
ആകാശം മുഴുവന്‍ നക്ഷത്രമഴപോലെ പെയ്തു... രാത്രി നക്ഷത്രങ്ങള്‍ കൂട്ടത്തോടെ കത്തിയപോലെ... പകല്‍പോലെ വെളിച്ചം വന്നു... 1833 നവംബര്‍ മാസത്തിലെ ചില ഡയറിക്കുറിപ്പുകള്‍ ഇങ്ങനെ കാണപ്പെട്ടു. അദ്ഭുതംതിങ്ങിയ ദൃക്സാക്ഷികളുടെ അന്നത്തെ വാചകങ്ങളും ചിന്തകളും രേഖകളും ജ്യോതിശ്ശാസ്ത്രത്തിന്റെ ചരിത്രത്തില്‍ ഇന്ന് ഇടംപിടിച്ചുകഴിഞ്ഞു. അച്ചടി കണ്ടുപിടിച്ചതിനുശേഷം ഇതുപോലെയുള്ള കുറിപ്പുകള്‍ നമ്മുടെ ചരിത്രത്തില്‍ വേറെയില്ല. സ്വാഭാവികമായും ഇതേതോ വമ്പന്‍ യുദ്ധത്തിന്റെകാലത്തെ കുറിപ്പാണോ എന്ന് സംശയിച്ചേക്കാം. ആകാശം മുഴുവന്‍ കത്തിച്ചുവെളുപ്പിക്കാന്‍മാത്രം വെടിക്കോപ്പുകള്‍ മനുഷ്യന് ഇല്ലാത്ത കാലമായിരുന്നു അതെങ്കില്‍ക്കൂടി.
ആകാശം ഒരു തീപ്പേമാരിപോലെ കണ്ടെങ്കിലും എന്താണ് സംഭവിക്കുന്നതെന്ന് കാണികള്‍ക്കാര്‍ക്കും അന്ന് മനസ്സിലായില്ല. ചിലരത് ലോകാവസാനമാണെന്നു കരുതി. മറ്റുചിലര്‍ ഈശ്വരകോപത്തിന്റെ നിദര്‍ശമാണതെന്നു കരുതി. എന്നാല്‍, ശരിക്കും എന്തായിരുന്നു അത്. അതൊരു ഉല്‍ക്കവര്‍ഷമായിരുന്നു... വെറും വര്‍ഷമല്ല, ഒരു ഉല്‍ക്കപ്പേമാരിതന്നെ. ഒരു മിനിറ്റില്‍ ഏകദേശം 10 ലക്ഷം ഉല്‍ക്കകള്‍ ആകാശത്തിലൂടെ അന്ന് സഞ്ചരിച്ചു. അതായത് ഒരു സെക്കന്‍ഡില്‍ പതിനായിരക്കണക്കിന് ഉല്‍ക്കകള്‍ ചീറിപ്പായുന്നു. ശരിക്കും പ്രകൃതിയുടെ ഒരു ഓര്‍ഗാനിക് വെടിക്കെട്ട്. ഈ അഭൗമദൃശ്യം കണ്ടവരരാരും ആ രാത്രി ഉറങ്ങിയില്ല. അവര്‍ ഒരിക്കലും ഈ കാഴ്ച മറന്നുമില്ല.
എല്ലാം ഓര്‍ത്തെടുത്ത് അവര്‍ അതിനെക്കുറിച്ച് എഴുതി, വരച്ചു, സംസാരിച്ചു. അങ്ങനെ ഇത് ചരിത്രത്തിലെ ഒരു വിചിത്രമായ, അദ്ഭുതകരമായ രേഖയായിമാറി. 55P/Tempel-Tuttle എന്ന ധൂമകേതുവില്‍നിന്ന് ഉദ്ഭവിച്ച ലിയോണിഡ്സ് (Leonids) ഉല്‍ക്കക്കണികകള്‍ നമ്മുടെ ഭൂമിയിലെ അന്തരീക്ഷത്തില്‍ കത്തിത്തീരുന്നതാണ് അന്ന് മനുഷ്യര്‍ കണ്ടത്. എല്ലാ 165 വര്‍ഷം കൂടുമ്പോഴും ലിയോണിഡ്സ് കണികകളും വ്യാഴവും അവരവരുടെ ഭ്രമണപഥത്തില്‍ അവരവരുടെ സ്ഥാനത്ത് ആവര്‍ത്തിച്ച് കണ്ടുമുട്ടും. അപ്പോള്‍ വ്യാഴം ഈ ഉല്‍ക്കക്കണികകള്‍ക്ക് ഒരു ഗുരുത്വാകര്‍ഷണതലോടല്‍ കൊടുത്തുവിടും. എല്ലാ 165 വര്‍ഷം കൂടുമ്പോഴും ഈയൊരു തലോടല്‍ കാരണം ലിയോണിഡ്സ് കണികകള്‍ ചിതറിപ്പോവാതെ ഒന്നിച്ചു കൂട്ടംകൂട്ടമായിത്തന്നെ നില്‍ക്കും.
