ്യമാക്കുന്നതാവട്ടെ മസ്തിഷ്‌കത്തിന്റെ മുകള്‍ പരപ്പിലുള്ള (preital lobe) സുപ്രമാര്‍ജിനല്‍ ജിറസിലെ കണ്ണാടികോശങ്ങളുടെ (mirror neurons) ശൃംഖലകളും. മനുഷ്യമസ്തിഷ്‌കത്തിന്റെ വികാസത്തില്‍ ഏറ്റവും നിര്‍ണായകമായ ഒന്നാണ് കണ്ണാടി കോശങ്ങളുടെ വികാസം. സാധാരണയായി രണ്ടുതരത്തിലുള്ള കോശങ്ങളാണ് മസ്തിഷ്‌കത്തില്‍ കണ്ടുവരുന്നത്. പരിസ്ഥിതിയില്‍നിന്നുള്ള ഉദ്ദീപനങ്ങളെ സ്വീകരിക്കുന്ന സംവേദന കോശങ്ങളും (sensory neurons) അതിനനുസരിച്ച് പേശികള്‍ക്ക് ചലിക്കാന്‍ നിര്‍ദ്ദേശം കൊടുക്കുന്ന ചാലക കോശങ്ങളും (motor neurons). എന്നാല്‍ കണ്ണാടികോശങ്ങളുടെ പ്രത്യേകത അവ ഒരേസമയം സംവേദനപരവും ചാലകവുമായ പ്രവര്‍ത്തികള്‍ നിര്‍വ്വഹിക്കുന്നു എന്നതാണ്. അതായത് മറ്റുള്ളവരുടെ ചലനങ്ങള്‍ ഗ്രഹിക്കുന്നതിനോടൊപ്പം തന്നെ ആ ചലനങ്ങള്‍ അനുകരിക്കുന്നതിനും മനുഷ്യര്‍ക്ക് കഴിയുന്നത് വിശേഷപ്പെട്ട ഈ കോശങ്ങളുടെ പ്രവര്‍ത്തനം മൂലമാണെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കാലാന്ത്യരേണ പ്രകൃതിയുമായുള്ള പാരസ്പര്യ ബന്ധത്തിലൂടെ മസ്തിഷ്‌ക കോശങ്ങള്‍ക്ക് സംഭവിച്ച അവസ്ഥാന്തരങ്ങളിലൂടെയാണ് മസ്തിഷ്‌കത്തിലെ ചിലയിടങ്ങളിലെ സംവേദന ചാലക കോശങ്ങളുടെ പ്രവര്‍ത്തനത്തില്‍ ഇത്തരം മാറ്റങ്ങള്‍ സംഭവിച്ചതെന്നും മേലെ പ്രസ്താവിച്ചരീതിയിലുള്ള വിശേഷഗുണങ്ങള്‍ കരഗതമാക്കിയതെന്നും ശാസ്ത്രജ്ഞര്‍ കരുതുന്നു.

placeholder
എത്യോപ്യയിലെ അഡിസ് അബാബയിലെ നാഷണൽ മ്യൂസിയത്തിൽ പ്രദർശനത്തിന് വച്ച
ലൂസിയുടെ ഫോസിലിന്റെ ഭാഗങ്ങൾ. ഫോട്ടോ:  Amanuel Sileshi / AFP

തന്മയീഭാവവും മനുഷ്യസംസ്‌കാരവും

മനുഷ്യരെ മനുഷ്യരാക്കുന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകമായി ഇന്ന് മനുഷ്യ പരിണാമശാസ്ത്രജ്ഞരും നരവംശ ശാസ്ത്രജ്ഞരുമൊക്കെ കരുതുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രസക്തമായത് മനുഷ്യരിലെ തന്മയീഭാവശേഷിയാണ്. അപരന്റെ വൈകാരിക മാറ്റങ്ങളെ ഉള്‍ക്കൊള്ളാനുള്ള മനുഷ്യന്റെ കഴിവാണത്. ഇത് സാധ്യമാക്കുന്നത് മനുഷ്യമസ്തിഷ്‌കത്തിലെ വൈകാരിക കേന്ദ്രങ്ങളിലെ കണ്ണാടികോശങ്ങളാണ്. മറ്റുള്ളവരെ അറിയുന്നതിനും അവരിലെ വൈകാരികമാറ്റത്തെ പ്രതിഫലിപ്പിക്കുന്നതിനും ഇത്തരം കോശങ്ങള്‍ക്കുള്ള കഴിവാണ് മനുഷ്യരിലെ പരസ്‌നേഹത്തിനും സാമൂഹ്യജീവിതത്തിനുമൊക്കെ നിദാനമായി വര്‍ത്തിക്കുന്നത്. മാത്രമല്ല, മനുഷ്യരുടെ സാമൂഹിക ജീവിതത്തിന് അടിസ്ഥാനമായ അവന്റെ സാംസ്‌കാരിക തനിമക്ക് കാരണമാകുന്നതും കണ്ണാടികകോശങ്ങള്‍ തന്നെയാണ്. സംസ്‌കാരത്തിന്റെ തലമുറകളിലൂടെയുള്ള കൈമാറ്റം സാധ്യമാക്കുന്നതില്‍ കണ്ണാടികോശങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ച് പ്രശസ്ത കോഗ്‌നിറ്റിവ് ന്യൂറോസയന്റിസ്റ്റും പദ്മഭൂഷണ്‍ ജേതാവുമായ വിളയന്നൂര്‍ എസ് രാമചന്ദ്രന്‍ അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധങ്ങളില്‍ സവിസ്തരം പ്രസ്താവിക്കുന്നുണ്ട്.

മനുഷ്യരുടെ കലാപരവും കായികവുമായ ആസ്വാദനത്തിലും കണ്ണാടികോശങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ട്. കലാമണ്ഡലം ഗോപിയാശാന്റെ കഥകളിയും വിരാട് കോഹ്ലിയുടെ കവര്‍ഡ്രൈവും കാണികള്‍ക്ക് ആസ്വാദ്യകരമാവുന്നത് കണ്ണാടികോശങ്ങളുടെ സഹായത്തോടെ അതിലടങ്ങിയ സൗന്ദര്യത്തെയും വൈകാരികതയെയുംകാണികള്‍ക്ക് സ്വന്തമെന്ന കണക്കേ ഉള്‍ക്കൊള്ളാന്‍ കഴിയുമ്പോഴാണ്. മെസ്സിയോ റൊണാള്‍ഡോയോ പന്തുമായി കുതിക്കുമ്പോള്‍ കാണികള്‍ അവരറിയാതെ കാലുയര്‍ത്തിതൊഴിക്കുന്നതും കണ്ണാടികോശങ്ങളുടെ പ്രതിപ്രവര്‍ത്തന ഫലമായാണ്.

മനുഷ്യരിലെ പരിണാമം തുടര്‍ച്ചയായി, അവിരാമം നടക്കുന്ന ഒരു പ്രക്രിയയാണ്. അതിന്  നിദാനമാകുന്നതോ പരിസ്ഥിതിയുമായുള്ള നിരന്തര സമ്പര്‍ക്കവും. തലമുറകള്‍ മാറുന്നതിനനുസരിച്ചും അല്ലാതെയുമൊക്കെ ഇത്തരം പരിണാമങ്ങള്‍ നടക്കുന്നുണ്ട്, അവ നമുക്ക് പ്രത്യക്ഷത്തില്‍ അനുഭവവേദ്യമാകുന്നില്ലെങ്കില്‍ കൂടി. വിവരസാങ്കേതിക വിദ്യയുടെ കുതിച്ചുകയറ്റം, നവമാധ്യമത്തിന്റെ ഉപയോഗം തുടങ്ങിയ ആധുനിക മാറ്റങ്ങള്‍ തീര്‍ച്ചയായും വലിയ രീതിയിലുള്ള പരിണാമത്തിനും മനുഷ്യമസ്തിഷ്‌ക വികാസത്തിനും ഹേതുവാകും എന്ന കാര്യത്തില്‍ സന്ദേഹമില്ല. അത് ജ്ഞാന സമ്പാദനരീതികളിലും ജ്ഞാനോപയോഗ രീതികളിലും വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ട്. സ്വാഭാവികമായും മനുഷ്യരുടെ വരും തലമുറകളുടെ മസ്തിഷ്‌ക വികാസത്തില്‍ അതുണ്ടാക്കുന്ന സ്വാധീനം  നമുക്കൂഹിക്കാവുന്നതിലുമപ്പുറമായിരിക്കും.

മനുഷ്യരെക്കുറിച്ചും മനുഷ്യപരിണാമത്തെക്കുറിച്ചും അറിവുനല്‍കാന്‍ പൂര്‍വികര്‍ നമുക്കായി കരുതിവെച്ച ഒരു കയ്യൊപ്പായി വേണം 'ലൂസി'യെ നോക്കിക്കാണാന്‍. 'ലൂസി' നല്‍കിയ വിലപ്പെട്ട അറിവുകളാണ് കഴിഞ്ഞ അമ്പത് വർഷത്തെ പരിണാമ ശാസ്ത്ര ഗവേഷണങ്ങള്‍ക്ക് മനുഷ്യകുലത്തിനു പ്രചോദനമായത്. അതിനിയും വരും വര്‍ഷങ്ങളിലും മനുഷ്യര്‍ക്ക് അവരുടെ സൃഷ്ടിയെക്കുറിച്ചും അതിജീവനത്തെക്കുറിച്ചും  വളര്‍ച്ചയെയും വികാസത്തെയും കുറിച്ചുമെല്ലാം അന്വേഷിക്കാന്‍ ഉത്തേജകം നല്‍കുമെന്ന് തന്നെ കരുതാം.