അബുദാബി: ജീവിക്കാൻ ഏറ്റവും മികച്ച രാജ്യങ്ങളുടെ പട്ടികയിൽ മുന്നിലെത്തി യു.എ.ഇ. ഹെൻലി ആൻഡ് പാർട്‌ണേഴ്സ് പ്രസിദ്ധീകരിച്ച ഈ വർഷത്തെ ഗ്ലോബൽ റെസിഡൻസ് പ്രോഗ്രാം സൂചികയിലാണ് രാജ്യത്തിന്റെ ശക്തമായ കുതിച്ചുചാട്ടം റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞവർഷം അഞ്ചാം സ്ഥാനത്തായിരുന്ന യു.എ.ഇ. നിലവിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലൊരു നേട്ടം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
പ്രശസ്തി, ജീവിതനിലവാരം, നിയമങ്ങൾ, മറ്റ് മാനദണ്ഡങ്ങൾ, നിക്ഷേപ ആവശ്യകതകൾ, നികുതി കാര്യക്ഷമത, ഗുണനിലവാരം, മൊബിലിറ്റി തുടങ്ങിയവ ഉൾപ്പെടെ പരിശോധിച്ച് ഈ മേഖലയിലെ വിദഗ്ധരാണ് മികച്ച രാജ്യങ്ങളെ കണ്ടെത്തിയത്. 73 പോയിന്റുമായി ഗ്രീസ് ആണ് പട്ടികയിൽ മുന്നിലുള്ളത്. 72 പോയിന്റ് നേടി യു.എ.ഇ. പോർച്ചുഗൽ, ഓസ്ട്രേലിയ, കാനഡ, യു.കെ, സിംഗപ്പൂർ, യു.എസ് തുടങ്ങിയ രാജ്യങ്ങളെക്കാൾ മുന്നിലെത്തി.
ആഗോള താമസ കേന്ദ്രമെന്ന നിലയിൽ ഒട്ടേറെ ഘടകങ്ങളാണ് യു.എ.ഇയുടെ സ്ഥാനം മെച്ചപ്പെടുത്തിയത്. ആഗോളതലത്തിൽ സമ്പദ് വ്യവസ്ഥയിൽ ഏറ്റവും മികച്ച സ്ഥാനമാണ് രാജ്യത്തിനുള്ളത്. നിക്ഷേപകരെയും സംരംഭകരെയും രാജ്യത്തേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടുള്ള നയങ്ങളുമെല്ലാം മുന്നിലെത്തിച്ചു. മൊണാക്കോയ്ക്കും സൗദി അറേബ്യയ്ക്കും ഒപ്പം ആഗോളതലത്തിൽ നികുതി കാര്യക്ഷമതയിൽ ഏറ്റവും ശക്തമായ അധികാരപരിധികളിൽ ഒന്നായി യു.എ.ഇ സ്ഥാനം നേടി.
രാജ്യത്തെ ജീവിതനിലവാരം പരിശോധിച്ചാൽ ഓസ്ട്രേലിയ, കാനഡ, ന്യൂസിലാൻഡ്, സ്വിറ്റ്സർലൻഡ് എന്നിവയ്ക്കൊപ്പം യു.എ.ഇ.ഒന്നാം സ്ഥാനം നിലനിർത്തി. ഉയർന്ന ആസ്തിയുള്ള കുടുംബങ്ങളും വ്യക്തികളുമാണ് അടുത്തിടെ യു.എ.ഇയിലേക്ക് താമസം മാറുന്നവരിലേറെയും. ഇതെല്ലാം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വളർച്ചക്ക് കാരണമായിട്ടുണ്ട്.
പൊതുജന സംതൃപ്തിയിലും ആഗോളതലത്തിൽ രാജ്യം മുന്നിലാണ്. ആഗോള സർവേ ഏജൻസിയായ ഗാലപ്പ് റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്. കഴിഞ്ഞ ലോക സർക്കാർ ഉച്ചകോടിയിൽ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളാണ് യു.എ.ഇക്ക് പിന്നാലെയുള്ളത്. 107 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.
യു.എ.ഇയിലെ ജനസംഖ്യയുടെ ഏകദേശം മൂന്നിലൊന്ന് ഭാഗവും സാമ്പത്തികാവസ്ഥ, ജോലി, സർക്കാർ പ്രവർത്തനം, സുരക്ഷ തുടങ്ങിയ കാര്യങ്ങളിൽ പൂർണ സംതൃപ്തരാണ്. ഇവർക്ക് യാതൊരുവിധ ആശങ്കകളോ പരാതികളോ ഇല്ലെന്നും സർവേ വ്യക്തമാക്കുന്നു. ഭാവി തലമുറ തങ്ങളേക്കാൾ മികച്ച രീതിയിൽ ജീവിക്കുമെന്നും യു.എ.ഇയിലെ 63 ശതമാനം ആളുകളും വിശ്വസിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിയായ 32 ശതമാനത്തിന്റെ ഇരട്ടിയോളമാണ്.
യു.എ.ഇയിലെ പൗരന്മാരെ കൂടാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളും ഒരു പോലെ സംപ്തൃപ്തരാണെന്നാണ് സർവേ ഫലം. എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ 2026 റിപ്പോർട്ട് പ്രകാരം ഭരണകൂടത്തിലുള്ള വിശ്വാസത്തിലും യു.എ.ഇ ആഗോളതലത്തിൽ ഒന്നാമതാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ നേരിടുന്ന ഏറ്റവും വലിയ പ്രശ്നമായി സാമ്പത്തിക പ്രതിസന്ധി തുടരുന്നുവെന്ന് ഗാലപ്പ് സിഇഒ ജോൺ ക്ലിഫ്റ്റൺ പറഞ്ഞു. 107 ൽ 71 രാജ്യങ്ങളിലെയും ജനങ്ങളുടെ പ്രധാന ആശങ്ക സാമ്പത്തികമാണ്. എന്നാൽ യു.എ.ഇയിൽ ജനങ്ങളുടെ സുരക്ഷയും അവസരങ്ങളും ഉറപ്പാക്കുന്നതിൽ ഭരണകൂടം വിജയിച്ചതായാണ് സർവേ വ്യക്തമാക്കുന്നത്.
Content Highlights: UAE living, best cities UAE, quality of life UAE, UAE residency, UAE investment, UAE economy, moving to UAE
Published: 25 Feb 2026, 03:49 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented