അബുദാബി: യുഎഇയില്‍ അടുത്തവര്‍ഷം മുതല്‍ പുതിയ നിയമങ്ങളും പരിഷ്‌കാരങ്ങളും നടപ്പാക്കും. രാജ്യത്തെ എല്ലാ മേഖലകളിലും ജീവിതനിലവാരം മെച്ചപ്പെടുത്തുക ലക്ഷ്യമിട്ടാണ് മാറ്റങ്ങള്‍ നടപ്പാക്കുന്നത്. യുഎഇയില്‍ പഞ്ചസാര ഉള്‍പ്പെടെയുള്ള മധുര പദാര്‍ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക് ഏര്‍പ്പെടുത്തുന്ന അധിക നികുതി അടുത്തവര്‍ഷം ജനുവരി ഒന്ന് മുതല്‍ പ്രാബല്യത്തിലാകും. മധുര പദാര്‍ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കുന്ന പാനീയങ്ങള്‍ക്ക് 50 ശതമാനം അധിക നികുതി നല്‍കേണ്ടിവരും. യുഎഇ ധനകാര്യ മന്ത്രാലയവും ഫെഡറല്‍ ടാക്സ് അതോറിറ്റിയുമാണ് സുപ്രധാന മാറ്റം പ്രഖ്യാപിച്ചത്. ഏതേത് ഉത്പ്പന്നങ്ങള്‍ എന്നുനോക്കിയല്ല, മറിച്ച് പാനീയങ്ങളില്‍ ഉള്‍പ്പെടുത്തിയ പഞ്ചസാരയുടെ അളവുനോക്കിയായിരിക്കും നികുതിഘടന നിശ്ചയിക്കുക. ഓരോ ഉല്‍പ്പന്നത്തിലെയും പഞ്ചസാരയുടെ അളവ് പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ മാറ്റം. ഉത്പന്നത്തില്‍ അടങ്ങിയിട്ടുള്ള പഞ്ചസാരയ്ക്ക് നേരിട്ട് നികുതി ചുമത്താനാണ് തീരുമാനം.

To advertise here,

പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി ഒന്ന് മുതല്‍ യുഎഇയില്‍ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി, ഉത്പ്പാദനം, വ്യാപാരം എന്നിവക്ക് നിരോധനം നടപ്പാക്കും. 2024 ല്‍ പ്ലാസ്റ്റിക് ബാഗുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ട് ആരംഭിച്ച ഘട്ടം ഘട്ടമായുള്ള സമീപനത്തിന്റെ തുടര്‍ച്ചയാണിത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കപ്പുകള്‍, അടപ്പുകള്‍, പ്ലാസ്റ്റിക് കൊണ്ട് നിര്‍മ്മിച്ച ഒറ്റത്തവണ ഉപയോഗിക്കാവുന്ന കട്ട്‌ലറികള്‍, പ്ലാസ്റ്റിക് ഭക്ഷ്യ പാത്രങ്ങള്‍, സ്റ്റിക്കുകള്‍, സ്‌ട്രോ, സ്‌റ്റൈറോഫോം ഭക്ഷണ പാത്രങ്ങള്‍, കപ്പുകള്‍ എന്നിവയ്ക്ക് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തും.

നികുതി നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായി 2026 ല്‍ മൂല്യവര്‍ധിത നികുതി നിയമങ്ങളില്‍ ഭേദഗതികള്‍ കൊണ്ടുവരും. റിവേഴ്‌സ് ചാര്‍ജ് മെക്കാനിസം പ്രയോഗിക്കുമ്പോള്‍ നികുതി ബാധ്യതയുള്ളവര്‍ ഇനി സ്വയം ഇന്‍വോയ്‌സുകള്‍ നല്‍കേണ്ടതില്ല. കൂടാതെ നികുതി റീഫണ്ട് ലഭിക്കാനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാന്‍ അഞ്ച് വര്‍ഷത്തെ സമയപരിധി ഉള്‍പ്പെടെയുള്ള മാറ്റങ്ങളും നിലവില്‍വരും. 2026 മുതല്‍ യുഎഇ സമഗ്രമായ നികുതി പരിഷ്‌കാരങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്തവര്‍ഷം പകുതിയോടെ ഘട്ടംഘട്ടമായി ഇ-ഇന്‍വോയ്‌സിങ് സംവിധാനം രാജ്യവ്യാപകമായി നടപ്പാക്കും. പുതിയ നിയമപ്രകാരം ബിസിനസുകള്‍ സ്റ്റാന്‍ഡേര്‍ഡ് ഇലക്ട്രോണിക് ഫോര്‍മാറ്റില്‍ ഇന്‍വോയ്‌സുകള്‍ കൈമാറ്റം ചെയ്യണം. ഇത് ഇന്‍വോയ്‌സിങ് പ്രക്രിയ ഓട്ടോമേറ്റ് ചെയ്യാനും നികുതി നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായകരമാകും.

ഇന്ത്യന്‍ പാഠ്യപദ്ധതിയിലുള്ള സ്‌കൂളുകള്‍ അടുത്തവര്‍ഷം ഏപ്രില്‍ മുതല്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഏകീകൃത അക്കാദമിക് കലണ്ടറിലേക്ക് മാറും. ഏപ്രില്‍-മാര്‍ച്ച് സൈക്കിള്‍ സംവിധാനം പിന്തുടര്‍ന്നിരുന്ന സ്ഥാപനങ്ങളിലെല്ലാം മാറ്റം പ്രതിഫലിക്കും.

ദേശീയ റെയില്‍ ശൃംഖലയായ ഇത്തിഹാദ് റെയില്‍ അടുത്തവര്‍ഷം യാത്രക്കാര്‍ക്കായി ഓടിത്തുടങ്ങും. 11 പ്രധാന നഗരങ്ങളെയും പ്രദേശങ്ങളും ബന്ധിപ്പിക്കുന്ന റെയില്‍പദ്ധതിയാണിത്. ഇതിനുപുറമെ അടുത്തവര്‍ഷം യുഎഇ നിവാസികള്‍ക്കായി എയര്‍ടാക്‌സികളും റോബോ ടാക്‌സികളും യാഥാര്‍ഥ്യമാകും. ഇലോണ്‍ മസ്‌ക് പ്രഖ്യാപിച്ച അതിവേഗ ഭൂഗര്‍ഭ ട്രാന്‍സിറ്റ് സംവിധാനം ദുബായ് ലൂപ്പും അടുത്തവര്‍ഷമാണ് പ്രവര്‍ത്തനക്ഷമമാകുക. 17 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ട്രാന്‍സിറ്റ് സംവിധാനമാണിത്. ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക മേളകളിലൊന്നായ ജൈറ്റെക്‌സ് അടുത്തവര്‍ഷം മുതല്‍ എക്‌സ്‌പോ സിറ്റി ദുബായിലേക്ക് മാറും. ഗതാഗതക്കുരുക്ക് കുറക്കുക ലക്ഷ്യമിട്ടുള്ള വേള്‍ഡ് ട്രേഡ് സെന്റര്‍ റൗണ്ട്എബൗട്ട് പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന അഞ്ച് പുതിയ പാലങ്ങളില്‍ രണ്ടെണ്ണം തുറക്കുന്നതും അടുത്തവര്‍ഷമാണ്.