ഒന്നിച്ച് പറക്കുന്ന ആയിരക്കണക്കിന് തേനീച്ചകള്‍ അടങ്ങുന്ന തേനീച്ചക്കൂട്ടം കണ്ടുകാണുമല്ലോ. ഇവിടെ അത് കാക്കത്തൊള്ളായിരം ഉല്‍ക്കക്കണികകള്‍ പറക്കുന്ന കൂട്ടംപോലെ സങ്കല്പിച്ചാല്‍ മതി. കാക്കത്തൊള്ളായിരം മിന്നാമിനുങ്ങുകള്‍പോലെ അവ ഭൂമിയുടെ അന്തരീക്ഷത്തില്‍ കത്തിജ്ജ്വലിക്കും. അതാണ് 1833 നവംബറില്‍ സംഭവിച്ചത്. അതൊരു ഉല്‍ക്കപ്പേമാരിയായിരുന്നു. ചെറിയതോതില്‍ 1998-ലും അത് സംഭവിച്ചു. ഒരു മിനിറ്റില്‍ ആയിരക്കണക്കിന് ഉല്‍ക്കകള്‍ അന്ന് ആകാശത്തില്‍ കത്തിജ്ജ്വലിച്ചു. ഇതിനൊക്കെ കാരണം വ്യാഴത്തിന്റെ പതുങ്ങിയിരുന്നുള്ള ഒരു സ്പെഷ്യല്‍ തലോടലാണ്. 1998-ലാണ് 1833 കാലത്തുനടന്ന ഈ ആകാശവെടിക്കെട്ടിന്റെ കാരണം മനസ്സിലായിവന്നത്, 165 വര്‍ഷത്തിനുശേഷം.
ലിയോണിഡ്സ് ഉല്‍ക്കാവര്‍ഷത്തിന്റെ പ്രതിഭാസം ആദ്യമായിട്ട് കണ്ടുപിടിക്കുന്നത് സ്‌കോട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞന്‍ ഡേവിഡ് ആഷര്‍ (David Asher) ആണ്. അദ്ദേഹമാണ് ആദ്യമായി ഭൂമിയില്‍ സംഭവിക്കുന്ന ഉല്‍ക്കക്കൊടുങ്കാറ്റിന്റെ വരവിനെ കൃത്യതയോടെ പ്രവചിച്ചത്. അത് ഉല്‍ക്കശാസ്ത്രത്തിന്റെ ഗതിതന്നെ മാറ്റിവിടാനിടയായി. ഇത് കണ്ടുപിടിച്ച സ്‌കോട്ടിഷ് ജ്യോതിശ്ശാസ്ത്രജ്ഞനും കേരളവും തമ്മിലും ഒരു രസകരമായ ബന്ധമുണ്ട്.
ബേപ്പൂര്‍ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ അടുത്തസുഹൃത്തും പരിഭാഷകനുമായ റൊണാള്‍ഡ് ആഷറിന്റെ മകനാണ് ഈ ഡേവിഡ്. അതിനാല്‍ ഈ നവംബറില്‍ നിങ്ങള്‍ അല്ലറച്ചില്ലറ ലിയോണിഡ്സ് ഉല്‍ക്കവര്‍ഷം ബേപ്പൂരിലെ കടപ്പുറത്തിരുന്നു കാണൂ. നവംബര്‍ 16 മുതല്‍ നവംബര്‍ 18 വരെയാണ് ലിയോണിഡ്സ് ഉല്‍ക്കമഴയുടെ തീവ്രതയുടെ കൊടുമുടി. ഈ വര്‍ഷത്തെ ലിയോണിഡ്സ് 1833-ലെയോ 1998-ലെയോപോലെ ഒരു വമ്പന്‍ വെടിക്കെട്ടൊന്നുമാവാന്‍ സാധ്യതയില്ല. കൂടിവന്നാല്‍ മണിക്കൂറില്‍ 15 ഉല്‍ക്കകള്‍ കാണാന്‍പറ്റിയാല്‍ ഭാഗ്യം.
പ്രകാശം കാരണം മലിനപ്പെടാത്ത ഇരുട്ടായ തുറന്ന കടപ്പുറപ്രദേശമാണ് ഏറ്റവും അനുയോജ്യം. മൊബൈല്‍ ഫോണില്‍ സ്റ്റെല്ലാറിയം (Stellarium) പോലെയുള്ള ഫ്രീ സ്‌കൈ വാച്ചിങ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ മതി. എന്നിട്ട് ലിയോ നക്ഷത്രക്കൂട്ടം (Leo constellation) ദിശയില്‍ നോക്കാന്‍ ശ്രമിക്കുക. ലിയോ എന്നാല്‍, ലാറ്റിന്‍ ഭാഷയില്‍ സിംഹം എന്നാണ് അര്‍ഥം. രാത്രി 12 മണിക്കും സൂര്യോദയത്തിനും ഇടയിലുള്ള സമയമാണ് ഉത്തമം. നമ്മുടെ ദേശത്തിലെ നഗരവിളക്കുകള്‍ കാരണം പലപ്പോഴും ചെറിയ ഉല്‍ക്കകള്‍ കാണാന്‍ പ്രയാസമാണ്. മേഘങ്ങളില്ലാതെ ആകാശം കാണാന്‍ ഭാഗ്യം തുണയ്ക്കുകയും വേണം.
(ഇന്ത്യയില്‍നിന്നുള്ള ആദ്യത്തെ പ്രൊഫഷണല്‍ ഉല്‍ക്കശാസ്ത്രജ്ഞനാണ് ലേഖകന്‍)
Content Highlights: leonid meteor shower of 1833 first recorded meteor storm
Published: 15 Nov 2024, 10:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented