അബുദാബി : മിഡിലീസ്റ്റിലെ ആദ്യത്തെ ഔട്ട്ഡോർ കുട്ടികളുടെ ബിനാലെ യു.എ.ഇ. സഹിഷ്ണുതാ, സഹവർത്തിത്വ മന്ത്രിയും അബുദാബി മ്യൂസിക് ആൻഡ് ആർട്സ് ഫൗണ്ടേഷൻ (എ.ഡി.എം.എ.എഫ്.) രക്ഷാധികാരിയുമായ ശൈഖ് നഹ്യാൻ ബിൻ മുബാറക് അൽനഹ്യാൻ ഉദ്ഘാടനംചെയ്തു.
യു.എ.ഇ. ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും അബുദാബി ഫെസ്റ്റിവലിന്റെ രക്ഷാധികാരിയുമായ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാന്റെ രക്ഷാകർത്തൃത്വത്തിലാണ് പരിപാടി നടക്കുന്നത്. കുട്ടികളുടെ സർഗാത്മകത പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള പരിപാടി അടുത്ത മാസം ആറു വരെ ഉമ്മുൽ ഇമറാത്ത് പാർക്കിൽ തുടരും.
എ.ഡി.എം.എ.എഫിന്റെ നേതൃത്വത്തിൽ അബുദാബി ഫെസ്റ്റിവലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സംസ്കാരത്തിനും കലയ്ക്കും മുൻഗണന നൽകാനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇതിൽ വ്യക്തമാകുന്നതെന്ന് ശൈഖ് അബ്ദുള്ള പറഞ്ഞു. യുവതലമുറയുടെ കഴിവുകൾ വികസിപ്പിക്കുക, സർഗാത്മകത പ്രോത്സാഹിപ്പിക്കുക, സാമൂഹിക സംഭാവനകൾ നൽകാൻ കുട്ടികളെ പ്രാപ്തരാക്കുക എന്നിവയാണ് സംരംഭം ലക്ഷ്യമിടുന്നത്.
പുതുതലമുറയിൽ ആത്മവിശ്വാസം വളർത്തുന്നതിലും ഇത്തരം പരിപാടികൾ പ്രചോദനമാകും. കുട്ടികളുടെ ജീവിതത്തിൽ കലയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷണൽ ഗാലറി സിങ്കപ്പൂർ, ഉമ്മുൽ ഇമാറാത്ത് പാർക്ക്, സലയേൽ ഹോസ്പിറ്റാലിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്.
തുറസ്സായ ഇടങ്ങളിലൂടെ നടന്നും തൊട്ടും ശബ്ദങ്ങൾ ശ്രദ്ധിച്ചും കാഴ്ചകൾ കണ്ടും കുട്ടികൾക്ക് പാർക്ക് ആസ്വാദിക്കാൻ അവസരം ലഭിക്കും. വൈവിധ്യമാർന്ന ഒട്ടേറെ ശില്പശാലകളും പ്രദർശനങ്ങളും ബിനാലെയിലുണ്ട്. കലാകാരന്മാരെയും അവരുടെ കലാസൃഷ്ടികളെയും ആഘോഷിക്കാനാണ് പരിപാടി ശ്രമിക്കുന്നത്. യു.എ.ഇ.യുടെ കുടുംബവർഷത്തോട് അനുബന്ധിച്ച് കുടുംബങ്ങൾക്കും സ്കൂളുകൾക്കുമായുള്ള വിവിധ പ്രവർത്തനങ്ങളും ഇതിൽ ഉൾപ്പെടുന്നു. കല, വിദ്യാഭ്യാസം, വിനോദം പ്രകൃതി എന്നിവയിലൂടെ സമൂഹത്തെ ഒന്നിപ്പിക്കാനാണ് ബിനാലെ ശ്രമിക്കുന്നത്.
ശബ്ദം, സ്പർശം, ചലനം, പ്രകാശം എന്നിവയെ അടിസ്ഥാനമാക്കിയുള്ള എട്ട് സംവേദനാത്മക കലാ ആവിഷ്കാരങ്ങളാണ് ബിനാലെയിലുള്ളത്. പാർക്കിലെ ഓരോ കലാസൃഷ്ടികളും കുട്ടികളിൽ ഭാവനയുടെ പുതുലോകം ഉണർത്തുന്നു. ശില്പകല, വസ്ത്രനിർമാണം, കഥ പറിച്ചിൽ, പാരിസ്ഥിതിക വിദ്യാഭ്യാസം എന്നിങ്ങനെ വിവിധ മേഖലകളിലെ കലാകാരന്മാർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.
Published: 08 Nov 2026, 02:02 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented