അബുദാബി : വിപുലമായ അടിസ്ഥാന നവീകരണ, വികസനപ്രവർത്തനങ്ങൾക്കുശേഷം അൽ മഖാം, ഫലജ് ഹസ്സ, അൽ മുറൈജിബ് എന്നീ പാർക്കുകൾ വീണ്ടും തുറന്നതായി അൽ ഐൻ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. യു.എ.ഇ.യുടെ പതാകദിനത്തോടനുബന്ധിച്ചാണ് പാർക്കുകൾ വീണ്ടും തുറന്നത്.

To advertise here,

താമസപ്രദേശങ്ങളിൽ മികച്ച കായിക, വിനോദ സൗകര്യങ്ങൾ ലഭ്യമാക്കാനാണ് 1,41,000 ചതുരശ്രമീറ്ററിലേറെ വിസ്തീർണത്തിലുള്ള പാർക്കുകളിലൂടെ ലക്ഷ്യമിടുന്നത്. 71,000 ചതുരശ്ര മീറ്ററിലേറെ വിസ്തീർണമുള്ള അൽ മഖാം പാർക്കാണ് ഇതിൽ ഏറ്റവുംവലുത്. പാഡൽ കോർട്ട്, സ്‌കേറ്റിങ് ട്രാക്ക്, കുട്ടികൾക്കായുള്ള കളിസ്ഥലങ്ങൾ, ഫിറ്റ്‌നസ് പ്രദേശങ്ങൾ, 805 മീറ്റർ നീളമുള്ള നടപ്പാത, 287 വാഹന പാർക്കിങ് സൗകര്യങ്ങൾ, അഞ്ച് ഭക്ഷണ ട്രക്കുകൾ എന്നിങ്ങനെ നീളുന്നു അൽ മഖാം പാർക്കിന്റെ സവിഷേതകൾ.

അൽ ഐനിന്റെ പരമ്പരാഗത ജലസേചന സംവിധാനമായ ‘ഫലജ്’ സമ്പ്രദായത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് 31000 ചതുരശ്ര മീറ്റർ വിസ്തീർണത്തിൽ ഫലജ് ഹസ്സ പാർക്ക് നിർമിച്ചിരിക്കുന്നത്. കുട്ടികൾക്കായി രണ്ടു വിശാലമായ കളിസ്ഥലങ്ങൾ, വാട്ടർ പ്ലേ സോൺ, കായിക സൗകര്യങ്ങൾ, 675 മീറ്റർ നീളത്തിൽ നടപ്പാത, പ്രാർഥനാ സൗകര്യങ്ങൾക്കായി ഒരു മസ്ജിദ്, ഭക്ഷ്യ വൈവിധ്യങ്ങളുമായി നാല് ഭക്ഷണ ട്രക്കുകൾ എന്നിവയും പാർക്കിലുണ്ട്. ചരിത്രപരമായ കോട്ടകളിലൂടെ ഏറെ പ്രശസ്തമാണ് അൽ മുറൈജിബ് പാർക്ക്. മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള നീന്തൽ കുളങ്ങളാണ് പാർക്കിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. കുട്ടികളുടെ കളിസ്ഥലങ്ങൾ, കായിക സൗകര്യങ്ങൾ, 340 മീറ്റർ നീളമുള്ള നടപ്പാത, മസ്ജിദ് എന്നിവായും പാർക്കിലുണ്ട്.

അൽ ഐനിലെ പൊതു ഹരിത പ്രദേശങ്ങൾ മെച്ചപ്പെടുത്താനുള്ള മുനിസിപ്പാലിറ്റിയുടെ വിപുലമായ പദ്ധതിയുടെ ഭാഗമായാണ് പാർക്കുകൾ നവീകരിച്ചത്. അൽ തുവയ്യ, ഘനിമ സെൻട്രൽ, അൽ സറൂജ് എന്നിവ ഉൾപ്പെടെ ഒട്ടേറെ പാർക്കുകൾ കഴിഞ്ഞ വർഷം നവീകരിച്ചിരുന്നു. ഹരിതയിടങ്ങൾ വികസിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ജീവിതനിലവാരം വർധിപ്പിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.