ദമ്മാം: ഭീകരസംഘടനയിൽ അംഗങ്ങളായതും സുരക്ഷാ ഉദ്യോഗസ്ഥർക്കുനേരെ വെടിയുതിർത്തതുമടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതിനെത്തുടർന്ന് രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

To advertise here,

കിഴക്കൻ പ്രവിശ്യയിൽ രണ്ട് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതുമായി ബന്ധപ്പെട്ടാണ് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയത്. ഭൂമിയിൽ സമാധാനം സ്ഥാപിക്കപ്പെട്ടതിനുശേഷം അവിടെ കുഴപ്പങ്ങൾ സൃഷ്ടിക്കരുതെന്നതടക്കമുള്ള വിശുദ്ധ ഖുർആൻ വചനങ്ങൾ ഉദ്ധരിച്ചുകൊണ്ടാണ് മന്ത്രാലയം പ്രസ്താവന ആരംഭിച്ചത്.

സൗദി പൗരന്മാരായ ഫാദിൽ ബിൻ ഹസൻ ബിൻ അബ്ദുല്ല അൽസഫ്വാനി, ജവാദ് ബിൻ അബ്ദുല്ല ബിൻ അലി ഖുറൈരിസ് എന്നിവരാണ് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ടതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.

വിദേശ ഭീകരസംഘടനയിൽ ചേർന്നത്, ആയുധങ്ങളും ബോംബുകളും ഉപയോഗിച്ച് സുരക്ഷാ ഉദ്യോഗസ്ഥർക്കും സുരക്ഷാ വാഹനങ്ങൾക്കും നേരെ വെടിയുതിർത്തത്, ആയുധങ്ങളും ജീവനുള്ള വെടിയുണ്ടകളും കൈവശം വെച്ചത്, രാജ്യത്തിനകത്ത് ഭീകരപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനും സാമ്പത്തിക സഹായം നൽകിയതുമടക്കമുള്ള കുറ്റങ്ങളാണ് ഇരുവർക്കുമെതിരെ ചുമത്തിയിരുന്നത്.

സുരക്ഷാസേന ഇരുവരെയും അറസ്റ്റ് ചെയ്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുറ്റകൃത്യങ്ങളിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്. തുടർന്ന് ബന്ധപ്പെട്ട കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ നിയമപരമായ ഉത്തരവാദിത്തവും കുറ്റകൃത്യങ്ങളിലെ പങ്കാളിത്തവും തെളിയിക്കപ്പെട്ടു.

കുറ്റങ്ങൾ സ്ഥിരീകരിച്ച കോടതി ഇരുവർക്കും വധശിക്ഷ വിധിച്ചു. അപ്പീൽ നടപടികൾക്കും സുപ്രീം കോടതിയുടെ അംഗീകാരത്തിനും ശേഷം വിധി അന്തിമമാവുകയും ശിക്ഷ നടപ്പാക്കുന്നതിനുള്ള രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ശനിയാഴ്ച കിഴക്കൻ പ്രവിശ്യയിൽ ഫാദിൽ ബിൻ ഹസൻ ബിൻ അബ്ദുല്ല അൽസഫ്വാനിയുടെയും ജവാദ് ബിൻ അബ്ദുല്ല ബിൻ അലി ഖുറൈരിസിന്റെയും വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും നീതി നടപ്പാക്കുന്നതിനും നിരപരാധികളുടെ ജീവനും സുരക്ഷയ്ക്കും ഭീഷണിയാകുന്ന കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ഇസ്‌ലാമിക ശരീഅത്ത് നിയമങ്ങൾ നടപ്പാക്കുന്നതിനും സൗദി ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രാലയം പ്രസ്താവനയുടെ അവസാനം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് നിയമപ്രകാരമുള്ള ശിക്ഷ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.