ദുബായ്: യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസത്തിനും മാനവ ശാക്തീകരണത്തിനും വേണ്ടി സമർപ്പിച്ചിരിക്കുന്ന രാജ്യമാണ് യുഎഇ എന്ന് സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ പറഞ്ഞു. ദുബായ് മുഹൈസ്ന ഇത്തിസലാത്ത് അക്കാദമി ഗ്രൗണ്ടിൽ നടന്ന പേസ് ഗ്രൂപ്പിന്റെ സിൽവിയോറ 25 മത് വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസം, മാനവ ശാക്തീകരണം എന്നിവയിൽ യുഎഇ ഇന്ന് ലോകത്തിന് മാതൃകയാണ്. വികസനം, നിക്ഷേപം എന്നിവയെല്ലാം ഉറപ്പാക്കുന്ന നയങ്ങളും സംവിധാനങ്ങളും സ്വീകരിക്കുകയും അവ നടപ്പാക്കുകയും ചെയ്യുക എന്നതാണ് ദേശീയലക്ഷ്യം. വിദ്യാഭ്യാസത്തിനും മാനവ വികസനത്തിനും വേണ്ടി പ്രയത്നിക്കുന്നവരെ രാജ്യം എക്കാലവും ബഹുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പേസ് ഗ്രൂപ്പ് സ്ഥാപകനും അന്തരിച്ച ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതയാത്രയും ദർശനങ്ങളും ഉൾക്കൊള്ളുന്ന ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു. തങ്ങളുടെ പിതാവിന്റെ ദർശനങ്ങൾ പിന്തുടരുമെന്നും വിദ്യാഭ്യാസ ദൗത്യം ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ടുപോകുമെന്നും പി എ ഇബ്രാഹിം ഹാജിയുടെ കുടുംബം വ്യക്തമാക്കി.
1966 ൽ യുഎഇയിലെത്തിയ ഡോ. പി എ ഇബ്രാഹിം ഹാജി വിദ്യാഭ്യാസ മേഖലയ്ക്ക് നൽകിയ സംഭാവനകളെ ശൈഖ് നഹ്യാൻ പ്രശംസിച്ചു. പേസ് ഗ്രൂപ്പിന്റെ 25 വർഷത്തെ യാത്ര അദ്ദേഹത്തിന്റെ കാഴ്ചപ്പാടിന്റെയും അർപ്പണബോധത്തിന്റെയും തെളിവാണെന്ന് അദ്ദേഹം പറഞ്ഞു. 6000 ത്തിലേറെ പേർ ആഘോഷത്തിന്റെ ഭാഗമായി.
ദീർഘകാലമായി സ്ഥാപനത്തിൽ സേവനമനുഷ്ഠിക്കുന്ന 743 ജീവനക്കാരെയാണ് ചടങ്ങിൽ ആദരിച്ചത്. 30, 20, 10, 5 വർഷം പൂർത്തിയാക്കിയവർക്ക് സ്വർണ്ണനാണയങ്ങളും സ്മാരക ചിഹ്നങ്ങളും സമ്മാനിച്ചു. 25 വർഷം പൂർത്തിയാക്കി ലോയൽറ്റി അവാർഡ് നേടിയവർക്ക് ശൈഖ് നഹ്യാൻ പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു.
പേസ് ഗ്രൂപ്പ് ഡയറക്ടർ ബോർഡ് അംഗങ്ങളായ അബ്ദുൾ ലത്തീഫ് ഇബ്രാഹിം, ഷാഫി ഇബ്രാഹിം, അബ്ദുള്ള ഇബ്രാഹിം, അമീൻ ഇബ്രാഹിം, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, ബിലാൽ ഇബ്രാഹിം, ആദിൽ ഇബ്രാഹിം, അസീഫ് മുഹമ്മദ്, മലയിൽ മൂസ കോയ, അഹമ്മദ് കുട്ടി എന്നിവർ ആഘോഷത്തിൽ പങ്കെടുത്തു.
Content Highlights: UAE leads the world in education & human empowerment
Published: 27 Jan 2026, 04:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented