കേരളത്തിൽ ആകെ ആരോഗ്യച്ചെലവിന്റെ 65.20 ശതമാനവും കുടുംബങ്ങൾ തന്നെയാണ് സ്വന്തം പോക്കറ്റിൽനിന്ന് വഹിക്കുന്നത് (സർക്കാർ വിഹിതം 25 ശതമാനംമാത്രം).

കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം കുടുംബങ്ങൾ ചികിത്സയ്ക്കായി ചെലവഴിച്ചത് 4,06,197 കോടി രൂപ. രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ആരോഗ്യമേഖലയിൽ നടത്തിയ ആകെ നിക്ഷേപത്തിന് (4,14,196 കോടി രൂപ) തുല്യമായ തുകയാണിത്.
സർക്കാരുകളുടെ ആകെ ആരോഗ്യച്ചെലവും കുടുംബങ്ങളുടെ പോക്കറ്റിൽനിന്നുള്ള ചെലവും തമ്മിൽ 8,000 കോടി രൂപയുടെ വ്യത്യാസംമാത്രം. കുടുംബങ്ങൾക്കുമേലുള്ള ചികിത്സാച്ചെലവിന്റെ കടുത്ത സാമ്പത്തികബാധ്യതയാണിത് വ്യക്തമാക്കുന്നത്.
- വ്യക്തിഗത ചികിത്സാച്ചെലവ്: 4,06,197 കോടി രൂപ (രാജ്യത്തെ മൊത്തം ആരോഗ്യച്ചെലവിന്റെ 42.7 ശതമാനം; ജി.ഡി.പിയുടെ 1.40 ശതമാനം).
- ആരോഗ്യമേഖലയ്ക്ക് സർക്കാരുകൾ മൊത്തം ചെലവഴിക്കുന്ന തുക: 4,14,196 കോടി രൂപ.
- ഇൻഷുറൻസ് പ്രീമിയം ഉൾപ്പെടെ കുടുംബങ്ങളുടെ ആകെ ചെലവ്: 4.66 ലക്ഷം കോടി രൂപ (നിലവിലെ ആകെ ആരോഗ്യച്ചെലവിന്റെ 55.7 ശതമാനം).
- പ്രതിശീർഷ ചെലവ് താരതമ്യം: ഒരു വ്യക്തിക്ക് ശരാശരി 2,901 രൂപ കുടുംബങ്ങൾ സ്വന്തം പോക്കറ്റിൽനിന്ന് ചെലവഴിക്കുമ്പോൾ, സർക്കാരുകളുടെ പ്രതിശീർഷ ചെലവ് 2,959 രൂപയാണ്.
ഭീമമായ ഈ തുക ഏതൊക്കെ ചികിത്സാ ആവശ്യങ്ങൾക്കായാണ് ചെലവഴിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
കുടുംബങ്ങളുടെ വ്യക്തിഗത ചികിത്സാച്ചെലവിൽ കൂടുതലും മരുന്നുകൾ വാങ്ങുന്നതിനാണ്. പത്തുവർഷത്തെ കണക്ക് പരിശോധിച്ചാൽ, പൊതുജനാരോഗ്യരംഗത്ത് സർക്കാരിന്റെ പങ്കാളിത്തം വർധിച്ചതിനെത്തുടർന്ന് മൊത്തം ചെലവിൽ കുടുംബങ്ങളുടെ വിഹിതം കുറഞ്ഞിട്ടുണ്ടെങ്കിലും നിലവിലെ മൂല്യത്തിൽ കുടുംബങ്ങൾ വഹിക്കുന്ന സാമ്പത്തികഭാരം വലിയ തോതിൽ വർധിച്ചതായി കാണാം.
| ചികിത്സാ വിഭാഗം | ചെലവഴിച്ച തുക | വിഹിതവും വിശകലനവും |
|---|---|---|
| കുറിപ്പടി പ്രകാരമുള്ള മരുന്നുകൾ | ₹1,42,471 കോടി | 100% കുടുംബങ്ങൾ വഹിക്കുന്നു |
| മറ്റ് മരുന്നുകൾ (Over-the-counter Drugs) | ₹28,501 കോടി | മരുന്നുകളുടെ ചെലവ് ₹1.71 ലക്ഷം കോടി (ആകെ ചെലവിന്റെ 42%) |
| കിടത്തിച്ചികിത്സ | ₹1.19 ലക്ഷം കോടി | 29% |
| ഒ.പി. | ||
| ചികിത്സ | ₹41,000 കോടി | 10% |
| ലാബ്, ഇമേജിങ് പരിശോധനകൾ | ₹28,000 കോടി | 7% |
| രോഗികളുടെ യാത്രാച്ചെലവ് | ₹22,600 കോടി | 6% |
കുടുംബങ്ങളുടെ വിഹിതത്തിലെ മാറ്റം: 2013-14-ൽ ആകെ ആരോഗ്യച്ചെലവിന്റെ 64.2 ശതമാനമായിരുന്ന വ്യക്തിഗത ചെലവ്, കോവിഡ് കാലഘട്ടമായ 2021-22-ൽ സർക്കാർ ചെലവ് ഉയർന്നതോടെ 39.4 ശതമാനമായി കുറഞ്ഞു. തുടർന്ന് 2022-23-ൽ 43.4 ശതമാനമായി ഉയർന്നതിനുശേഷം 2023-24-ൽ 42.7 ശതമാനമായി നേരിയ തോതിൽ കുറഞ്ഞു.
സർക്കാർ വിഹിതത്തിലെ വർധന: 2013-14-ൽ 28.6 ശതമാനം മാത്രമായിരുന്ന സർക്കാരുകളുടെ പങ്കാളിത്തം കോവിഡ് കാലമായ 2021-22-ൽ 43.5 ശതമാനം എന്ന പരമാവധി ഉയർന്ന നിരക്കിലെത്തി.
പ്രതിശീർഷ ചെലവിലെ വർധന: വ്യക്തിഗത പ്രതിശീർഷ ചെലവ് 2017-18-ലെ 2,097 രൂപയിൽനിന്ന് 2023-24-ൽ 2,901 രൂപയായി ഉയർന്നു.
ദേശീയ ശരാശരി ഇത്തരത്തിലാണെങ്കിലും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾ തമ്മിൽ ചികിത്സാച്ചെലവുകളിലും സർക്കാർ നിക്ഷേപങ്ങളിലും കടുത്ത പ്രാദേശിക അസമത്വം നിലനിൽക്കുന്നുണ്ട്.
ഉയർന്ന ചികിത്സാച്ചെലവുള്ള സംസ്ഥാനങ്ങൾ
| സംസ്ഥാനം | ആകെ ചെലവ് (₹ കോടിയിൽ) | ആകെ പ്രതിശീർഷ ചെലവ് (₹) | സർക്കാർ പ്രതിശീർഷ ചെലവ് (₹) | സർക്കാർ വിഹിതം (%) | വ്യക്തിഗത പ്രതിശീർഷ ചെലവ് (₹) | വ്യക്തിഗത ചെലവ് വിഹിതം (%) | |
|---|---|---|---|---|---|---|---|
| കേരളം | 48,979 | 13,605 | 3,396 | 25.00% | 8,870 | 65.20% | |
| ഹിമാചൽ പ്രദേശ് | 6,817 | 9,739 | 5,171 | 53.10% | 4,254 | 43.70% | |
| മഹാരാഷ്ട്ര | 1,15,238 | 9,074 | 2,658 | 29.30% | 3,522 | 38.80% | |
| ഹരിയാന | 24,704 | 8,235 | 3,051 | 37.10% | 3,153 | 38.30% | |
| ആന്ധ്ര | 43,177 | 8,147 | 3,347 | 41.10% | 4,362 | 53.50% |
കേരളത്തിന്റെ സ്ഥിതി: രാജ്യത്ത് ഏറ്റവും ഉയർന്ന പ്രതിശീർഷ ചെലവും (13,605 രൂപ), ഉയർന്ന വ്യക്തിഗത പ്രതിശീർഷ ചെലവും (8,870 രൂപ) കേരളത്തിലാണ്. വ്യക്തിഗത പ്രതിശീർഷ ചെലവ് സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 2.8 ശതമാനം വരും. കേരളത്തിൽ ആകെ ആരോഗ്യച്ചെലവിന്റെ 65.20 ശതമാനവും കുടുംബങ്ങൾ തന്നെയാണ് സ്വന്തം പോക്കറ്റിൽനിന്ന് വഹിക്കുന്നത് (സർക്കാർ വിഹിതം 25 ശതമാനംമാത്രം).
Content Highlights: Indian households spend 4,06,197 crore INR on out-of-pocket medical expenses, matching total government healthcare investments., Medicines account for the majority of the personal medical expenses incurred by families., Kerala records the highest per capita medical expenditure in the country at 13,605 INR, with 65.20% borne directly by families.
Published: 25 Nov 2026, 12:14 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented