ദുബായ്: യു.എ.ഇ.യിൽ അവശ്യമരുന്നുകളുടെ കരുതൽ ശേഖരമുണ്ടെന്ന് എമിറേറ്റ്‌സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ചെയർമാൻ സയീദ് ബിൻ മുബാറക് അൽ ഹജേരി പറഞ്ഞു. രാജ്യത്തെ പൗരർക്കും താമസക്കാർക്കും സന്ദർശകർക്കും ആവശ്യമായ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. മതിയായ അളവിലും ദീർഘകാലത്തേക്കുമുള്ള മരുന്നുകളുടെ ശേഖരമുണ്ടെന്നും അൽ ഹാജേരി വ്യക്തമാക്കി.

To advertise here,

യു.എ.ഇ.യിൽ ഏതുസാഹചര്യങ്ങളിലും മരുന്ന് ലഭ്യമാകാതിരിക്കില്ല.  ഗുണനിലവാരം, സുരക്ഷിതത്വം എന്നിവ ഉറപ്പാക്കുന്നുണ്ടെന്നും എമിറേറ്റ്സ് ഡ്രഗ് എസ്റ്റാബ്ലിഷ്മെന്റ് ഡയറക്ടർ ജനറൽ ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു.

യു.എ.ഇ.യിൽ ഔഷധശേഖരം ഉറപ്പാക്കാനായി ഉദ്യോഗസ്ഥതലങ്ങളിൽ ദൈനംദിന പരിശോധനകളും നടത്തുന്നുണ്ട്. ഫാക്ടറികൾ, വെയർഹൗസുകൾ എന്നിവിടങ്ങളിലെ സംഭരണ സൗകര്യങ്ങളും പരിശോധനകൾക്ക് വിധേയമാക്കും. മരുന്നുകളുടെ കരുതൽശേഖര പരിശോധനകളിലൂടെ അവശ്യ മരുന്നുകളുടെ തടസ്സമില്ലാത്ത ലഭ്യത ഉറപ്പാക്കുകയാണ് ലക്ഷ്യം.

യു.എ.ഇ. യിലെ ഫാർമസ്യൂട്ടിക്കൽ വിതരണ ശൃംഖലകൾ സാധാരണപോലെ പ്രവർത്തിക്കുന്നുണ്ടെന്നും ഡോ. ഫാത്തിമ അൽ കഅബി പറഞ്ഞു. ആരോഗ്യ, രോഗപ്രതിരോധ മന്ത്രാലയത്തിന്റെ പിന്തുണയോടെ ഫലപ്രദമായ ഭാവി ആസൂത്രണത്തിലൂടെയാണ് ഔഷധമേഖല മുന്നോട്ടുപോകുന്നത്. സ്വകാര്യ മേഖലയുടെ സഹകരണവും മെഡിക്കൽ ഉൽപ്പന്നങ്ങളുടെ ലഭ്യതയ്ക്ക് സഹായകരമാകുന്നുണ്ട്.