ദുബായ് : അൽ ഖുദ്ര റോഡ് പ്രധാന ഇന്റർസെക്‌ഷനുകളുടെ വികസന പദ്ധതിക്ക് കീഴിലുള്ള എല്ലാ പാലങ്ങളുടെയും നിർമാണ പ്രവർത്തനങ്ങൾ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) പൂർത്തിയാക്കി.

To advertise here,

അൽ ഖുദ്ര റോഡിന്റെയും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും സംഗമസ്ഥാനത്ത് മൂന്ന് പാലങ്ങളും രണ്ട് ലൂപ്പ് റാമ്പുകളും തുറന്നുകൊടുത്തു. ആകെ 2,660 മീറ്റർ നീളമുള്ള ഈ പുതിയ സംവിധാനങ്ങൾ, വാഹനമോടിക്കുന്നവർക്ക് എല്ലാ ദിശകളിലേക്കും നിർത്താതെ കടന്നുപോകാൻ സൗകര്യമൊരുക്കും. ഇതിലൂടെ യാത്രാസമയം ഏഴ് മിനിറ്റ് കുറയുകയും ദുബായിലെ പ്രധാന പാതകളിലൊന്നിലെ തിരക്ക് ലഘൂകരിക്കുകയും ചെയ്യും.

ഈ നവീകരണങ്ങൾ ഇന്റർസെക്‌ഷനുകളുടെ ശേഷി 150 ശതമാനം വർധിപ്പിച്ച് മണിക്കൂറിൽ 7,800 വാഹനങ്ങളിൽനിന്ന് 19,400 വാഹനങ്ങളായി ഉയർത്തും. ഇത് സമീപത്തെ പാർപ്പിട-വികസന മേഖലകളിലെ വർധിച്ചുവരുന്ന വാഹനങ്ങളെ ഉൾക്കൊള്ളാൻ സഹായിക്കും.

 

നാലുലക്ഷത്തിലധികംആളുകൾക്ക് പ്രയോജനം

4,750 മീറ്റർ നീളമുള്ള പാലങ്ങളും 11.6 കിലോമീറ്റർ റോഡിന്റെ നവീകരണവും വിപുലീകരണവും ഉൾപ്പെടുന്നതാണ് അൽ ഖുദ്ര റോഡ് വികസന പദ്ധതി. ഇരു ദിശകളിലുമായി അൽ ഖുദ്ര റോഡിന്റെ ശേഷി 33 ശതമാനം വർധിപ്പിച്ച് മണിക്കൂറിൽ 12,000 വാഹനങ്ങളിൽനിന്ന് 16,000 വാഹനങ്ങളായി ഉയർത്താനും യാത്രാസമയം 70 ശതമാനം കുറച്ച് പത്തുമിനിറ്റിൽനിന്ന് മൂന്നു മിനിറ്റായി ചുരുക്കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.

ഈ റോഡ് സേവനം നൽകുന്ന പ്രദേശങ്ങളിലെ 4,00,000-ത്തിലധികം താമസക്കാർക്കും സന്ദർശകർക്കും യാത്ര കൂടുതൽ സുഗമമാക്കുന്നതിനാണ് ഇത് രൂപകൽപ്പന ചെയ്തത്.

അൽ ഖുദ്ര റോഡിന്റെയും ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെയും സംഗമസ്ഥാനത്ത് പുതുതായി പൂർത്തിയായ നിർമാണങ്ങളിൽ വ്യത്യസ്ത ദിശകളിലേക്ക് പോകുന്ന ഗതാഗതത്തിനായി രൂപകൽപ്പന ചെയ്ത മൂന്ന് പാലങ്ങളും രണ്ട് ലൂപ്പ് റാമ്പുകളും ഉൾപ്പെടുന്നു.

750 മീറ്റർ നീളവും രണ്ട് പാതകളുമുള്ള ഒന്നാമത്തെ പാലം, അൽ ഖുദ്ര റോഡിനെ ജബൽ അലി ദിശയിലേക്ക് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്നു. രണ്ടാമത്തെ പാലത്തിന് 900 മീറ്റർ നീളവും രണ്ട് പാതകളുമുണ്ട്; ഇത് നഗരകേന്ദ്രത്തിലേക്കും ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും പോകുന്ന യാത്രക്കാർക്കുള്ളതാണ്.

സമീപത്തെ പാർപ്പിട മേഖലകളിൽനിന്നുള്ള വാഹനങ്ങളെ അൽ ഖുദ്ര സിറ്റിയിലേക്ക് ബന്ധിപ്പിക്കുന്ന 500 മീറ്റർ നീളമുള്ള സിംഗിൾ-ലെയ്ൻ പാലമാണ് മൂന്നാമത്തേത്.

രണ്ട് പാതകൾ വീതമുള്ള രണ്ട് ലൂപ്പ് റാമ്പുകൾ ഗതാഗത നീക്കം കൂടുതൽ മെച്ചപ്പെടുത്തുന്നു; ഇതിൽ ഒന്നിന് 230 മീറ്റർ നീളമുണ്ട്, ഇത് ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിൽ നിന്ന് അൽ ഖുദ്ര സിറ്റിയിലേക്ക് പോകുന്ന യാത്രക്കാർക്കുള്ളതാണ്.

ഉമ്മു സുഖെം ദിശയിലേക്ക് പോകുന്ന ഗതാഗതത്തെ ബന്ധിപ്പിക്കുന്ന മറ്റൊന്നിന് 280 മീറ്റർ നീളമുണ്ട്. സമീപത്തെ വികസന പദ്ധതികളിലേക്കുള്ള പ്രവേശനം മെച്ചപ്പെടുത്തുന്നതിനായി ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിന്റെ ഇരുവശങ്ങളിലുമായി മൂന്ന് കിലോമീറ്റർ സർവീസ് റോഡുകളും പദ്ധതിയിൽ ഉൾപ്പെടുന്നു.

ഇതേ ഇന്റർസെക്‌ഷനിൽ 1,400 മീറ്റർ നീളവും ഇരു ദിശകളിലുമായി എട്ട് പാതകളുമുള്ള രണ്ട് പ്രധാന പാലങ്ങൾ നേരത്തേ തുറന്നതിന് പിന്നാലെയാണ് പുതിയ പാലങ്ങൾ യാഥാർഥ്യമായത്.

സുപ്രധാന പദ്ധതി-ആർ.ടി.എ.

ദുബായിലെ റോഡ് ശൃംഖലയിലെ സുപ്രധാന കൂട്ടിച്ചേർക്കലാണ് പദ്ധതിയെന്ന് ആർ.ടി.എ ഡയറക്ടർ ജനറലും എക്സിക്യുട്ടീവ് ഡയറക്ടർ ബോർഡ് ചെയർമാനുമായ മത്തർ അൽ തായർ പറഞ്ഞു. എമിറേറ്റിന്റെ അതിവേഗ നഗര-ജനസംഖ്യാ വളർച്ചയ്ക്ക് അനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രധാന റോഡ് പാതകൾ മെച്ചപ്പെടുത്താനും ശേഷി വർധിപ്പിക്കാനും പാർപ്പിട സമൂഹങ്ങൾ, വികസന പദ്ധതികൾ, ബിസിനസ് കേന്ദ്രങ്ങൾ എന്നിവ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താനുമുള്ള വിശാലമായ പദ്ധതിയുടെ ഭാഗമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി.

ദുബായിയുടെ നഗര-സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിനും ഭാവിയിലെ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും പാർപ്പിട-നിക്ഷേപ മേഖലകളെ കൂടുതൽ പ്രാപ്യമാക്കുന്നതിനും റോഡ് വികസനം അത്യന്താപേക്ഷിതമാണെന്ന് അൽ തായർ പറഞ്ഞു. 4,00,000-ത്തിലധികം താമസക്കാരും സന്ദർശകരുമുള്ള സമൂഹങ്ങൾക്ക് ഈ പദ്ധതി സേവനം നൽകുന്നുണ്ടെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവ തമ്മിലുള്ള ബന്ധം ഇത് ശക്തിപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ വർഷം ആദ്യം തന്നെ പല പ്രധാന നവീകരണങ്ങളും പൂർത്തിയാക്കി ഘട്ടംഘട്ടമായാണ് പദ്ധതി നടപ്പാക്കിയത്. അറേബ്യൻ റാഞ്ചസ് 1, 2, ദുബായ് മോട്ടോർ സിറ്റി, ദുബായ് സ്റ്റുഡിയോ സിറ്റി, അക്കോയ, മുദോൺ, ദമാക് ഹിൽസ്, ദ സസ്റ്റൈനബിൾ സിറ്റി, ടൗൺ സ്ക്വയർ, മീറ, ദമാക് ഹിൽസ് 2 എന്നിവയുൾപ്പെടെ ഒട്ടേറെ പാർപ്പിട സമൂഹങ്ങൾക്കും പ്രധാന വികസന പദ്ധതികൾക്കും അൽ ഖുദ്ര റോഡ് വികസന പദ്ധതി ഗുണകരമാകും.