ദുബായ് : എമിറേറ്റിൽ കഴിഞ്ഞമാസം 27,756 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തിയതായി ദുബായ് പോലീസ് അറിയിച്ചു. നിർമിതബുദ്ധി (എ.ഐ.) അധിഷ്ഠിത സ്മാർട്ട് നിരീക്ഷണ സംവിധാനങ്ങളിലൂടെയാണ് നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം, അശ്രദ്ധമായി വാഹനമോടിക്കുക, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും റിപ്പോർട്ട് ചെയ്തത്. അശ്രദ്ധമായ ഡ്രൈവിങ് പെരുമാറ്റങ്ങൾ കണ്ടെത്താൻ ആധുനിക സാങ്കേതികവിദ്യകൾ തികച്ചും ഫലപ്രദമാണെന്ന് പോലീസിലെ ട്രാഫിക് ജനറൽ വകുപ്പ് മേധാവി ബ്രിഗേഡിയർ ജുമാ സലേം ബിൻ സുവൈദാൻ പറഞ്ഞു.
നിയമലംഘനങ്ങൾ കണ്ടെത്താനും ഗതാഗത സുരക്ഷ മെച്ചപ്പെടുത്താനുമുള്ള ശ്രമങ്ങൾക്ക് കരുത്തുപകരാൻ നഗരത്തിലെ ഉൾറോഡുകളിലും പ്രധാന ഹൈവേകളിലും നിരീക്ഷണ ഉപകരണങ്ങൾ വർധിപ്പിക്കും. സാധാരണ ഗതാഗത പരിശോധനകളിൽ കണ്ടെത്താൻ പ്രയാസമുള്ള നിയമലംഘനങ്ങൾ വളരെ കൃത്യതയോടെ രേഖപ്പെടുത്താൻ അത്യാധുനിക സംവിധാനങ്ങൾക്ക് സാധിക്കും.
വാഹനമോടിക്കുമ്പോൾ പൂർണമായും റോഡിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ചെറിയ അശ്രദ്ധപോലും വലിയ അപകടങ്ങളിലേക്കും ചിലപ്പോൾ മരണത്തിലേക്കും നയിച്ചേക്കും. വാഹനമോടിക്കുമ്പോൾ ഫോണിൽ സംസാരിക്കുക, സാമൂഹിക മാധ്യമങ്ങൾ ഉപയോഗിക്കുക, സന്ദേശങ്ങൾ ടൈപ്പ് ചെയ്യുക എന്നിവയിൽ ഏർപ്പെടുന്നത് ഡ്രൈവറുടെ ശ്രദ്ധ വ്യതിചലിക്കാൻ കാരണമാകും. ഇത്തരം നിരുത്തരവാദപരമായ പെരുമാറ്റങ്ങൾ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. വാഹനമോടിക്കുമ്പോൾ ഡ്രൈവർ പൂർണമായും റോഡിലെ സാഹചര്യങ്ങൾ ശ്രദ്ധിക്കണം. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹവും സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ 700 ദിർഹവും പിഴചുമത്തും.
സ്വന്തം ജീവനും മറ്റു റോഡ് ഉപയോക്താക്കളുടെ ജീവനും സംരക്ഷിക്കാൻ എല്ലാവരും നിയമങ്ങൾ കർശനമായി പിന്തുടരണം. ഗതാഗത നിയമങ്ങൾ കർശനമായി നടപ്പാക്കാനും പൊതുസുരക്ഷ മെച്ചപ്പെടുത്താനും അപകടങ്ങൾ കുറയ്ക്കാനുമാണ് നിരീക്ഷണ സംവിധാനങ്ങൾ വ്യാപിപ്പിക്കുന്നത്. നിയമലംഘനങ്ങൾ ആവർത്തിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടിയുണ്ടാകും. റോഡുകൾ സുരക്ഷിതമാക്കേണ്ടത് കൂട്ടായ ഉത്തരവാദിത്വമാണെന്നും ബിൻ സുവൈദാൻ ഓർമ്മിപ്പിച്ചു.
Published: 14 Nov 2026, 02:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented