ജറുസലേം: ഇസ്രയേലിൽ അടുത്ത സർക്കാർ രൂപീകരിക്കുന്നതിനുള്ള ഔദ്യോഗിക ചുമതല ഏറ്റുവാങ്ങിയ യാഷർ പാർട്ടി നേതാവ് ഗാദി ഐസൻകോട്ട്, പിന്നാലെ നെതന്യാഹുവിന്റെ പാർട്ടിയായ ലിക്കുഡിനോട് പുതിയ സർക്കാരിനെ പിന്തുണയ്ക്കാനാവശ്യപ്പെടുകയും ചെയ്തു.
ഇത് ഐക്യത്തിനുള്ള സമയമാണെന്ന് പറഞ്ഞ ഐസൻകോട്ട് താൻ മുന്നോട്ടുവെച്ച തത്വങ്ങൾ അംഗീകരിക്കണമെന്ന് ലിക്കുഡ് പാർട്ടിയോടും അവരുടെ സഖ്യകക്ഷിയായ റിലീജിയസ് സയണിസത്തോടും ആവശ്യപ്പെട്ടു. അറബ് പാർട്ടികളുടെ പിന്തുണ സംബന്ധിച്ച് തന്റെ സഖ്യത്തിൽ വിള്ളൽ നിലനിൽക്കെയാണ് ഐസൻകോട്ടിന്റെ ഇത്തരത്തിലുള്ള പ്രതികരണം.
ലിക്കുഡിനെ ക്ഷണിച്ചെങ്കിലും നെതന്യാഹുവുമായി കൂട്ടുകെട്ട് ഉണ്ടാക്കുന്ന കാര്യം അദ്ദേഹം പറഞ്ഞിട്ടില്ല. അതേസമയം പ്രസംഗത്തിൽ നെതന്യാഹുവിന്റെ പേര് ഐസൻകോട്ട് പരാമർശിച്ചില്ല. ഇസ്രയേലിനെ യഹൂദ, ജനാധിപത്യ രാജ്യമായി അംഗീകരിക്കുക, സ്വാതന്ത്ര്യ പ്രഖ്യാപനത്തിലെ മൂല്യങ്ങൾ അംഗീകരിക്കുക, എല്ലാവർക്കും നിർബന്ധിത ദേശീയ സേവനം ഏർപ്പെടുത്തുക, ഹമാസിനെ ഒരു ഭീകര സംഘടനയായി അംഗീകരിക്കുകയും അതിന്റെ നാശം ഉറപ്പാക്കുകയും ചെയ്യുക എന്നീ തത്വങ്ങളാണ് ഐസൻകോട്ട് മുന്നോട്ടുവെച്ചിരിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് ആക്രമണം നടത്തിയ സമയത്ത് ഉന്നത അധികാര സ്ഥാനങ്ങളിൽ ഉണ്ടായിരുന്ന ആരും പൊതുജീവിതത്തിൽ തുടരാൻ പാടില്ലെന്നാണ് അദ്ദേഹത്തിന്റെ കർശന നിലപാട്. ഈ നിമിഷത്തിന്റെ ഗൗരവം മനസ്സിലാക്കുകയും ഇസ്രയേൽ രാഷ്ട്രത്തിനായി ധീരമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുകയും ചെയ്യുന്ന ആർക്കും എന്റെ വാതിലുകൾ തുറന്നിട്ടിരിക്കുന്നുവെന്ന് ഐസൻകോട്ട് പറഞ്ഞു.
ശനിയാഴ്ച ഐക്യസർക്കാരിന് ആഹ്വാനം ചെയ്ത നെതന്യാഹുവിന്റെ നീക്കത്തെ അദ്ദേഹം വിമർശിക്കുകയും ചെയ്തു. 'എന്നെ സംബന്ധിച്ചിടത്തോളം ഐക്യം എന്നത് രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയോ പൊള്ളയായ തന്ത്രമോ അല്ല, മറിച്ച് യഥാർത്ഥ പങ്കാളിത്തം ഉൾക്കൊള്ളുന്ന പരമോന്നത മൂല്യമാണ്.’
‘ലിക്കുഡിലെയും റിലീജിയസ് സയണിസത്തിലെയും അംഗങ്ങൾ പ്രസിഡന്റിന് മുന്നിൽ പ്രഖ്യാപിച്ചതുപോലെ ഇത് ഐക്യത്തിനുള്ള സമയമാണെന്ന് ആത്മാർത്ഥമായി വിശ്വസിക്കുന്നുവെങ്കിൽ, എന്റെ നേതൃത്വത്തിലും ഞാൻ മുന്നോട്ടുവെച്ച തത്വങ്ങൾക്ക് കീഴിലുമുള്ള സർക്കാരിനെ പിന്തുണയ്ക്കാൻ അവർ വരാതിരിക്കാൻ ഒരു കാരണവും എനിക്ക് കാണാൻ കഴിയുന്നില്ല' ഐസൻകോട്ട് പറഞ്ഞു.
നെതന്യാഹു മന്ത്രി സഭയിലെ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ ഗ്വിറിന്റെ തീവ്ര വലതുപക്ഷ ഒത്സ്മ യെഹുദി പാർട്ടിയെക്കുറിച്ച് അദ്ദേഹം പരാമർശിച്ചില്ല. ഇസ്രയേൽ അതീവ വെല്ലുവിളി നിറഞ്ഞതും നിർണായകവുമായ ഒരു അടിയന്തരാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
'നമ്മൾ നിലവിലെ അവസ്ഥയിൽ തുടരുകയാണെങ്കിൽ, സമൂഹം എന്ന നിലയിലും രാജ്യം എന്ന നിലയിലും നമുക്ക് തിരിച്ചുവരാൻ വളരെ ബുദ്ധിമുട്ടുള്ള, ഇരുണ്ട സ്ഥലങ്ങളിലേക്കും തിരിച്ചുവരാനാവാത്ത അവസ്ഥയിലേക്കും വീണുപോകാനുള്ള അപകടമുണ്ട്,' അദ്ദേഹം പറഞ്ഞു.
'അതുകൊണ്ട് തന്നെ പുതിയ നേതൃത്വത്തിന് വലിയ അടിയന്തിര പ്രാധാന്യമുണ്ട്, നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന, ഇസ്രായേലിന്റെ ക്ഷേമവും ഇസ്രായേലിന്റെ സുരക്ഷയും എപ്പോഴും മുൻപിൽ കാണുന്ന ഒരു നേതൃത്വം വരും' ഐസൻകോട്ട് പറഞ്ഞു.
Content Highlights: Gadi Eisenkot receives official mandate to form Israel's next government., Eisenkot invites Netanyahu's Likud party and Religious Zionism to support his government., Stresses core principles including mandatory national service and the destruction of Hamas., Criticizes Netanyahu's recent call for a unity government as a political tactic.
Published: 09 Nov 2026, 08:26 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented