അബുദാബി: യു.എ.ഇ.യുടെ സമ്പദ്‌വ്യവസ്ഥ ഈ വർഷം ആദ്യപാദത്തിൽ ആഗോളതലത്തിൽ വളർച്ചയിലെന്ന് ഔദ്യോഗിക റിപ്പോർട്ടുകൾ. ബാങ്കിങ് മേഖലയിലുണ്ടായ വളർച്ചയും വിദേശ വ്യാപാര, നിക്ഷേപ വർധനവും രാജ്യത്തെ സാമ്പത്തിക അഭിവൃദ്ധിയിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തൽ. പ്രാദേശിക, ആഗോളതലങ്ങളിൽ യു.എ.ഇ. സാമ്പത്തിക സുസ്ഥിരത നിലനിർത്തുന്നുവെന്നും അവലോകന റിപ്പോർട്ടുകളുണ്ട്.

To advertise here,

യു.എ.ഇ. സെൻട്രൽ ബാങ്ക് (സി.ബി.യു.എ.ഇ.) കണക്കുപ്രകാരം ഈ വർഷം ഫെബ്രുവരിയിൽ മൊത്തം ബാങ്കിങ് ആസ്തികൾ 1.1 ശതമാനം വർധിച്ച് 5,47,200 കോടിയിലേറെ ദിർഹമായി. ജനുവരിയിൽ ഇത് 5,41,400 കോടി ദിർഹമായിരുന്നു. വായ്പാ അനുപാതത്തിലും 1.2 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി.

ബാങ്ക് നിക്ഷേപങ്ങൾ 1.9 ശതമാനം വർധിച്ച് 3,40,000 കോടി ദിർഹമായി. രാജ്യത്തെ താമസക്കാരുടെ നിക്ഷേപങ്ങൾ 1.7 ശതമാനം വർധിച്ച് 3,09,800 കോടി ദിർഹമായി ഉയർന്നു. ഇതോടെ യു.എ.ഇ. യിലെ ബാങ്കിങ് മേഖല സാമ്പത്തിക സുരക്ഷയിലായി. ഫോർബ്‌സിന്റെ ഈ വർഷത്തെ വിലയിരുത്തലിൽ ലോകത്തിലെ ഏറ്റവും മികച്ച ബാങ്കുകളുടെ പട്ടികയിൽ യു.എ.ഇ. യിലെ ബാങ്കുകൾ ഇടംപിടിക്കുകയും ചെയ്തു. അന്താരാഷ്ട്ര റേറ്റിങ് ഏജൻസികൾ യു.എ.ഇ. യുടെ ക്രഡിറ്റ് റേറ്റിങ് നിലവാരവും ഉയർന്നനിലയിലാണെന്ന് രേഖപ്പെടുത്തി. ഈ വർഷത്തെ യു.എ.ഇ. യുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി.) 184 ശതമാനം വരുന്ന ഗവൺമെന്റ് ഏകീകൃത ആസ്തികൾ സാമ്പത്തിക ഭദ്രതയ്ക്ക് ശക്തമായ പിന്തുണ നൽകുന്നതായാണ് വിലയിരുത്തൽ.

ഭാവിയിൽ വിദേശവ്യാപാര രംഗത്ത് സാമ്പത്തിക കുതിച്ചുചാട്ടം നടത്തുകയെന്നതാണ് യു.എ.ഇ. യുടെ ലക്ഷ്യം. 2031-ഓടെ എണ്ണയിതര വ്യാപാര മേഖല നാലുലക്ഷം കോടി ദിർഹത്തിലെത്തിക്കാനാണ് നീക്കം. അതിന്റെ ഭാഗമായി ഫിലിപ്പീൻസ്, നൈജീരിയ, കോംഗോ, ഗാബൊൺ എന്നീ രാജ്യങ്ങളുമായി യു.എ.ഇ. സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുകളിലും ഒപ്പുവെച്ചുകഴിഞ്ഞു. ലോകത്തിലെ ഏറ്റവും മികച്ച 10 ചരക്കുകയറ്റുമതി രാജ്യങ്ങളുടെ പട്ടികയിലും അഗോളതലത്തിൽ യു.എ.ഇ. ഒൻപതാം സ്ഥാനത്തെത്തിക്കൊണ്ട് അന്താരാഷ്ട്ര റാങ്കിങ് നേടിക്കഴിഞ്ഞു. 2025-ൽ യു.എ.ഇ. യിലെ മൊത്തം വിദേശവ്യാപാരം ആറുലക്ഷം കോടി ദിർഹമായിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് ഇത് 15 ശതമാനം വർധനയാണ്. എണ്ണയിതര വ്യാപാരം 27 ശതമാനം വർധിച്ച് 3,80,000 കോടി ദിർഹമായി. അഡ്‌നോക് അടക്കമുള്ള സ്ഥാപനങ്ങളുടെ ആസ്തി വർധനയും രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് പിന്തുണയായി.

നിക്ഷേപ മേഖല ശക്തിപ്രാപിച്ചുകൊണ്ട് രാജ്യത്ത് പുതുതായി രജിസ്റ്റർ ചെയ്ത കമ്പനികളുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. ഫെബ്രുവരി അവസാനത്തോടെ രാജ്യത്ത് രജിസ്റ്റർ ചെയ്ത കമ്പനികൾ 14.5 ലക്ഷത്തിലേറെയായി. ദുബായിൽ മാത്രം ഈ വർഷം മാർച്ചിൽ 2,709 പുതിയ കമ്പനികളാണ് ചേംബർ ഓഫ് കൊമേഴ്‌സിൽ രജിസ്റ്റർ ചെയ്തത്. പ്രധാന ആഗോള സാമ്പത്തിക കേന്ദ്രമായി ദുബായ് മാറുകയും ചെയ്തിട്ടുണ്ട്. ഗ്ലോബൽ ഫിനാൻഷ്യൽ സെന്റേഴ്‌സ് ഇൻഡെക്സിൽ (ജി.എഫ്.സി.ഐ.) ദുബായ് ഏറ്റവും ഉയർന്ന റാങ്കിങ് നേടിയിട്ടുണ്ട്. അജ്മാനിൽ പുതിയ ലൈസൻസുകൾ 1,617, പുതുക്കിയ ലൈസൻസുകൾ 8,777 ആയി വർധിച്ചു. ഷാർജയിലും സമാനമായ വർധന ഉണ്ടായിട്ടുണ്ട്. പുതുക്കിയ ലൈസൻസുകളുടെ എണ്ണത്തിൽ വർഷംതോറും ഏഴുശതമാനം വർധനയാണ് രേഖപ്പെടുത്തുന്നത്.