
സൈക്കി (Psyche) എന്ന ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ട് നാസയുടെ പര്യവേക്ഷണ ദൗത്യം ഒക്ടോബര്‍ 13ന് വിക്ഷേപണത്തിനൊരുങ്ങുകയാണ്. സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍ ഹെവി റോക്കറ്റില്‍ ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്നാണ് 'സൈക്കി' ദൗത്യവിക്ഷേപണം. പ്രപഞ്ച നിര്‍മിതിയുടെ രഹസ്യങ്ങള്‍ തേടിയുള്ള യാത്രയാണ് ഓരോ ബഹിരാകാശ ദൗത്യവും. ഭൂമിയെ കുറിച്ചും മറ്റ് ഗ്രഹങ്ങളെ കുറിച്ചും ബഹിരാകാശ വസ്തുക്കളെ കുറിച്ചും നിരന്തര പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. സൈക്കി ദൗത്യത്തിലൂടെ ശാസ്ത്രലോകം യഥാര്‍ത്ഥത്തില്‍ തേടുന്നത് ഭൂമിയെ കുറിച്ചുള്ള രഹസ്യങ്ങള്‍ തന്നെയാണ്.
ഭൂമിയുടെ ആന്തരിക ഘടന അല്ലെങ്കില്‍ അന്തര്‍ഭൗമഘടനയെ കുറിച്ച് ഏകദേശ ധാരണ പലര്‍ക്കുമുണ്ടാവും. ഭൂവല്‍ക്കം, അപ്പര്‍ മാന്റില്‍, മാന്റില്‍, പുറക്കാമ്പ്, അകക്കാമ്പ് തുടങ്ങി വിവിധ പാളികള്‍ നമ്മളുടെ പാദങ്ങള്‍ക്കടിയില്‍നിന്ന് ഗോളാകൃതിയിലുള്ള ഭൂമിയുടെ മധ്യത്തിലേക്കുണ്ട്. ഭൂകമ്പ തരംഗങ്ങളെയും ഭൂമിയുടെ കാന്തികതയുമെല്ലാം പഠന വിധേയമാക്കിയാണ് അന്തര്‍ഭൗമഘടന ഇന്നറിയും വിധത്തില്‍ ശാസ്ത്രലോകം പഠിച്ചെടുത്തത്. എന്നാല്‍ ഈ ധാരണങ്ങള്‍ ഒട്ടും പൂര്‍ണമല്ല. അതിന് പ്രധാനകാരണം ഭൂമിയുടെ അന്തര്‍ഘടനയെകുറിച്ചും അകക്കാമ്പിനെ കുറിച്ചും നേരിട്ട് പഠിക്കുക അസാധ്യമാണ് എന്നത് തന്നെ. ഭൂമി തുരന്ന് തുരന്ന് പോകാനൊക്കില്ലല്ലോ. അവിടെയാണ് സൈക്കി ദൗത്യത്തിന്റെ പ്രാധാന്യം.
1852-ല്‍ ഇറ്റാലിയന്‍ ജ്യോതി ശാസ്ത്രജ്ഞനായ ആനിബേല്‍ ഡി ഗാസ്പാരിസ് ആണ് സൈക്കി ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ഗ്രീക്ക് ഐതീഹ്യങ്ങളിലെ ദേവത സങ്കല്‍പ്പങ്ങളിലൊന്നിന്റെ പേരാണ് സൈക്കി. ഇതുവരെ കണ്ടെത്തിയ ഛിന്നഗ്രഹങ്ങളില്‍ പതിനാറാമത്തേതാണിത്. '16 സൈക്കി' എന്നാണ് ഛിന്നഗ്രഹത്തിന്റെ ഔദ്യോഗിക നാമം. ലോഹസമ്പന്നമായ എം ടൈപ്പ് ഗ്രഹങ്ങളില്‍ ഏറ്റവും വലുതാണിത്. സൈക്കിയിലെ വലിയ അളവിലുള്ള ലോഹസാന്നിധ്യമാണ് ശാസ്ത്രലോകത്തെ അതിലേക്ക് ആകര്‍ഷിക്കുന്നത്.
ഭൂമി പോലെയുള്ള ഗ്രഹങ്ങളുടെ ഉള്ളില്‍ ലോഹനിര്‍മിതമായ അകക്കാമ്പുണ്ട് (Inner Core). ഭൂമിയുടെ അകക്കാമ്പ് ഇരുമ്പും നിക്കലും ചേര്‍ന്നുള്ള അലോയ് കൊണ്ടും മറ്റ് മൂലകങ്ങള്‍ കൊണ്ടും നിര്‍മിച്ചതാണെന്നാണ് കരുതപ്പെടുന്നത്. വലിയ അളവിൽ ലോഹ സാന്നിധ്യമുള്ള സൈക്കി ഗ്രഹങ്ങളുടെ ആദിരൂപമാണ്/ ആദിഗ്രഹരൂപമാണ് (Planetesimal) എന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. ഇക്കാരണത്താല്‍ ഭൂമിയുടെ അകക്കാമ്പിന്റെ പഠനം സൈക്കിയിലൂടെ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവരെയുള്ള വിശകലനങ്ങള്‍ അനുസരിച്ച് ശിലയും ലോഹവും ചേര്‍ന്ന് രൂപപ്പെട്ടതാണ് സൈക്കി. 30% മുതല്‍ 60% വരെ ലോഹസാന്നിധ്യമുണ്ടാകുമെന്നും കണക്കാക്കപ്പെടുന്നു.
റഡാര്‍ ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലൂടെയും ദൂരദര്‍ശിനി ഉപയോഗിച്ചുള്ള ഒപ്റ്റിക്കല്‍ നിരീക്ഷണങ്ങളിലൂടെയുമാണ് ഇതുവരെ സൈക്കിയെ കുറിച്ച് പഠിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ സൈക്കിയുടെ ത്രീഡി രൂപവും ശാസ്ത്രജ്ഞര്‍ തയ്യാറാക്കിയിട്ടുണ്ട്. അതില്‍ രണ്ട് വലിയ ഗര്‍ത്തങ്ങള്‍ ഉണ്ട്. ലോഹത്തിന്റെ അളവിലും ഛിന്നഗ്രഹത്തിന്റെ നിറത്തിലും ഓരോ സ്ഥലങ്ങളിലും മാറ്റങ്ങളുണ്ടെന്ന സൂചന ഇതില്‍നിന്നു ലഭിക്കുന്നു. എന്നാല്‍, സൈക്കിയുടെ യഥാര്‍ത്ഥരൂപം അറിയണമെങ്കില്‍ നാസയുടെ പേടകം അതിനടുത്തെത്തണം.
ഭൂമിയില്‍നിന്ന് 50 കോടി കിലോ മീറ്റര്‍ അകലെയാണ് സൈക്കി ഛിന്നഗ്രഹം സ്ഥിതി ചെയ്യുന്നത്. പ്രകാശം ഈ ദൂരപരിധിയില്‍ സഞ്ചരിക്കാന്‍ 31 മിനിറ്റ് നേരമെടുക്കും. ഏകദേശം 226 കിലോ മീറ്റര്‍ വ്യാസമുള്ള ഗോളരൂപമാണ് സൈക്കിയ്ക്ക്. 1,65,800 ചതുരശ്ര കിലോ മീറ്റര്‍ വിസ്തൃതിയുള്ള ഉപരിതലമാണ് ഇതിനെന്നും കണക്കാക്കപ്പെടുന്നു. ഭൂമിയുടെ ഗുരുത്വാകര്‍ഷണ ബലത്തേക്കാള്‍ കുറവാണ് സൈക്കിയിലേത്. ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനേക്കാളും കുറവാണത്. സൈക്കിയില്‍നിന്ന് ഒരു കാറിനെ കൈകൊണ്ട് പൊക്കിയാല്‍ അത് ഒരു വലിയ നായയെ പൊക്കുന്നതിന് തുല്യമായിരിക്കുമെന്ന് നാസ പറയുന്നു.

നാസയുടെ സൈക്കി ദൗത്യം
സൈക്കി ഛിന്നഗ്രഹത്തെ ലക്ഷ്യമിട്ടുള്ള ഓര്‍ബിറ്റര്‍ ദൗത്യമാണിത്. ഛിന്നഗ്രഹത്തിന്റെ അതേ പേര് തന്നെയാണ് ദൗത്യത്തിനും ഇട്ടിരിക്കുന്നത്. അരിസോണ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ നേതൃത്വത്തിലാണ് ദൗത്യം. ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി 2017-ലാണ് സൈക്കി ദൗത്യത്തെ നാസ തിരഞ്ഞെടുത്തത്. സൗരയൂഥത്തിനുള്ളിലെ ചെലവ് കുറഞ്ഞ പര്യവേക്ഷണ ദൗത്യങ്ങള്‍ക്ക് ഫണ്ട് നല്‍കുന്ന പദ്ധതിയാണ് ഡിസ്‌കവറി.
ലോ ത്രസ്റ്റ് സോളാര്‍ ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ സംവിധാനം ഉപയോഗിച്ചാണ് സൈക്കി പേടകം ഛിന്നഗ്രഹത്തിലേക്ക് സഞ്ചരിക്കുക. ചൊവ്വയുടെ ഗുരുത്വ ബലവും പേടകം സഞ്ചാരത്തിനായി പ്രയോജനപ്പെടുത്തും. നാല് ഘട്ടങ്ങളിലായി ഛിന്നഗ്രഹത്തെ ചുറ്റുന്ന പേടകം വിവിധ ശാസ്ത്രീയ പഠനങ്ങള്‍ നടത്തും. ഓരോ തവണ ചുറ്റുമ്പോഴും പേടകം ഛിന്നഗ്രഹത്തിനോടടുക്കും. ഒക്ടോബര്‍ 12-ന് രാവിലെ 10:16-ന് സൈക്കി വിക്ഷേപിക്കാനാണ് പദ്ധതിയിട്ടിരുന്നത് എങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് അത് വൈകി. ഒക്ടോബര്‍ 13 വെള്ളിയാഴ്ച വൈകീട്ട് 7.49-നാണ് അടുത്ത സമയം.

നിരവധി പരിശോധനകള്‍ക്കൊടുവിലാണ് സൈക്കി പേടകം വിക്ഷേപണത്തിന് തയ്യാറെടുത്തിരിക്കുന്നത്. മൂന്ന് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഒപ്പം സോളാര്‍ പാനലുകളും ഉണ്ട്. സോളാര്‍ പാനല്‍ വിടര്‍ത്തിയാല്‍ ഒരു ടെന്നീസ് കോര്‍ട്ടിനോളം വലിപ്പം പേടകത്തിനുണ്ടാവും.
2029 ജൂലായിലാണ് പേടകം സൈക്കിയുടെ ഗുരുത്വബല പരിധിയിലെത്തുക. ഓഗസ്റ്റില്‍ തന്നെ പേടകം പ്രഥമ ദൗത്യം ആരംഭിക്കും. ഛിന്നഗ്രഹത്തെ രണ്ട് വര്‍ഷത്തോളം ഭ്രമണം ചെയ്യുന്ന പേടകം നിരവധി ചിത്രങ്ങള്‍ പകര്‍ത്തുകയും ഛിന്നഗ്രഹത്തിന്റെ ഉപരിതലത്തിന്റെ ഭൂപടം തയ്യാറാക്കുകയും ചെയ്യും. ഒപ്പം ഛിന്നഗ്രഹത്തിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടുന്നതിനുള്ള പഠനങ്ങളും നടത്തും. 2031-ലാണ് ദൗത്യം പൂര്‍ത്തിയാവുക.
ഒരു ചെറിയ വാനിന്റെ അത്ര വലിപ്പം മാത്രമാണ് സൈക്കിയുടെ സോളാര്‍ പാനല്‍ ഒഴികെയുള്ള ഭാഗത്തിന്റെ വലിപ്പം. സോളാര്‍ വൈദ്യുതിയുപയോഗിച്ചാണ് ഇതിന്റെ പ്രവര്‍ത്തനം. മാഗ്നറ്റോ മീറ്റര്‍, ഗാമാ റേ ആന്റ് ന്യൂട്രോണന്‍ സ്‌പെക്ട്രോമീറ്റര്‍, മള്‍ടി സ്‌പെക്ട്രല്‍ ഇമേജര്‍ തുടങ്ങിയ മൂന്ന് ശാസ്ത്ര ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. ഛിന്നഗ്രഹത്തെ കാണുന്നത് മുതലുള്ള ചിത്രങ്ങള്‍ പേടകം ഭൂമിയിലേക്ക് അയക്കും.

ഭൂമിയെ പോലുള്ള ഗ്രഹങ്ങളുടെ അകകാമ്പ് രൂപീകരിക്കപ്പെട്ട പോലെ ലോഹക്കൂട്ടുകളാണ് സൈക്കിയുടെയും ഉള്ളിലെന്നാണ് അനുമാനം. സൗരയൂഥ രൂപീകരണ ഘട്ടത്തില്‍ എപ്പോഴോ ശക്തമായ കൂട്ടിയിടികളുടെ ഫലമായി ഈ ലോഹ രൂപത്തെ ചുറ്റിയിരുന്ന മാന്റില്‍ ഭാഗം നഷ്ടമാവുകയും അകത്തുണ്ടായിരുന്ന ലോഹ കോര്‍ അഥവാ അകകാമ്പ് ബാക്കിയാവുകയും ചെയ്തുവെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. ഭൂമിയുടെ അകക്കാമ്പും സൈക്കിയും ഒരേ ലോഹനിര്‍മിതമാണെന്ന അനുമാനത്തിലാണ് നാസയുടെ ദൗത്യത്തിന്റെ പോക്ക് എങ്കിലും മറ്റ് ചില അപ്രതീക്ഷിത കണ്ടെത്തലുകള്‍ക്കും ഈ ദൗത്യത്തിലൂടെ സാധിച്ചേക്കും.
ഒരു പക്ഷെ ഈ ഛിന്നഗ്രഹം മറ്റെന്തെങ്കിലും ലോഹ വസ്തുകൊണ്ട് നിര്‍മിക്കപ്പെട്ടതാവാം. പുതിയൊരു ലോഹമാവാം. സൗരയൂഥത്തില്‍ എവിടെയോ സൃഷ്ടിക്കപ്പെട്ട പുതിയതരം ലോഹത്താല്‍ സമ്പന്നമായൊരു ബഹിരാകാശ വസ്തുവാകാം ഇത്.
ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള യാത്ര
ഒരു തരത്തില്‍ ഭൂമിയുടേയോ മറ്റേതെങ്കിലും ഗ്രഹത്തിന്റേയോ തുരന്ന് അതിന്റെ കേന്ദ്രത്തിലുള്ള അകക്കാമ്പിലേക്ക് പോവുക മനുഷ്യന് അസാധ്യമായ കാര്യമാണ്. എന്നാല്‍ അതിന് തുല്യമാണ് സൈക്കി പേടകത്തിന്റെ യാത്ര. ശാസ്ത്രലോകം കരുതുന്ന പോലെ സൈക്കി ഒരു ആദിഗ്രഹ രൂപമാണെങ്കില്‍, ഭൂമിയെ പോലുള്ള ഗ്രഹങ്ങളുടെ ഉള്‍ഭാഗത്തെ കുറിച്ചും സൗരയൂഥ നിര്‍മാണത്തിലേക്ക് നയിച്ച കൂട്ടിയിടികളെ കുറിച്ചുമെല്ലാമുള്ള അറിവുകളിലേക്ക് അത് വഴിപാകും.
Content Highlights: nasa psyche orbiter mission
Published: 13 Oct 2023, 06:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented