ഷാർജ : ശസ്ത്രക്രിയക്കുശേഷം സുഖം പ്രാപിച്ചുവരുന്ന പിതാവും സുപ്രീംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്കൊപ്പമുള്ള പുതിയ ചിത്രം ശൈഖ ബോദൂർ അൽ ഖാസിമി പങ്കുവെച്ചു. ശസ്ത്രക്രിയയെത്തുടർന്ന് പ്രാർഥനകളും ഹൃദയസ്പർശിയായ സന്ദേശങ്ങളും അറിയിച്ച പൊതുജനങ്ങൾക്ക് അവർ നന്ദി പറഞ്ഞു.
ഞായറാഴ്ച സാമൂഹികമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ, തന്റെ പിതാവ് സുഖം പ്രാപിച്ചുവരുകയാണെന്നും ഈ ഘട്ടത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയും പ്രാർഥനകളിൽ ഉൾപ്പെടുത്തുകയും ചെയ്ത എല്ലാവരോടും അത്യധികമായ നന്ദിയുണ്ടെന്നും ശൈഖ ബോദൂർ വ്യക്തമാക്കി.
ശസ്ത്രക്രിയക്കുശേഷം ഞങ്ങളെ പ്രാർഥനകളിൽ ഓർക്കുകയും തന്റെ പിതാവിന്റെ ആരോഗ്യത്തെക്കുറിച്ച് അന്വേഷിക്കുകയുംചെയ്ത എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അവർ കുറിച്ചു. അദ്ദേഹത്തിന് പൂർണ ആരോഗ്യവും ക്ഷേമവും ദീർഘായുസ്സും നൽകാനും എല്ലാ ഉപദ്രവങ്ങളിൽനിന്നും സംരക്ഷിക്കാനും ദൈവത്തോട് പ്രാർഥിക്കുന്നതായും അവർ വ്യക്തമാക്കി. സ്നേഹവും പിന്തുണയും പ്രകടിപ്പിച്ചതിന് നന്ദി രേഖപ്പെടുത്തിയ ശൈഖ ബോദൂർ, പ്രാർഥനകൾക്ക് ദൈവം പ്രതിഫലം നൽകട്ടെയെന്നും നിങ്ങളുടെ നന്മ പലമടങ്ങായി നിങ്ങളിലേക്ക് തിരികെ എത്തട്ടെയെന്നും ആശംസിച്ചു.
87-കാരനായ പിതാവ് ശസ്ത്രക്രിയക്ക് വിധേയനാകുകയാണെന്നും പ്രാർഥനകളിൽ ഉൾപ്പെടുത്തണമെന്നും ശൈഖ ബോദൂർ നവംബർ 20-നാണ് അഭ്യർഥിച്ചത്.
ശസ്ത്രക്രിയ സുഗമമായി നടക്കട്ടെയെന്നും പിതാവ് വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ച് അവർ അന്ന് വൈകാരികമായ കുറിപ്പ് പങ്കുവെച്ചിരുന്നു. ശസ്ത്രക്രിയയുടെ സ്വഭാവമോ എത്ര സമയം നീണ്ടുനിൽക്കുമെന്നോ വെളിപ്പെടുത്തിയിരുന്നില്ല.
ശൈഖ് ഡോ. സുൽത്താൻ ശസ്ത്രക്രിയ കഴിഞ്ഞ് റിക്കവറി റൂമിലേക്ക് മാറിയെന്ന ആശ്വാസവാർത്ത അവർ പിന്നീട് ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. വേഗത്തിലും പൂർണമായും സുഖം പ്രാപിക്കാനും ആരോഗ്യവും ക്ഷേമവും നൽകാനും അല്ലാഹുവിനോട് പ്രാർഥിക്കുന്നുവെന്നും അവർ അന്ന് കുറിച്ചിരുന്നു. ശസ്ത്രക്രിയയ്ക്ക് ശേഷം ഷാർജ പോലീസ് ഭരണാധികാരിയുടെ ശബ്ദസന്ദേശവും പങ്കുവെച്ചിരുന്നു; പ്രാർഥനകൾക്കും ആശംസകൾക്കും അദ്ദേഹം വ്യക്തിപരമായി താമസക്കാർക്ക് നന്ദി പറഞ്ഞു.
പിതാവിന്റെ ശസ്ത്രക്രിയയെക്കുറിച്ചുള്ള വിവരം ശൈഖ ബോദൂർ പങ്കുവെച്ച് നാലു ദിവസത്തിന് ശേഷമാണ്, സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിലെ ഓരോ ഗുണഭോക്താവിനും 20,000 ദിർഹം വീതം വിതരണം ചെയ്യാൻ ശൈഖ് ഡോ. സുൽത്താൻ നിർദേശിച്ചത്. ഷാർജ മീഡിയയുടെ അറിയിപ്പ് പ്രകാരം, 24 ഈ തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിച്ചു.
Published: 30 Nov 2026, 01:39 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented