
''എന്റെ മോളേ ഞാനിവിടെ കുത്തിയിരുന്നു മടുത്തു. പണ്ടൊക്കെ വയസ്സായവര്‍ക്ക് അരിയിലെ കല്ലും മണ്ണും പെറുക്കിയും ചേറിയും വൃത്തിയാക്കലെങ്കിലും ചെയ്യാമായിരുന്നു. ഇപ്പോഴത്തെ റേഷനരിയില്‍ പോലുമില്ല കല്ലും മണ്ണും. '
'അമ്മമ്മക്കാ ടിവി വല്ലതുമിരുന്നു കണ്ടൂടെ. ചന്ദ്രയാന്‍ ചന്ദ്രനിലെ കല്ലും മണ്ണും തിരഞ്ഞു പഠിക്കുന്ന കാലത്താണ് അരിയില് കല്ലും മണ്ണും''
''അതെന്തിനാടീ കുഞ്ഞേ ചന്ദ്രനില്‍ പോയിട്ട് കല്ലും മണ്ണും മാന്തണത്, അതിനാണോ ഗവണ്മെന്റ് ഇക്കണ്ട കാശൊക്കെ പൊടിക്കണത്''
''അതൊക്കെ കൊറേ കാര്യങ്ങളുണ്ട് അമ്മമ്മേ''
''നീ പറ വെറുതെ ഇരിക്കുമ്പോ ചുമ്മാ കേക്കാലോ. നിനക്ക് നാളെയൊരു കാലത്ത് കുട്ട്യോളെ പഠിപ്പിക്കേണ്ടതല്ലേ, എനിക്ക് മനസ്സിലാവോന്നും നോക്കാലോ '
ഈ ഭൂമിടെ ഉപഗ്രഹാണല്ലോ ചന്ദ്രന്‍, ചന്ദ്രനില്‍ ഭൂമിയിലുള്ള പോലെ വായു ഒന്നും ഇല്ല. ഇടയ്ക്കിടെ അടുത്തു കൂടെ പോണ ഉല്‍ക്കകളും വാല്‍നക്ഷത്രങ്ങളുമൊക്കെ അവിടെ ചെന്നു വീഴും. ഭൂമിയില്‍ ഉല്‍ക്ക വീഴാതെ കാക്കണത് നമ്മടെ അന്തരീക്ഷമാണല്ലോ. ഇങ്ങനെ വന്നു വീഴുന്നത് പൊടിഞ്ഞും ഇടിച്ച് ചന്ദ്രന്റെ പുറം ഭാഗം കുത്തി പൊടിഞ്ഞുമൊക്കെ ഉണ്ടാവുന്നതാണ് ചന്ദ്രനിലെ മണ്ണ്. പിന്നെ ചില അഗ്‌നിപര്‍വതങ്ങള്‍ പൊട്ടിത്തെറിച്ച് ആ ലാവ പൊടിഞ്ഞ് ഉണ്ടാകുന്നതും. ഈ മണ്ണിനെ പറ്റി പഠിച്ചാല്‍ ഒരുപാട് കാര്യങ്ങള്‍ നമുക്ക് മനസ്സിലാക്കാന്‍ പറ്റും. ചന്ദ്രോപരിതലത്തില്‍ നിന്നുള്ള കല്ലിനെയും മണ്ണിനെയും ഒക്കെചേര്‍ത്ത് റിഗോലിത്ത് എന്നാണ് വിളിക്കുന്നത്''

പണ്ട് ആറാം ക്ലാസില്‍ പഠിക്കുമ്പോ നമ്മടെ അനങ്ങന്‍ മല അഗ്‌നിപര്‍വതമായി പൊട്ടിത്തെറിക്കോ എന്ന് നീ പേടിച്ചതോര്‍മ്മയുണ്ട്. എന്താപ്പോ മണ്ണില്‍ നിന്നും കല്ലില്‍ നിന്നും മനസ്സിലാക്കാന്‍ പറ്റുക?
അമ്മമ്മ വെറുതെ പഴയ മണ്ടത്തരങ്ങളോര്‍മ്മിപ്പിക്കല്ലേ...! ആ അതൊക്കെയൊരു കാലം. ഭൂമിയും ചന്ദ്രനുമൊക്കെ ഏതാണ്ട് ഒരേ കാലത്ത് ഉണ്ടായ ചങ്ങാതിമാരാണ്. രണ്ട് സ്ഥലത്തേയും മണ്ണ് തമ്മില്‍ താരതമ്യം ചെയ്താല്‍ വായു ഇല്ലാത്ത സ്ഥലങ്ങളിലെ ഉപരിതലത്തിന്റെ അവസ്ഥ എന്താണ് എന്ന് മനസ്സിലാക്കാന്‍ പറ്റും. മാത്രമല്ല നമുക്ക് ചന്ദ്രനില്‍ പോയി താമസിക്കാനും അവിടെ നിന്ന് ചൊവ്വയിലേക്കും അതിലും ദൂരേക്കും ഒക്കെ പോവാന്‍ പ്ലാനുണ്ട്. അടുത്ത കാലത്തൊന്നും നടക്കാന്‍ ചാന്‍സില്ല. എന്നാലും ഈ മണ്ണിന്റെ ഘടനയും അത് എന്തുകൊണ്ട് ഉണ്ടാക്കിയതാണെന്നും ഒക്കെ അറിഞ്ഞാലല്ലേ കുഴപ്പമില്ലാതെ അവിടെ താമസിക്കാന്‍ പറ്റൂ. മാത്രമല്ല അവിടെ ചെടിവളര്‍ത്താന്‍ പറ്റോ, അരീം പച്ചക്കറീം കൃഷി ചെയ്യാന്‍ പറ്റോ എന്നൊക്കെ അറിയണ്ടേ? പിന്നെ മനുഷ്യന്‍ ചന്ദ്രനില്‍ പോയപ്പോഴും പേടകങ്ങളെ അയച്ചപ്പോഴും ഒക്കെയുള്ള വലിയ പ്രശ്‌നമായിരുന്നു അവിടത്തെ പൊടിക്കാറ്റ്. അതിന്റെ ഘടന എന്താണ് എന്നറിഞ്ഞാലല്ലേ അപകടങ്ങള്‍ ഒഴിവാക്കാനാവൂ. പിന്നെ ചന്ദ്രനില്‍ ജീവന്‍ ഉള്ളതായി ഇത് വരെ കണ്ടെത്തിയിട്ടില്ല. ഭൂമിയിലെ മണ്ണില്‍ എവിടെ നോക്കിയാലും ജീവന്റെ അവശിഷ്ടമായ ഓര്‍ഗാനിക് തന്മാത്രകള്‍ ഉണ്ടാകും. ഇതില്ലാതെ പരീക്ഷണങ്ങള്‍ നടത്തണമെങ്കില്‍ ചന്ദ്രനിലെ മണ്ണില്‍ നടത്താലോ. ചിലപ്പോ ഭൂമിയില്‍ കിട്ടാത്ത വല്ല പുതിയ രാസവസ്തുവും ഉണ്ടാക്കാന്‍ പറ്റിയാലോ? അല്ല ചിലപ്പോ നമുക്കറിയാത്ത പല രാസവസ്തുക്കളും ഈ മണ്ണില്‍ തന്നെ ഉണ്ടെങ്കിലോ?
അല്ല മോളേ അതെങ്ങനെയാ ഈ കല്ലും മണ്ണുമൊക്കെ ഭൂമിയിലേക്ക് കൊണ്ടരാ? മനുഷ്യന്‍ ചന്ദ്രനില്‍ പോയപ്പോഴാണോ?
അതെ. മനുഷ്യന്‍ ചന്ദ്രനില്‍ പോയപ്പോഴൊക്കെ ഭൂമിയില്‍ വെച്ച് പഠിക്കാനായി ധാരാളം കല്ലും മണ്ണും കൊണ്ട് പോന്നിട്ടുണ്ട്. അമേരിക്കക്കാരുടെ ആറ് അപ്പോളോ ദൗത്യങ്ങളില്‍ മാത്രം 382 കിലോ ചാന്ദ്രവസ്തുക്കളാണ് ഭൂമിയിലെത്തിച്ചത്. 22 കിലോ മുതല്‍ 111 കിലോ വരെ ഓരോ പ്രാവശ്യവും ഇങ്ങനെ കൊണ്ടുവന്നു. അതൊക്കെ വിശദമായി പഠിക്കുകയും ചെയ്തു.

എന്നിട്ടെന്താ പിടികിട്ടിയത്?
നമ്മുടെ പേടകങ്ങള്‍ ഇറങ്ങിയത് പല സ്ഥലങ്ങളിലാണല്ലോ. അവിടത്തെയൊക്കെ മണ്ണടരിന്റെ കനം കണക്കാക്കിയിട്ടുണ്ട്. ഭൂമിയിലെ പോലെ പല അട്ടികളായാണ് അവിടേയും മണ്ണ് കാണുന്നത്. പിന്നെ കല്ലുകളും പാറകളുമൊക്കെയുണ്ട്. മണ്ണിന്റെ സാന്ദ്രതയും കണക്കാക്കിയിട്ടുണ്ട്. ഭൂമിയിലെ മണ്ണ് പോലെ സിലിക്ക തന്നെയാണ് അവിടത്തെ മണ്ണിലും പ്രധാനം. ഭൂമിയിലെ മണ്ണില്‍ ചെടികളുടേയും ജീവികളുടെയും അവശിഷ്ടങ്ങള്‍ കലരുന്നത് കൊണ്ട് നല്ലൊരു ശതമാനം ഓര്‍ഗാനിക് സംയുക്തങ്ങളും ഉണ്ടാവും. ചന്ദ്രനില്‍ അതുള്ളതായി ഇതുവരെ കണ്ടെത്തിയിട്ടില്ല. പിന്നെ എടുക്കുന്ന സ്ഥലം അനുസരിച്ച് ഇരുമ്പ്, കാല്‍സ്യം, അലുമിനിയം ഇവയുടെ പല ധാതുക്കളും ഉണ്ടാവും. ചന്ദ്രനിലെ പല സ്ഥലങ്ങളിലെ മണ്ണിലെ കണികകളുടെ വലിപ്പവും ആകൃതിയും പഠിച്ചിട്ടുണ്ട്. ചന്ദ്രയാന്‍ 3 ഇപ്പോ സള്‍ഫറിന്റെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.
ചന്ദ്രയാന്‍ 3 ല്‍ മനുഷ്യരാരും പോയില്ലല്ലോ പിന്നെങ്ങനെയാ മണ്ണ് എടുത്തത് ?
അത് പിന്നെ അമ്മമ്മേ മനുഷ്യന്‍ പോകുന്ന ബഹിരാകാശ ദൗത്യങ്ങള്‍ മാത്രമല്ല സാമ്പിള്‍ ശേഖരിക്കാറ്. സോവിയറ്റ് യൂണിയനൊക്കെ 1970 ല്‍ തന്നെ മനുഷ്യരെ അയക്കാതെ ചന്ദ്രനിലെ മണ്ണ് ശേഖരിച്ചിട്ടുണ്ട്. റോബോട്ടിക് ദൗത്യങ്ങളാണ് ഇവ. അതായത് നമ്മളയക്കുന്ന ഉപകരണങ്ങള്‍ മണ്ണ് ശേഖരിച്ച് തിരിച്ച് കൊണ്ടു വരും. അങ്ങനെ ആദ്യമായി സോവിയറ്റ് യൂണിയന്റെ ലൂണ 16 ദൗത്യം 101 ഗ്രാം ചാന്ദ്രവസ്തുക്കളുമായി തിരിച്ച് വന്നു. ലൂണ 20 ഉം 24 ഉം ഇങ്ങനെ ചാന്ദ്രമണ്ണ് കൊണ്ടുവന്നിരുന്നു. അത് കഴിഞ്ഞും പല രാജ്യങ്ങളുടെ ദൗത്യങ്ങളും ചന്ദ്രനിലും, വാല്‍ നക്ഷത്രങ്ങളിലും ഒക്കെ പോയി സാമ്പിള്‍ ശേഖരിച്ച് വന്നിട്ടുണ്ട്. ഇപ്പോ അടുത്ത കാലത്ത് 2020 ല്‍ ചൈനയുടെ ചാങ് ഇ 5 ദൗത്യവും ചന്ദ്രനിലെ മണ്ണും കൊണ്ട് തിരിച്ച് വന്നു.

ഇനി വേറെ ചില ദൗത്യങ്ങള്‍ ഇങ്ങോട്ട് സാമ്പിള്‍ കൊണ്ടുവരാതെ അവിടെവെച്ച് തന്നെ പല തരം ഉപകരണങ്ങള്‍ ഉപയോഗിച്ച് പഠനം നടത്തും. ചന്ദ്രയാന്‍ ഒക്കെ ചെയ്യുന്നതും അതാണ്. ലാന്ററിലുള്ള ചന്ദ്രാസ് സര്‍ഫസ് തെര്‍മോഫിസിക്കല്‍ എക്‌സ്‌പെരിമെന്റ് (ChaSTE) ചന്ദ്രോപരിതലത്തിന്റെ ഊഷ്മാവും താപചാലകതയും അളക്കും. റോവറിലെ രണ്ട് പേലോഡുകള്‍ക്കും ഇത് തന്നെയാണ് പണി. ഒന്ന് ഒരു ആല്‍ഫ പാര്‍ട്ടിക്കിള്‍ എക്‌സ്‌റേ സ്‌പെക്ട്രോമീറ്ററും, മറ്റൊന്ന് ലേസര്‍ ഇന്‍ഡ്യൂസ്ഡ് ബ്രേക്ക്‌ഡൌണ്‍ സ്‌പെക്ട്രോസ്‌കോപ്പുമാണ്. ചന്ദ്രോപരിതലത്തില്‍ എന്തൊക്കെ മൂലകങ്ങളും സംയുക്തങ്ങളും ഉണ്ട്, അവയുടെ ഘടന എന്താണ് എന്നൊക്കെ ഇവ പഠിക്കും. ഈ സാമ്പിള്‍ തിരിച്ചെത്തിക്കുന്നതൊക്കെ നല്ല ചെലവുള്ള, സാങ്കേതിക വൈദഗ്ദ്ധ്യം ആവശ്യമുള്ള പണിയാണ്. ഇന്ത്യ ആ ലെവലിലേക്ക് എത്തുന്നതേ ഉള്ളൂ.
പിന്നെ ഒരു രീതി സാമ്പിള്‍ ശേഖരിക്കാനുള്ള ചില സംവിധാനങ്ങള്‍ ഉപയോഗിച്ച് കണങ്ങള്‍ ശേഖരിക്കലാണ്. അതായത് വേറൊരു വസ്തുവിലേക്ക് കണികകളെ പിടിച്ചെടുക്കും.ഇത് ചില ലോഹങ്ങളാവാം. സൂര്യനില്‍ നിന്നും വാല്‍നക്ഷത്രങ്ങളില്‍ നിന്നുമൊക്കെ സാമ്പിള്‍ ശേഖരിക്കാന്‍ ഈ രീതിയാണ് ബെസ്റ്റ്. നാസയുടെ സ്റ്റാര്‍ഡസ്റ്റ്, അതിന്റെ പേരില്‍ തന്നെ ഉദ്ദേശം വ്യക്തമാണല്ലോ, ഈ രീതിയിലാണ് വാല്‍നക്ഷത്രത്തില്‍ നിന്ന് സാമ്പിള്‍ എടുത്തത്. വലിയ സ്പീഡില്‍ നീങ്ങുന്ന കണികകളെ ഒക്കെ പിടിച്ചെടുക്കല്‍ നല്ല പാടാണ്. ശേഖരിക്കുന്ന കലക്ടറില്‍ തട്ടി തന്നെ അവയ്ക്ക് മാറ്റങ്ങള്‍ വരാം. അതൊഴിവാക്കാന്‍ എയറോജെല്‍ എന്ന ഉള്ളു മുഴുവന്‍ ചെറിയ ദ്വാരങ്ങളുള്ള വസ്തുവില്‍ കണികകളെ കുടുക്കലാണ് പുതിയ രീതി.
അല്ല മോളേ നീ പറഞ്ഞ പോലെ അവിടെ വെച്ച് പഠിക്കാന്‍ പറ്റുമെങ്കില്‍ പിന്നെ അധികച്ചെലവ് സഹിച്ച് സാമ്പിള്‍ കൊണ്ടു വരുന്നതെന്തിനാ? കുറച്ച് ഉപകരണങ്ങളേ ഉള്ളൂ എന്നത് കൊണ്ടാണോ?
അതേ കാര്യം ശരിയാണ്, അവിടെവെച്ചാവുമ്പോ നേരത്തേ കൂട്ടി തീരുമാനിച്ച് അയച്ച മൂന്നോ നാലോ ഉപകരണങ്ങള്‍ വെച്ചല്ലേ പഠിക്കാന്‍ പറ്റൂ. ഭൂമിയില്‍ കൊണ്ടു വന്നാലോ എല്ലാ സൗകര്യവുമുള്ള ഗവേഷണശാലകള്‍ ഉപയോഗിക്കാം. എന്നാലും സാമ്പിള്‍ കൊണ്ടുവരുമ്പോ ഭൂമിയിലെ കണികകള്‍ അതില്‍ കലരാതെ നോക്കലൊക്കെ നല്ല പണിയാണ്. മാത്രമല്ല ഭൂമിയിലെ ജീവന് അപകടമുണ്ടാക്കുന്ന എന്തെങ്കിലും അതില്‍ ഉണ്ടാവുമോ എന്ന പേടിയും പല ശാസ്ത്രജ്ഞര്‍ക്കുമുണ്ട്. അതുകൊണ്ട് നല്ല ശ്രദ്ധയും വൈദഗ്ദ്ധ്യവും ആവശ്യമുള്ള പരിപാടിയാണിത്.

| Photo: NASA
അല്ല, ചന്ദ്രനില്‍ നിന്നല്ലാതെ നമ്മള്‍ എവിടന്നൊക്കെ സാമ്പിള്‍ കൊണ്ടുവന്നു?
നാസയുടെ സ്റ്റാര്‍ഡസ്റ്റ് ദൗത്യം 81P/Wild എന്ന വാല്‍നക്ഷത്രത്തിന്റെ വാലില്‍ നിന്ന് സാമ്പിള്‍ കൊണ്ടു വന്നു. ജപ്പാന്റെ ഹയബൂസ 1, 2 ദൗത്യങ്ങള്‍ 25143 Itokawa, 162173 Ryugu എന്നീ ഛിന്നഗ്രഹങ്ങളില്‍ നിന്ന് സാമ്പിള്‍ കൊണ്ടുവന്നിരുന്നു. നാസയുടെ ജെനസിസ് സൗരവാതത്തിലെ കണികകളെ ആണ് പിടിച്ചെടുത്തത്. ഇനി ഈ മാസം 24 ന് 101955 Bennu എന്ന ഛിന്നഗ്രഹത്തില്‍ നിന്നുള്ള സാമ്പിളുമായി നാസയുടെ OSIRIS-REx തിരിച്ചെത്തും എന്ന് പ്രതീക്ഷിക്കുന്നു. ഏതാണ്ട് ഒരു ഗ്രാം സാമ്പിള്‍ മാത്രമേ പലതിലും ശേഖരിച്ചിട്ടുള്ളൂ എങ്കിലും സൗരയൂഥം ഉണ്ടായ കാലത്തെ അവസ്ഥ എന്തായിരുന്നു എന്ന് മനസ്സിലാക്കാന്‍ വാല്‍നക്ഷത്രങ്ങളുടേയും ഛിന്നഗ്രഹങ്ങളുടേയും ഘടനാ പഠനം സഹായിച്ചേക്കും. ചൊവ്വയില്‍ നിന്നും , ഉപഗ്രഹമായ ഫോബോസില്‍ നിന്നും, ചില ഛിന്നഗ്രഹങ്ങളില്‍ നിന്നും ഒക്കെ സാമ്പിള്‍ ശേഖരിക്കാന്‍ ചൈനയും, ജപ്പാനും, നാസയുമൊക്കെ ഒരുങ്ങി നില്‍പ്പുണ്ട്. ചൊവ്വയില്‍ ജീവന്‍ ഉണ്ടായിരുന്നോ, ഇപ്പോഴും ഉണ്ടോ എന്നൊക്കെ അത് വഴി മനസ്സിലാക്കാം എന്നാണ് പ്രതീക്ഷ. നമ്മുടെ ചന്ദ്രയാന്‍ 6, 2030 നു ശേഷം ചന്ദ്രനില്‍ പോയി മണ്ണും കല്ലും ശേഖരിക്കാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്.
നമ്മുടെ ചന്ദ്രയാന്‍ 1 ലെ ഡാറ്റ ഉപയോഗിച്ചാണ് ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയത്. പിന്നീട് ചൈന കൊണ്ടുവന്ന സാമ്പിള്‍ ഇത് സ്ഥിരീകരിച്ചു. ചന്ദ്രയാന്‍ 3 ലെ രണ്ട് പേലോഡുകള്‍ സള്‍ഫറിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതത്ര പുതിയ കാര്യമല്ല, എഴുപതുകളില്‍ തന്നെ അറിയാവുന്നതാണ്. എന്നാലും പുതിയ അറിവുകള്‍ വല്ലതും വരുന്നോ എന്ന് നോക്കാം.
അത് കൊള്ളാം, നിനക്കേതായാലും പഠിപ്പിക്കണ പണി പറ്റും.
അമ്മമ്മക്ക് ബോറടിച്ചിട്ടുണ്ടാവും എന്നാലും ഒരു കാര്യം കൂടി. ചന്ദ്രനിലെ മണ്ണില്‍ ചെടിയൊക്കെ വളരും. ഇക്കഴിഞ്ഞ കൊല്ലമാണ് ഫ്ളോറിഡ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞര്‍ ചന്ദ്രനില്‍ നിന്നുള്ള മണ്ണില്‍ വിത്തുകള്‍ മുളപ്പിച്ചത്. കടുക് വര്‍ഗത്തില്‍പ്പെട്ട വളര്‍ത്താന്‍ എളുപ്പമുള്ള ഒരു കുഞ്ഞന്‍ ചെടിയായ Arabidopsis thaliana ആണ് വളര്‍ത്തിയത്. അപ്പോളോ 11, 12, 17 ദൗത്യങ്ങളില്‍ നിന്നുള്ള മണ്ണാണ് ഉപയോഗിച്ചത്. ഭൂമിയിലെ മണ്ണില്‍ വളര്‍ന്ന ചെടികളുടെ അത്രയും ആരോഗ്യം അവയ്ക്കുണ്ടായിരുന്നില്ല.

ഏതായാലും ചന്ദ്രനില്‍ കൃഷി ചെയ്യാനുള്ള ഒരു സാധ്യത ഇവ ചൂണ്ടിക്കാട്ടുന്നു. ചിലപ്പോ ചെടികളുടെ ജനിതക ഘടനയില്‍ ചെറിയ മറ്റങ്ങളൊക്കെ വേണ്ടി വന്നേക്കും. അത് സംബന്ധിച്ചും പഠനം നടക്കുന്നുണ്ട്.
"എന്നാലും മനുഷ്യന്‍ കാണിക്കുന്ന ഓരോ അതിശയങ്ങള്‍ നോക്കണേ. "
"വെറുതെയാണോ നമ്മള്‍ ബുദ്ധിയുള്ള, അധ്വാനിക്കാന്‍ കഴിവും മനസ്സുമുള്ള ജീവികളായത് കൊണ്ടല്ലേ. സയന്‍സാണല്ലോ നമ്മളെ ഇത്ര ദൂരത്തേക്ക് എത്തിച്ചത്. "
"ശരിയാ, എനിക്ക് സഹോദരന്‍ അയ്യപ്പന്റെ സയന്‍സ് ദശകം ഓര്‍മ്മ വരുന്നു . "
(എണ്‍പത് വയസ്സ് കഴിഞ്ഞിട്ടും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ താല്പര്യം കാണിച്ചിരുന്ന, ഞങ്ങളുടെ സയന്‍സ് പാഠപുസ്തകങ്ങള്‍ വായിച്ചിരുന്ന അമ്മമ്മ ചേനംപുല്ലി പാറുക്കുട്ടി അമ്മയുടെ ഓര്‍മ്മയ്ക്ക്)
Content Highlights: moon exploration, lunar missions, chandrayaan 3,
Published: 12 Sept 2023, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented